9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഒപെക്കില്‍ നിന്ന് ഖത്തര്‍ ബൈ പറയുന്നു

ലോകത്തെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. ലോക രാഷ്ട്രീയത്തെ പരോക്ഷമായി നിയന്ത്രിക്കാന്‍ സാധിക്കുന്ന സംഘടനയെന്നാണ് ഒപെക് അറിയപ്പെടുന്നത്. ഒപെകില്‍ അംഗത്വം ഒരു പ്രിവിലേജായാണ് എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ കരുതുന്നത്. എന്നാല്‍ തങ്ങള്‍ ഒപെക്കില്‍ നിന്ന് പിന്മാറുകയാണെന്ന ഖത്തറിന്റെ പ്രഖ്യാപനം ലോക രാജ്യങ്ങളെത്തന്നെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ ഊര്‍ജ വകുപ്പ് മന്ത്രിയായ സഅദ് അല്‍ കാബിയാണ് കഴിഞ്ഞയാഴ്ചയില്‍ തങ്ങളുടെ പിന്മാറ്റ വിവരം അറിയിച്ചത്. പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് അല്‍ കാബി ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 2019 ജനുവരിയോടെ തന്നെ ഖത്തര്‍ സംഘടന വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ഉപരോധ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്തയെന്നതാണ് ഒരു വലിയ പ്രധാനപ്പെട്ട സംഗതി. സൗദിയുടേയും യു എ ഇയുടേയും നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങളൊന്നാകെ ഖത്തറിനെ ഉപരോധിക്കുകയും വ്യോമപാതകള്‍ അടക്കുകയുമായിരുന്നു. നാല് ഭാഗത്ത് നിന്നും വരിഞ്ഞ് മുറുക്കി ഖത്തറിനെ തങ്ങളുടെ വരുതിക്ക് നിര്‍ത്താനുള്ള മറ്റ് രാജ്യങ്ങളുടെ നീക്കം പാളിപ്പോകുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നത്. തുര്‍ക്കിയുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഖത്തര്‍ നില പരുങ്ങലിലാകാതെ പിടിച്ച് നിന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ പെട്രോളിയം ഉല്പാദനത്തില്‍ നിന്ന് ശ്രദ്ധ മെല്ലെ പ്രകൃതിവാതക ഖനനത്തിലേക്ക് മാറ്റാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായും പ്രതിവര്‍ഷം 110 മില്യണ്‍ ടണ്‍ ഉല്പാദിപ്പിക്കുന്ന ഒരു പദ്ധതിക്ക് തങ്ങള്‍ തയാറാകുകയാണെന്നും ഖത്തര്‍ അറിയിച്ചു

Back to Top