ഒട്ടും യുക്തഭദ്രമല്ലേ യുക്തിവാദികളുടെ ചിന്തകള്‍? – വിഷ്ണു വിജയന്‍
മനുഷ്യന്റെ ഭക്തി അതിന്റെ ഉച്ചസ്ഥായിലെത്തുമ്പോഴാണ് അത് ഉന്മാദാവസ്ഥ പ്രാപിക്കുന്നത്, എരുമേലി പേട്ട തുള്ളലിലും, മാരാമണ്‍ കണ്‍വന്‍ഷനിലുമൊക്കെ നമ്മള്‍ കാണുന്നതും അതുതന്നെയാണ്. അത് ഭക്തിയുടെ ഒരു തലമാണ്. ഒരുപക്ഷെ ആ ഭക്തി മനുഷ്യരോട് ആകുമ്പോള്‍ ഒരു പുതിയ കള്‍ട്ട് ആയി അത് രൂപാന്തരപ്പെടും, ഭരണാധികാരികളോട് ആകുമ്പോള്‍ അത് ഫാസിസത്തിന് വഴിമാറും, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭക്തിയേയും, ഉന്മാദ അവസ്ഥയേയും കുറിച്ച് പറയാം. മേല്‍പ്പറഞ്ഞ ഭക്തിബോധം പൂര്‍ണമായി എഴുതിതള്ളുന്ന യുക്തിവാദികള്‍ എന്ന ഒരു വിഭാഗത്തിന്റെ പ്രകടനമാണ്, നാട്ടുകാര്‍ അതിനെ അക്ഷരം തെറ്റാതെ ഭക്തിയെന്നും, നിന്നു കൊടുക്കുന്ന ആളെ കള്‍ട്ട് എന്നും തന്നെ വിശേഷിപ്പിക്കും.
പറഞ്ഞു വരുന്നത് യുക്തിവാദികളുടെ ഭക്തിയും ആരാധനയും പൂജയുമൊന്നും നമ്മുടെ വിഷയം അല്ല. പക്ഷെ ഈ പ്രഹസനം കണ്ട് ആരെങ്കിലും ചിരിച്ചാല്‍ അവര്‍ക്ക് അസൂയയാണ്. കുരുപൊട്ടല്‍ ആണെന്ന് കരുതുന്നു. എങ്കില്‍ മറ്റൊരു വിഷയം പറയാം. ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് അല്‍പമെങ്കിലും അവബോധം ഉള്ള, സമൂഹത്തെ കുറിച്ച് ചിന്ത ഉള്ള രണ്ട് മനുഷ്യര്‍ കണ്ടുമുട്ടുന്ന ഇടത്ത്, അവരുടെ സംഭാഷണങ്ങളില്‍ ഒരു തവണ എങ്കിലും സമകാലിക രാഷ്ട്രീയം കടന്നു വരും, അതില്‍ അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച വരും.
കേരളത്തില്‍ ഏറ്റവും വലിയ യുക്തിവാദ മീറ്റ് എന്ന് പറയപ്പെടുന്ന അവരുടെ തന്നെ കണക്കുകളില്‍ ഏഴായിരം ആളുകള്‍ പങ്കെടുത്തു എന്ന് അവകാശം ഉന്നയിക്കുന്ന ഒരു പ്രോഗ്രാമില്‍ 31 ഓളം പ്രഭാഷണങ്ങള്‍ ഉണ്ടായിരുന്ന പ്രോഗ്രാമില്‍ സംഘപരിവാര്‍ ഭീകരതയെക്കുറിച്ച് ഒരെണ്ണം പോലും ഇല്ല എന്നതാണ് കൗതുകകരമായ കാര്യം!
ഒരു രാജ്യം മത രാഷ്ട്രീയത്തില്‍ എരിഞ്ഞു തീരുന്ന കാലത്ത്, ആ രാജ്യത്ത് യുക്തിവാദം എന്ന ചിന്തയ്ക്ക് ഏറ്റവും വേരോട്ടമുള്ള ഒരു സംസ്ഥാനത്ത് അതില്‍ തന്നെ വലിയ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആളുകളുടെ കാര്യം ആണ് പറയുന്നത്, ആള് കൂടുന്നതാണ് യുക്തിവാദ/നിരീശ്വര വാദ കള്‍ട്ടുകള്‍ നയിക്കുന്ന ഈ യുക്തി വാദി മീറ്റുകളുടെ വിജയമെന്ന് കരുതുന്നുവെങ്കില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സംഘടിത ആള്‍ക്കൂട്ടത്തിന് അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞ സവര്‍ക്കറും ഒരു നിരീശ്വരവാദി ആയിരുന്നു എന്നത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു.