22 Sunday
December 2024
2024 December 22
1446 Joumada II 20

എന്‍ എസ് എം റഷീദ് വിടവാങ്ങി

കോട്ടയം ജില്ലയില്‍ ഇസ്‌ലാഹി ആദര്‍ശ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ പ്രയത്‌നിച്ച എന്‍ എസ് എം റഷീദ് നിര്യാതനായി. പ്രമേഹ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സപ്തംബര്‍ 18-നാണ് വിടവാങ്ങിയത്. 1987 ജനുവരി 1 മുതല്‍ കുറ്റിപ്പുറത്ത് നടന്ന മുജാഹിദ് സമ്മേളനത്തിന്റെ ലഘുലേഖ പ്രചാരണ വാഹനത്തില്‍ നിന്നും ലഭിച്ചത് മുതല്‍ കേള്‍ക്കാനും അതറിയാനും തുടങ്ങിയ പ്രയാണമാണ് ഈരാട്ടുപേട്ടയിലെ മുജാഹിദ് പ്രസ്ഥാനങ്ങളുടെ തുടക്കം. ഇന്ന് മുജാഹിദ് വിവിധ വിഭാഗങ്ങള്‍ക്ക് മാത്രമായി പത്തോളം പള്ളികളാണ് ഈ ചെറിയ പട്ടണത്തിലുള്ളത്. വലിയ ജീവിത സാഹചര്യങ്ങള്‍ ഒന്നും തന്നെ സ്വന്തമില്ലാതിരുന്ന എന്‍ എസ് എമ്മിന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനമാണ് പടര്‍ന്ന് പന്തലിച്ച ഈരാറ്റുപേട്ടയിലെ ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്റെയെല്ലാം പ്രചോദനം.
വിശ്വസിക്കുന്ന ആദര്‍ശത്തില്‍ അടിയുറിച്ച് നില്‍ക്കുകയും അതിനായി എല്ലാം ത്യജിക്കാന്‍ തയ്യാറാവുകയും ചെയ്ത എന്‍ എസ് എം നിറമുള്ള ഭൗതിക വാഗ്ദാനങ്ങള്‍ നിരസിക്കുകയാണ് ചെയ്തത്. ബഹുമാന്യരായ കെ പി, എ പി എന്നിവരോടൊപ്പം ചെറുപ്രായത്തില്‍ തന്നെ സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സലഫി ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.
ഈരാറ്റുപേട്ടയില്‍ ആരംഭിച്ച ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍, ദാറുല്‍ ഖുര്‍ആന്‍ ഹിഫഌ കോളജ് അല്‍ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍, മദ്‌റസത്തുല്‍ ഹുദാ, തണല്‍ ഡയാലിസിസ് സെന്റര്‍, ഈരാറ്റുപേട്ട മസ്ജിദുസ്സലാം, സലഫി മസ്ജിദ് എന്നിവയുടെ തുടക്കത്തിലും ഗമനത്തിലും എന്‍ എസ് എമ്മിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു. ഈരാറ്റുപേട്ട എം ഇ എസ് ജംഗ്ഷനിലെ ഇസ്‌ലാഹീ സെന്ററും, തണല്‍ ഡയാലിസിസ് സെന്ററും നിലനില്‍ക്കുന്ന സ്ഥാപനം ഏറ്റെടുക്കുന്ന അവസരത്തില്‍ എന്‍ എസ് എം സ്വന്തം വീട് പകരമായി നല്‍കിക്കൊണ്ടാണ് ത്യാഗത്തിന് തയ്യാറായത്.
അധികാര സ്ഥാനത്ത് നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം തനിക്ക് വന്നു ചേരുന്ന സ്ഥാനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്ത വ്യക്തിത്വമാണ്. ഇസ്‌ലാഹീ ചലനത്തില്‍ പിന്‍ഗാമികളെ പരിചയപ്പെടുത്തുന്നതിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. സപ്തംബര്‍ 9-ന് മര്‍കസുദ്ദഅ്‌വയില്‍ നടന്ന സംസ്ഥാന യോഗത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ഒന്നിച്ചാണ് യാത്ര ചെയ്തത്.
ഈരാറ്റു പേട്ടയില്‍ ഇസ്‌ലാഹീ പണ്ഡിതന്മാരുണ്ടാവാന്‍ പലരെയും അറബി കോളജുകളില്‍ പഠനത്തിനയക്കുകയും തന്റെ ഒരു മകനെയും മകളെയും അരീക്കോട് സുല്ലമുസ്സലാം അറബിക്കോളേജില്‍ വിട്ട് പഠിപ്പിക്കുകയും ചെയ്തു. വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈരാറ്റുപേട്ടയിലെ എല്ലാ ഇസ്‌ലാഹീ ചലനങ്ങളിലും എന്‍ എസ് എമ്മിന്റെ വിയര്‍പ്പിന്റെ അംശമുണ്ടാവും. ഏറെക്കാലം കോട്ടയം ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ച് നമ്മില്‍ നിന്ന് വിടപറഞ്ഞ എന്‍ എസ് എം റഷീദിന് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കുകയും ജീവിതത്തില്‍ സംഭവിച്ചുപോയ പാകപ്പിഴവുകള്‍ പൊറുത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാവട്ടെ. ഭാര്യ: റഹ്മത്ത്. മക്കള്‍: ഷഹബാസ്, സാജിദ്, ഹാദിയ, സുമയ്യ

ഹാരിസ് സ്വലാഹി
സെക്രട്ടറി, കെ എന്‍ എം കോട്ടയം ജില്ല

Back to Top