7 Saturday
March 2026
2026 March 7
1447 Ramadân 18

എന്‍ ആര്‍ സി, എന്‍ പി ആര്‍ നടപടിക്രമങ്ങളും പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണം: എം ജി എം

കോഴിക്കോട് ഗുജറാത്തി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എം ജി എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകര്‍ത്ത് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവും എന്‍ ആര്‍ സി, എന്‍ പി ആര്‍ നടപടിക്രമങ്ങളും പിന്‍വലിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വനിതാ വിഭാഗമായ എം ജി എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം കോടിക്കണക്കായ സ്ത്രീ സമൂഹത്തെ തീര്‍ത്തും അരക്ഷിതാവസ്ഥയാലാക്കിയിരിക്കുകയാണ്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി സമര സജ്ജരമാവണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച് രാജ്യത്ത് അടിയന്തിരാവസ്ഥ നടപ്പിലാക്കുന്ന മോദീസര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ രാജ്യത്തെ കാമ്പസുകളില്‍ നിന്ന് പടര്‍ന്നു പന്തലിക്കുന്ന ജനാധിപത്യാവകാശ സമരങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കെ എല്‍ പി ഹാരീസ്, അബ്ദുസ്സലാം മാസ്റ്റര്‍ തൃശൂര്‍, ഷഫീഖ് അസ്ഹരി പ്രസംഗിച്ചു. സല്‍മ അന്‍വാരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, ഇ്‌സമാഈല്‍ കരിയാട്, എം അഹ്മദ് കുട്ടി മദനി, ബുഷ്‌റ നജാത്തിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ വിഷയമവതരിപ്പിച്ചു. വൈകീട്ട് നടന്ന പൗരത്വ പ്രതിഷേധ സംഗമം ഡപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഉദ്ഘാടനം ചെയ്തു. അയ്യായിരത്തോളം വരുന്ന സമ്മേളന പ്രതിനിധികള്‍ പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ഡോ. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. തഹ്‌ലിയ അന്‍ഷിദ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഗുജറാത്തി ഓഡിറ്റോറിയത്തില്‍ എം ജി എം സംഘടിപ്പിച്ച പൗരത്വ പ്രതിഷേധ സംഗമം ഡപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഉദ്ഘാടനം ചെയ്യുന്നു.

Back to Top