8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

എന്‍ഡോസള്‍ഫാന്‍ കണക്കില്‍ നിന്ന് പുറത്താകുന്ന ഇരകള്‍

2016ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒരു മാര്‍ച്ച് നടത്തിയിരുന്നു; നവകേരള മാര്‍ച്ച് എന്നു പേരിട്ട ആ യാത്രയ്ക്ക് തുടക്കം കുറിച്ചത് കാസര്‍ഗോഡ് നിന്നായിരുന്നു. കേരളത്തില്‍ മാറ്റത്തിനു തുടക്കം കുറിക്കാനെന്ന പേരില്‍ സംഘടിപ്പിച്ച ആ യാത്ര, എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ജീവിതം ദുരിതത്തില്‍ മുങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മധുരം നല്‍കിയായിരുന്നു.
ഈ യാത്ര അവസാനിച്ച് ആധികനാള്‍ കഴിയും മുന്നേ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആ സ്ഥാനാരോഹണം പ്രതീക്ഷ നല്‍കിയവരില്‍, പിണറായി നല്‍കിയ മധുരം രുചിച്ച എന്‍ഡോസള്‍ഫാന്‍ ഇരകളുമുണ്ടായിരുന്നു. ജീവിതത്തിന്റെ കയ്പ്പുമാത്രം കുടിച്ചു ജീവിക്കുന്ന അവരില്‍ പ്രതീക്ഷകള്‍ കിനിഞ്ഞു.
ഭരണത്തിന്റെ ആദ്യ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ തങ്ങള്‍ ചെയ്‌തെന്ന് അവകാശപ്പെട്ട കാര്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയോട് കാണിച്ച അനുകൂല പ്രവര്‍ത്തികളുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതും, ചികിത്സാ ചെലവായി മെഡിക്കല്‍ കോളജുകള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ക്കാന്‍ മൂന്നു കോടി അനുവദിച്ചതും അതില്‍ പ്രധാനമായിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള മറ്റൊരു വാഗ്ദാനമായിരുന്നു ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുമെന്നത്. എത്രയോ ഓണക്കാലങ്ങള്‍ കടന്നുപോയിട്ടും വിഷമഴയുടെ ഇരകളുടെ ഓണമെങ്ങനെയാണെന്ന് ആരും തിരക്കാതിരുന്നിടത്ത് ആയിരം രൂപയോര്‍ത്തായിരുന്നില്ല, അവരെ ശ്രദ്ധിക്കാന്‍ ഭരണകൂടം തയ്യാറാകുന്നു എന്ന തോന്നലാണ് സന്തോഷിപ്പിച്ചത്. എന്നാല്‍ പ്രതീക്ഷകളെല്ലാം വെറുതെയായി എന്ന തിരിച്ചറിവാണ് അവരെ വീണ്ടും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരത്തിന് എത്തിച്ചത്. വീണ്ടുമൊരു സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായതിന് അവര്‍ എണ്ണമിട്ട് പറയുന്ന കാര്യങ്ങള്‍ ഇവയാണ്:
1) 2017-ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും പട്ടികയില്‍പ്പെടുത്തുക. 2) 2017 ജനുവരി 10-ന് സുപ്രിം കോടതി ഇറക്കിയ വിധി നടപ്പാക്കുക. 3) ആവശ്യമായ ചികിത്സ ലഭ്യമാക്കുക. 4) ദുരിതബാധിതരുടെ കടങ്ങള്‍ പൂര്‍ണമായി എഴുതി തള്ളുക. 5) ബഡ്‌സ് സ്‌കൂളുകള്‍ക്ക് അനുവദിച്ച നബാഡ് സഹായങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക. 6) 2010-ലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുക. 7) ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പാക്കുക. 8) നഷ്ടപരിഹാരത്തിനും, കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനും ആവശ്യമായ ട്രിബ്യൂണല്‍ സ്ഥാപിക്കുക. 9) 2013-ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് റേഷന്‍ സംവിധാനം പുനസ്ഥാപിക്കുക. 10) ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക. 11) പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ധിപ്പിക്കുക. 12) ദുരിതബാധിത കുടുംബത്തിലെ ഒരു അംഗത്തിന് ജോലി നല്‍കണമെന്ന നിയമസഭ സമിതിയുടെ നിര്‍ദേശം നടപ്പാക്കുക
ഈ ആവശ്യങ്ങള്‍ പുതിയവയല്ല. വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. 2017 ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയത് 1905 പേരെയാണ്. ഈ ആളുകളെയെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് പീഡിത ജനകീയ മുന്നണിയുടെ അന്നു മുതലുള്ള ആവശ്യം. എന്നാല്‍ ഇതേവരെയും ഇത്രയും പേരെ രോഗബാധിതരായി കണ്ടെത്തിയ വിവരം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഡപ്യൂട്ടി കളക്ടര്‍ തന്നെയാണ് ഇത്രയും പേരെ രോഗബാധിതരായി കണ്ടെത്തിയിട്ടുണ്ടെന്ന കണക്ക് പുറത്തു പറഞ്ഞത്. എന്നാല്‍ ഈ കണക്ക് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. 1905 പേരെ കണ്ടെത്തിയിടത്ത് ഇപ്പോള്‍ പറയുന്നത് മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയത് വെറും 364 പേര്‍ മാത്രമാണെന്നാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വ്യാപകമായി കാസറഗോഡ് ഇപ്പോഴും ഉണ്ടെന്ന വാസ്തവം മൂടിവയ്ക്കാന്‍ ഭരണകൂടം നടത്തുന്ന കള്ളക്കളിയാണോ 1905 പേര്‍ 364 ആയി കുറഞ്ഞതിനു പിന്നില്‍?
കഴിഞ്ഞ ക്യാമ്പില്‍ മൂന്നൂറിനടുത്ത് ദുരിതബാധിതര്‍ മാത്രമാണ് ഉള്ളതെന്ന് കണക്ക് വന്നിടത്തായിരുന്നു 2017 ലെ ക്യാമ്പില്‍ കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ എണ്ണം രണ്ടായിരത്തിനടുത്ത് ഉണ്ടെന്നു കണ്ടെത്തുന്നത്! എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരിതം ഇവിടെ ഇല്ലെന്നു വരുത്തി തീര്‍ക്കാന്‍ ചില കോണുകളില്‍ നിന്നു ശ്രമം നടക്കുന്നുണ്ടെന്നത് വെറും ആരോപണം മാത്രമല്ലെന്നും ഇതിലൂടെ മനസിലാകും.
രോഗബാധിതരെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളാണോ? കോട്ടയത്തും തിരുവനന്തപുരത്തും കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നത് എന്‍ഡോസള്‍ഫാന്‍ കാരണമാണോ? ഹൃദ്‌രോഗം വന്നാലും കുറ്റം എന്‍ഡോസള്‍ഫാനാണോ? ഈ വക ചോദ്യങ്ങള്‍ ഏറെ കേട്ടവരാണ് തിരുവനന്തപുരത്ത് സമരമിരിക്കുന്നവര്‍. എന്തിനവരെ ഇത്തരത്തില്‍ അപമാനിക്കുന്നുവെന്നു ചോദിച്ചാല്‍; അണുബോംബ് ആക്രമണത്തെക്കാള്‍ ഭീകരമായി സംഭവിച്ചയൊന്നിനെ എന്നന്നേക്കുമായി മറച്ചുവയ്ക്കാനുള്ള ആഗ്രഹം. അത് സാധിച്ചുകൊടുക്കയാണോ ഇടതുപക്ഷ സര്‍ക്കാരും?
മൂന്നൂറ്റിയമ്പതിനടുത്ത് രോഗികളെ ഉള്ളൂ എന്ന് കണക്ക് എടുത്തശേഷം രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ കണക്ക് രണ്ടായിരത്തനടുത്ത് എത്തിയാല്‍ കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടിവരികയാണ് എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ പൊതുസമൂഹത്തിനു മുന്നില്‍ നിന്നും മറച്ചുവയ്ക്കുകയാണെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നത്. ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളും സഹായങ്ങളും ദുരിതബാധിതര്‍ക്ക് ലഭിക്കുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 610 പേര്‍ക്ക് യാതൊരുവിധ സഹായങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല. വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഇത്തരം അവഗണന നേരിടുന്നത്.
2017 ഏപ്രിലില്‍ നടന്ന ക്യാമ്പില്‍ നിന്നും ഉണ്ടാക്കിയ ലിസ്റ്റ് അവസാന ലിസ്റ്റ് അല്ലെന്നാണ് പ്രതിഷേധങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ മറുപടി. 2017 ഓക്ടോബറില്‍, കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ സെല്ലിലെ സര്‍ക്കാര്‍ പ്രതിനിധി ആ മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു; മൂന്നുഘട്ടങ്ങളിലൂടെയാണ് ലിസറ്റ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ 11 സ്‌പെഷ്യാലിറ്റികളില്‍പ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ അഞ്ചുദിവസത്തെ ക്യാമ്പ് നടത്തിയാണ് പ്രാഥമികമായി ലിസ്റ്റ് ചെയ്തവരെ പരിശോധിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ഇത് കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഈ പരിശോധനയ്ക്കുശേഷം ഇവര്‍ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നു. ഈ പ്രാഥമിക ലിസ്റ്റിലാണ് 1905 പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ രണ്ടാംഘട്ടത്തില്‍ ഫീല്‍ഡ് എന്‍ക്വയറിക്ക് വിധേയരാക്കും. അതായത് ഇവര്‍ പ്ലാന്‍േഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയോ പരിസരങ്ങളില്‍ താമസിക്കുകയോ ചെയ്തിരുന്നവരാണോ എന്നുള്ളത്. ഇതിനെ ടെംപറാലിറ്റി എന്നു പറയും. മെഡിക്കല്‍ പോസിബിലിറ്റിയും ടെംപറാലിറ്റിയും കഴിഞ്ഞാല്‍ മൂന്നാം ഘട്ടമായി വീണ്ടുമൊരു മെഡിക്കല്‍ സംഘം കൂടി ഇവരെ പരിശോധിക്കും. അതില്‍ നിന്നാണ് അന്തിമ ലിസ്റ്റ് ഉണ്ടാവുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അവസാനഘട്ടത്തിലാണ്. റവന്യു വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ ഒക്ടോബര്‍ 31 വരെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ തന്നെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഏപ്രിലില്‍ നടന്ന ക്യാമ്പില്‍ 1905 പേരെ ലിസ്റ്റില്‍ പെടുത്തിയെന്നു പറയുന്നത്, അന്തിമമായ ലിസ്റ്റിലുള്ളവരുടെ എണ്ണമായി കാണരുത്. അത് മെഡിക്കല്‍ പോസിബിലിറ്റി മാത്രം പരിഗണിച്ച് തയ്യാറാക്കിയ എണ്ണമാണ്. ഇനി ടെംപറാലിറ്റി കൂടെ പരിഗണിച്ചശേഷമേ അവസാന കണക്ക് പറയാന്‍ കഴിയൂ. ഇപ്പോള്‍ പറയുന്ന 1905 പേര്‍ യാതൊരു കാരണവശാലും അന്തിമ ലിസ്റ്റില്‍ ഉണ്ടാവില്ല.
സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതുപോലെ തന്നെ 1905 പേരും ഉള്‍പ്പെട്ടില്ല. ഉള്‍പ്പെട്ടവര്‍ വെറും 364 പേര്‍! പുറത്തുപോയ 1541 പേരോ? അവര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്. ഏതായാലും അവര്‍ രോഗബാധിതരായിരുന്നല്ലോ. ഇവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ടല്ല രോഗം വന്നതെന്നു തെളിയിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നു സമ്മതിച്ചതും ആരോഗ്യമന്ത്രിയാണ്.
അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് 1541 പേര്‍ ലിസ്റ്റില്‍ നിന്നും പുറത്തായത്? അവര്‍ അനര്‍ഹരാണെന്നാണോ സര്‍ക്കാര്‍ പറഞ്ഞുവയ്ക്കുന്നത്? അര്‍ഹതയില്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടരുതെന്ന് നിര്‍ബന്ധം പിടിക്കുന്ന സര്‍ക്കാരിനോടുള്ള ചോദ്യം ആരാണ് അനര്‍ഹര്‍ എന്നു തന്നെയാണ്. സര്‍ക്കാര്‍ തന്നെ ആദ്യം ഉണ്ടാക്കിയ ലിസ്റ്റ് ആണ് 1905 പേരുടെത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കോര്‍ഡിനേഷനില്‍ തയ്യാറാക്കിയ ലിസ്റ്റ്. ഇതില്‍ അനര്‍ഹര്‍ ഉണ്ടെന്നു പറഞ്ഞാല്‍, അതാരുടെ കുഴപ്പമാണ്? മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകളും കഴിഞ്ഞ് തയ്യാറാക്കുന്ന ലിസ്റ്റുകളില്‍ അനര്‍ഹര്‍ ഉണ്ടെന്ന് പറയുന്നതെങ്ങനെയാണ്?. എന്‍ഡോസള്‍ഫാന്‍ ദുരിതം എന്നതേ ഒരു കെട്ടുകഥയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന നയമല്ലേയിത്? കശുമാവിന്‍ മരങ്ങള്‍ പിഴുതുമാറ്റി റബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കുതന്ത്രം എന്നപോലെ പരമാവധി അളുകളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെ കുറവാണെന്നു ആരെയൊക്കെയോ ബോധ്യപ്പെടുത്താനുള്ള കളികളാണ് നടക്കുന്നതെന്ന ആരോപണം വെറും കെട്ടുകഥയല്ലെന്നു വ്യക്തമാവുകയാണ്.
വാസ്തവത്തില്‍ കാസറഗോഡെ പഞ്ചായത്തുകളില്‍ എത്ര എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുണ്ടെന്ന കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. ഉണ്ടാക്കാന്‍ ശ്രമിക്കുന്നുമില്ല. പലതവണയായി എടുത്ത ലിസ്റ്റുകളിലെ കണക്കില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇതിനുദാഹരണമാണ്. 2010-ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 4182 പേരെ രോഗബാധിതരായി കണ്ടെത്തിയിരുന്നു. 2011-ല്‍ 1318 പേരെയാണ് കണ്ടെത്തിയത്. 2013-ലെ ക്യാമ്പില്‍ 337 പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ആ വര്‍ഷം അപേക്ഷ നല്‍കിയത് 12,000 പേര്‍. പ്രൈമറി സ്‌ക്രീനിംഗില്‍ ഇവരില്‍ നിന്നും 6000 പേരെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവരില്‍ നിന്നാണ് 337 പേരെ ലിസ്റ്റില്‍ പെടുത്തിയത്. ഇപ്പോള്‍ പറയുന്നത് 364 പേരെ ഉള്ളൂവെന്ന്.
1977 മുതല്‍ 2000 വരെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധനം വന്നിട്ട് ഇപ്പോള്‍ 19 കൊല്ലമാകുന്നു. ഇക്കാലമത്രയും ഒരു ജനത തലമുറവ്യത്യാസത്തോടെ മാരക വിഷത്തിന്റെ ഇരകളായി ജീവിതം ഹോമിക്കേണ്ടി വരികയാണ്. ഇനിയൊരു അമ്പത് വര്‍ഷത്തേക്കു കൂടി ഈ രോഗദുരിതം കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇപ്പോഴുമവിടെ ഈ വിഷത്തിന്റെ ഇരകളെന്നപോലെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നുണ്ട്. തലവളര്‍ന്ന കുട്ടികളെ കാണുമ്പോള്‍, അതെന്നോ എടുത്ത ഫോട്ടോ ആണെന്നു പറയരുത്. മാനസികവൈക്യലം ബാധിച്ചവര്‍, അംഗവൈകല്യം ബാധിച്ചവര്‍, ഹൃദയം, കരള്‍, വൃക്ക രോഗങ്ങള്‍ ബാധിച്ചവര്‍; എന്നിങ്ങനെ പലരൂപത്തിലും ഇരകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്രരൂക്ഷമത്രേ എന്‍ഡോസള്‍ഫാന്‍ എന്ന കുത്തക വിഷത്തിന്റെ വീര്യം.
കാസര്‍ഗോഡെ അമ്മമാരുടെ മുലപ്പാലിലും രക്തത്തിലും വരെ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് നടത്തിയ പരിശോധനയില്‍ കുമ്പടാജയിലെ ലളിതമ്മ എന്ന സത്രീയുടെ മുലപ്പാലില്‍ കണ്ടെത്തിയത് 22.4 പി പി എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്‍ഡോസള്‍ഫാന്‍ ആയിരുന്നു. മുത്തക്ക അമ്മ എന്ന സ്ത്രീയുടെ രക്തത്തില്‍ കണ്ടെത്തിയത് 176.9 പി പി എം വിഷവും. ഒന്നോര്‍ക്കണം വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ അനുവദനീയമായ അളവ് 0.18 മാത്രമാണ്! ഇത്ര ഭീകരമായൊരു സാഹചര്യത്തെയാണ് ഭരണകൂടം മൂടിവയാക്കാന്‍ ശ്രമിക്കുന്നത്.
കാസര്‍ഗോഡെ വിവിധ പഞ്ചായത്തുകളിലായി എത്ര രോഗികള്‍ ഉണ്ടെന്ന കണക്ക് സര്‍ക്കാരിന് ഇല്ലാതെ വരുമ്പോള്‍, അതല്ലെങ്കില്‍ രോഗികളായവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ വരുമ്പോള്‍ അതവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടികളെ കുറിച്ച് ഭരണകൂടം ചിന്തിച്ചിട്ടുണ്ടോ? ചികിത്സ കിട്ടാതെ മരിക്കുന്നവര്‍, രോഗദുരിതത്തില്‍ വലഞ്ഞ് ആത്മഹത്യ ചെയ്യുന്നവര്‍, മക്കള്‍ക്ക് മരുന്നു വാങ്ങിക്കാന്‍ പോലും ഗതിയില്ലാതെ അലയേണ്ടി വരുന്ന മാതാപിതാക്കളുടെ ദയനീയത; അവഗണിക്കപ്പെട്ടുപോയവരുടെ അവസ്ഥ എത്ര ഭീകരമാണെന്നോര്‍ക്കുക.
ഇരകളില്‍ ഭൂരിഭാഗവും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. കുട്ടികളും പ്രായമായവരുമായി പലതരം രോഗങ്ങളാല്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ഇത്തരം വീടുകളിലുണ്ട്. ഭര്‍ത്താക്കന്മാരില്ലാത്ത എത്രയോ അമ്മമാര്‍ അസുഖബാധിതരായ തങ്ങളുടെ കുട്ടികളെ നോക്കാന്‍ കഷ്ടപ്പെടുന്നു. ഈ കുട്ടികളെ വിട്ട് വീടിനു പുറത്തുപോലും സാധിക്കാത്തവരായിരിക്കും മിക്ക അമ്മമാരും, അവര്‍ക്കെങ്ങനെ ജോലിക്കു പോകാന്‍ സാധിക്കും? കുഞ്ഞുങ്ങളുടെ ചികിത്സ നടത്താന്‍ സാധിക്കും? ക്വാറിയിലും തോട്ടങ്ങളിലും പണിക്കുപോയി അന്നന്നത്തെ കാര്യം മാത്രം നടന്നുപോകാനുള്ള വരുമാനം കിട്ടുന്ന നിരവധി അച്ഛന്മാര്‍ സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ നട്ടംതിരിയുന്ന കാഴ്ചയും കാസര്‍ഗോഡുണ്ട്. മടിക്കൈയിലെ നന്ദനയെന്ന കുട്ടിയുടെ കാര്യം എത്ര ദയനീയമാണ്. ഇന്നേവരെ ആ കുഞ്ഞിന് സര്‍ക്കാര്‍ ധനസഹായം കിട്ടിയിട്ടില്ല. 12 വര്‍ഷമായി ഉറങ്ങാന്‍ പോലുമാകാത്ത ഒരു കുട്ടിയാണത്. സര്‍ക്കാര്‍ ലിസ്റ്റില്‍ പെട്ടിട്ടില്ല. ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടതല്ലാതെ ഇന്നേവരെ അതു കിട്ടിയിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ കുത്തുവാക്കുകള്‍ മിച്ചമെന്നായിരുന്നു നന്ദനയുടെ അമ്മയുടെ പരാതി.
ജീവിതകാലം മുഴുവന്‍ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരാണ് ഓരോ എന്‍ഡോസള്‍ഫാന്‍ ഇരയും. അവരുടെ രക്ഷകര്‍ത്താക്കളാകട്ടെ അതിലേറെ വേദന തിന്നുന്നവരും. എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും മനസിലാകാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അനുഭവങ്ങളാണ് ഇവര്‍ക്ക് ദുരിതത്തിനുമേല്‍ ദുരിതമാകുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍, ഉദ്യോഗസ്ഥ അലംഭാവം എന്നിവ കാസര്‍ഗോഡെ ഒട്ടുമിക്ക എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും അര്‍ഹമായ അനൂകൂല്യങ്ങളോ സഹായങ്ങളോ ലഭിക്കാതിരിക്കാനുള്ള കാരണമാകുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x