എത്ര നിസ്സാരനാണ് മനുഷ്യന്‍
കെ എം ഹുസൈന്‍, മഞ്ചേരി
രാത്രി ഭക്ഷണം കഴിച്ച് സുഖമായി വീട്ടില്‍ കിടന്നുറങ്ങിയ മനുഷ്യര്‍ ഒന്നൊച്ചവെക്കാന്‍ പോലുമാകാതെ ഒരു ദുഃസ്വപ്‌നത്തിലെന്നപോലെ മൈലുകള്‍ക്കപ്പുറത്തുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍, ചെളിവെള്ളത്തില്‍ ഉടലും തലയും വേര്‍പിരിഞ്ഞ് ഒഴുകി നടക്കുകയാണ്! ഒരിക്കലും കണ്ടിട്ടില്ലാത്ത ആരുടെയോ ഉടുതുണിയില്‍ വാരിക്കെട്ടി കൊണ്ടുപോകുന്നു. ശരീരത്തില്‍ നിന്ന് അറ്റുപോയ ഭാഗങ്ങള്‍ തേടിയുള്ള തിരച്ചിലിലാണ് മറ്റ് ചിലര്‍. തിരിച്ചറിയാനാവുന്ന സാഹചര്യമല്ലെങ്കിലും അസഹനീയ ഗന്ധമാവുന്നതിനു മുമ്പ് മറവു ചെയ്യണമെന്ന ലക്ഷ്യത്തില്‍ ഖബര്‍ കുഴിക്കുന്നു ചിലര്‍. പരസ്പരം പരിചയമില്ലാത്ത മനുഷ്യര്‍ ഒട്ടും പരിചയമില്ലാത്തവര്‍ക്കു വേണ്ടി രാവും പകലും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. കണ്ണുനീര്‍ ഒഴുക്കുന്നു. ആളുകള്‍ക്ക് ആശ്വാസവാക്കുകളുമായി അവര്‍ ഓടിനടക്കുന്നു. മനുഷ്യത്വം വെളിപ്പെടുന്ന സന്ദര്‍ഭങ്ങളാണിത്. നാം എത്ര നിസ്സഹായരാണെന്ന് കൃത്യമായി മനസ്സിലാകുന്ന സന്ദര്‍ഭം. മറ്റാര്‍ക്കും മുന്നില്‍ കൈ നീട്ടാന്‍ ഇഷ്ടപ്പെടാത്ത മനുഷ്യന്‍ ഒരു നിമിഷം കൊണ്ടാണ് ഒന്നുമില്ലാതെ നില്‍ക്കേണ്ടിവരുന്നത്. ഒരു നേരത്തെ ആഹാരത്തിനു പോലും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ. നിസ്സഹായതയുടെ പടുകുഴിയിലേക്ക് ആണ്ടുപോകുന്ന അവസ്ഥ. ഓരോ ദുരന്തവും നമ്മളെത്ര നിസ്സഹായരാണ് എന്നാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്.