ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനയുടെ വന്‍മതില്‍ – സൈഫുദ്ദീന്‍ കുഞ്ഞ്
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിന്റെ ഭാഗമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയ്ഗൂര്‍, അറബിക് ഭാഷകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണിപ്പോള്‍. ഇസ്‌ലാമിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വംശീയ സാംസ്‌ക്കാരിക വേരുകള്‍ അറുത്തുമാറ്റാനാണ് ചൈന ശ്രമിക്കുന്നത്. സാംസ്‌കാരിക ചരിത്ര പൈതൃകം തുടച്ചു നീക്കാനുള്ള കമ്യൂണിസ്റ്റ് ഭരണകൂട നിലപാടിനെ സാംസ്‌ക്കാരിക വംശീയ ഉന്‍മൂലനം എന്നാണ് വാങ് യോംഗ് വിളിക്കുന്നത്. മതസംഹിതയുമായി ബന്ധമുള്ള പദാവലികളും നീക്കം ചെയ്യാനാരംഭിച്ചിരിക്കുന്നു
അഫ്ഗാനിസ്താന്‍, ഇന്ത്യ, മംഗോളിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാംഗ് പ്രദേശത്തെ 1949-ലാണ് കമ്യുണിസ്റ്റ് പാര്‍ട്ടി ചൈനയോട് ചേര്‍ത്തത്. 2016-ല്‍ പാര്‍ട്ടി സെക്രട്ടറി ചെന്‍ ഖുവാന്‍ ഗോ സിന്‍ജിയാംഗിന്റെ നേതൃത്വം ഏറ്റെടുത്തതോടു കൂടിയാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അധികരിച്ചതെന്ന് സൈനബ് സിക്കന്ദര്‍ എഴുതുന്നുണ്ട്. പരസ്യമായി നമസ്‌കരിക്കുക, റമദാനില്‍ വ്രതമനുഷ്ഠിക്കുക, താടി വെക്കുക എന്നിങ്ങനെ സ്വാഭാവിക മുസ്‌ലിം ജീവിതചര്യകളെ പോലും തീവ്രവാദത്തിന്റെ പട്ടികയില്‍ ചേര്‍ക്കുകയാണ് ചൈനയിപ്പോള്‍ ചെയ്യുന്നത്. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ഖബറടക്കത്തിന്റെ ഇസ്‌ലാമിക രീതിയില്‍ മാറ്റം വരുത്തുകയും ചൈനീസ് സാംസ്‌ക്കാരിക ശൈലിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയ്ഗൂര്‍ സ്മശാനങ്ങള്‍ തകര്‍ത്ത് Burial Management Centers എന്ന പേരില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനാരംഭിച്ചു കഴിഞ്ഞു. കൂടാതെ, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റ് വ്യാവസായിക അപാര്‍ട്ടുമെന്റുകളും ഈ സ്ഥലങ്ങളില്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് ചില ശ്മശാനങ്ങള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലന സ്ഥലമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിംകള്‍ മാപ്പുസാക്ഷിത്വ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണിപ്പോള്‍ . ഇസ്‌ലാം ഒഴിവാക്കുക, മന്‍ഡരിന്‍ ഭാഷ പഠിക്കുക, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഏക രക്ഷാഭയം എന്നു വിശ്വസിക്കുക എന്ന തരത്തിലുള്ള ഭരണകൂട വിജ്ഞാപനങ്ങള്‍ മുസ്‌ലിം സാമൂഹിക ജീവിതക്രമത്തിന് മേലുള്ള അധിനിവേശമാണ്. ഈ കോന്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ രഹസ്യമായി അവയവ കച്ചവടം പോലും ചെയ്യുന്നുണ്ടെന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇഖ വെര്‍ലിമാനിന്റെ പ്രസ്താവന ഗൗരവതരമാണ്.
1960-കളിലാണ് സുല്‍ത്താന്‍ സുതുഖ് ബുഗ്‌റാ ഖാനിന്റെ കീഴില്‍ ഉയ്ഗൂര്‍ വംശജര്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഉയ്ഗൂര്‍ വംശജരുടെ ഇസ്‌ലാമിക സ്വത്വത്തെ നിര്‍മാര്‍ജനം ചെയ്യാനാണ് ചൈന്ന ശ്രമിക്കുന്നത്. ഉയ്ഗൂര്‍ വിഘടനവാദികളെ തുരത്തി രാഷ്ട്രത്തിന്റെ ഏകത നിലനിര്‍ത്താനാണ് ചൈന ശ്രമിക്കുന്നതെന്നാണ് ചൈനീസ് മീഡിയ അവകാശപ്പെടുന്നത്. യഥാര്‍ഥത്തില്‍ ചൈനയുടെ മര്‍ദക നയം മൂലം വിഘടന പ്രവണത ശക്തമാവുകയാണ് ചെയ്യുന്നത്. സമ്പല്‍ സമൃദ്ധമായ സിംജിയാംഗ് പ്രദേശത്തിനു മേല്‍ പൂര്‍ണമായ അധികാര പ്രയോഗമാണ് ചൈന ഉദ്ദേശിക്കുന്നത്.
ചൈനയുടെ ഉയ്ഗൂര്‍ കസാഖ് മുസ്‌ലിംകള്‍ക്കെതിരെയുള്ള അവകാശ ധ്വംസനത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ 22 രാഷ്ട്രങ്ങള്‍ ശബ്ദമുയര്‍ത്തിയെങ്കിലും ഒരു മുസ്‌ലിം രാജ്യം പോലും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്താനും ചൈനയിലെ പീഡിത മുസ്‌ലിം സമൂഹത്തിന്റെ ഒപ്പം നില്‍ക്കാനും മുസ്‌ലിം രാഷ്ട്രങ്ങള്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ചൈനയുടെ നിലപാടിനെ വിമര്‍ശിച്ച 22 രാഷ്ട്രങ്ങളുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് 37 രാജ്യങ്ങള്‍ യു എന്നിന്റ മനുഷ്യാവകാശ കൗണ്‍സിലിന് കത്തയക്കുകയുണ്ടായി. ഈ രാഷ്ട്രങ്ങളില്‍ ഭൂരിപക്ഷവും മുസ്‌ലിം രാഷ്ട്രങ്ങളായിരുന്നു. പ്രസ്തുത കത്തില്‍ ചൈന മനുഷ്യാവകാശം സംരക്ഷിക്കുന്നുണ്ടെന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ ന്യായീകരിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ചൈന സന്ദര്‍ശന വേളയില്‍ ഉയ്ഗൂര്‍ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അവരുടെ ജീവിത സാഹചര്യം നിരീക്ഷിക്കാന്‍ ഒരു അന്വേഷണ സംഘത്തെ അയക്കുമെന്നും പ്രസ്താവിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ തുര്‍ക്കി വിദേശകാര്യ വകുപ്പ് ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ദുരവസ്ഥ വ്യക്തമാക്കി പ്രസ്താവനയിറക്കിയിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ യു എന്‍ ചര്‍ച്ചയില്‍ തുര്‍ക്കിയുടെ മൗനം കൂടുതല്‍ വിമര്‍ശനവിധേയമായി.
ആദ്യകാലങ്ങളില്‍, ചൈന ഈ യാഥാര്‍ഥ്യം നിരസിച്ചുവെങ്കിലും, നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു തുല്യമായ ഈ കേന്ദ്രങ്ങളെ വിദ്യാഭാസ തൊഴില്‍ പരിശീലന കേന്ദ്രങ്ങളായാണ് ചൈനീസ് ഭരണകൂടം വിശേഷിപ്പിച്ചത്. 2015-ല്‍ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോര്‍ട്ടറായ ഹൈനര്‍ ബീലെഫെല്‍ത് ചൈനയുടെ മതാവിഷ്ക്കാരങ്ങള്ക്കെതിരെയു ള്ള നീക്കങ്ങളെ വിമര്‍ശിച്ചത് ചൊടിപ്പിക്കുകയും യു എന്നില്‍ തന്നെ പ്രതിഷേധ മറിയിക്കുകയും ചെയ്തിരുന്നു.
സോവിയറ്റ് കാലഘട്ടത്തിലെ ഗുലാഗ് കേന്ദ്രങ്ങള്‍ക്ക് തുല്യമായ ഈ ക്യാമ്പുകളില്‍ ഒരു മില്യനിലധികം മുസ്‌ലിംകളെ പാര്‍പ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ സഊദി അറേബ്യയും പാകിസ്താനും ചൈനയുടെ ഈ മര്‍ദക നീക്കത്തിനെ അനുകൂലിക്കുക പോലുമുണ്ടായി. പാകിസ്താനിനെ, അമേരിക്കന്‍ സാമ്പത്തിക സമ്മര്‍ദത്തില്‍ നിന്ന് രക്ഷിച്ച ചൈനയുമായി പ്രാദേശിക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തിയിരിക്കുകയാണിപ് പോള്‍. ചൈന പാകിസ്താന്‍ എകൊണോമിക് കോറിഡോര്‍ (CPEC) എന്ന സംരംഭത്തിലൂടെ 60 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന നിക്ഷേപത്തിലാണ് ചൈന ലക്ഷ്യം വെച്ചിരിക്കുന്നത്. ലോകത്തിലെ വലിയ ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ് എന്നതാണ് മുസ്‌ലിം രാഷ്ട്രങ്ങളയും നിശബ്ദരാക്കാന്‍ കാരണം.
ഐക്യരാഷ്ട്രസഭയിലും ഒഐസിയിലും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കനുകൂലമായ ഒരു പൊതു നിലപാട് ഉയര്‍ത്തി കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹത്തിനോ ഇസ്‌ലാമികലോകത്തിനോ സാധിച്ചിട്ടില്ല. ഫലസ്തീന്‍, മ്യാന്‍മര്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലേതുപോലെ ചൈനീസ് മുസ്‌ലിം സമൂഹത്തിലും ഭരണകൂട ഭീകരത അനുഭവിക്കേണ്ടി വരുന്ന ഈ ഗൗരവതരമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അനുയോജ്യമായ രാഷ്ട്രീയ പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രാദേശിക പ്രതിസന്ധി ഉടലെടുക്കുമെന്നതില്‍ സംശയമില്ല.