22 Sunday
December 2024
2024 December 22
1446 Joumada II 20

ഉമ്മുല്‍മുഅ്മിനീന്‍ ആഇശ ഒരു സ്ത്രീപക്ഷ വായന – എ ജമീല ടീച്ചര്‍

”ഹേ, അബൂഹുറയ്‌റ, താങ്കള്‍, ഞങ്ങള്‍ സ്ത്രീകളെ കഴുതയോടും നായയോടും സാദൃശ്യപ്പെടുത്തുകയാണോ?” -നമസ്‌കരിക്കുന്ന പുരുഷന്റെ മുമ്പിലൂടെ പെണ്ണോ കഴുതയോ നായയോ കടന്നുപോയാല്‍ നമസ്‌കാരം മുറിഞ്ഞുപോകുമെന്ന് അബൂഹുറയ്‌റ(റ) പറയുന്നതായി ആഇശ(റ) അറിയാനിടയായി. പരിഹാസംനിറഞ്ഞ ആ അഭിപ്രായത്തിനു മുമ്പില്‍ ഒട്ടും ചഞ്ചലയാവാതെ ആഇശ(റ) പ്രതികരിച്ചതിങ്ങനെയാണ്.
ആഇശ(റ) പറയുന്നു: ”നബി(സ) നമസ്‌കാരത്തിലായിരിക്കേ ഞാന്‍ അവിടുത്തെ മുമ്പില്‍ കാലുകള്‍ നീട്ടിവെച്ച് വിലങ്ങനെ കിടക്കാറുണ്ടായിരുന്നു. നബി(സ) സുജൂദിലേക്ക് പോകുമ്പോള്‍ കൈകൊണ്ട് തട്ടും, ഞാന്‍ എന്റെ കാലുകള്‍ മടക്കിവെക്കും. തിരുമേനി എഴുന്നേറ്റ് നില്ക്കുമ്പോള്‍ ഞാന്‍ വീണ്ടും കാല് നീട്ടും” (ബുഖാരി). ഭാര്യയെ തൊട്ടാല്‍ വുദ്വൂ മുറിയുമെന്ന ചിലരുടെ ധാരണ അബദ്ധമാണെന്ന് ഈ രിവായത്ത് വ്യക്തമാക്കുന്നു. സ്ത്രീത്വത്തെ കുഴിച്ചുമൂടുന്ന ഇത്തരം കൃത്രിമവ്യവസ്ഥിതി ദൈവിക മതമായ ഇസ്‌ലാമില്‍ കടത്തിക്കൂട്ടുന്നത് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഒരിക്കലും ക്ഷമിച്ചിരുന്നില്ല. പ്രശ്‌നങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കുക എന്നത് കുഞ്ഞുനാള്‍ മുതലേ ആഇശ(റ)യുടെ സവിശേഷതയായിരുന്നു. കൂട്ടുകാരികളോടൊപ്പം പാവകളിലെ ചിറകുള്ള ഒരു കുതിരയുമായി കളിക്കുന്ന ആഇശ(റ)യോട് നബി(സ) ചോദിച്ചു: ”കുതിരക്ക് ചിറകുണ്ടാകുമോ?”
”എന്തുകൊണ്ടുണ്ടായിക്കൂടാ… സുലൈമാന്‍ നബി(അ)യുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ?” -ആഇശ(റ) തിരിച്ചടിച്ചു.
പ്രവാചകന്റെ(സ) വഫാത്തിന് ശേഷം 48 വര്‍ഷത്തിലധികം ജീവിച്ച മഹതിയാണ് ആഇശ(റ). സംഭവബഹുലമായ അവരുടെ ജീവിതത്തില്‍ നിന്ന് കര്‍മശാസ്ത്രപരമായ വിഷയങ്ങളില്‍ മുസ്‌ലിംലോകത്തിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരുപാട് സംഭാവനകള്‍ ലഭിച്ചു. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ട് തെറ്റായ സമീപനങ്ങളോട് എതിര്‍ത്തും ചെറുത്തുമാണ് ഉമ്മുല്‍ മുഅ്മിനീല്‍ ആഇശ(റ) ഈ രംഗത്ത് മുന്നേറിയത്. ജനാബത്ത് കുളിയില്‍ സ്ത്രീകള്‍ മുടിക്കെട്ട് അഴിക്കേണ്ടത് വാജിബാണെന്ന് ഇബ്‌നുഉമര്‍(റ) പറഞ്ഞപ്പോള്‍ ആഇശ(റ) എതിര്‍ത്തു: ”സ്ത്രീകളുടെ തല മൊട്ടയടിക്കാന്‍ എന്തുകൊണ്ട് അദ്ദേഹം പറഞ്ഞില്ല?! ഞാന്‍ തിരുമേനിയോടൊപ്പം കുളിച്ചു. മൂന്ന് പ്രാവശ്യം വെള്ളമൊഴിച്ചു. ഒരു മുടിയും അഴിച്ചില്ല.”
ഹജ്ജിന് ഇഹ്‌റാം കെട്ടിയാല്‍ പുരുഷന്മാര്‍ക്ക് ബൂട്ട്‌സ് ധരിക്കാന്‍ പാടില്ല. ഇത് സ്ത്രീകള്‍ക്കും ബാധകമാണെന്ന് ഇബ്‌നുഉമര്‍(റ) വാദിച്ചപ്പോള്‍ തെളിവുകള്‍ നിരത്തി അത് തെറ്റാണെന്ന് ആഇശ(റ) തിരുത്തി. ഇബ്‌നു ഉമര്‍(റ) അത് അംഗീകരിക്കുകയും ചെയ്തു. സ്വഹാബിമാരില്‍ അഭിപ്രായ വ്യത്യാസമുള്ള ഇത്തരം വിഷയങ്ങളിലെല്ലാം സ്ത്രീകളുടെ സൗകര്യം പരിഗണിച്ചുകൊണ്ടുള്ള വീക്ഷണമായിരുന്നു അവര്‍ സ്വീകരിച്ചത്. സ്ത്രീകളുടെ വൈകാരികമായ സാഹചര്യങ്ങള്‍ തൊട്ടറിയാന്‍ അവര്‍ക്കാണല്ലോ കൂടുതല്‍ സാധ്യത. അതാകട്ടെ സ്വാഭിപ്രായം മാത്രമായിരുന്നുവെന്ന് ആര്‍ക്കും ആക്ഷേപമുണ്ടായിരുന്നില്ല.
വിശുദ്ധ ഖുര്‍ആനിന്റെ എഴുതപ്പെടാത്ത ഒരു പുസ്തകം തന്നെയായിരുന്നു പ്രവാചകന്റെ(സ) ജീവിതം. ആ തുറന്ന പുസ്തകം വായിച്ചറിഞ്ഞുകൊണ്ടാണ് ആഇശ(റ) വളര്‍ന്നത്. അതേ സ്രോതസ്സില്‍ നിന്ന് തന്നെയാണ് അവര്‍ തന്റെ ഇസ്‌ലാമിക വിജയത്തിന്റെ ആദ്യാക്ഷരം കുറിച്ചതും. അതുകൊണ്ട് തന്നെ വൈജ്ഞാനികരംഗത്ത് ഇതര സ്ത്രീകളെ മാത്രമല്ല, സ്വഹാബിവര്യന്മാരെപ്പോലും കവച്ചുവെക്കുന്ന ഉത്തുംഗപദവി ആഇശ(റ)ക്കുണ്ടായിരുന്നു.
പല സ്വഹാബിവര്യന്മാരുടെയും ശിഷ്യനും പ്രസിദ്ധ ത്വാബിഉമായിരുന്ന അത്വാഉബ്‌നു അബീറബാഹ പറയുന്നു: ”ആഇശ(റ) ഏറ്റവും വലിയ ഫഖീഹത്തും പണ്ഡിതയും പൊതുജനങ്ങള്‍ക്ക് വളരെ മതിപ്പുള്ള വ്യക്തിയുമായിരുന്നു. ത്വാബിഉകളില്‍ ഉന്നതനായിരുന്ന ഇമാം സുഹ്‌രി(റ) അങ്ങനെ തന്നെയാണ് ആഇശ(റ)യെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. റസൂലിന്റെ സുന്നത്തിനെക്കുറിച്ച് മികച്ച അവഗാഹവും, ഒരഭിപ്രായം രേഖപ്പെടുത്തിവെക്കുന്നതില്‍ കാണിച്ച കഴിവും ശുഷ്‌കാന്തിയും, ഓരോ ആയത്തിന്റെയും അവതരണ പശ്ചാത്തലത്തെയും ഫറാഇദ്വിനെയും (അനന്തരാവകാശ നിയമം) കുറിച്ച അറിവും ആയിശയെക്കാള്‍ കൂടുതല്‍ ഞാന്‍ മറ്റാര്‍ക്കും കണ്ടിട്ടില്ല.
സ്വേച്ഛാനുസരണം ഒന്നും പറയാത്ത ആളായിരുന്നു പ്രവാചകന്‍(സ). അവിടുത്തെ വാക്കിലൂടെ ആഇശ(റ)യെക്കുറിച്ച് വിശേഷിപ്പിച്ചത് ഇപ്രകാരമായിരുന്നു: ”പുരുഷന്മാരില്‍ പലരും പൂര്‍ണത പ്രാപിച്ചു. സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മറിയം (റ), ഫറോവയുടെ പത്‌നി ആസിയ എന്നിവര്‍ മാത്രമേ പൂര്‍ണത പ്രാപിച്ചിട്ടുള്ളൂ. മറ്റു ഭക്ഷ്യവിഭവങ്ങളില്‍ സരീദിനുള്ള സ്ഥാനമാണ് ഇതര വനിതകളെ അപേക്ഷിച്ച് ആഇശ(റ)ക്ക് ഉള്ളത്. (ബുഖാരി 1385)
ഒരു മതം എന്ന നിലക്ക് ഇസ്‌ലാമിക നിയമങ്ങളില്‍ സ്ത്രീയോടുള്ള ബഹുമാനവും കാരുണ്യവും മാത്രമാണ് നിറഞ്ഞുനില്ക്കുന്നത്. ‘സൂറതുന്നിസാഅ്’ എന്ന പേരില്‍ ഒരധ്യായം തന്നെ നിലനില്ക്കുന്നു. സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ പ്രവാചകനോട് സംവദിക്കുകയും അല്ലാഹുവിനോട് ആവലാതി ബോധിപ്പിക്കുകയും ചെയ്ത ഖൗല(റ) എന്ന സ്ത്രീയുമായി ബന്ധപ്പെട്ടുകൊണ്ടാണ് സൂറത്തുല്‍ മുജാദല അവതീര്‍ണമായത്. ഫറോവയുടെ കൊട്ടാരത്തിലെ സകലമാന സുഖസൗകര്യങ്ങളോടും പുറംതിരിഞ്ഞു നിന്നുകൊണ്ടാണ് മൂസാ(അ) കൊണ്ടുവന്ന അധ്യാപനങ്ങളെ ആസ്യ (റ) പിന്‍പറ്റിയത്. ഈസാ(അ) യുടെ മാതാവിനും മൂസാ(റ)യു ടെ മാതാവിനും ദിവ്യബോധനവും അത്യപൂര്‍വമായ കാരുണ്യത്തിന്റെ തലോടലും ലഭിച്ചതായി ഖുര്‍ആനില്‍ നിന്ന് വായിക്കാം. ഹജ്ജ് കര്‍മം ഹാജറ(റ)യുടെ നിസ്സഹായാവസ്ഥയിലുള്ള വിചാരവികാരങ്ങളോട് ഇഴചേര്‍ത്ത് കൊണ്ടേ പൂര്‍ത്തിയാക്കാനാകൂ. ഇതിലെല്ലാമുപരി സ്ത്രീയുടെ ജീവിക്കാനുള്ള ആഗ്രഹത്തെ തൊട്ടറിഞ്ഞുകൊണ്ടാണ് ഇസ്‌ലാം അവളുടെ പക്ഷം പിടിച്ചുനിന്നത്.
”ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുഞ്ഞിനോട് ചോദിക്കപ്പെടും അതെന്ത് കുറ്റത്താല്‍ കൊല ചെയ്യപ്പെട്ടുവെന്ന്.” (വി.ഖു 81:8). ഈ ആയത്ത് ഖുര്‍ആനില്‍ അവതരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ മക്കയിലെ മണല്‍ത്തരികള്‍ സാക്ഷിനില്‌ക്കേണ്ടിവന്ന പെണ്‍ജീവന്റെ കരച്ചിലിനും പിടച്ചിലിനും അന്ത്യമുണ്ടാകുമായിരുന്നില്ല. മുഗീറ(റ) പറയുന്നു: മാതാപിതാക്കളെ അനുസരിക്കാതെ അവരെ വിഷമിപ്പിക്കുകയും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും അവകാശപ്പെട്ടത് കൊടുക്കാതിരിക്കുകയും അവകാശമില്ലാത്തത് ചോദിച്ചുവാങ്ങുകയും ചെയ്യല്‍ നിങ്ങള്‍ക്ക് ഹറാമാക്കിയിരിക്കുന്നു.” (ബുഖാരി 1069)

 

ഇസ്‌ലാമിലെ മാനവികത ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ഔന്നത്യം മാത്രം ലക്ഷ്യംവെച്ചുള്ളതല്ല. സ്ത്രീക്കും പുരുഷനും ഒന്നടങ്കം മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, മകന്‍, മകള്‍ എന്നിങ്ങനെയുള്ള ജീവിതത്തിന്റെ തലങ്ങളില്‍ സ്വസ്ഥതയും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുക എന്നുള്ളതാണ്. ഈയൊരു കാഴ്ചപ്പാടില്‍ നിന്നാണ് ആഇശ(റ) എന്ന ഉമ്മുല്‍ മുഅ്മിനീന്‍ സ്ത്രീകള്‍ക്കു വേണ്ടി ഏറെ സംവദിച്ചത്.
ജാഹിലിയ്യാ കാലത്ത് അനാചാരങ്ങളുടെയും അസമത്വത്തിന്റെയും അധമത്വത്തിന്റെയും ചങ്ങലക്കെട്ടുകള്‍ മുഴുവന്‍ പെണ്ണിന്റെ കഴുത്തിലായിരുന്നു അണിയിക്കപ്പെട്ടിരുന്നത്. പുരുഷന് എത്ര വേണമെങ്കിലും വിവാഹം കഴിക്കാം. തിരിച്ചെടുക്കാം വീണ്ടും ത്വലാഖ് പിരിക്കാം. ഇങ്ങനെ വിവാഹത്തിന്റെയും ത്വലാഖിന്റെയും കണ്ണിയില്‍ തളച്ചിട്ട പെണ്ണിന്റെ ജീവിതം നരകതുല്യമായിരുന്നു. ഇതില്‍ നിന്ന് സ്വതന്ത്രമാവാന്‍ പാടുപെട്ട ഒരു സ്ത്രീ ആഇശ(റ)യുടെ അരികില്‍ പരാതിയുമായെത്തി. ആഇശ(റ) പ്രശ്‌നം തിരുസന്നിധിയിലവതരിപ്പിച്ചു. അന്നേരം ഖുര്‍ആനില്‍ താഴെ പറയുന്ന ആയത്തുകള്‍ സ്ത്രീയുടെ രക്ഷയ്ക്കായി അവതരിപ്പിച്ചു: ”തിരിച്ചെടുക്കാന്‍ അവകാശമുള്ള വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാണ്. പിന്നെ ഒന്നുകില്‍ നല്ല നിലയില്‍ ഒന്നിച്ച് നിര്‍ത്തുക. അല്ലെങ്കില്‍ നല്ല നിലയില്‍ പൂര്‍ണമായും വിട്ടേക്കുക.” (ഖുര്‍ആന്‍)
ജാഹിലിയ്യത്തിലെ ദുഷ്‌കരമായ അവസ്ഥയില്‍ നിന്ന് ഈ നിയമംമൂലം സ്ത്രീ രക്ഷപ്പെട്ടു. വിവാഹമോചനാനന്തരം ഇദ്ദ കാലത്ത് സ്ത്രീക്ക് ഭക്ഷണവും താമസസൗകര്യവും സുരക്ഷിതത്വവും നല്‌കേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്നും ഖുര്‍ആനില്‍ നിയമമായി വന്നു. ”അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ പുറത്താക്കരുത്. അവര്‍ പുറത്ത് പോകുകയും അരുത്. പ്രത്യക്ഷത്തിലുള്ള വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവരുന്നതായാലല്ലാതെ. (അപ്പോള്‍ പുറത്താക്കാവുന്നതാണ്.) അത് എല്ലാം അല്ലാഹുവിന്റെ നിയമാതിര്‍ത്തികളാകുന്നു.” (വി.ഖു 65:2)
ഭര്‍ത്താവിന്റെ മരണാനന്തരമുള്ള ഇദ്ദയില്‍ അത്ര കര്‍ശനമായി (ഭര്‍തൃവീട്ടില്‍ നിന്ന് പുറത്തു പോകരുതെന്നുള്ള നിയമം) ഖുര്‍ആനില്‍ ഉണര്‍ത്തിയിട്ടില്ല. പക്ഷേ, ആ വിഷയത്തില്‍ ഫിഖ്ഹ് മസ്അലകള്‍ വെച്ച് സ്ത്രീകളെ ഇരുട്ടറയില്‍ തളക്കുകയാണ്. ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ എന്നെന്നേക്കുമുള്ള ഒരു വേര്‍പിരിയലിലെത്താതിരിക്കേണ്ടതിനായി മനുഷ്യമനസ്സിന്റെ രീതിശാസ്ത്രമറിയുന്ന അല്ലാഹു നിര്‍ണയിച്ച ഒരു പ്രതിരോധമാണ് മേല്‍ ഖുര്‍ആന്‍ സൂക്തം. മര്‍ഹൂം അമാനി മൗലവി ഈ വിഷയകമായി തന്റെ തഫ്‌സീറില്‍ പറയുന്നു:
”നമ്മുടെ നാടുകളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീരെ വിസ്മരിക്കപ്പെട്ടതും അതേ സമയത്ത് അല്ലാഹു വളരെ ശക്തവും വ്യക്തവുമായി ശാസിച്ചിട്ടുള്ളതുമായ ഒരു നിയമമാണിത്. അവരെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കരുത്. അവര്‍ പുറത്ത് പോകുകയും അരുത്. വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന വിഷയത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇരുകൂട്ടരുടെയും ഗുണത്തിന് വേണ്ടി യോജിച്ച് ഇഷ്ടപ്പെട്ടാല്‍ പോലും മാറിത്താമസിക്കാന്‍ പാടില്ലെന്നാണ് ഒരുപക്ഷം പണ്ഡിതാഭിപ്രായം. മൂന്ന് മാസം സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുമ്പോള്‍ വിവാഹമോചനത്തിനിടയാക്കിയ അസുഖം ക്രമേണ തീര്‍ന്നുപോകാനും പഴയ ബന്ധം തുടരാന്‍ ഇദ്ദകാലം കഴിയുമ്പോഴേക്ക് അവര്‍ക്ക് ആഗ്രഹം ജനിക്കാനും അത് കാരണമാകും. വാസ്തവത്തില്‍ അല്ലാഹുവിന്റെ ഈ നിയമം അവതരിപ്പിക്കപ്പെട്ട വിധത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടപ്പിലുണ്ടായിരുന്നുവെങ്കില്‍ ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളില്‍ അധികവും താനേ ദുര്‍ബലപ്പെടുമായിരുന്നു.” (തഫ്‌സീറുല്‍ ഖുര്‍ആന്‍ 4-ാം വാള്യം, പേജ് 3351)
ഈ വിഷയത്തില്‍ ആഇശ(റ)ക്ക് തനതായ കാഴ്ചപ്പാടുണ്ടായിരുന്നു. രണ്ടും മൂന്നും ത്വലാഖ് ചൊല്ലിയ സ്ത്രീകള്‍ക്ക് ഈ അവകാശം വകവെച്ചു കിട്ടണമെന്നായിരുന്നു അവരുടെ വാദം. ‘അല്ലാഹു പിന്നീട് പുതിയ സംഭവങ്ങളുണ്ടാക്കിയേക്കാം’ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ ഗര്‍ഭിണിയാണോ എന്നറിയേണ്ടതിനു വേണ്ടിയെല്ലാം സ്ത്രീക്ക് ഭര്‍ത്താവ് ഭക്ഷണവും താമസവും സൗകര്യവും നല്കിയേ മതിയാവൂ എന്നതായിരുന്നു ആയിശ(റ)യുടെ അഭിപ്രായം, ഇവിടെയും സ്ത്രീയുടെ ഗുണകാംക്ഷ തന്നെയാണ് അവര്‍ ഉന്നംവെച്ചത്.
”ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ നാല് മാസവും പത്ത് ദിവസവും ഇദ്ദ ആചരിക്കണം. വീട്ടില്‍ നിന്ന് എവിടെയും പുറത്തിറങ്ങരുത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ സമീപത്തുണ്ടെങ്കില്‍ അതേ സ്ഥലത്ത് തന്നെയാണ് യാത്രയിലായാല്‍ പോലും സ്ത്രീ ഇദ്ദ ഇരിക്കേണ്ടത്. സ്വദേശത്തേക്ക് പോലും യാത്രചെയ്യാന്‍ പാടില്ല എന്ന് ചില ഫുഖഹാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആഇശ(റ) ഈ വാദവും തള്ളിക്കളഞ്ഞു. ജമല്‍യുദ്ധത്തില്‍ തന്റെ സഹോദരി ഉമ്മുകുത്‌സൂമും ഭര്‍ത്താവ് ത്വല്‍ഹയും പങ്കെടുത്തിരുന്നു. ത്വല്‍ഹ അവിടെവെച്ച് ശഹീദായി. ആഇശ(റ) അവരെയും കൂട്ടി സ്വദേശമായ മദീനയിലേക്ക് പുറപ്പെട്ടു. ഫുഖഹാക്കളുടെ അഭിപ്രായപ്രകാരം ഉമ്മുകുത്‌സൂം ജമല്‍യുദ്ധം നടന്ന സ്ഥലത്ത് തന്നെയാണ് നാല് മാസവും പത്ത് ദിവസവും ഇരിക്കേണ്ടത്. പക്ഷേ ആഇശ(റ) അവരെയും കൊണ്ട് മക്കയിലിറങ്ങി. ആളുകള്‍ക്കിടയില്‍ ഇത് ചര്‍ച്ചാ വിഷയമായി. അബുഉബയ്യ് എന്ന താബിഅ് ആഇശ(റ)യുടെ നടപടി ശരിവെച്ചു. അന്നവരങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് സ്ത്രീകള്‍ക്കെത്ര ബുദ്ധിമുട്ടുണ്ടാകുമായിരുന്നു (ബൈഹഖി). കടലിന്റെ മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ വെച്ചാണ് ഭര്‍ത്താവ് മരിക്കുന്നതെങ്കില്‍ ഫുഖഹാക്കളുടെ അഭിപ്രായ പ്രകാരം ഭാര്യ അതേ കടലില്‍ നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കേണ്ടിവരുമായിരുന്നു!
ചില രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ അവരുടെ സമ്മതമില്ലാതെയായിരുന്നു അക്കാലത്ത് വിവാഹം കഴിപ്പിച്ചിരുന്നത്. അന്നത്തെ കുടുംബ കോടതിയായിരുന്ന ആഇശ(റ) അതിനും പരിഹാരം കണ്ടെത്തി. വിവരം നബി(സ)യെ ഉണര്‍ത്തി. ഇതിനെക്കുറിച്ച് ആവലാതിയുമായി വന്ന പെണ്‍കുട്ടിയെയും അവളുടെ രക്ഷിതാവിനെയും വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ വിവാഹം റദ്ദ് ചെയ്യാന്‍ പിതാവിനോടാവശ്യപ്പെട്ടു. ”അല്ലാഹുവിന്റെ റസൂലേ എന്റെ പിതാവ് എനിക്ക് വേണ്ടി നടത്തിയ വിവാഹം ഞാന്‍ അംഗീകരിക്കുന്നുണ്ട്. പക്ഷേ, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ എന്തെന്ന് മനസ്സിലാക്കണം. അതേ എനിക്ക് ഉദ്ദേശ്യമായിരുന്നുള്ളൂ” -പെണ്‍കുട്ടി മറുപടി പറഞ്ഞു.
ഭര്‍ത്താവ് മരിച്ച ഗര്‍ഭിണിയുടെ വിഷയത്തില്‍ സ്വഹാബത്തിനിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇബ്‌നു അബ്ബാസ്(റ) നാല് മാസവും പത്ത് ദിവസവുമെന്നും അബൂഹുറയ്‌റ(റ) പ്രസവം വരെ എന്നുള്ളതുമാണ് അഭിപ്രായപ്പെട്ടിരുന്നത്. പ്രശ്‌നത്തിലിടപെട്ട ആഇശ(റ) പ്രസവം വരെ എന്നതാണ് സ്ഥിരീകരിച്ചത്. തെളിവായി സുബൈഅത്ത് എന്ന പെണ്ണിന്റെ സംഭവം അവര്‍ എടുത്തുദ്ധരിച്ചു. അവര്‍ വിധവയായ മൂന്നാംദിവസം തന്നെ പ്രസവിക്കുകയും പുനര്‍വിവാഹത്തിന് അവര്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു.
ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ സ്ത്രീയുടെ സ്വത്വം ഒരിക്കലും കുഴിച്ചുമൂടപ്പെടുന്നില്ല എന്ന് ലോകത്തിന് മുമ്പില്‍ തെളിയിച്ച് കൊടുത്ത മഹതിയാണ് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ). പക്ഷേ ഇത്തരം വിഷയങ്ങളില്‍ സ്ത്രീക്ക് മരണ നിഴലൊരുക്കുന്നവര്‍ക്കെതിരെ ചെറുത്തുനില്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തന്നെയാണ് മുസ്‌ലിം സ്ത്രീ ഇന്നുള്ളത്. രാഷ്ട്രീയത്തില്‍ ഒരു ചെറുത്തുനില്പിനായി മുസ്‌ലിം സ്ത്രീയെ ഒരുക്കുന്നവര്‍ പോലും ഇസ്‌ലാമിലെ അവളുടെ സ്വത്വനിഷേധത്തിനെതിരെ ചെറുവിരലനക്കാന്‍ അവളെ പാകപ്പെടുത്തുന്നില്ല.

Back to Top