ഉത്തരം കണ്ടെത്തേണ്ട അഞ്ചു ചോദ്യങ്ങള്‍ പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് വ്യക്തമായ ലക്ഷ്യത്തോടുകൂടിയാണ്. മനുഷ്യരെ മാത്രമല്ല ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ള വസ്തുക്കളെയും സൃഷ്ടിച്ചതിലും അല്ലാഹുവിന് വ്യക്തമായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അല്ലാഹു പറയുന്നു: ”ആകാശത്തെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ളതിനെയും നാം തമാശയായിക്കൊണ്ട് സൃഷ്ടിച്ചതല്ല” (അന്‍ബിയാഅ് 16). മനുഷ്യരോടാ യി അല്ലാഹു ചോദിക്കുന്നു: ”ഞാന്‍ നിങ്ങളെ വെറുതെ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ?” (അല്‍മുഅ്മിനൂന്‍ 115). ഈ ദുനിയാവിലെ ജീവിതം പരിമിതമാണ്. മരണാനന്തരം അറ്റമില്ലാത്ത ജീവിതമാണ് നാം നയിക്കാന്‍ പോകുന്നത്. മരണാനന്തര ജീവിതത്തെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിച്ച് തന്റെ ജീവിതം വിലയിരുത്തുന്നവര്‍ വളരെ വിരളമാണ്. അധികപേരും തന്റെ വൈകല്യങ്ങളെ സംബന്ധിച്ചും പോരായ്മകളെക്കുറിച്ചും ചിന്തിക്കാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്ന കാര്യത്തി ല്‍ മിടുക്കന്മാരാണ്. ഫലത്തില്‍ അത്തരം ദുഷിച്ച പ്രവര്‍ത്തനങ്ങള്‍ മൂലം അവര്‍ പ്രവര്‍ത്തിച്ച സല്‍ക്കര്‍മങ്ങള്‍ പോലും അവര്‍ക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തും എന്നതാണ് വസ്തുത. അല്ലാഹു കല്പിക്കുന്നത്, അന്യരുടെ കര്‍മങ്ങള്‍ തൂക്കി കണക്കു നോക്കാനല്ല. മറിച്ച് തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്താനും ചിന്തിക്കാനുമാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ” (ഹശ്ര്‍ 18).
ദുനിയാവില്‍ വെച്ച് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അണുത്തൂക്കം വ്യത്യാസമില്ലാതെ അ ല്ലാഹു രേഖാമൂലം നമ്മുടെ മുന്നി ല്‍ ഹാജരാക്കുകയും നമ്മെ ചോദ്യം ചെയ്യുകയും ചെയ്യും. ഒരു നബിവചനം ശ്രദ്ധിക്കുക: ”അഞ്ച് കാര്യങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെടാതെ, അന്ത്യദിനത്തില്‍ ആദമിന്റെ പുത്രന്റെ കാല്‍പാദങ്ങള്‍ മുന്നോട്ടു നീങ്ങുന്നതല്ല. തന്റെ ആയുസ് എന്തിനു ചെലവഴിച്ചു? തന്റെ യുവത്വം എന്തിനു വിനിയോഗിച്ചു? തന്റെ ധനം എങ്ങനെ സമ്പാദിച്ചു, ഏതു വിധം ചെലവഴിച്ചു? തന്റെ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ പ്രവര്‍ത്തിച്ചു? (തിര്‍മിദി)
മുസ്‌ലിംകളില്‍ പോലും ബഹുഭൂരിപക്ഷം ആളുകളും ഐഹികമായ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ വ്യാപൃതരാണ്. അല്ലാഹു പറയുന്നു: ”പരിപൂര്‍ണമായും നന്ദിയുള്ളവര്‍ എന്റെ ദാസന്മാരില്‍ വിരളമത്രെ”(സബഅ് 13). എന്റെ ദാസന്മാര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സത്യവിശ്വാസികളാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പരിഗണന നല്കിക്കൊണ്ടിരിക്കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്ക്കുന്നതും.” (അഅ്‌ലാ: 16-17)
പണ്ഡിതന്മാരടക്കം ബഹുഭൂരിപക്ഷം മുസ്‌ലിംകളും തങ്ങളുടെ ഭൗതികസുഖങ്ങളും ആസ്തിയും എത്രകണ്ട് വര്‍ധിപ്പിക്കാന്‍ സാധിക്കും എന്ന ചിന്തയോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ്. പരലോകത്തെ തങ്ങളുടെ സല്‍ക്കര്‍മങ്ങളുടെ ആസ്തി വര്‍ധിപ്പിക്കണമെന്ന ചിന്തയുള്ളവര്‍ വിരളമാണ്. അതുകൊണ്ടായിരിക്കാം നബി(സ) ഇപ്രകാരം പ്രസ്താവിച്ചത്: ”അല്ലാഹുവാണ, ദാരിദ്ര്യത്തെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നില്ല. മറിച്ച് മുന്‍ഗാമികള്‍ക്ക് വിശാലമാക്കപ്പെട്ടതുപോലെ ദുനിയാവിനെ (സമ്പത്തിനെ) നിങ്ങളുടെമേല്‍ വിശാലമാക്കപ്പെടുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ അവര്‍ മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കുകയും അവരെ അല്ലാഹു നശിപ്പിച്ചതുപോലെ നിങ്ങളെയും നശിപ്പിക്കുന്നതുമാണ്” (ബുഖാരി, മുസ്‌ലിം). അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇത്തരുണത്തി ല്‍ നാം ഓര്‍ക്കേണ്ടതാണ്: ”മനുഷ്യന് പ്രായം കൂടുംതോറും രണ്ടു കാര്യങ്ങളില്‍ അവന് ആര്‍ത്തി വര്‍ധിച്ചുകൊണ്ടേയിരിക്കും. ധനത്തോടുള്ള അതിയായ സ്‌നേഹവും ദീര്‍ഘായുസ്സിനുള്ള ആഗ്രഹവുമാകുന്നു അവ” (മുസ്‌ലിം). ”മനുഷ്യന്‍ വാര്‍ധക്യം പ്രാപിക്കും തോറും രണ്ടു കാര്യങ്ങളില്‍ യുവാവായിരിക്കും. ധനത്തോടും ദീര്‍ഘായുസ്സിനോടുമുള്ള അത്യാഗ്രഹങ്ങളാകുന്നു അവ.” (ബുഖാരി, മുസ്‌ലിം)
രണ്ടാമതായി അല്ലാഹു ചോദിക്കുന്നത് നമ്മുടെ യുവത്വം എങ്ങനെ വിനിയോഗിച്ചു എന്നതിനെ സംബന്ധിച്ചാണ്. ഒരു വ്യക്തിയുടെ പതിനഞ്ച് വയസ്സു മുതല്‍ നാല്പതു വയസ്സു വരെയുള്ള കാലഘട്ടമാണ് യുവത്വം. നാല്പത് പിന്നിട്ടാല്‍ മനുഷ്യന് അതുവരെ ഉണ്ടാകാതിരുന്ന ചിന്തയും ബോധവും ഉണ്ടായിത്തീരും എന്നത് വിശുദ്ധ ഖുര്‍ആനിലും വ്യക്തമാക്കപ്പെട്ടതാണ്. യുവത്വം എന്നത് ചോരത്തിളപ്പിന്റെ കാലഘട്ടമാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും താന്‍ ഉദ്ദേശിച്ച കാര്യം നടന്നേ തീരു എന്ന് വാശിപിടിക്കുന്ന കാലഘട്ടമാണത്. അതുകൊണ്ടു തന്നെ രാഷ്ട്രീയപ്പാര്‍ട്ടികളും ഭൗതികലക്ഷ്യം വെച്ചുപ്രവര്‍ത്തിക്കുന്ന മതസംഘടനകളും കാര്യമായി തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനായി ചൂഷണം ചെയ്യുന്നത് യുവാക്കളെ യാണ്. അതുകൊണ്ടു തന്നെ ഈ പ്രായത്തില്‍ ചെയ്യുന്ന മതകര്‍മങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേകം പ്രതിഫലമുണ്ട്.
അന്ത്യദിനത്തില്‍ അല്ലാഹു അര്‍ശിന്റെ തണലിട്ടു കൊടുക്കുന്ന ഒരു പ്രത്യേക വിഭാഗത്തെ സൂചിപ്പിച്ച് പ്രവാചകന്‍ പറഞ്ഞു: ”അല്ലാഹുവിന് ആരാധനാകര്‍മങ്ങള്‍ ചെയ്തുകൊണ്ട് ജീവിച്ച യുവാവ്” (ബുഖാരി). ഈ വിഷയത്തില്‍ വന്ന മറ്റൊരു നബിവചനം ശ്രദ്ധിക്കുക: ”ഏഴു കാര്യങ്ങള്‍ വന്നുപെടുന്നതിന്നു മുമ്പായി നിങ്ങള്‍ സല്‍ക്കര്‍മങ്ങളില്‍ മുന്നിടുക. എല്ലാം മറപ്പിക്കുന്ന ദാരിദ്ര്യം, അതിരു വിടുന്ന സമ്പന്നത, നാശം വരുത്തിവെക്കുന്ന രോഗം, ബുദ്ധിയെ നശിപ്പിക്കുന്ന വാര്‍ധക്യം, പെട്ടെന്നുള്ള മരണം. ദജ്ജാലിന്റെ ആഗമനം, അന്ത്യദിനം എന്നിവയാണവ.” (തിര്‍മിദി)
മൂന്നാമതായി അല്ലാഹു ചോദിക്കുക നമ്മുടെ സമ്പത്തിനെ സംബന്ധിച്ചാണ്. ആദ്യത്തെ ചോദ്യം അത് എങ്ങനെ സമ്പാദിച്ചു എന്നതാണ്. ധനസമ്പാദനം ഇസ്‌ലാം വിലക്കിയിട്ടില്ല. അത് നമ്മുടെ ഭൗതിക ജീവിതത്തിന്റെ നിലനില്പിന് അത്യാവശ്യമാണ്. ”അല്ലാഹു നിങ്ങളുടെ നിലനില്പിനുവേണ്ടി നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ സമ്പത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവരെ ഏല്പിക്കരുത്” (നിസാഅ് 5). നാം ഭക്ഷിക്കുന്നതും ഉടുക്കുന്നതും വിനിയോഗിക്കുന്നതും ഹലാലായ നിലയില്‍ സമ്പാദിച്ച ധനം കൊണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം നമ്മുടെ പ്രാര്‍ഥനപോലും അല്ലാഹു സ്വീകരിക്കുന്നതല്ല. ഒരു നബിവചനത്തിന്റെ സംക്ഷിപ്ത രൂപം ഇപ്രകാരമാണ്: ”ഒരു അടിമ ആകാശത്തേക്ക് രണ്ടു കൈകളും ഉയര്‍ത്തി, എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ (ഇന്നിന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരണം) എന്ന നിലയില്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവന്റെ ഭക്ഷണവും പാനീയവും വസ്ത്രങ്ങളും അവന്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണ്. അവന്റെ സകല പ്രവര്‍ത്തനങ്ങളും നിഷിദ്ധതയില്‍ ഊട്ടപ്പെട്ടതാണ്. അത്തരക്കാര്‍ക്ക് എങ്ങനെ ഉത്തരം കിട്ടും?”(ബുഖാരി)
ഹലാലല്ലാത്ത സമ്പാദ്യം പരലോകത്ത് വലിയ നഷ്ടമായിരിക്കും വരുത്തിവെക്കുക. ധനസമ്പാദനം ഹലാലായാല്‍ മാത്രം പോരാ, അത് ചെലവഴിക്കുന്നതും അല്ലാഹുവും റസൂലും കല്പിച്ച മാര്‍ഗത്തിലായിരിക്കണം. ധനം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഒരു വ്യക്തിക്ക് നല്കിയ സമ്പത്തുകൊണ്ട് അവന്‍ ഏതു പ്രകാരം ചെലവഴിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ചിലര്‍ക്ക് വളരെ കുറച്ചും ചിലര്‍ക്ക് കൂടുതലും ചിലര്‍ക്ക് കണക്കില്ലാതെയും അല്ലാഹു സമ്പത്ത് നല്കുന്നതാണ്. വളരെ കുറച്ച് സമ്പത്ത് നല്കപ്പെടുന്ന വ്യക്തി ക്ഷമ കേട് കാണിക്കുന്നുണ്ടോ എന്നുള്ള നോട്ടവും അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. ”നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു.” (തഗാബുന്‍ 15)
നന്മയില്‍ മുന്‍കടന്ന സത്യവിശ്വാസികള്‍ സകാത്തു മാത്രമല്ല, സദഖയും കയ്യയച്ച് നല്കുന്നവരാണ്. ഇസ്‌ലാമിക കര്‍മങ്ങളില്‍ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്നത് ദാനധര്‍മത്തിന്നാണ്. സൂറത്തുല്‍ ബഖറ 261-ാം വചനത്തില്‍ അല്ലാഹു പറയുന്നു: ”അവനുദ്ദേശിക്കുന്നവര്‍ക്ക് 1400 മടങ്ങുവരെ പ്രതിഫലം നല്കും.” പക്ഷേ, ജനങ്ങള്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വിഷയത്തിലാണ്. പടച്ചവനെ പേടിച്ച് ദാനധര്‍മം ചെയ്യുന്നവരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചത് ഇപ്രകാരമാണ്: ”തങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയപ്പെടുന്നതോടൊപ്പം തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവര്‍. അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പെ ചെന്നെത്തുന്നവരും.” (അല്‍മുഅ്മിനൂന്‍ 60-61)
അഞ്ചാമതായി അല്ലാഹു ചോദിക്കുന്നത്, താന്‍ പഠിച്ച കാര്യങ്ങള്‍ എത്രത്തോളം ജീവിതത്തില്‍ പുലര്‍ത്തി എന്നതാണ്. ഇസ്‌ലാമിനെ സംബന്ധിച്ച സാമാന്യമായ നിലയില്‍ പഠിക്കല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണെങ്കിലും അഗാധമായ പാണ്ഡിത്യം നേടല്‍ ഓരോ വ്യക്തിക്കും നിര്‍ബന്ധമില്ല. അപ്പോള്‍ നീ എത്ര പഠിച്ചു എന്നതായിരിക്കില്ല അല്ലാഹുവിന്റെ ചോദ്യം. മറിച്ച് നീ പഠിച്ചതിനുസരിച്ച് എത്ര പ്രവര്‍ത്തിച്ചു എന്നതായിരിക്കും. വിജ്ഞാനം എന്നത് സമ്പത്തിനെപ്പോലെയോ സന്താനങ്ങളെപ്പോലെയോ ഒരു പരീക്ഷണമല്ല. മറിച്ച്, അല്ലാഹുവിന്റെ ഏറ്റവും വലിയ ഒരനുഗ്രഹമാണത്. പ്രവാചകന്‍(സ) പറഞ്ഞു: ”അല്ലാഹു നന്മ ഉദ്ദേശിക്കുന്നവര്‍ക്ക് മതപരമായ വിജ്ഞാനം നല്കും” (ബുഖാരി, മുസ്‌ലിം). അല്ലാഹു പറയുന്നു: ”വിജ്ഞാനം നല്കപ്പെട്ടവരാരോ അവര്‍ക്ക് ധാരാളം അനുഗ്രഹം നല്കപ്പെട്ടു” (അല്‍ബഖറ 269)
പക്ഷേ, വിജ്ഞാനം നേടിയിട്ട് അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാത്തവര്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ ശക്തമായ ശിക്ഷയാണുള്ളത്. നബി(സ) പറയുന്നു: ജനങ്ങളെ നന്മ പഠിപ്പിക്കുകയും സ്വന്തം ജീവിതത്തില്‍ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്ന പണ്ഡിതന്റെ ഉപമ, ജനങ്ങള്‍ക്ക് വെളിച്ചം ലഭിക്കാന്‍ വിളക്കു കാണിച്ചുവെക്കുകയും, അതുകൊണ്ട് സ്വന്തം ശരീരം കരിച്ചുകളയുകയും ചെയ്യുന്നവനെപ്പോലെയാണ്” (ത്വബ്‌റാനി). മിഅ്‌റാജിന്റെ രാവില്‍ കണ്ട ഒരു സംഭവം നബി(സ) വിശദീകരിച്ചത് ശ്രദ്ധിക്കുക: ”തീയിന്റെ കത്രികകള്‍കൊണ്ട് ചുണ്ടുക ള്‍ വെട്ടിമുറിക്കപ്പെട്ട ഒരു വിഭാഗം ആളുകളെ ഇസ്‌റാഇന്റെ രാവില്‍ ഞാന്‍ കാണുകയുണ്ടായി. ഞാന്‍ (ജിബ്‌രിലിനോട്) ചോദിച്ചു: ഇക്കൂട്ടര്‍ ആരാണ്? ദുനിയാവില്‍ വെച്ച് ആളുകളെ ഉപദേശിച്ചിരുന്നവരാണ്. അവര്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും സ്വന്തം ജീവിതത്തിലത് മറന്നുകളയുകയും ചെയ്തവരാണ്” (മുസ്‌നദു അഹ്മദ്).