21 Thursday
November 2024
2024 November 21
1446 Joumada I 19

ഉഗ്രപാപങ്ങളും പശ്ചാത്താപവും-2 ഗോപ്യമായ ശിര്‍ക്ക് – പി മുസ്തഫ നിലമ്പൂര്‍

കര്‍മങ്ങള്‍ സ്വീകരിക്കപ്പടാന്‍ പ്രഥമമായി രണ്ട് നിബന്ധനകളുണ്ട്്. ആത്മാര്‍ഥതയും ശരീഅത്തിനോട് യോജിച്ചു വരലുമാണത്. പ്രവര്‍ത്തനങ്ങള്‍ എത്ര നല്ലതാണെങ്കിലും അത് നിഷ്‌കളങ്കമല്ലെങ്കില്‍ സ്വീകരിക്കപ്പെടുകയില്ല. ”കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കാനും നമസ്‌ക്കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും അല്ലാതെ അവരോട് കല്‍പ്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം.” (ബയ്യിന 5)
സ്വര്‍ഗാവകാശികളാകുന്ന പുണ്യവാന്മാരെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ആഗ്രഹിക്കുന്നില്ല.” (ഇന്‍സാന്‍ 8,9)
പരലോകമോക്ഷം തേടുകയും ദൈവപ്രീതി നേടാന്‍ നിഷ്‌കളങ്ക കര്‍മം ചെയ്യുകയുമാണ് വേണ്ടത്. ഇവയല്ലാതെ എത്ര നല്ല കര്‍മ്മങ്ങള്‍ ചെയ്താലും ഫലശൂന്യമാണ്. ഒരിക്കല്‍ ആയിശ(റ) നബി(സ)യോട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഇബ്‌നുജുദ്ആന്‍ ജാഹിലിയ്യത്തില്‍ കുടുംബബന്ധം ചേര്‍ത്തിരുന്നു. അഗതികള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നു. അതയാള്‍ക്ക് പ്രയോജനപ്പെടുമോ? നബി(സ)പറഞ്ഞു: അത് അയാള്‍ക്ക് ഉപകാരപ്പെടുകയില്ല. കാരണം. അയാള്‍ ഒരു ദിനം പോലും എന്റെ നാഥാ, പ്രതിഫല നാളില്‍ എന്റെ തെറ്റുകള്‍ എനിക്കു നീ പൊറുത്തു തരണേമേ എന്നു പറഞ്ഞിട്ടില്ല.” (മുസ്‌ലിം 540)
മറ്റൊരിക്കല്‍ ഉമ്മുസലമ(റ) നബി(സ)യോട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം ഹിശാം ഇബനുമുഗീറ കുടുംബബന്ധം ചേര്‍ക്കുന്നവനും അതിഥികളെ സല്‍ക്കരിക്കുന്നവനും പ്രയാസം സഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നവനും ഉദാരനായി ഭക്ഷണം നല്‍കുന്നവനുമായിരുന്നു. അയാള്‍ താങ്കളെ കണ്ടുമുട്ടിയിരുന്നുവെങ്കില്‍ ഇസ്‌ലാം സ്വീകരിച്ചേനെ. അത് (അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍) അദ്ദേഹത്തിന് ഉപകാരപ്പെടുമോ? അവിടുന്ന് പ്രതിവചിച്ചു: ഇല്ല. നിശ്ചയം അയാള്‍ ഇതൊക്കെ നല്‍കിയത് ദുന്‍യാവിനും ദുന്‍യാവിലെ പ്രശസ്തിക്കും പ്രശംസക്കും വേണ്ടിയായിരുന്നു. ഒരു ദിവസമെങ്കിലും അയാള്‍ എന്റെ നാഥാ പ്രതിഫലനാളില്‍ നീ എനിക്ക് പൊറുത്തു തരേണമേ എന്ന് പറഞ്ഞിട്ടില്ല.” ( മുസ്‌നദ് അബൂയഅ്‌ലാ 6965)
”ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് അവിടെ നിന്ന് നാം നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്. (ആലുഇംറാന്‍ 145)
നബി(സ)പറഞ്ഞു: ”വല്ലവനും ജനങ്ങളെ കാണിക്കാന്‍ വേണ്ടി നമസ്‌ക്കരിച്ചാല്‍ നിശ്ചയമായും അവന്‍ ശിര്‍ക്ക് ചെയ്തു. വല്ലവനും ജനങ്ങളെ കാണിക്കാന്‍ വേണ്ടി നോമ്പനുഷ്ഠിച്ചാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു. വല്ലവനും ജനങ്ങളെ കാണിക്കാന്‍ ധര്‍മ്മം ചെയ്താല്‍ അവന്‍ ശിര്‍ക്ക് ചെയ്തു.” (അഹ്മദ്)
”ജനങ്ങളെ കാണിക്കാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നെതിങ്കില്‍ അവന്‍ എത്ര ദുഷിച്ച കൂട്ടുകാരന്‍.” (നിസാഅ് 38)
ജനങ്ങളെ കാണിക്കാനായി നമസ്‌ക്കരിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷയുള്ളതെന്നും അശ്രദ്ധമായും അലസമായും ചെയ്യുന്നവര്‍ കപടന്മാരാണെന്നും ഖുര്‍ആന്‍ താക്കീതു നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ നിന്ദ്യരായി നരകാഗ്നിയിലെറിയപ്പെടും. പരലോകത്ത് ആദ്യ വിചാരണ നേരിടുന്ന രക്തസാക്ഷിയും പണ്ഡിതനും സമ്പന്നനും നിന്ദ്യരായി നരകത്തിലെറിയപ്പെടുന്നത് ലോകമാന്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതു കൊണ്ടാണെന്ന് പ്രവാചകന്‍ നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ചെയ്യുന്ന കര്‍മ്മം നന്നായതു കൊണ്ട് മാത്രം പ്രതിഫലം ലഭിക്കില്ല. നബി(സ)പറഞ്ഞു: ”നിങ്ങള്‍ക്ക് ഞാന്‍ ഏറ്റവും ഭയപ്പെടുന്ന കാര്യമാണ് ചെറിയ ശിര്‍ക്ക്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ചെറിയ ശിര്‍ക്ക് എന്നാല്‍ എന്താണ്? നബി(സ)പറഞ്ഞു: ജനങ്ങള്‍ക്ക് അന്ത്യനാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കി കഴിഞ്ഞാല്‍ (ജനങ്ങളെ കാണിക്കാന്‍ കര്‍മ്മങ്ങള്‍ ചെയ്തവരോട്) അല്ലാഹു പറയും: ഇഹലോകത്ത് ആരെയാണോ നിങ്ങള്‍ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുത്തേക്ക് ചെല്ലൂ. അവരുടെ അടുക്കല്‍ നിന്ന് വല്ല കൂലിയും നിങ്ങള്‍ക്ക് കിട്ടാനുണ്ടോ എന്ന് നോക്കൂ.” (അഹ്മദ് 23630, 23631, ബൈഹഖി 2 – 290, 291)
റസൂല്‍(സ) പറഞ്ഞു: ”തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ കേള്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അന്ത്യനാളില്‍ തന്റെ സൃഷ്ടികളില്‍ കേള്‍വിയുള്ളവരെയൊക്കെ, അയാളെപ്പറ്റി അല്ലാഹു കേള്‍പ്പിച്ചു കൊടുക്കുന്നതാണ്. അങ്ങനെ അല്ലാഹു അവനെ നിന്ദ്യനും നിസ്സാരനുമാക്കി തീര്‍ക്കുന്നതാണ്.” (അഹ്മദ് 6509, 6839)
ഫറസ്ദഖിന്റെ പിതാവ് ഗ്വാലിബ് ഭക്ഷണ വിതരണ കാര്യത്തില്‍ സുഹൈമുബ്‌നു വഥീലുര്‍രിയാഹിയുമായി ആഭിജാത്യം നടിച്ചുകൊണ്ട് നൂറ് ഒട്ടകത്തെ അറുത്തു. സുഹൈമാകട്ടെ മുന്നൂറ് ഒട്ടകത്തെയും അറുത്തു. എന്നിട്ട് അയാള്‍ ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഇഷ്ടം പോലെ എടുത്തു കൊള്ളുക. ഇതറിഞ്ഞ അലി(റ) പറഞ്ഞു: ഇത് അല്ലാഹു അല്ലാത്തവര്‍ക്കായി അറുക്കപ്പെട്ടതില്‍പ്പെടും. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ല. ആഭിജാത്യം നേടാന്‍ ചെയ്തതാണിത്. അങ്ങനെ ജനങ്ങള്‍ അത് ഉപേക്ഷിച്ചു. പിന്നെ പക്ഷികളും വന്യമൃഗങ്ങളുമാണത് തിന്നത്. ഒരു സ്ത്രീ തന്റെ പാവകളുടെ ആര്‍ഭാടം അറിയിക്കുന്നതിനായി ഒട്ടകങ്ങളെ അറുത്തത് തിന്നാവതല്ല. എന്ന് ഹസന്‍ബിന്‍ അബില്‍ഹസന്‍ ഫത്‌വ നല്‍കിയിട്ടുണ്ട്. മറ്റുള്ളവരെ കാണിക്കാന്‍ ചെയ്യുന്നതിന്റെ ഗൗരവം ഇതില്‍ നിന്നും വ്യക്തം.
ഗോപ്യമായ ശിര്‍ക്ക്, ചെറിയ ശിര്‍ക്ക് എന്ന് പരാമര്‍ശിക്കുന്നതു കൊണ്ട് ലോകമാന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് നിസ്സാരമായി കാണരുത്. കാരണം. അത് വന്‍പാപവും ദജ്ജാലിനെക്കാള്‍ നബി(സ) ഭയപ്പെട്ടതുമാണ.് മസീഹുദജ്ജാലിന്റെ ഫിത്‌നയില്‍ നിന്ന് നമസ്‌ക്കാരത്തില്‍ പോലും നാം രക്ഷ തേടുന്നതാണല്ലോ. അബൂസഈദ് (റ) പറയുന്നു: ”ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ അടുത്തേക്ക് റസൂല്‍(സ) വന്നു. എന്നിട്ട് അവിടുന്ന് ചോദിച്ചു: വ്യാജ മസീഹിനെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്ന കാര്യം പറഞ്ഞുതരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ, നബി(സ) പറഞ്ഞു: ഗോപ്യമായ ശിര്‍ക്കാണത്. നമസ്‌കരിക്കാനായി ഒരാള്‍ എഴുന്നേറ്റ് നില്‍ക്കുന്നു. മറ്റൊരാള്‍ നോക്കുന്നു എന്നതിനാല്‍ തന്റെ നമസ്‌ക്കാരത്തിന് അയാള്‍ ഭംഗികൂട്ടുന്നു.” (ഇബനുമാജ, അഹ്മദ്)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”ഒരാള്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രീതി നേടണമെന്ന ഉദ്ദേശ്യത്തോടെ ഞാനൊരു പ്രത്യേക നിലപാടെടുക്കുന്നു. നാട്ടുകാര്‍ ഇക്കാര്യമറിയണമെന്നാണ് ആഗ്രഹം. ഇതിനെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്? അദ്ദേഹത്തിന് നബി(സ) ഒന്നും മറുപടി പറഞ്ഞില്ല. അപ്പോള്‍ ‘അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’ (അല്‍കഹഫ് 110) എന്ന വചനം അവതീര്‍ണ്ണമായി.” (ഹാക്കിം 2:111)
അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതോടൊപ്പം ജനങ്ങളും അറിയണമെന്നാഗ്രഹിക്കുന്നതിനെ സംബന്ധിച്ചാണ് മേല്‍ വചനത്തില്‍ താക്കീത് ചെയ്യുന്നത്. ”വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന് വര്‍ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്. അവന് പരലോകത്തെ യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.” (ശൂറാ 20)
നബി(സ) പറഞ്ഞു: ”പരലോകത്തേക്കുള്ളത് ഇഹലോകത്തേക്ക് വേണ്ടി അവരിലാരെങ്കിലും ചെയ്താല്‍ പരലോകത്ത് അവന് ഒരു ഓഹരി പോലും ഉണ്ടാകില്ല.” (അഹ്മദ് 21220-21224, ഹാകിം 4:318)
മുആവിയതുബ്‌നു അബീസുഫ്‌യാന്‍(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതര്‍ പറയുന്നതായി ഞാന്‍ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ തളിക പോലെയാണ്. അതിന്റെ താഴ്ഭാഗം നല്ലതാണെങ്കില്‍ മേല്‍ഭാഗവും നല്ലതാണ്. താഴ്ഭാഗം ദുഷിച്ചതെങ്കില്‍ മേല്‍ ഭാഗവും ദുഷിച്ചതാണ്.” (അഹ്മദ് 16853, ഇബ്‌നുമാജ 4199)
ചുരുക്കത്തില്‍ ഗോപ്യമായ ശിര്‍ക്കുകൊണ്ട് മറ്റുശിര്‍ക്കിനെ പോലെ ഉമ്മത്തില്‍ നിന്ന് പുറത്തുപോകുന്നതല്ലെങ്കിലും അതുമുഖേന പാപിയായി തീരുന്നതും ശിര്‍ക്ക് സംഭവിക്കുന്നതുമാണ്. വന്‍പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ നാം അതീവ ജാഗ്രത പുലര്‍ത്തണം.

Back to Top