ഉംറ നിര്‍ത്തലാക്കിയത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമെന്ന് സഊദി പണ്ഡിതസഭ
സഊദി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം കോവിഡ്-19 വൈറസ് പടരാതിരിക്കാന്‍ രാജ്യം സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമെന്ന് സഊദി ഉന്നത പണ്ഡിതസഭ. ജനങ്ങളുടെ ജീവനും സ്വത്തും വിശ്വാസവും വരും തലമുറകളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വ ബോധത്തോടെയുള്ള തീരുമാനമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ എടുക്കുന്ന ആരോഗ്യ മുന്‍കരുതല്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ രാജ്യത്തെ സ്വദേശികളും വിദേശികളും ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്ന് പണ്ഡിതസഭ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ മതകാര്യവകുപ്പ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് പ്രശംസിച്ചു. തീര്‍ഥാടകരുടെയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കായി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സഊദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നും ശരീഅത്തിന്റെ വിധിയനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും പ്രയാസങ്ങള്‍ തടയുകയും ചെയ്യേണ്ടത് മതപരമായ ധാര്‍മികബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉംറ തീര്‍ഥാടനം നിര്‍ത്തലാക്കിയ ആഭ്യന്തരവകുപ്പിന്റെ തീരുമാനം യുക്തിപൂര്‍ണവും മതത്തിന്റെ വിധികള്‍ക്കനുസൃതവുമാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്ക് ഭരണാധികാരികള്‍ നല്‍കുന്ന ശ്രദ്ധയും പ്രധാന്യവുമാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് വൈറസ് തടയാന്‍ ഇരുഹറം കാര്യാലയം വിവിധ രീതിയിലുള്ള മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉംറ താല്‍ക്കാലികമായി നിര്‍ത്തലാക്കിയത് പ്രയോജനകരമായ തീരുമാനമാണെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് പൊതുതാല്‍പര്യം കണക്കിലെടുത്തുള്ളതാണെന്നും ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ് പറഞ്ഞു.
