ഈ ആളുകള്‍ക്കെന്തുപറ്റി?’ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ലേ?’ ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഇസ്‌ലാമില്‍ പ്രായ – ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധ്യതയായ കാര്യമാണ് അറിവാര്‍ജിക്കല്‍. ”വിദ്യാ സമ്പാദനം ഓരോ മുസ്‌ലിമിന്റെയും കടമ’ യാണെന്ന് നബി(സ) പറയുകയുണ്ടായി. കപട വിശ്വാസികളാണ് കാര്യം ഗ്രഹിക്കാത്തവരെന്ന് ഖുര്‍ആന്‍ (63:3,7) പറയുന്നുമുണ്ട്. ”പുഴുവിനെ പൂമ്പാറ്റയാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം’ എന്ന് മഹാകവി അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ (1877 – 1938) പറയുകയുണ്ടായി. ”ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് വിദ്യാഭ്യാസം” (Education is the movement from darknessto light)എന്ന് അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകന്‍ അല്ലന്‍ ഡേവിഡ് ബ്ലൂം (1930 – 1992) വിദ്യാഭ്യാസത്തിന് നിര്‍വചനം നല്‍കി. എന്നാല്‍ ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇക്കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്. അല്ലാഹു (2:257) ഖുര്‍ആനിലൂടെയും (14:1) നബിമാരിലൂടെയും (14:5) അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെയും (65:11) ഈ വിദ്യാഭ്യാസ പ്രക്രിയയാണ് നിര്‍വഹിച്ചത്.
സ്വന്തമായി ആഹാരം തേടാനും കൂടുണ്ടാക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷതേടാനുമുള്ള അറിവോട് കൂടിയാണ് മനുഷ്യരല്ലാത്ത എല്ലാ ജീവജാലങ്ങളും ജനിച്ചുവീഴുന്നത്. എന്നാല്‍ മനുഷ്യനെ മാത്രം യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിലാണ് അല്ലാഹു ജനിപ്പിക്കുന്നതെന്ന് ഖുര്‍ആന്‍ (16:78) പറയുന്നു. സര്‍വജ്ഞനായ അല്ലാഹുവാണ് യഥാര്‍ഥത്തില്‍ അറിവ് പകര്‍ന്നുതരുന്നത്. ‘നാമകരണത്തിനുള്ള അറിവ് ആദം നബി(അ)ക്ക് നല്‍കപ്പെട്ടിരുന്നതായി’ ഖുര്‍ആന്‍ (2:31) പറയുന്നു. ”നീ പരിശുദ്ധന്‍, നീ പഠിപ്പിച്ച് തന്നതല്ലാതെ യാതൊരറിവും ഞങ്ങള്‍ക്കില്ല, നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും’ എന്ന മലക്കുകളുടെ ഉദ്ധരണിയും ഖുര്‍ആനിലുണ്ട് (2:32)
പ്രഥമാധ്യാപകന്‍ ആര്?
ആദം നബിയുടെ മകന് തന്റെ സഹോദരന്റെ മൃതശരീരം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കുവാനായി നിലത്ത് മാന്തിക്കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു ഏര്‍പ്പാട് ചെയ്തതായി ഖുര്‍ആന്‍ (5:31) പറയുന്നു. മനുഷ്യന്റെ പ്രകൃതിയിലെ ആദ്യ ഗുരു കാക്കയാണെന്നും ആരില്‍ നിന്നായാലും നല്ല അറിവുകള്‍ ആര്‍ജിക്കാമെന്നുമുള്ള പാഠമാണ് ഇത് നമുക്ക് നല്‍കുന്നത്.
അറിവില്ലായ്മ നീക്കുന്നതാര്?
അലഖ് എന്ന ഗര്‍ഭ പിണ്ഡത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവന് അറിയാത്തത് പേന കൊണ്ട് പഠിപ്പിക്കുകയും ചെയ്ത ഏറ്റവും വലിയ ഔദാര്യവാനായ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക’ എന്നു പറഞ്ഞാണ് ഖുര്‍ആന്‍ (96:1-5) അവതരിപ്പിച്ചത്.
അല്ലാഹു മനുഷ്യനറിയാത്തത് പഠിപ്പിക്കുന്നതെങ്ങനെ? അല്ലാഹു നമ്മെ പഠിപ്പിക്കുവാനും, നമ്മള്‍ സ്വയം പഠിക്കുവാനും അവന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്ത വിജ്ഞാന ശാഖകളിലൂടെയാണ് അല്ലാഹു പഠിപ്പിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാണ് ജലം ഉണ്ടായത് എന്ന് അല്ലാഹു മനുഷ്യരെ പഠിപ്പിക്കുന്നത് രസതന്ത്രത്തിലൂടെയാണ്. സസ്യലോകത്തെക്കുറിച്ച് സസ്യശാസ്ത്ര (Botany)ത്തിലൂടെയും ഊര്‍ജത്തെപ്പറ്റി ഊര്‍ജതന്ത്രത്തിലൂടെയും ജന്തുക്കളെക്കുറിച്ച് ജന്തുശാസ്ത്രത്തിലൂടെയും ഭൂമിയെ സംബന്ധിച്ച് ഭൂമിശാസ്ത്രത്തിലൂടെയുമാണ് അല്ലാഹു മനുഷ്യര്‍ക്ക് അറിവ് നല്‍കുന്നത്.
നഷ്ടവസ്തു തിരിച്ച് പിടിക്കുക
മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം സ്രഷ്ടാവ് അറിവ് നേടാന്‍ ഏര്‍പ്പെടുത്തിയ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. ‘വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ് അതവന്‍ എവിടെ കണ്ടാലും തിരിച്ചു പിടിക്കണം’ എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു. മനുഷ്യന് ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും സൗഭാഗ്യം തേടാനുള്ള മാര്‍ഗം നിര്‍ദേശിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എന്ന പദത്തിന് അധിക വായന, പതിവായ വായന, ആവര്‍ത്തിച്ചുള്ള വായന എന്നൊക്കെ അര്‍ഥം നല്‍കാം. പതിവായും ആവര്‍ത്തിച്ചും അധികമധികം വായിക്കപ്പെടേണ്ടത് എന്നതാണിന്റെ താല്‍പര്യം.
വായന ജീവവായു
വിപ്ലവാത്മകമായ മാനസിക മാറ്റത്തിന് നാന്ദി കുറിച്ചു മുഹമ്മദ് നബി(സ)ക്ക് ഏറ്റവുമാദ്യം അവതരിപ്പിച്ചു കി്ട്ടിയ വാക്ക് ‘വായിക്കുക!’ (ഇഖ്‌റഅ്) എന്നായിരുന്നതില്‍ നിന്നുതന്നെ വായനയുടെ പ്രാധാന്യവും അത് മനുഷ്യ മനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനതവും മനസ്സിലാക്കാനാവും. ”ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴിയിലൂടെ മനുഷ്യരെ നയിക്കുന്നു”(17:9) എന്നതിനാല്‍ ഖുര്‍ആനിക വായനക്കാണ് പ്രഥമ സ്ഥാനം കൊടുക്കേണ്ടത്. ഖുര്‍ആന്‍ പഠിച്ച വ്യക്തി അറിവിന്റെ വെളിച്ചത്തിനും തെളിച്ചത്തിനും ഉതകുന്ന എല്ലാ ഗ്രന്ഥങ്ങളും വായിക്കണം.
വായന മനുഷ്യന് ജീവവായു പോലെയാണ്. ഇടുങ്ങിയ അതിരുകളുള്ള ഭൂലോകത്ത് നിന്ന് വിശാലമായ പ്രപഞ്ചത്തിലേക്ക് മനുഷ്യനെ അത് നയിക്കും. കാല – ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ഭൂമിയില്‍ മുഴുവന്‍ മനുഷ്യരോടുമൊപ്പം ജീവിക്കാന്‍ അത് അര്‍ഹത നേടിക്കൊടുക്കും. വീണുകിട്ടുന്ന സമയം പാഴാക്കാതെ നിര്‍വഹിക്കാവുന്ന ഒരു പ്രക്രിയയാണ് വായന. ഖുര്‍ആനിലെ ‘വായിക്കുക’ (ഇഖ്‌റഅ്) എന്ന സൂക്തമാണ് തുനീഷ്യയിലെ ചിന്തകനും തത്വജ്ഞാനിയുമായ അബുല്‍ ഖാസി മുശ്ശാബീ (1909 – 1934) യെ വിജ്ഞാന ദാഹിയാക്കി മാറ്റിയത്. ചെറുപ്പത്തിലേ ഖുര്‍ആന്‍ മന:പാഠമാക്കിയ അദ്ദേഹം യുവാവായിരിക്കെ തന്റെ 25-ാം വയസ്സില്‍ മരണമടഞ്ഞു.
ഗോയ്്‌ഥെ (1749-1832), ലിയോ ടോള്‍സ്‌റ്റോയ് (1828 – 1910), രവീന്ദ്രനാഥ ടാഗോര്‍ (1861-1941) ഹക്്‌സലി (1894 – 1963) എന്നീ വിശ്വചിന്തകരുടെ നിരയില്‍ പെട്ട ചിന്തകനായ അബ്ബാസ് മഹ്മൂദുല്‍ അഖ്ഖാദ് (1889 – 1964) വായനക്കായി ദിനേന ചുരുങ്ങിയത് എട്ടു മണിക്കൂര്‍ നീക്കിവെച്ചിരുന്നു. വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള അനവധി പുസ്തകങ്ങള്‍ അടങ്ങിയ ഒരു ലൈബ്രറി അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. വായിച്ച് സ്വാഭിപ്രായം രേഖപ്പെടുത്താത്ത ഒരു പുസ്തകം പോലും അദ്ദേഹത്തിന്റെ സ്വകാര്യ ലൈബ്രറിയില്‍ ഉണ്ടായിരുന്നില്ല. വ്യത്യസ്തകള്‍ തേടാനും അറബി സാഹിത്യത്തെ വിശ്വസാഹിത്യത്തോടൊപ്പം ഉയര്‍ത്താനും വിപ്ലവകരമായ ശ്രമത്തിന് അഖ്ഖാദിന് വായനയായിരുന്നു തുണ. ഇമാം മുഹമ്മദ് അബ്ദുവിന് ശേഷം ചിന്ത – വിശ്വാസ – സാംസ്‌കാരിക രംഗങ്ങളില്‍ അറബ് ജനതയെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയാണിദ്ദേഹം. കാല്‍പനിക കവിതയ്ക്ക് പറക്കാന്‍ ചിറകുകള്‍ തുന്നിയ ഇംഗ്ലീഷ് കവി ജോണ്‍ കീറ്റ്‌സി (1795 – 1821) ന്റെയും പി ബി ഷെല്ലി (1792 – 1821) ന്റെയും ഇംഗ്ലീഷ് കാല്പനിക പ്രസ്ഥാനത്തിന് തുടക്കമിട്ട കവി വില്യം വേഡ്‌സ്‌വര്‍ത്തി (1770-1850)ന്റെയും കവിതകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ പ്രാധാന്യം
പ്രശസ്ത പണ്ഡിതനും അറബി സാഹിത്യകാരനുമായ ജാഹിള് (781 – 869) വായനയെയും പുസ്തകത്തെയും സംബന്ധിച്ച് പറഞ്ഞതിങ്ങനെയാണ്: ”പുസ്തകം നിന്നെ പുകഴ്ത്തി പറയാത്ത ചങ്ങാതിയും, നിന്നെ മുഷിപ്പിക്കാത്ത സഹയാത്രികനും, നിന്നോട് തന്ത്രം കാണിക്കാത്ത കൂട്ടുകാരനുമാണ്. രാവും പകലും, സ്വദേശത്തും വിദേശത്തും അത് നിനക്ക് വഴങ്ങും. നീ വിജ്ഞാനം തേടുമ്പോള്‍ ഒരു ചതിയും കൂടാതെ അത് നിനക്ക് അറിവ് പകര്‍ന്നു തരുന്നു. നീ വായിച്ചു വലിച്ചെറിഞ്ഞാലും പുസ്തകം അതിന്റെ ഫലം നിനക്ക് നല്‍കിക്കൊണ്ടിരിക്കും. ഏകാന്തതയില്‍ കഴിയുമ്പോള്‍ നിന്റെ വിരസതയകറ്റുന്ന സുഹൃത്താണ് പുസ്തകം.”
അമേരിക്കയിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സണ്‍ (1743 1826) പുസ്തകത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ”എനിക്ക് പു സ്തകങ്ങളില്ലാതെ ജീവിക്കുക വയ്യ. അബ്രഹാം ലിങ്കന് (1809 – 1865) സമ്മാനമായി ലഭിച്ച മൂന്നു പുസ്തകങ്ങളാണ് ഉന്നതിയിലേക്ക് നയിച്ചതെന്ന് ചരിത്രത്തിലുണ്ട്. ലോകപ്രശസ്തനായ ബ്രിട്ടീഷ് ചരിത്രകാരനായ തോമസ് മെക്കാളെ (1800 – 1859) മൂന്നാം വയസ്സു മുതല്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. ആ വായനാശീലം ജീവിതകാലം മുഴുവന്‍ തുടര്‍ന്നു. അതാണ് അദ്ദേഹത്തെ എതിരില്ലാത്ത ചരിത്രകാരനാക്കിയത്. ബ്രിട്ടീഷ് തത്വചിന്തകനായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806 1873) തന്റെ മൂന്നാം വയസു മുതല്‍ ഗ്രീക്ക് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങാന്‍ പ്രേരണയായത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. നൊബേല്‍ സമ്മാനം നിരസിച്ച മഹാനായ ഫ്രഞ്ച് സാഹിത്യകാരനായ ഴാങ് പോള്‍ സാര്‍ത്രി (1905 – 1980) ന്റെ നാലാം വയസ്സു മുതല്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ പുസ്തകങ്ങളായിരുന്നു. ആ പ്രായത്തില്‍ ആരംഭിച്ച വായനാശീലം അദ്ദേഹത്തെ ലോകം ആദരിക്കുന്ന സാഹിത്യകാരനാക്കി. പതിനേഴാം വയസ്സില്‍ തന്നെ ചികിത്സാ രംഗത്ത് പ്രശസ്തിയിലെത്തിയ ഇബ്‌നു സീനാ (980 – 1037) രാത്രി കാലങ്ങള്‍ വായനക്കായി ഉപയോഗപ്പെടുത്തി. പകല്‍ വേളകളില്‍ ചികിത്സയില്‍ മുഴുകിയ അദ്ദേഹം 10-ാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു.
നിരീക്ഷണവും മനനവും
വായന പോലെ പഠനത്തിന് സഹായകമായി ഖുര്‍ആന്‍ പറയുന്ന മറ്റൊരു കാര്യം നിരീക്ഷണ (നള്ര്‍)വും മനന (തവക്കുര്‍) വുമാണ്. മനുഷ്യന്‍ അവന്റെ മു കളിലുള്ള ആകാശത്തെ നിരീക്ഷിക്കണമെന്നും എന്നിട്ട് അതെങ്ങനെ വിടവുകളില്ലാതെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്നും ചിന്തിക്കണ (50:6) മെന്നും ആകാശഭൂമികളില്‍ എന്തൊക്കെയുണ്ടെന്ന് നിരീക്ഷിക്കണമെന്നും വിശ്വാസമില്ലാത്തവര്‍ക്ക് പ്രയോജനം ലഭിക്കില്ലെന്നും (10:101) ഖുര്‍ആന്‍ പറയുന്നു. ആകാശ ഭൂമികളുടെ രഹസ്യത്തെയും മുഴുവന്‍ സൃഷ്ടികളെയും നിരീക്ഷിക്കണമെന്നും (7:185), സല്‍ബുദ്ധിയുള്ളവര്‍ക്ക് ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും കുറിമാനങ്ങളുണ്ടെന്നു (3:190-191) ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
സഞ്ചാരവും പര്യവേക്ഷണവും
ഭൂമിയിലൂടെയുള്ള മനുഷ്യന്റെ സഞ്ചാരവും പര്യവേക്ഷണവുമാണ് വിജ്ഞാന പോഷിണിയായി ഖുര്‍ആന്‍ (29:19-20) മുന്നോട്ടു വെക്കുന്ന മറ്റൊരു കാര്യം. ഭൂമിയിലൂടെ സഞ്ചരിച്ചാല്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്ക് ഉണ്ടാകുമായിരുന്നു (22:46) എന്ന് അല്ലാഹു പറയുന്നു. പുരാതന കാലത്തെ പര്യവേക്ഷകരുടെ നിരയില്‍ പ്രമുഖ സ്ഥാനം അറബികള്‍ക്കാണ്. എ ഡി. ആറും ഏഴും നൂറ്റാണ്ടില്‍ അറേബ്യന്‍ നാടുകില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബികളെത്തിയിട്ടുണ്ട്. അറിയലും അറിയിക്കലും കച്ചവടവുമായിരുന്നു അവരുടെ യാത്രോദ്ദേശ്യം.
ഭാഷാപഠനം എന്തിന്?
യാത്രയിലൂടെ അറിവ് നേടാന്‍ ഭാഷ അനിവാര്യമായിരുന്നു. അറിവുള്ളവര്‍ ഭാഷ വൈവിധ്യത്തില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തുമെന്ന് ഖുര്‍ആന്‍ (30:22) പ്രഖ്യാപിക്കുന്നു. അറബി ഭാഷ കൂടാതെ പേര്‍ഷ്യന്‍, റോമന്‍ ഭാഷകളറിയാവുന്ന സ്വഹാബിമാര്‍ ഉണ്ടായിരുന്നതായി ചരിത്രത്തിലുണ്ട് 48 വയസ്സുവരെ മാത്രം ജീവിച്ച അബ്ബാസീ ഖലീഫ മഅ്മൂനി (എ ഡി 836) ന്റെ ഭരണകാലത്ത് ബൈതുല്‍ ഹിക്മാ (House of wisdom) ആരംഭിക്കുകയും പണ്ഡിത ശ്രേഷ്ടരെ ശേഖരിച്ച് അന്യഭാഷയില്‍ നിന്നുള്ള വിവരങ്ങള്‍ അറബി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുവാന്‍ ഏര്‍പ്പാടുകളുണ്ടാക്കി. സംസ്‌കൃതം പഠിച്ച് ഇന്ത്യയെ കണ്ടെത്തിയ സഞ്ചാരിയാണ് അല്‍ബിറൂനി. ബ്രിട്ടീഷ് പര്യവേക്ഷകനായ റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍ (1821 – 1990) അറബി ഭാഷയടക്കം 29 ഭാഷകള്‍ പഠിച്ചാണ് ലോക സഞ്ചാരം നടത്തിയത്.
ഗൃഹ യോഗങ്ങള്‍
മക്കയിലെ ആദ്യത്തെ അറിവിന്റെ കേന്ദ്രമായിരുന്നു ‘ദാറുല്‍ അര്‍ഖം’. അബൂജഹ്ല്‍, വലീദുബിന്‍ മുഗീറാ തുടങ്ങിയവരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഇസ്‌ലാമിക പഠനത്തിനായി അര്‍ശെ ഇബിന്‍ അബില്‍ അര്‍ഖം (എഡി. 672) എന്ന സ്വഹാബിയും തന്റെ പ്രിയ പത്‌നി ഹിന്ത് ബിന്‍ അബ്ദില്ലായും അവരുടെ വസതിയാണ്. അറിവാര്‍ജിക്കാനും പകരാനുമായി നബി(സ)ക്കും അനുചരര്‍ക്കും അനുവദിച്ചുകൊടുത്തത്.
വിദ്യാ വേദികള്‍
മദീനയില്‍ പ്രവാചകന്‍ നടത്തിയ പഠന ശിക്ഷണ പരിപാടികള്‍ മസ്ജിദുന്നബവിയിലായിരുന്നു. പള്ളികള്‍ അറിവിന്റെ കേന്ദ്രമാവണമെന്നും മുസ്‌ലിംകള്‍ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അറിവിന്റെ വാഹകരും പ്രണേതാക്കളും ആകണമെന്ന വസ്തുതക്ക് അടിവരയിടുന്നു. പില്‍ക്കാലത്ത് ഇബി ന്‍ അബ്ബാസ്(റ)ന്റെ നേതൃത്വത്തില്‍ കഅ്ബയുടെ മുറ്റത്തും റബീഅത്തു റഅ്‌യിന്റെ നേതൃത്വത്തില് മദീനാ മസ്ജിദിലും വിദ്യാ വേദികള്‍ നടത്തിവന്നു. സല്‍ജൂഖി ഭരണാധികാരിയായിരുന്ന മാലിക് ഷായുടെ പ്രധാനമന്ത്രിയായ നിസാമുല്‍ മുല്‍കൂത്ത്വൂസി രാജ്യത്തിന്റെ പൊതു സ്വത്തില്‍ ഏറിയ പങ്കും വൈജ്ഞാനികാവശ്യങ്ങള്‍ക്കായി ചെലവഴിച്ചു.
വിജ്ഞാനം മതപരവും ഭൗതികവുമാണെങ്കിലും സത്യവിശ്വാസികളില്‍ നിന്നുള്ള ഒരൂ സംഘം മതകാര്യങ്ങളില്‍ ജ്ഞാനം നേടണമെന്നും മറ്റു വിഭാഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കണമെന്നും ഖുര്‍ആന്‍ (9:122) വ്യക്തമാക്കുന്നുണ്ട്.
വിജ്ഞാനത്തിന് വേര്‍തിരിവോ?
ഇസ്‌ലാമിൽ മത – ഭൗതിക വിഷയങ്ങളിലുള്ള ശാസ്ത്രീയ പഠനത്തിന് ഇല്‍മ് എന്നും അതിന് തുനിഞ്ഞിറങ്ങുന്നവരെ ആലിം എന്നും പറയും. മഴ വര്‍ഷിക്കുന്നതെങ്ങനെയെന്ന് പഴങ്ങളും, പര്‍വതങ്ങളും മനുഷ്യരും കാലികളും മറ്റു ജീവികളും വ്യത്യസ്ത വര്‍ണങ്ങളിലാവുന്നതെങ്ങനെയെന്നും ശാസ്ത്രമായ വര്‍ണ ശാസ്ത്ര (Chromatics) വും പ്രപഞ്ച സംവിധാനത്തിന്റെ നിഗൂഢതകളെന്തെന്നും പഠനം നടത്തുന്ന പണ്ഡിതന്‍ (ഉലമാഉ്) മാത്രമാണ് തന്റെ അടിമകളില്‍ നിന്നും അവനെ ഭയപ്പെടുന്നവര്‍ (35:27,28) എന്ന അല്ലാഹുവിന്റെ പ്രസ്താവനയുടെ ‘ഉലമാ’ എന്ന വിവക്ഷയില്‍ ഭൗതികശാസ്ത്രം പഠിക്കുന്ന ശാസ്ത്രജ്ഞരും ഉള്‍പ്പെടും. അജ്ഞത (ജഹ്ല്‍) മാറ്റുന്ന എല്ലാ ജീവിതവും ഇല്‍മെന്ന് പറയാവുന്നതാണ്. സ്വയം നന്നാകാനും ഇതരരെ നന്നാക്കാനുമായിരിക്കണം നാം അറിവാര്‍ജിക്കേണ്ടത്. ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യത്തോടെ അവസാനിപ്പിക്കാം. ”ഈ ആളുകള്‍ക്കെന്തുപറ്റി? ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ലേ?” (7:78)