23 Monday
December 2024
2024 December 23
1446 Joumada II 21

ഇസ്‌ലാഹ്  സലഫിസം നവോത്ഥാനവും ശുദ്ധിവാദവും – ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശ വിധേയമായ ചിന്താരീതിയാണ് സലഫിസം. വിമര്‍ശകരും പ്രയോക്താക്കളും ഒരു പോലെ ചര്‍ച്ച ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ള രീതിശാസ്ത്രമാണത്. മൂര്‍ത്തമായ ഒരു സിദ്ധാന്തമോ തത്വസംഹിതയോ ആയി അതിനെ നിര്‍വചിക്കുക സാധ്യമല്ല. പല കാലങ്ങളിലും അത് തെര്യപ്പെടുത്തുന്ന ആശയപരിസരം പല വിധത്തിലായിരുന്നു. ഈ വ്യത്യസ്തതകള്‍ സലഫിസം എന്ന ആശയത്തെ മനസ്സിലാക്കുന്നതിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ഏറ്റവും ലളിതമായി അതിനെ നിര്‍വചിച്ചിരുന്നത് എതിര്‍ശബ്ദത്തെ കൂടെ ചേര്‍ത്തുകൊണ്ടാണ്. സങ്കീര്‍ണമായ ആശയപരിസരങ്ങളെ ബൈനറിയിലൂടെ മറികടക്കാമെന്ന ചിന്തയാണ് സൂഫിസം/ സലഫിസം എന്ന ദ്വന്ദത്തിലേക്ക് നയിച്ചത്. സൂഫിസമല്ലാത്തതെന്തോ അതെല്ലാം സലഫിസം ആണെന്ന ദ്വന്ദനിര്‍മിതിയിലൂടെ സലഫിസത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളുടെ സാധ്യതയെ ഇല്ലാതാക്കി. നന്നെ ചുരുങ്ങിയത് മലയാളത്തില്‍ തന്നെ സലഫിസത്തെക്കുറിച്ചുള്ള വിപുലമായ പഠനങ്ങള്‍ നടക്കാതെ പോയി എന്നതാണ്. അറബിയിലും ഇംഗ്ലീഷിലും നടന്ന അത്രതന്നെ അന്വേഷണങ്ങള്‍ സാധാരണ നിലയില്‍ സാധ്യമല്ലെങ്കിലും സലഫി സംഘടനകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെങ്കിലും ഈയൊരു സാങ്കേതിക ശബ്ദത്തെക്കുറിച്ച് പഠനം നടത്തണമായിരുന്നു. അത്തരം പഠനങ്ങളുടെ അഭാവത്തിന് പല കാരണങ്ങളുണ്ടാകാം.
കേരളത്തിലെ സംഘടനാ ബന്ധിതമായ മതപഠനം, സംഘടനായുക്തിക്ക് സലഫിസവുമായുള്ള ചേര്‍ച്ചക്കുറവ്, സലഫിസം ഇസ്‌ലാമിനെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നു എന്ന വീക്ഷണക്കാര്‍ വേറിട്ട പഠനം അനാവശ്യമെന്ന് ചിന്തിക്കുന്നത്, പല കാലങ്ങളില്‍ പല രൂപത്തില്‍ വിശദീകരിക്കപ്പെട്ടത് കൊണ്ട് പൂര്‍ണാര്‍ഥത്തില്‍ കയ്യടക്കാന്‍ സാധിക്കാതെ വരുന്നത്, ഹിംസാത്മകമായ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്ന ആഗോളതലത്തില്‍ തന്നെ വേരോട്ടമുള്ള ആരോപണത്തെ നേരിടാനുള്ള ഭാഷാപരമായ പരിമിതി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാവാം സലഫിസം മലയാള ഭാഷയില്‍ വേണ്ടത്ര വിശദീകരിക്കപ്പെടാതെ പോയത്.
ആഗോള തലത്തില്‍ നടക്കുന്ന ചര്‍ച്ചകളെയും കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളുടെ ആശയ പരിസരത്തെയും കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ഇസ്‌ലാഹിനെയും പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം. ശുദ്ധിവാദത്തിലൂന്നിയ സലഫിസം പിന്തുടരുന്ന രീതിശാസ്ത്രവും വിമര്‍ശകര്‍ സലഫിസത്തിന്റെ തന്നെ ഭാഗമെന്ന് വിശദീകരിക്കുന്ന ഇസ്‌ലാഹിന്റെ രീതിശാസ്ത്രവും പുലര്‍ത്തുന്ന വീക്ഷണങ്ങളും വൈരുധ്യങ്ങളും അന്വേഷിക്കുന്നതാണ് മറ്റൊരു ഭാഗം. സലഫിസം, ഇസ്‌ലാഹ് എന്നീ രണ്ട് പ്രയോഗങ്ങള്‍ പര്യായങ്ങളല്ല. സൂക്ഷ്മതലത്തില്‍ വ്യാപകമായും ഉപരിപ്ലവതലത്തില്‍ പ്രതിനിധാന സ്വഭാവത്തിലും ഇവ തമ്മില്‍ വിയോജിപ്പുകളുണ്ട്.
സമകാലിക സലഫി വ്യവഹാരങ്ങളില്‍ രണ്ട് പ്രശ്‌നങ്ങളുണ്ടെന്നാണ് ഹെന്റി ലോസിയര്‍ എന്ന അക്കാദമിക് പണ്ഡിതന്‍ പറയുന്നത്. അദ്ദേഹത്തിന്റെ The Making of Salafism എന്ന പുസ്തകം സലഫിസത്തിന്റെ ശുദ്ധിവാദപരവും ജ്ഞാനപരവുമായ ചരിത്രത്തെ വിശകലനം ചെയ്യുന്ന ഒന്നാണ്. ആഗോള തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശകലനമെങ്കിലും കേരളത്തിലെ സലഫിസവുമായ ബന്ധപ്പെട്ട വ്യവഹാരവുമായി സമാനതകള്‍ എമ്പാടുമുണ്ട്.
അദ്ദേഹം പറയുന്നു: സലഫിസം അതിന്റെ ചരിത്രപരതക്ക് ആവശ്യമായ ഊന്നല്‍ നല്‍കാതെയാണ് വ്യവഹരിക്കപ്പെടുന്നത്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ തെളിവുകള്‍ ഓരോ കാലത്തും അതിന്റെ വകഭേദങ്ങളായിരുന്നു നിലനിന്നിരുന്നത് എന്ന വാദത്തെ സാധൂകരിക്കുന്നു. രണ്ടാമത്തെ പ്രശ്‌നം; പരസ്പര വൈരുധ്യത്തെ ആ പദം ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെ ജ്ഞാനപരവും സാമൂഹികവുമായ പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും ഒരു പ്രസ്ഥാനമായി പലരും അതിനെ തെറ്റിദ്ധരിച്ചു എന്നതാണത്. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിദ എന്നിവരുടെ തുറന്ന മതസമീപനങ്ങളെ സലഫിസമായി, പാശ്ചാത്യവും പൗരസ്ത്യരുമായ ബുദ്ധിജീവികള്‍ തെറ്റായി മനസ്സിലാക്കി. സമകാലികമായി, സലഫിസത്തിന് നല്‍കപ്പെടുന്ന വ്യാഖ്യാനവും പരിഷ്‌കരണ പ്രസ്ഥാനമെന്ന നിലയിലെ മനസ്സിലാക്കലും ഗണ്യമായ വ്യത്യാസമുണ്ട്.
സലഫിയ്യ പ്രസ്സിന്റെ ആവിര്‍ഭാവം
ഒരു ശുദ്ധിവാദ പ്രസ്ഥാനം എങ്ങനെയാണ് നവോത്ഥാന പ്രസ്ഥാനമായി തെറ്റിദ്ധരിച്ചത് എന്നതിന്റെ ചരിത്രപരമായ കാരണങ്ങളാണ് ഇനി പറയുന്നത്.
ഒന്ന്,
സയീദ് റമദാന്‍ അല്‍ബൂത്തിയുടെ ഒരു നിരീക്ഷണം ഇക്കാര്യത്തില്‍ പ്രസക്തമാണ്. ഇസ്‌ലാമിക ആധുനികതയെ പ്രതിനിധീകരിച്ചിരുന്ന പണ്ഡിതര്‍ മറ്റു പലതിനോടൊപ്പം സലഫിയ്യ എന്ന പദത്തെ ഉപയോഗിച്ചു. അതിന്റെ ഉദാഹരണങ്ങളിലൊന്ന് 1909-ല്‍ കയ്‌റോയില്‍ ആരംഭിച്ച സലഫിയ്യ പ്രസ്സ് ആണ്. ഇസ്‌ലാമിക ആധുനികതയുടെ ശൃംഖലയില്‍ വരുന്ന മുഹിബ്ബുദ്ദീന്‍ അല്‍കാത്തിബ്, അബ്ദുല്‍ഫത്താഹ് ഖത്ത്‌ലാന്‍ എന്നിവരാണ് സലഫിയ്യ പ്രസ്സിന് രൂപം നല്‍കിയത്. ഈ പ്രസാധനാലയം തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ സലഫിയ്യ എന്ന പദത്തിന്റെ അര്‍ത്ഥധാരണകളെ ഗണ്യമായ നിലയില്‍ സ്വാധീനിച്ചു. അത് പുറത്തിറക്കിയ പുസ്തകങ്ങളെ അവലംബമാക്കി കൊണ്ട്, സലഫിയ്യ എന്നാല്‍ ഇസ്‌ലാമിക ആധുനികതയാണ് വിവക്ഷിക്കുന്നത് എന്ന് വിശദീകരിക്കുന്ന സ്ഥിതിയുണ്ടായി. പൂര്‍ണാര്‍ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യാത്ത ഒരു ഘട്ടത്തില്‍, ഒരു കാലത്ത്, ആ പദം മുന്നില്‍ വെച്ച് കൊണ്ട് പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ആ പദത്തെ വിശദീകരിക്കുന്ന ടൂളായി  മാറുക സ്വാഭാവികമാണ്.
1886-ല്‍ ജനിച്ച മുഹിബ്ബുദ്ദീന്‍ അല്‍കാത്തിബ് രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലും അറബ് സംസ്‌കാരത്തിന്റെ നവോത്ഥാനത്തിലും സജീവമായി ഇടപെട്ട വ്യക്തിയാണ്. ഒരേ സമയം ആധുനിക മതേതര വിദ്യാഭ്യാസവും ഇസ്‌ലാമിക വിജ്ഞാനങ്ങളും അറിവും നേടാന്‍ ഉപദേശിച്ചിരുന്ന ത്വാഹിര്‍ അല്‍ ജസാഇരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്‍. ഇബ്‌നു തൈമിയ അടക്കം പല പണ്ഡിതരുടെയും പൗരാണിക ലിഖിതങ്ങള്‍ പകര്‍ത്തിയെഴുതാന്‍ അദ്ദേഹം ഏല്‍പിക്കപ്പെട്ടിരുന്നു. അതുവഴി ഇസ്‌ലാമിക പരിഷ്‌കരണ പൈതൃകത്തെ അടുത്തറിഞ്ഞു. അതുപോലെ, ഹുസൈന്‍ അല്‍ജസ്ര്‍, ശകീബ് അര്‍സലാന്‍, മുഹമ്മദ് കുര്‍ദ് അലി, അല്‍ കവാക്കിബി, മുഹമ്മദ് അബ്ദ തുടങ്ങിയവരെപ്പോലുള്ള പുരോഗമന ചിന്തകരുടെ ലേഖനങ്ങളും പുസ്തകങ്ങളും പ്രാധാന്യത്തോടെ വായിക്കുകയും ചെയ്തു. ഇസ്‌ലാമിക തത്വസംഹിതകളെയും വിവിധ പരിഷ്‌കരണ ആശയങ്ങളെയും സമന്വയിപ്പിക്കുന്ന ചിന്താരീതിയും വൈജ്ഞാനിക പശ്ചാത്തലവുമാണ് അല്‍കാത്തിബ് ആര്‍ജിച്ചത്. ഈ സമന്വിത ആശയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലും സലഫിയ്യ പ്രസ്സിലൂടെ പ്രസിദ്ധീകരിക്കാന്‍ തെരെഞ്ഞെടുക്കുന്ന രചനകളിലും പ്രതിഫലിച്ചു.
ഇസ്‌ലാമിലെ പുരോഗമനാത്മകത അവരുടെ പ്രസാധനങ്ങളിലെ സ്ഥിരം പ്രമേയമായിരുന്നു. മതം, ശാസ്ത്രം, ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിലും പുസ്തകങ്ങള്‍ ലഭ്യമാക്കി. ഇതെല്ലാം തന്നെ, സലഫിയ്യ ഗ്രന്ഥശാലയുടെ പേരിലായത് കൊണ്ട്, എല്ലാ മുസ്‌ലിം അറബ് പുരോഗമനങ്ങളെയും സലഫി എന്ന വിശേഷണത്തോട് കൂട്ടിക്കുഴച്ചു. സലഫിയ്യ എന്ന പദം തെറ്റായി മനസ്സിലാക്കപ്പെടുന്നതിന്റെ തുടക്കം ഈ വ്യാവസായികമായ ഉപയോഗമാണ്. ഈ സലഫിയ്യ പ്രസ്സ് പിന്നീട്, 1928-ല്‍ സഊദിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആ ചരിത്രത്തിലേക്ക് ഈ പ്രബന്ധം പ്രവേശിക്കുന്നില്ല.
രണ്ട്,
ഒരു ശുദ്ധിവാദ പ്രസ്ഥാനം എങ്ങനെയാണ് നവോത്ഥാന പ്രസ്ഥാനമായി തെറ്റിദ്ധരിച്ചത് എന്നതിന്റെ ചരിത്രപരമായ രണ്ടാമത്തെ കാരണം; സലഫിയ്യ പ്രസ്സില്‍ നിന്ന് പുറത്തിറങ്ങിയ അല്‍മജല്ല അസ്സലഫിയ്യ എന്ന മാസികയാണ്. കുറച്ച് കാലമേ നിലനിന്നുള്ളൂവെങ്കിലും ഒരു പുരോഗമന പരിഷ്‌കരണ മാസിക എന്ന നിലയിലാണ് പുറത്തിറങ്ങിയിരുന്നത്. ഈ മാസികയുടെ ഇംഗ്ലീഷ് പതിപ്പ് ത്വാഹിര്‍ അല്‍ ജസാഇരിയുടെ മേല്‍നോട്ടത്തില്‍ അബ്ദുല്‍ ഫത്താഹ് ഖത്ത്‌ലാന്‍ പത്രാധിപരായി പുറത്തിറക്കിയിരുന്നു. സലഫിയ്യ റിവ്യൂ എന്നാണ് അതിന് നല്‍കിയ പേര്. സച്ചരിതരായ പൂര്‍വികരുടെ സംഭാവനകളെ വെളിച്ചത്ത് കൊണ്ടുവരലാണ് ഉദ്ദേശമെങ്കിലും മാസികയില്‍ മതപരമായ ലേഖനങ്ങള്‍ വളരെ കുറവായിരുന്നു. പൊതുവില്‍ സലഫിയ്യ പ്രസ്സിന്റെ സ്ഥാപക ഉദ്ദേശ്യവുമായി ചേര്‍ന്നുപോകുന്നതായിരുന്നു സലഫിയ്യ റിവ്യൂവിന്റെ ഉള്ളടക്കം.
പുരോഗമന, ആധുനിക വീക്ഷണങ്ങള്‍ പ്രതിഫലിക്കുന്ന നിരവധി ലേഖനങ്ങള്‍ അച്ചടിച്ചുവന്നു. ഗുസ്റ്റാവ് ലേ ബോണിന്റെ Psychological laws of Evolution of Peoples എന്ന ലേഖനത്തിന്റെ വിവര്‍ത്തനം  അഥവാ ആധുനികരുടെ മേല്‍ പൂര്‍വീകരുടെ സ്വാധീനം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ 12,13 ലക്കങ്ങളില്‍ ഗോളശാസ്ത്ര, ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാസ്ത്ര പഞ്ചാംഗം പ്രസിദ്ധീകരിച്ചു. പാശ്ചാത്യലോകവുമായി തുറന്ന സമീപനം സ്വീകരിക്കുകയും അതിന്റെ ഭാഗമായി ഹിജ്‌റ കലണ്ടറുകളില്‍ ജോര്‍ജിയന്‍, കോപ്റ്റിക് കലണ്ടറുകളെ ഉള്‍ച്ചേര്‍ക്കുകയും ജൂത ഒഴിവുദിവസങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തു.
ഈ മാസിക എങ്ങനെയാണ് യൂറോപ്യന്‍ ധൈഷണിക ലോകത്ത് അടയാളപ്പെട്ടത് എന്നു നോക്കാം. പാശ്ചാത്യ ചിന്തകനും റിവ്യൂ ഡേ മോണ്ട് മുസല്‍മാന്‍ എന്ന മാസികയിലെ ലേഖകനുമായിരുന്നു ലൂയി മസൈനോന്‍. സലഫി റിവ്യൂ മാസികയുടെ ആദ്യ പ്രതി റിവ്യൂ ഡേ മോണ്ടിന്റെ പാരീസിലെ ഓഫീസിലെത്തി. സാധാരണ ഗതിയില്‍ അറബ് ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളെ വിശകലനം ചെയ്ത് ലേഖനങ്ങളെഴുതുക ലൂയി മസൈനോന്‍ ആണ്. എന്നാല്‍ സലഫിയ്യ റിവ്യൂ വിശലകനം ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടത് ലൂസിയാന്‍ ബോവാട്ട് എന്ന ഓറിയന്റലിസ്റ്റിനെയാണ്. സലഫിയ്യ റിവ്യൂ എന്ന തലക്കെട്ട് അദ്ദേഹത്തിന് മനസ്സിലായില്ല. അദ്ദേഹമതിനെ The Retrospective Review എന്ന പദാനുപദം വിവര്‍ത്തനം ചെയ്തു. സലഫിയ്യ എന്നത് ഒരു മതസമീപനമാണെന്നോ ലേബല്‍ ആണെന്നോ അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല.
ഇങ്ങനെ തെറ്റായി വിശലകനം ചെയ്തതിനെ പരിഹരിക്കാന്‍ ലൂയി മസൈനോന്‍ 1919-ല്‍ സലഫിയ്യയെ വ്യാഖ്യാനിച്ചുകൊണ്ട് ലേഖനമെഴുതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, സയ്യിദ് അഹമ്മദ് ബറേല്‍വിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ രൂപംകൊണ്ട ധൈഷണിക പ്രസ്ഥാനമാണ് സലഫിയ്യ എന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നീട് അഹ് ലെ ഹദീസ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സിദ്ദീഖ് ഹസന്‍ ഖാനും തുടര്‍ന്ന് ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും സലഫിയ്യ പ്രസ്ഥാനത്തെ വളര്‍ത്തി എന്നും അദ്ദേഹം എഴുതി. 1925 ആകുമ്പോഴേക്ക് ഈ വിശദീകരണത്തിലെ ഇന്ത്യന്‍ ബന്ധവും പത്തൊമ്പതാം നൂറ്റാണ്ടും ഒഴിവാക്കുകയും സലഫിയ്യയെ ജമാലുദ്ദീന്‍ അഫ്ഗാനിയിലേക്കും മുഹമ്മദ് അബ്ദുവിലേക്കും മാത്രമായി ചുരുക്കുകയും ചെയ്തു. പരിഷ്‌കരണത്തിന് വേണ്ടി വാദിക്കുന്ന ആധുനികതാ വാദികളായ മുസ്‌ലിംകളുടെ സംഘം എന്ന നിലയിലാണ് സലഫിയ്യയെ പരിചയപ്പെടുത്തിയത്.
ഈ സമയത്ത് ലൂയി മസൈനോന്‍, അറബി പ്രസാധനത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയും ചെയ്തിരുന്നു. മിതവാദികളായ പരിഷ്‌കരണവാദികളുടെ നിലപാടില്‍ നിന്ന് കര്‍ക്കശക്കാരായ വഹാബികളെ വേര്‍തിരിക്കുന്ന ഒരു തെളിവിനായി അദ്ദേഹം അന്വേഷിക്കുകയായിരുന്നു. സലഫിയ്യ റിവ്യൂ അതിന് പറ്റിയ ഏറ്റവും മികച്ച തെളിവാണെന്ന് അദ്ദേഹം മനസ്സിലാക്കി. പൂര്‍ണമായും മുഅ്തസിലിയും പൂര്‍ണമായും വഹാബിയുമല്ലാത്ത ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമായി അതിനെ അദ്ദേഹം കണക്കാക്കി. ഇദ്ദേഹത്തിന്റെ ഈ വ്യാഖ്യാനമാണ് സലഫിസത്തെ നവോത്ഥാന പ്രസ്ഥാനമായി പാശ്ചാത്യ ലോകത്തും പിന്നീട് പൗരസ്ത്യ ലോകത്തും തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ തുടക്കം. 1921-ല്‍ ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പഠിതാവായ സ്‌റ്റൊഡാര്‍ഡിന്റെ New World of Islam ഈ വ്യാഖ്യാനം ആവര്‍ത്തിച്ചു. ഇതിന്റെ അറബി വിവര്‍ത്തനം മിഡിലീസ്റ്റിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായിരുന്നു. 1922-ല്‍ ഹാറ്റ് ഫോഡ് ഇടവകയുടെ മാസികയായ Moslem World ലൂയി മസൈനോന്റെ വ്യാഖ്യാനം പുനപ്രസിദ്ധീകരിച്ചു. ബെല്‍ജിയത്തില്‍ ക്രിസ്ത്യന്‍ പുരോഹിതനായ ഹെന്റി ലാമെന്‍സ്, ഫ്രഞ്ചില്‍ ഹെന്റി ലാവോസ് എന്നിവരാണ് ഈ വ്യാഖ്യാനത്തെ പരിചയപ്പെടുത്തിയത്.
ലാവോസ് 1932-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ സലഫിസം എന്ന പദം പരിചയപ്പെടുത്തി. ഈ ലേഖനത്തെ ആസ്പദമാക്കിയാണ് സര്‍ ഹാമില്‍ട്ടണ്‍ ഗിബ്ബ് Modern Trends in Islam എന്ന കൃതിയില്‍ സലഫിസത്തെ വിശദീകരിക്കുന്നത്. ഇങ്ങനെ, ഇംഗ്ലീഷിലും ഫ്രഞ്ചിലും സലഫിസം എന്നതിന്റെ വ്യാഖ്യാനം ലൂയി മസൈനോന്‍ പറഞ്ഞത് ആധികാരികമായി വര്‍ത്തിച്ചു. തുടര്‍ന്നുള്ള എല്ലാ ധൈഷണിക വ്യവഹാരങ്ങളിലും ഇത് ആവര്‍ത്തിച്ചു. ബഹുമുഖമായ പരിഷ്‌കരണ മുന്നേറ്റങ്ങള്‍ നടത്തിയ മുസ്‌ലിം ആധുനികതാവാദികളും അഫ്ഗാനി, മുഹമ്മദ് അബ്ദ തുടങ്ങിയവരും രൂപപ്പെടുത്തിയ മുദ്രാവാക്യമാണ് സലഫിയ്യ എന്ന മസൈനോന്റെ തെറ്റായ വ്യാഖ്യാനം സാര്‍വാംഗീകൃതമായി മാറി. 1951-ല്‍ പുറത്തിറങ്ങിയ ജെ എം കൊവാന്റെ പ്രസിദ്ധമായ അറബി- ഇംഗ്ലീഷ് നിഘണ്ടുവില്‍ സലഫിയ്യ എന്നതിന് നല്‍കിയിരിക്കുന്ന അര്‍ഥം An Islamic Reform Movement in Egypt, Founded by Mohammed Abduh എന്നാണ്. ഇതും കൂടി ആയതോടെ സലഫിസം എന്ന ശുദ്ധിവാദ പ്രസ്ഥാനം നവോത്ഥാന മുന്നേറ്റമായി തെറ്റിദ്ധരിക്കപ്പെട്ടു. ഈ തെറ്റിദ്ധാരണ കേരളത്തിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. 1979-ലെ പുളിക്കല്‍ സമ്മേളനത്തിലാണല്ലോ  എന്ന് ആദ്യമായി ഉപയോഗിക്കുന്നത്.
(തുടരും)
Back to Top