10 Saturday
January 2026
2026 January 10
1447 Rajab 21

ഇസ്‌ലാമിക മൂല്യങ്ങള്‍ യു എസുമായി ഒത്തുപോകുമോ?

ന്യൂ അമേരിക്ക ഫൗണ്ടേഷനും അമേരിക്കന്‍ മുസ്‌ലിം ഇനീഷ്യേറ്റീവും സംയുക്തമായി നടത്തിയ ഒരു സര്‍വേയുടെ ഫലമായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളും അവിടുത്തെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളും പ്രാധാന്യപൂര്‍വം കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലൊന്ന്. അമേരിക്കയുടെ പൊതുമൂല്യങ്ങളും ഇസ്‌ലാമിന്റെ മൂല്യങ്ങളും തമ്മില്‍ എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവക്ക് എത്രത്തോളം സഹകരണം സാധ്യമാകുമെന്നുമായിരുന്നു സര്‍വേ അന്വേഷിച്ചത്. സര്‍വേയില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇങ്ങനെയൊരു സഹകരണം സാധ്യമാണെന്നാണ്. ദേശീയതയുടെ വിഷയത്തിലും മനുഷ്യാവകാശങ്ങളുടെ വിഷയത്തിലും മനുഷ്യജീവിതത്തിന് നല്‍കുന്ന മഹത്വത്തിന്റെ കാര്യത്തിലും പൊതുജീവിത മൂല്യങ്ങളുടെ വിഷയത്തിലും അമേരിക്കന്‍ ജനതയ്ക്ക് ഇസ്‌ലാമുമായി ഒത്തുപോകാനും, തിരിച്ചും സാധ്യമാകുമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇസ്‌ലാം മതത്തിന് ഒരിക്കലും അമേരിക്കന്‍ മൂല്യങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന അഭിപ്രായം നടത്തിയ ആളുകളുമുണ്ട്. മറ്റ് മതങ്ങളില്‍ നിന്നുള്ളവരാണ് ഈ അഭിപ്രായം നടത്തിയത്. ആദ്യത്തെ നിലപാടുകാരില്‍ എല്ലാ മതങ്ങളിലും പെട്ടവരുണ്ട്. എന്നാല്‍ രണ്ടാമത്തെ അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഇസ്‌ലാമിനെ ആശങ്കയോടെ കാണുന്നവരാണെന്നും സര്‍വെ ഫലം വെളിവാക്കുന്നു. അമേരിക്കയില്‍ മുസ്‌ലിം പള്ളികള്‍ നിര്‍മിക്കുന്നതിലും മുസ്‌ലിംകളായ ആളുകള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത് വിജയിക്കുന്നതും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. മുസ്‌ലിംകള്‍ക്ക് ദേശ സനേഹമുണ്ടാകില്ലെന്നും ഇവര്‍ കരുതുന്നു.

Back to Top