19 Friday
April 2024
2024 April 19
1445 Chawwâl 10

ഇസ്‌ലാം ഹരിതമതം ഡോ. പി എം മുസ്തഫ കൊച്ചിന്‍

ഇസ്‌ലാം പ്രകൃതി മതമാണ്. അതിനെ പരിസ്ഥിതി സുഹൃദ് മതമെന്ന് വിശേഷിപ്പിക്കാം. ഒരു മുസ്‌ലിമിന്റെ ജനനം മുതല്‍ മരണം വരെയുള്ള ഇഹലോകജീവിതം പ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങിയാണ് നില്‍ക്കുന്നത്, നില്‍ക്കേണ്ടത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, നവജാത ശിശുവിന് രണ്ട് വര്‍ഷം മാതാവ് മുലയൂട്ടണമെന്ന ദൈവിക സന്ദേശം മുതല്‍ മരണപ്പെട്ടവന്റെ ഭൗതിക ശരീരം ഈ പ്രകൃതിക്ക് ദോഷം വരാത്ത വിധം ആറടി മണ്ണില്‍ മറമാടണം എന്നതുവരെ പ്രകൃതിയോട് പിണങ്ങാത്തതാണ്.
‘പരിസ്ഥിതി സംരക്ഷണം’ എന്നത് പാശ്ചാത്യര്‍ കണ്ടു പിടിച്ചതൊന്നുമല്ല. ഇക്കോളജി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, നേച്ച്വര്‍ കെയര്‍, കണ്‍സര്‍വേഷന്‍ ഓഫ് എന്‍വിയോണ്‍മെന്റ്, എന്‍വിയോണ്‍മെന്റല്‍ എത്തിക്‌സ് എന്നിത്യാദി നാമകരണങ്ങള്‍ അവരുടേതാകാം.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥാപിത ശാസ്ത്രശാഖകളുടെയും സംഘടനകളുടെയും തുടക്കം ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണെന്ന് കണ്ടെത്താനാവും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ച്വര്‍ (WWF), 1961-ലും ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടന 1971-ലുമാണ് രൂപീകരിക്കപ്പെട്ടത്. റേച്ചല്‍ കഴ്‌സണിന്റെ ശാന്തവസന്തം (സൈലന്റ് സ്പ്രിംഗ്) 1960-കളിലാണ് വിരചിതമായത്. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന പരിസ്ഥിതി ധര്‍മശാസ്ത്രത്തിന് മനുഷ്യാരംഭത്തോളം തന്നെ കാലപ്പഴക്കമുണ്ട്.
ഇസ്‌ലാം വെറുമൊരു പ്രകൃതി സംരക്ഷണ സംഘടനയല്ല. എന്നാലതില്‍ പ്രകൃതി പരിപാലനത്തിന്റെ ശക്തമായ നിര്‍ദേശങ്ങളുണ്ട്. ഖുര്‍ആന്‍ ഒരു പരിസ്ഥിതി സംരക്ഷണ കൃതിയല്ല. എന്നാലത് പരിസ്ഥിതി ധര്‍മശാസ്ത്രം ഉള്‍ക്കൊള്ളുന്ന ദൈവ പ്രോക്തമായ വേദഗ്രന്ഥമാണ്. മുഹമ്മദ് നബി(സ) ഒരു പരിസ്ഥിതി സംരക്ഷകനായ പ്രവാചകന്‍ മാത്രമായിരുന്നില്ല. എന്നാലദ്ദേഹം അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം, പരിസ്ഥിതിയെ പരിപാലിക്കുന്ന, പ്രകൃതിയെ ശുശ്രൂഷിക്കുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയായ പ്രവാചകനായിരുന്നു.
ആദം നബി(അ)യുടെ കാലം മുതലുള്ള മതമാണ് ഇസ്്‌ലാം. അതിന്റെ പൂര്‍ത്തീകരണമാണ് മുഹമ്മദ് നബി(സ)യിലൂടെ നിര്‍വഹിക്കപ്പെട്ടത്. ആകയാല്‍ ‘പരിസ്ഥിതി പരിപാലനം – ഇസ്്‌ലാമിക വീക്ഷണത്തില്‍’ എന്ന വിഷയം ആദം നബി(അ)യില്‍ നിന്നാരംഭിക്കേണ്ടതുണ്ട്. ”ആദമേ! നീയും നിന്റെ ഇണയായ ഹവ്വായുമാണ് ഈ സ്വര്‍ഗത്തോപ്പില്‍ തങ്ങുക. അതില്‍ നിങ്ങളിരുവര്‍ക്കുമിഷ്ടമുള്ളിടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക.” (2:35, 7:19)
ലോകനാഥനായ അല്ലാഹു ആദ്യ മനുഷ്യന് നല്‍കിയ ആദ്യനിര്‍ദേശം ലംഘിക്കപ്പെട്ടത് പ്രകൃതി വിരുദ്ധനായ പിശാചിന്റെ പ്രേരണ നിമിത്തമായിരുന്നു. പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുമെന്നും അവന്റെ പ്രേരണ നിമിത്തം മനുഷ്യന്‍ അല്ലാഹുവിന്റെ സൃഷ്ടിപ്രകൃതിയെ അലങ്കോലപ്പെടുത്തുമെന്നും ഖുര്‍ആനില്‍ മറ്റൊരിടത്ത് പറയുന്നുണ്ട് (4:119). സ്വര്‍ഗത്തോപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട ആദമിനെയും പത്‌നിയെയും വസിക്കാനായി ജീവമണ്ഡലമായ (ബയോസ്ഫിയര്‍) ഭൂമിയിലേക്ക് പറഞ്ഞയക്കുകയാണ് അല്ലാഹു ചെയ്തത്. (7:24)
നൂഹ് നബി(അ)യുടെ കാലത്ത് ജലപ്രളയം നിമിത്തം അക്രമികളെ നശിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ ”നൂഹേ! നീയും മറ്റു വിശ്വാസികളും കപ്പലില്‍ കയറി രക്ഷപ്പെട്ടുകൊള്ളുക. എല്ലാ ജീവിവര്‍ഗങ്ങളില്‍ നിന്നും രണ്ട് ഇണകളെ വീതം ആ കപ്പലില്‍ കറ്റിക്കൊള്ളണം” (11:40, 23:27) എന്ന് ബോധനം നല്‍കിയിരുന്നു. ജീവികളുടെയും മറ്റും വംശം കുറ്റിയറ്റുപോയാല്‍ മനുഷ്യ നിലനില്പിനെ കൂടി ബാധിക്കും എന്ന സൂചനയാണ് ആ നിര്‍ദേശത്തില്‍ ഉള്‍ക്കൊള്ളുന്നത്. വിശ്വാസികളുടെ സുരക്ഷ പോലെത്തന്നെയാണ് മറ്റു ജീവജാലങ്ങളുടെയും സുരക്ഷ. അല്ലാഹു ഉറപ്പു വരുത്തുന്നതെന്നും അതില്‍ നിന്നും വായിച്ചെടുക്കാം. അക്രമികളായ മനുഷ്യരുടെ നാശം പ്രകൃതിക്ക് അനുഗ്രഹമാണെങ്കില്‍ ഒരു ജീവി വംശത്തിന്റെ നാശം മനുഷ്യനാശത്തിന് ആക്കം കൂട്ടും.
സ്വാലിഹ് നബി(അ)യുടെ സമൂദ് ജനതക്ക് അല്ലാഹു നല്‍കിയ നിര്‍ദേശങ്ങളിലും ചുറ്റുപാടിന്റെയും പരിസരത്തിന്റെയും സുസ്ഥിതി പരിഗണിക്കുന്നുണ്ട്. ”ഹൂദ് നബി(അ)യുടെ ആദ് സമൂഹത്തിന് ശേഷം അല്ലാഹു നിങ്ങളെ (സ്വാലിഹിന്റെ ജനത) പിന്‍ഗാമികളാക്കുകയും ഭൂമിയില്‍ വാസസ്ഥലം നല്‍കുകയും ചെയ്തു. അതിനെ നിങ്ങള്‍ സജീവമായി നിലനിര്‍ത്തുക. ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുക. അതില്‍ കുഴപ്പമുണ്ടാക്കുകയും നന്മ വര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന അതിക്രമികളുടെ കല്പന നിങ്ങള്‍ അനുസരിച്ചു പോകരുത്.” (7:74, 11:61)
ശുഐബ് നബി(അ)യുടെ ജനതക്കുള്ള ലോക പരിപാലകനായ അല്ലാഹുവിന്റെ നിര്‍ദേശം ശ്രദ്ധിക്കുക: ”നാശകാരികളായിക്കൊണ്ട് നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത്. അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്” (11: 85,86). മൂസാനബി(അ)യുടെ ജതയോടുള്ള നിര്‍ദേശവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ”അല്ലാഹുവിന്റെ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ തിന്നുക. കുടിക്കുക. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്.” (2:60)
പ്രവാചകരഖിലവും തങ്ങളുടെ ജനതയോട് നല്‍കിയ ദൈവ നിര്‍ദേശങ്ങളിലൊക്കെയും പ്രകൃതി പരിപാലനത്തിന്റെ തന്തുക്കള്‍ കണ്ടെത്താനാവും എന്നതിലേക്കുള്ള സൂചനകളാണ് മേല്‍ ഉദ്ധരിക്കപ്പെട്ട വചനങ്ങള്‍. അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ) ലോകത്തിന് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ”ഞാന്‍ സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായി നിയുക്തനായിരിക്കുന്നു” എന്നും എല്ലാ കാര്യത്തിലും നന്മ അല്ലാഹു നിയമമാക്കിയിരിക്കുന്നു എന്നും മുഹമ്മദ് നബി(സ) ഉണര്‍ത്തിയതില്‍ നിന്ന് പരിസ്ഥിതി ധര്‍മശാസ്ത്രവും നൈതികതയും പ്രവാചക അധ്യാപനങ്ങളില്‍ പെടും എന്നു പറയുന്നുണ്ട്. അല്ലാഹു പരമ കാരുണികനും കരുണാനിധിയുമാണ്, ഖുര്‍ആന്‍ കാരുണ്യത്തിന്റെ വേദഗ്രന്ഥമാണ്, നബി(സ) കാരുണികനാണ്, നബിയുടെ അനുചരന്മാര്‍ കരുണയുള്ളവരാണ് എന്ന് ഖുര്‍ആന്‍ റഹ്‌മാൻ , റഹീം, റഹ്മത്ത് , റുഹമാഅ് എന്നീ പദങ്ങളിലൂടെ വിശേഷിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്ന് ഇസ്‌ലാം കാരുണ്യത്തിന്റെ സന്ദേശം കൂടിയാണെന്ന് മനസ്സിലാക്കാം. മനുഷ്യക്കോലത്തിന് മാത്രമല്ല, ജന്തുലോകത്തിനും സസ്യലോകത്തിനും അജീവീയ ലോകത്തിനുമെല്ലാം സുസ്ഥിതിയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന വരദാനമാണ് ഇസ്‌ലാം. പരിസ്ഥിതി പരിലാനത്തില്‍ ശക്തിപകരുന്നതും, കൈത്താങ്ങാകുന്നതുമായ ഇസ്‌ലാമിക അല്ലാഹുവിന്റെ ഭൂമി
ആകാശവും ഭൂമിയും അല്ലാഹുവിന്റേതാണ്, അതിന്റെ സ്രഷ്ടാവും പരിപാലകനും, അതിലെ വിഭവങ്ങളുടെ ഉടമയും അനന്തരാവകാശിയും അവന്‍ തന്നെയാണ്. താഴെ സൂക്തങ്ങള്‍ അതിലേക്ക് സൂചന നല്‍കുന്നതാണ്. ”ഭൂമി അല്ലാഹുവിന്റേതാണ്” (7:128), ”അല്ലാഹുവിന്റെ ഭൂമി വിശാലമാണ്” (39:10), ”ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍ അല്ലാഹുവിന്റേതാകുന്നു” (63:7) ”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരവകാശം അല്ലാഹുവിനാകുന്നു.” (3:180, 57:10)
ഭൂമി മനുഷ്യര്‍ക്കു വേണ്ടി
ഭൂമിയെ അല്ലാഹു സൃഷ്ടിച്ചതും പരിപാലിക്കുന്നതും മനുഷ്യര്‍ക്ക് വേണ്ടിയാണ്. അവരതിനെ മനുഷ്യര്‍ക്ക് വിധേയമാക്കിയിരിക്കുന്നു. ”അല്ലാഹു മനുഷ്യര്‍ക്കു വേണ്ടിയാണ് ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചത്” (2:29). ”ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നു” (55:10). ”അല്ലാഹുവാകുന്നു മനുഷ്യന് വേണ്ടി ഭൂമിയെ വിധേയമാക്കിത്തന്നവന്‍” (67:15). ”അല്ലാഹു വിധേയമാക്കിത്തന്നവന്‍” (67:15) ”അല്ലാഹു മനുഷ്യര്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു” (22:56). ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്റെ  വകയായി നിങ്ങള്‍ക്ക് അവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തു'(45:13). ”ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തി. പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് നിറവേറ്റിത്തന്നിരിക്കുന്നു.” (31:20)
പ്രകൃതിയുടെ സേവനം
മനുഷ്യര്‍ക്ക് സേവനത്തിനായി അല്ലാഹുവിനാല്‍ സംവിധാനിക്കപ്പെട്ടവയാണ് പ്രകൃതിയും പരിസ്ഥിതിയുമെന്ന് ഖുര്‍ആനികാശയങ്ങളില്‍ നിന്ന് മനസ്സിലാക്കാം: ”മനുഷ്യര്‍ക്കു വേണ്ടി ഭൂമിയില്‍ വ്യത്യസ്ത നിറങ്ങളിലുള്ളവ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കി” (16:13). ”മനുഷ്യര്‍ക്കു വേണ്ടിയാണ് താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ തണലുകളും പര്‍വതങ്ങളില്‍ അഭയകേന്ദ്രങ്ങളും ചൂടില്‍ നിന്നും അക്രമണങ്ങളില്‍ നിന്നും കാക്കുന്ന ഉടുപ്പുകളും കവചങ്ങളും അല്ലാഹു ഉണ്ടാക്കിയത്” (16:8). ”മനുഷ്യര്‍ക്കുവേണ്ടിയാണ് അല്ലാഹു ആകാശത്തില്‍ നിന്ന് മഴ വര്‍ഷിപ്പിച്ചത്” (27:60). ”മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു അവരുടെ ഇണകളെ സൃഷ്ടിച്ചത്” (26:166). ”അല്ലാഹു സൂര്യചന്ദ്രന്മാരെ പതിവായി സഞ്ചരിക്കുന്ന നിലയില്‍ വിധേയപ്പെടുത്തി തന്നിരിക്കുന്നു.” (14:33, 13:2, 29:61, 16:12)
”അല്ലാഹു രാത്രിയെയും പകലിനെയും വിധേയമാക്കിത്തന്നിരിക്കുന്നു.’‘ (14:33, 16:12) ”കടലില്‍ സഞ്ചരിക്കുവാന്‍ അല്ലാഹു മനുഷ്യര്‍ക്ക് കപ്പലുകളെ വിധേയമാക്കി” (14:33, 22:65, 45:12), ”പുതു മാംസം എടുത്ത് ഭുജിക്കാനും നിങ്ങള്‍ക്കണിയാന്‍ ആഭരണങ്ങള്‍ പുറത്തെടുക്കാനും പാകത്തില്‍ കടലിനെ അല്ലാഹു വിധേയമാക്കി” (16:14), ”അല്ലാഹു നദിയെ കീഴ്‌പ്പെടുത്തി.” (14:32)
പ്രകൃതി സ്വോദ്ദേശ പൂര്‍വകം
അല്ലാഹു ഈ പ്രകൃതിയെയും അതിലെ മനുഷ്യനെയും സൃഷ്ടിച്ചൊതുക്കി സംവിധാനിച്ചത് സ്വോദ്ദേശ പൂര്‍വകമാണ്. ഖുര്‍ആന്‍ പറയുന്നു: ”ആകാശത്തെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും അല്ലാഹു നിരര്‍ഥകമായി സൃഷ്ടിച്ചതല്ല.’ (38:27). അല്ലാഹു മനുഷ്യനെ വൃഥാ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?.” (23:115)
പ്രകൃതി ചിന്താ പ്രധാനം
സത്യവിശ്വാസി പ്രകൃതിയെപ്പറ്റി പഠിപ്പിച്ചും ചിന്തിച്ചും അര്‍ഥവും ജീവിത ലക്ഷ്യവും കണ്ടെത്തുമ്പോള്‍ അവിശ്വാസി പഠനവും ചിന്തയുമില്ലാതെ മിഥ്യാധാരണയുമായി നടക്കുന്നു. അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമിയുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സത്യവിശ്വാസി ബോധ്യതയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു. ”ഞങ്ങളുടെ നാഥാ! ഇവയെല്ലാം നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല.” (3:191). എന്നാല്‍ ആകാശഭൂമികള്‍ വൃഥാ സൃഷ്ടിച്ചതാണെന്ന ധാരണ അവിശ്വാസമാണെന്ന് ഖുര്‍ആന്‍ 38-ാം അധ്യായത്തില്‍ 27-ാം വചനത്തില്‍ പറയുന്നുണ്ട്.
പ്രകൃതിയോട് മധ്യമ നിലപാട്
പ്രകൃതിയെ ഭയപ്പെടുകയോ പ്രതീക്ഷിയര്‍പ്പിക്കുകയോ ചെയ്യുന്ന വിധത്തില്‍ ദിവ്യത്വം കാണുന്ന ചില പൗരസ്ത്യന്‍ രീതികളെ ഇസ്്‌ലാം അംഗീകരിക്കുന്നില്ല. പ്രകൃതിയെ മനുഷ്യശത്രുവായി പരിചയപ്പെടുത്തുകയും അതിനെ കീഴ്‌പ്പെടുത്തണമെന്നും നിലക്ക് നിര്‍ത്തണമെന്നും ജല്പിക്കുന്ന പാശ്ചാത്യ രീതിയെയും ഇസ്്‌ലാം നിരാകരിക്കുന്നു.
പ്രകൃതി ദൈവ നിര്‍മിതിയാണ്. മനുഷ്യ നന്മയും സേവനവും ലക്ഷ്യം വെച്ച് ലോകരക്ഷിതാവ് സംവിധാനിച്ചതാണ് പ്രകൃതിയും പരിസ്ഥിതിയും എന്ന മധ്യമ നിലപാടാണ് ഇസ്‌ലാമിനുള്ളത്. പരിസ്ഥിതിയിലെ വ്യത്യസ്ത ഘടകങ്ങള്‍ പരസ്പരം സഹകരിച്ചാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും എന്ന കാഴ്ചപ്പാടും അത് മുന്നോട്ടു വെക്കുന്നു. തീര്‍ത്തും താത്വികവും പ്രയോഗക്ഷമവും മിതവുമായ വീക്ഷണമാണ് ഇസ്്‌ലാം പരിസ്ഥിതി – പ്രകൃതി വിഷയത്തില്‍ അവതരിപ്പിക്കുന്നത്.
പ്രകൃതി സ്രഷ്ടാവിനെ വണങ്ങുന്നു
പ്രകൃതി അഖിലം ഏക ദൈവത്തെ വണങ്ങുന്നുവെന്നും, ഏകദൈവ വിശ്വാസമാണ് പരിസ്ഥിതി സംരക്ഷണത്തിന് അനുഗുണമെന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹു മാത്രമാണ് ലോകസ്രഷ്ടാവും രക്ഷിതാവും ആരാധ്യനും എന്ന ഏകദൈവ സിദ്ധാന്തം പരിസ്ഥിതി പരിപാലന വിഷയത്തില്‍ പ്രസക്തമാണ്. ബഹുദൈവ വിശ്വാസം മലിന വിശ്വാസ(നജസ്)വും, ഏക ദൈവ വിശ്വാസം സംശുദ്ധ വിശ്വാസവും (ഇഖ്്‌ലാസ്) എന്നതാണ് ഖുര്‍ആനിക കാഴ്ചപ്പാട്.
പ്രകൃതി ദൈവ സൃഷ്ടിയാണെന്നും അത് അഖിലവും സ്രഷ്ടാവിന് കീഴ്്‌പ്പെടുകയും പ്രണമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പക്ഷേ അവരുടെ പ്രകീര്‍ത്തനം മനുഷ്യര്‍ ഗ്രഹിക്കുന്നില്ല'(17:44). ഖുര്‍ആന്‍ പറയുന്നുണ്ട്. ”ആകാശ ഭൂമികളിലുള്ളവരെല്ലാം അല്ലാഹുവില്‍ സ്വമനസ്സാലെയോ നിര്‍ബന്ധിതരായിട്ടോ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നു”(13:15). ”ആകാശ ഭൂമിയിലെ ഏതൊരു ജീവിയും അല്ലാഹുവിനെ പ്രണമിക്കുന്നു”(16:49). ”ആകാശ ഭൂമികളിലുള്ളവ അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു.” (59:1, 64:1) ”സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും അല്ലാഹുവെ പ്രണമിക്കുന്നു.”(22:18)
4 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x