29 Friday
March 2024
2024 March 29
1445 Ramadân 19

ഇസ്‌ലാം സാമൂഹ്യനീതിയുടെ സാക്ഷ്യം – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

പതിനാറാം നൂറ്റാണ്ടിന്റെ പാതിയോടുകൂടി ആധുനിക ലോകം കൈമാറി വന്ന ഒരു പദമാകുന്നു സാമൂഹിക നീതി (Social Justice).. രണ്ടു ലോക മഹായുദ്ധങ്ങളിലായി പൊലിഞ്ഞ ലക്ഷങ്ങളുടെ ജീവനും നൂറ്റാണ്ട് പിന്നിട്ട ശേഷവും ഇരകളനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാമൂഹ്യനീതിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ തീവ്രമാക്കി. അങ്ങനെ ഐക്യരാഷ്ട്രസഭ 1948 ഡിസംബര്‍ 10-ന് സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപന പ്രമാണത്തിന് രൂപം നല്‍കി. സാമൂഹ്യനീതിയും മനുഷ്യാവകാശവും ഇഴപിരിയാന്‍ കഴിയാത്ത വസ്തുതകളാകുന്നു. ഇതിലേതെങ്കിലുമൊന്നിന്റെ ബലക്ഷയം മറ്റേതിനെ ബാധിക്കും.
പാശ്ചാത്യലോകം സാമൂഹ്യ നീതിയെക്കുറിച്ച് വാചാലമാവുന്നതിന്റെ എത്രയോ മുമ്പ് ഇസ്‌ലാം ആറാം നൂറ്റാണ്ടോളം പഴക്കമുള്ള ആധുനിക സാമൂഹ്യനീതി സങ്കല്പങ്ങളുടെ അസ്ഥിവാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സാമൂഹ്യജീവി എന്ന എന്ന നിലയില്‍ മനുഷ്യര്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അഭിമാനം, പദവി, അന്തസ്സ് എന്നിവയെല്ലാം തുല്യനീതിയോടുകൂടി എല്ലാ മനുഷ്യര്‍ക്കും ഇസ്‌ലാം വകവെച്ചുകൊടുക്കുന്നുണ്ട്.
സുതാര്യമായ നീതി നിര്‍വഹണത്തിലൂടെ മാത്രമേ മനുഷ്യ മനുഷ്യേതര ജീവജാലങ്ങള്‍ക്കിടയിലെ യഥാര്‍ഥ ജീവിതവും പ്രാപഞ്ചിക സംവിധാനങ്ങളുടെ സംരക്ഷണവും സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ വിശ്വാസികളോട് നീതി പുലര്‍ത്താന്‍ ആവശ്യപ്പെട്ട അതേ പദമുപയോഗിച്ചുകൊണ്ട് പ്രാപഞ്ചിക വ്യവസ്ഥിതിയിലെ നീതിപൂര്‍ണമായ താളാത്മകത ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു (55:7-9). ഇവ രണ്ടിനും ഖിസ്വ്ത്വ് എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമത്രെ. പ്രപഞ്ച സന്തുലത്തില്‍ കൈവെക്കരുതെന്ന് മുന്നറിയിപ്പു നല്‍കുന്ന ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു തന്നെ അനീതി സ്വയം നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അറിയിക്കുന്നു. അല്ലാഹു പറയുന്നു: ”എന്റെ ദാസന്മാരേ, അനീതി ഞാന്‍ എനിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. അതിനെ ഞാന്‍ നിങ്ങള്‍ക്കിടയിലും നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അനീതി കാണിക്കരുത്.”
മത-ബഹുമത-മതേതര സമൂഹങ്ങളില്‍ സാമൂഹ്യനീതി സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഇസ്‌ലാം ആവിഷ്‌ക്കരിച്ച രണ്ടു മൗലിക തത്വങ്ങളുണ്ട്. തുല്യത, അവകാശം എന്നിവയാണവ.
തുല്യത: മനുഷ്യരായ എല്ലാവര്‍ക്കും സാമൂഹ്യനീതി ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്. ഇതിനുവേണ്ടി ചില അടിസ്ഥാന ചിന്തകള്‍ ഇസ്‌ലാം വളര്‍ത്തിയെടുത്തു. ഈ ഭൂമിയില്‍ പിറന്നുവീണ മനുഷ്യരെല്ലാം ഒരൊറ്റ ആണില്‍ നിന്നും പെണ്ണില്‍ നിന്നും ഉടലെടുത്തതാകുന്നു. അവര്‍ ഏകോദര സഹോദരങ്ങളായി കഴിയേണ്ടവരാണ്. അവര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ കല്പിക്കുന്നതിന് ഒരടിസ്ഥാനവുമില്ല എന്നിങ്ങനെയുള്ള ചിന്തകളാണ് ഇവയില്‍ പ്രഥമഗണനീയം. സാമൂഹ്യനീതിയുടെ അടിസ്ഥാന ശിലയായി ഈ ചിന്തകളെ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ”ജനങ്ങളെ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാകുന്നു സൃഷ്ടിച്ചിരിക്കുന്നത്” (49:13). പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങളെല്ലാവരും ആദമില്‍ നിന്നുമുള്ളവരാകുന്നു. ആദമാകട്ടെ മണ്ണില്‍ നിന്നും.” അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല.”

അവകാശ പ്രഖ്യാപനം
ഭരണകൂടമടക്കമുള്ള സാമൂഹ്യ സ്തംഭങ്ങള്‍ സമൂഹത്തില്‍ നിലനിര്‍ത്തേണ്ട സാമൂഹ്യനീതി പൗരാവകാശമാകുന്നു എന്നത്രെ ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അത് ഔദാര്യമല്ല. ഖുര്‍ആന്‍ പറയുന്നു: നീ വിളംബരം ചെയ്യുക. എന്റെ രക്ഷിതാവ് നീതി പുലര്‍ത്താനാണ് കല്പിച്ചിരിക്കുന്നത് (7:29). സമൂഹത്തില്‍ മ്ലേച്ഛ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരെ വിമര്‍ശിച്ച ശേഷമാണ് ഈ നീതിയുടെ പ്രഖ്യാപനമെന്നത് സാമൂഹ്യനീതി അവകാശമാണെന്ന പ്രഖ്യാപനം കൂടിയാവുന്നു.
ഔദാര്യങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം. എന്നാല്‍ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൂടാ. സാമൂഹ്യനീതിയെന്ന അവകാശം ഹനിക്കപ്പെടുന്ന ഒരവസ്ഥയുണ്ടാകരുതെന്ന് മതത്തിന് നിര്‍ബന്ധമുണ്ട്. മത-ജാതി-വര്‍ഗ-വര്‍ണ-ദേശ-ഭാഷ വിവേചനങ്ങള്‍ സാമൂഹ്യനീതി നിര്‍വഹണത്തിന് തടസ്സമാവരുതെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു: ”ഒരു ജനവിഭാഗത്തോടുള്ള അമര്‍ഷം നീതിപുലര്‍ത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ”(5:8). പ്രവാചകനും പില്‍ക്കാലക്കാരായ സച്ചരിതരും സാമൂഹ്യനീതി നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത കാണിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും.
അറേബ്യയിലെ ഇരുണ്ട യുഗത്തിലാണ് പ്രവാചകന്റെ ദൗത്യനിര്‍വഹണം നടക്കുന്നത്. കൈയ്യൂക്കും ആള്‍ബലവും ഉപയോഗിച്ച് നീതിയുടെയും സത്യത്തിന്റെയും സകല അടയാളങ്ങളും തച്ചുടയ്ക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു അന്ന് നടപ്പിലുണ്ടായിരുന്നത്. ഇസ്‌ലാം ആശ്ലേഷിച്ച് മന:പരിവര്‍ത്തനം നടത്തിയവരില്‍ പോലും അതിന്റെ ദുര്‍ഭൂതങ്ങള്‍ ഉറങ്ങിക്കിടന്നിരുന്നു. സാഹചര്യമൊത്തിണങ്ങിയാല്‍ അവ പുറത്തുചാടുകയും ചെയ്യുമായിരുന്നു. മഖ്‌സൂം ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ മോഷണക്കുറ്റത്തിലകപ്പെട്ടു. അവള്‍ പ്രവാചക സന്നിധിയില്‍ ശിക്ഷിക്കപ്പെടുന്നത് തങ്ങള്‍ക്കപമാനമാണെന്ന് ആ ഗോത്രം കരുതി. അവളെ മോചിപ്പിക്കാന്‍ വേണ്ടി പ്രവാചകന്റെ അടുത്ത അനുചരനെ അവര്‍ ശുപാര്‍ശകനാക്കി. ഈ അനീതിക്കെതിരെ പ്രവാചകന്‍ നടത്തിയ പ്രഖ്യാപനം സാമൂഹ്യനീതിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ”അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്തിമ തന്നെ മോഷണം നടത്തിയാലും മുഹമ്മദ് അവളുടെ കൈവെട്ടുക തന്നെ ചെയ്യും.” മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ”ഞാന്‍ ആരുടെയങ്കിലും ധനം എടുത്തിട്ടുണ്ടെങ്കില്‍ ഇതാ എന്റെ ധനം. അതെടുത്തുകൊള്ളുക. ഞാന്‍ ആരെയെങ്കിലും തല്ലിയിട്ടുണ്ടെങ്കില്‍ ഇതാ എന്റെ പുറം. അവിടെ പകരം തല്ലുക.”
പ്രവാചകനു ശേഷം ഒന്നാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍(റ) നടത്തിയ നയപ്രഖ്യാപന പ്രസംഗം തന്നെ സാമൂഹ്യനീതിയുടെ വിളംബരവും അതിനുവേണ്ടിയുള്ള സ്വയം സമര്‍പ്പണവുമായിരുന്നു. ”ജനങ്ങളെ, ഞാന്‍ നിങ്ങളുടെ ഭരണാധികാരിയായി നിയുക്തനായിരിക്കുകയാണ്. ഞാന്‍ നിങ്ങളേക്കാള്‍ ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലത് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ എന്നെ സഹായിക്കുക. ഞാന്‍ തിന്മ ചെയ്താല്‍ നിങ്ങള്‍ എന്നെ നേരെയാക്കുക. നിങ്ങളിലെ ദുര്‍ബലന് അവകാശപ്പെട്ടത് ഞാന്‍ വാങ്ങി നല്കും, അപ്പോള്‍ അവന്‍ എന്റെ പക്കല്‍ ശക്തനായി മാറുന്നു. കയ്യൂക്കുള്ളവരില്‍ നിന്ന് ദുര്‍ബലവിഭാഗത്തിന് ലഭിക്കേണ്ട അവകാശവും ഞാന്‍ പിടിച്ചെടുക്കും. അപ്പോള്‍ അവര്‍ എന്റെ മുമ്പില്‍ ദുര്‍ബലരുമായിരിക്കും.”
ഇസ്്‌ലാം പരിശീലിപ്പിച്ചെടുത്ത നീതിബോധം ഭരണാധികാരികളെ നേര്‍ക്കുനേര്‍ ചോദ്യം ചെയ്യുന്നതിനുവരെ ഭരണീയരെ പ്രാപ്തരാക്കി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എന്തിനേറെ, നാം വസിക്കുന്ന ഇന്ത്യയില്‍പോലും ഭരണവര്‍ഗത്തിന്റെ അനീതിക്കതിരെ പ്രതികരിച്ചവര്‍ വെളിച്ചം കാണാതെ തടങ്കല്‍ പാളയങ്ങളില്‍ അവരുടെ ക്രൂരവിനോദത്തിന്നിരയാകുന്ന ആനുകാലിക സാഹചര്യത്തില്‍ ഇസ്്‌ലാമിന്റെ സാമൂഹ്യനീതിയുടെ പാഠങ്ങള്‍ പഠനപ്രസക്തമാകുന്നു. ഒരിക്കല്‍ ഖലീഫ ഉമര്‍ യമനിലെ പൊതുഖജനാവിലേക്ക് വന്ന വസ്ത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. അടുത്തദിവസം അദ്ദേഹം പ്രസംഗപീഠത്തില്‍ കയറിയപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റു പറഞ്ഞു: താങ്കള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കില്ല. ഉമര്‍: അതെന്താണ്? പരാതിക്കാരന്‍: താങ്കള്‍ വസ്ത്രവിതരണത്തില്‍ നീതി പാലിച്ചിട്ടില്ല. താങ്കള്‍ കൂടുതല്‍ എടുത്തതുകൊണ്ടാണ് ഇത്രയും വലിയ വസ്ത്രം താങ്കള്‍ക്ക് തയ്ക്കാന്‍ കഴിഞ്ഞത്. ഉമര്‍ മൗനിയായി. മകന്‍ അബ്ദുല്ലയോട് മറുപടി പറയാന്‍ ആവശ്യപ്പെട്ടു. തന്റെ വിഹിതം കൂടി താന്‍ പിതാവിന് നല്‍കിയതുകൊണ്ടാണ് അദ്ദേഹം ഉടുപ്പ് തയ്ച്ചത് എന്നറിയിച്ചപ്പോള്‍ പരാതിക്കാരന്‍ പരാതി പിന്‍വലിച്ചു. പ്രസംഗം തുടരാനാവശ്യപ്പെടുകയും ചെയ്തു.

സാമൂഹ്യനീതിയും അമുസ്‌ലിംകളും
നീതി നിര്‍വഹണത്തില്‍ മതമോ മതരാഹിത്യമോ പരിഗണിക്കപ്പെടാന്‍ പാടില്ല എന്നതാകുന്നു ഖുര്‍ആനിന്റെ പക്ഷം (5:8). സൂറതുന്നിസാഇലെ 105 മുതല്‍ 112 വരെയുള്ള വചനങ്ങളവതരിപ്പിച്ചതുതന്നെ ഇതര മതവിഭാഗങ്ങളോട് നീതി പാലിക്കുന്ന കാര്യത്തില്‍ വിവേചനം പാടില്ല എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാകുന്നു. ഇത്രയധികം വിശുദ്ധ വചനങ്ങള്‍ മറ്റു സാമൂഹ്യ വിഷയങ്ങളില്‍ അപൂര്‍വമായേ അവതരിപ്പിച്ചിട്ടുള്ളൂ. ഈ വചനങ്ങളിറങ്ങാനുളള ഒരു പശ്ചാത്തലമുണ്ട്. അന്‍സാരിയും പ്രവാചകാനുയായിയുമായ രിഫാഅത്തിന്റെ പടയങ്കി മറ്റൊരു അന്‍സാരി ഗോത്രത്തില്‍ പെട്ട തുഅ്മത്ത് മോഷ്ടിച്ചു. പരാതി നബിയുടെ അടുത്തെത്തി. വിവരമറിഞ്ഞ മോഷ്ടാവ് മോഷണവസ്തു യഹൂദനായ സൈദുബ്‌നുസ്സമീനെ സൂക്ഷിക്കാന്‍ ഏല്പിച്ചു. സംശയിക്കാതിരിക്കാന്‍ അതിനോടൊപ്പം കുറച്ച് ധാന്യപ്പൊടികളും നല്‍കിയിരുന്നു. പിന്നീട് സമീനാണ് മോഷ്ടാവെന്ന് തുഅ്മത്ത് തന്റെ ഗോത്രക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണത്തില്‍ അങ്കി സമീനിന്റെ വീട്ടില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തു. പ്രത്യക്ഷ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ അയാള്‍ക്കെതിരില്‍ വിധി പ്രസ്താവിച്ചു. ഈ അവസരത്തിലാണ് ഇത്രയും വചനങ്ങളൊന്നിച്ചവതരിച്ചത്. ശത്രുപക്ഷത്തുള്ളവര്‍ക്കുപോലും നീതിയുടെ കാര്യത്തില്‍ തുല്യാവകാശം ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഇസ്‌ലാം എങ്ങനെയാണ് മതംനോക്കി നീതിയെ അളക്കാന്‍ പറയുകയെന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.
സാമൂഹ്യനീതിക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയ ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാകുന്നു ആധുനിക ലോകം ഏറ്റവും കൂടുതല്‍ ക്രൂശിക്കുന്നത്. പൗരത്വപ്രശ്‌നങ്ങളില്‍ പോലും മുഴങ്ങിക്കേട്ട ശബ്ദങ്ങളിലൊന്നായിരുന്നു അത്. മുസ്‌ലിം ഭൂരിപക്ഷ അയല്‍രാജ്യങ്ങളില്‍ അമുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ എവിടേക്കാണ് പോവുക എന്ന വേവലാതി തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായ ഇന്ത്യയില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പാകിസ്താന്‍ പ്രചരിപ്പിച്ചാല്‍ അതിനെന്തര്‍ഥമാണുള്ളത്? ഒരു മുസ്്‌ലിം മതം നോക്കി ഒരമുസ്്‌ലിമിന്റെ എന്നല്ല ഒരു മനുഷ്യന്റെ നീതി നിഷേധിച്ചാല്‍ അയാള്‍ക്കെതിരില്‍ പരലോകത്തുവെച്ച് പ്രവാചകന്‍ ശബ്ദമുയര്‍ത്തുകതന്നെ ചെയ്യും. അവിടുന്ന് പറഞ്ഞു: ”ആരെങ്കിലും സന്ധിയിലേര്‍പ്പെട്ടവരോട് അനീതി കാണിച്ചു. അല്ലെങ്കില്‍ അതില്‍ വീഴ്ചവരുത്തി. അതുമല്ലെങ്കില്‍ അവന് അസാധ്യമായത് അവന്റെ മേല്‍ ചുമത്തി, അങ്ങനെയാണെങ്കില്‍ അന്ത്യനാളില്‍ ഞാനവനെ തെളിവുനിരത്തി തോല്പിക്കും.” സ്വാഭാവികമായും ശത്രുപക്ഷത്തുള്ളവരാണ് സന്ധിയിലേര്‍പ്പെടുക. അവരോടുപോലും അനീതി അരുത് എന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്.
യഥാര്‍ഥ മതം നോക്കിയല്ല ലോകം മതത്തെ വായിക്കുന്നത്. മുസ്‌ലിംകളുടെ അനുഷ്ഠാന മതമാണ് അവര്‍ കാണുന്ന ഇസ്‌ലാം. അവിവേകികളായ മുസ്‌ലിം നാമധാരികള്‍ നീതിനിഷേധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഇസ്‌ലാമും മുസ്‌ലിംകളും ക്രൂശിക്കപ്പെടുകതന്നെ ചെയ്യും, തീര്‍ച്ച.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x