19 Friday
April 2024
2024 April 19
1445 Chawwâl 10

ഇസ്‌ലാം മതത്തിന്റെ അടിത്തറ – എ അബ്ദുല്‍അസീസ് മദനി

തപരമായ ഏതൊരു കാര്യവും നാം വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലത്തോടെയായിരിക്കണം. വിശുദ്ധ ഖുര്‍ആന്‍, സ്ഥിരപ്പെട്ട ഹദീസുകള്‍, ഖണ്ഡിതമായ ഇജ്മാഅ്, വ്യക്തമായ ഖിയാസ് ഇവയാണ് പ്രമാണങ്ങളുടെ മുന്‍ഗണനാ ക്രമം. എന്നാല്‍ ഇജ്മാഉം, ഖിയാസും സ്വതന്ത്രമായ പ്രമാണങ്ങളല്ല. ഹദീസുകള്‍ തന്നെയും പ്രമാണമാവുന്നത് അത് സ്ഥിരപ്പെട്ടു വരുമ്പോഴാണ്. ഒരു നിബന്ധനക്കും വിധേയമാവാത്ത പ്രമാണം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്.
അബൂബക്കര്‍ സിദ്ദീഖിന്റെയടുക്കല്‍ ഒരു പ്രശ്‌നം വന്നാല്‍ അല്ലാഹുവിന്റെ ഖുര്‍ആനില്‍ അതിനെക്കുറിച്ച് എന്തു പറഞ്ഞുവെന്ന് പരിശോധിക്കും. ഖുര്‍ആനില്‍ അതിന്റെ വിധി കണ്ടെത്തിയാല്‍ അതനുസരിച്ച് വിധിക്കും. കണ്ടില്ലെങ്കില്‍ പ്രവാചകന്റെ സുന്നത്ത് നോക്കും. സുന്നത്തില്‍ അതിന്റെ വിധി കണ്ടാല്‍ അതനുസരിച്ച് വിധിക്കും. അപ്രകാരം തന്നെയാണ് ഉമറുബിന്‍ ഖത്താബും(റ) ചെയ്തിരുന്നത്. സുന്നത്തിലും കണ്ടില്ലെങ്കില്‍ പ്രധാനികളായ സ്വഹാബികളോട് കൂടിയാലോചന നടത്തും. ഇതുപോലെയുള്ള സംഭവങ്ങളില്‍ നിന്നും മതത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണെന്ന് മനസ്സിലാക്കാം (ഫത്ഹുല്‍ബാരി 7329). ഒന്നാം പ്രമാണം ഖുര്‍ആന്‍ തന്നെയെന്ന് എല്ലാവരും അംഗീകരിക്കുന്നു. ഖുര്‍ആനാണ് ഒന്നാം പ്രമാണമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തെന്ന് മനസ്സിലാക്കണം. ഖുര്‍ആന്‍ വചനങ്ങളിലൂടെ തന്നെ അക്കാര്യം സ്പഷ്ടമാക്കപ്പെട്ടിട്ടുണ്ട്.
”അതാണ് (മഹത്തായ) ഗ്രന്ഥം. അതില്‍ സംശയമേയില്ല. സുക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.” (വി.ഖു 2:2)
”അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പക്കപ്പെട്ടതത്രെ അത്” (ഹാമീം-സജദ 42).
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിങ്കലേക്ക് അഥവാ അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും പ്രവാചക സുന്നത്തിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതാണ് ഉദാത്തവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.” (അന്നിസാഅ് 59)
”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.” (ഹിജ്‌റ 9)
ഖുര്‍ആനാന്‍ ഒന്നാം പ്രമാണമാണെന്നതിന് ഹദീസുകളില്‍ നിന്നുള്ള തെളിവ്: ”സൈദ്ബിന്‍ ഖാലിദ് പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ അടുക്കലായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് (ഖുര്‍ആന്‍) വിധിക്കും.” (ബുഖാരി 7287). ”അബൂമാലികില്‍ അശ്അരി പറയുന്നു: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആന്‍ നിനക്ക് അനുകൂലമായോ, പ്രതികൂലമായോ തെളിവായോ വരാം. (മുസ്‌ലിം 223)
ഖുര്‍ആന്‍ ഒന്നാം പ്രമാണമാണെന്ന് സ്വഹാബിമാരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ഹുദൈഫ(റ) പറയുന്നു: റസൂല്‍(സ) ഞങ്ങളോട് പറഞ്ഞു: തീര്‍ച്ചയായും അമാനത്ത് (വിശ്വസിച്ചേല്‍പ്പിച്ച സ്വത്ത്) മനുഷ്യ ഹൃദയങ്ങളുടെ വേരിലാണിണങ്ങിയത്. പിന്നീട് അവര്‍ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കി. പിന്നീട് സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാക്കി. (ബുഖാരി 786, മുസ്‌ലിം 149)
ഇബ്‌നുഹജര്‍ പറയുന്നു: ”അവര്‍ സുന്നത്തുകള്‍ പഠിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിച്ചിരുന്നു എന്ന സൂചന അതിലുണ്ട്.” (ഫത്ഹുല്‍ബാരി). തെളിവുകളുടെ അടിത്തറകളില്‍ ഒന്നാമത്തെ അടിത്തറ അല്ലാഹുവിന്റെ ഗ്രന്ഥമാണ് (ഖുര്‍ആന്‍).” (ഇമാം ഗസ്സാലി, അല്‍മുസ്തസ്വ്ഫ 1:99)
രണ്ടാംപ്രമാണം ഹദീസ്
നബി(സ)യുടെ വാക്ക്, പ്രവര്‍ത്തി, അംഗീകാരം എന്നിവക്കാണ് ഹദീസ് എന്ന് പറയുന്നത്. ഹദീസിന്റെ പ്രമാണികതക്കുള്ള ഖുര്‍ആനിക തെളിവുകള്‍ പരിശോധിക്കാം: ”നിനക്ക് ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചു തന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (നഹ്ല്‍ 44).
”നിങ്ങള്‍ ഒരു വിഷയത്തില്‍ ഭിന്നിക്കുകയാണെങ്കില്‍ ആ കാര്യത്തെ അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും പ്രവാചകന്റെ സുന്നത്തിലേക്കും മടക്കുക” (അന്നിസാഅ് 59). അല്ലാഹുവിലേക്ക് മടക്കുകയെന്നാല്‍ അവന്റെ ഗ്രന്ഥത്തിലേക്ക് (ഖുര്‍ആന്‍) മടക്കുകയെന്നര്‍ഥം. നബി(സ)യിലേക്ക് മടക്കുകയെന്നാല്‍ നബി(സ) ജീവിക്കുന്ന കാലത്താണെങ്കില്‍ നബി(സ)യോട് നേരിട്ട് ചോദിക്കുക. അദ്ദേഹത്തിന്റെ മരണശേഷമാണെങ്കില്‍ നബി(സ)യുടെ സുന്നത്തിലേക്ക് മടക്കുകയെന്നാണ് (ബൈദ്വാവി, 1:192)
ഇത് അല്ലാഹുവില്‍ നിന്നുള്ള കല്പനയാണ്. മതത്തിന്റെ നിദാനങ്ങളാവട്ടെ, ശാഖകളാവട്ടെ ഭിന്നതയുള്ള കാര്യങ്ങളില്‍ തീര്‍പ്പ് കല്പിക്കാന്‍ ഖുര്‍ആനും ഹദീസും അവലംബിക്കണം. അല്ലാഹു പറയുന്നു: ഏതൊരു കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടോ അതിന്റെ വിധി അല്ലാഹുവിലേക്ക് മടക്കുക. ഖുര്‍ആനും സുന്നത്തും വിധിച്ചതും ശരിയാണെന്ന് അവ രണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ് അതാണ് സത്യം. സത്യത്തിനുശേഷം വഴികേടല്ലാതെ മറ്റെന്താണുള്ളത്. തര്‍ക്കമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും അക്കാര്യം മടക്കി പരിഹാരം കണ്ടെത്താനാവാത്തവന്‍ അല്ലാഹുവിലോ, പരലോകത്തിലോ വിശ്വസിക്കുന്നവനല്ല (ഇബ്‌നുകസീര്‍ 2:208)
”തീര്‍ച്ചയായും സത്യവും ശരിയുമാണെന്ന് തെളിവ് കൊണ്ട് മനസ്സിലായാല്‍ രാജാക്കന്മാരെയും ഉമറാക്കളെയും അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സമൂഹം ഏകോപിപ്പിച്ചിട്ടുണ്ട്. ആ തെളിവാകട്ടെ ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊന്നുമല്ല.” (റാസി 5:151)
”ഇല്ല. നിങ്ങളുടെ രക്ഷിതാവിനെത്തന്നെയാണ് സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താക്കുകയും, നീ വിധി കല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.” (നിസാഅ് 65).
നബിചര്യയുടെ പ്രമാണികത
നമുക്ക് നബി(സ)യുടെ സുന്നത്ത് ലഭിക്കുന്നത് ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കപ്പെട്ടത് റസൂലിന്റെയും (സ) സ്വഹാബികളുടെയും കാലശേഷമാണ്. അതുകൊണ്ടു തന്നെ ഹദീസുകള്‍ക്ക് സനദിന്റെ (പരമ്പര) വിശ്വാസ്യത അനിവാര്യമായി വന്നു.
അബ്ദുല്ലാഹിബ്‌നില്‍ മുബാറക് പറയുന്നു: മനസ്സിലാക്കല്‍ ദീനില്‍ പെട്ടതാണ്. സനദ് പറഞ്ഞില്ലായിരുന്നുവെങ്കില്‍  ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളതെല്ലാം പറയുമായിരുന്നു. സനദിന്റെ വിശ്വാസ്യതയുടെ സംരക്ഷണത്തിനായി ഹദീസ് നിദാനശാസ്ത്രം രൂപംകൊണ്ടു. അവര്‍ ഹദീസിന്റെ പ്രാമാണികതക്ക് കര്‍ശനമായ നിബന്ധനകള്‍ വെച്ചു. പ്രസ്തുത നിബന്ധനകള്‍ മുസ്‌ലിംലോകം ഏകകണ്ഠമായി അംഗീകരിച്ചതാണ്. അതില്‍ പെട്ടതാണ് പരമ്പര. സ്വഹീഹ് ആയാല്‍ തന്നെ ആശയം ഖുര്‍ആനിനോ, മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ സുവ്യക്തമായ ബുദ്ധിക്കോ അംഗീകൃത ചരിത്രത്തിനോ എതിരാവാന്‍ പാടില്ല.
ഇബ്‌നുഹജര്‍ പറയുന്നു: ”റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവന്റെ അവസ്ഥ പരിശോധിക്കപ്പെടേണ്ടതുണ്ട്. ആ റിപ്പോര്‍ട്ട് ഖുര്‍ആനിന്റെ നസ്സ്വിനോ മുതവാതിറായ ഹദീസിനോ ഖണ്ഡിതമായ ഇജ്തിഹാദിനോ വ്യക്തമായ ഖിയാസിനോ എതിരാവാതിരിക്കണം.
ഇസ്‌ലാമിക നിയമസംഹിതകളെല്ലാം തന്നെ ബുദ്ധിക്കും ചിന്തിക്കും നിരക്കുന്നതാണ്. അതിനെതിരില്‍ പറയപ്പെടുന്ന വചനങ്ങള്‍ സംശയാസ്പദമായിരിക്കും. ഖുര്‍ആനിന്റെ വ്യക്തമായ നിയമങ്ങള്‍ക്ക് വിരുദ്ധമാവുക, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാവുക, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വചനങ്ങള്‍ അതിശയോക്തി പരമോ പക്ഷപാതപരമോ ആയിരിക്കുക. സ്വഹീഹ് മുസ്‌ലിം സമ്പൂര്‍ണമലയാള പരിഭാഷ ഇത് വിശദീകരിക്കുന്നുണ്ട്.
”ഹദീസിന്റെ വചനങ്ങള്‍ (മത്‌ന്) കണ്ടാല്‍ തന്നെ അത് വ്യാജമാണോ എന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡങ്ങള്‍ ഹദീസ് പണ്ഡിതന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇപ്രകാരമാണ്.
1) ആശയ വൈകല്യം: ഇസ്‌ലാമിക നിയമസംഹിതകളെല്ലാം തന്നെ ബുദ്ധിയ്ക്കും ചിന്തയ്ക്കും നിരക്കുന്നതാണ്. അതിനെതിരായി പറയപ്പെടുന്ന വചനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി നൂഹ്‌നബിയുടെ (അ)കപ്പല്‍ ഏഴു പ്രാവശ്യം കഅ്ബയെ പ്രദക്ഷിണം നടത്തിയശേഷം രണ്ട് റക്അത്ത് നമസ്‌കരിച്ചു എന്ന പ്രസ്താവന വ്യാജമാണെന്ന് നിദാനശാസ്ത്രജ്ഞന്മാര്‍ പറയുകയുണ്ടായി.
2) ഖുര്‍ആനിന്റെ വ്യക്തമായ നിയമങ്ങള്‍ക്ക് വിരുദ്ധമാവുക. മര്‍ഹൂം അമാനി മൗലവി വിവര്‍ത്തനം ചെയ്ത നബിചര്യയും ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന കൃതിയില്‍ പറയുന്നത് കാണുക.
മത്‌നില്‍ നിര്‍മിത
ഹദീസുകളുടെ അടയാളങ്ങള്‍
എ) പ്രാഥമിക ബുദ്ധിക്ക് എതിരാവുക
നിര്‍മിത ഹദീസുകളുടെ അടയാളമായി പറയുന്ന കാരണം ഖുര്‍ആന്‍ തുറന്ന ഭാഷയില്‍ പ്രഖ്യാപിച്ചതിനോട് വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം എതിരാവുക എന്നതാണ്. നിര്‍മിത ഹദീസുകളുടെ അടയാളമായി പറയുന്ന വേറെ കാരണം ഖബര്‍ വാഹിദ് (ഏകറാവി റിപ്പോര്‍ട്ട്) ആയ ഹദീസുകള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് തെളിവാക്കാവതല്ല. എന്നാല്‍ ആരാധന, പെരുമാറ്റ കാര്യങ്ങള്‍ക്ക് തെളിവാക്കാവുന്നതാണ്. ”മൗലിക കാര്യങ്ങളിലും വിശ്വാസകാര്യങ്ങളിലും ആഹാദിന്റെ ഹദീസുകള്‍ തെളിവല്ല. (നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും – മര്‍ഹൂം അമാനി മൗലവി പേജ് 160-162 അധ്യായം 4)  (തുടരും)
5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x