ഇസ്‌റായേലുമായി സഹകരിക്കാന്‍ സമ്മര്‍ദമെന്ന്
ഇസ്ര്‌റായേലുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടാന്‍ അറബ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും അമേരിക്കയുടെ താല്പര്യമാണ് ഈ സമ്മര്‍ദമെന്നും വാര്‍ത്ത. യു കെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബി പത്രമായ അല്‍അറബിയിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ട്രംപ് നടത്തുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഈ സമ്മര്‍ദമെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. സൗദിഅറേബ്യയേയും ഈജിപ്തിനേയും മുന്നില്‍ നിര്‍ത്തിയാണ് ട്രംപ് സമ്മര്‍ദതന്ത്രം നടപ്പിലാക്കുന്നത്. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് സീസിയും ഒന്നിച്ച് മറ്റ് അറബ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദമുണ്ടാക്കുകയാണെന്നും വാര്‍ത്ത വെളിപ്പെടുത്തുന്നു. നേരത്തെ ഇസ്‌റായേലുമായി അറബ് രാഷ്ട്രങ്ങള്‍ വ്യാപാരബന്ധം പുലര്‍ത്തിയിരുന്നില്ല. ഫലസ്തീന്‍ നയത്തിന്റെ ഭാഗമായാണ് അറബ് രാഷ്ട്രങ്ങള്‍ ഇങ്ങനെ തീരുമാനിച്ചിരുന്നത്. ഇസ്‌റായേല്‍ ബന്ധത്തില്‍ കൂടുതല്‍ കാര്‍ക്കശ്യവും ശത്രുതയും പുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു സൗദി. ആ സൗദിയുടെ നേത്യത്വത്തില്‍ തന്നെ ഇസ്‌റായേലിനെ വെള്ള പൂശാനായി നടക്കുന്ന ഇപ്പോഴത്തെ ശ്രമങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. സൗദി വഴി ഇതര അറബ് രാജ്യങ്ങളുമായി ഇസ്‌റായേലിന് ചരക്ക് ഗതാഗതം സാധ്യമാകുന്ന ഒരു റെയില്‍ പദ്ധതിയുടെ വാര്‍ത്തകളും ഈയടുത്ത് പുറത്ത് വന്നിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ത്താനുള്ള ട്രംപിന്റെ പദ്ധതിയുടെ മറവില്‍ ഇസ്‌റായേല്‍ തങ്ങളുടെ രാഷ്ട്രീയവും വാണിജ്യവുമായ താല്പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്നും അതിന് കുട പിടിക്കുന്ന രാജ്യങ്ങളുടെ നിലപാടുകള്‍ എതിര്‍ക്കപ്പെടണമെന്നുമാണ് ഫലസ്തീന്‍ അനുകൂല സംഘടനകളുടെ ആവശ്യം.