ഇസ്‌റാഈലിന് സൗജന്യ ഡെലിവറി ഇരട്ടത്താപ്പുമായി ആമസോണ്‍
അമേരിക്കന്‍ ആഗോള ഓണ്‍ലൈന്‍ ഭീമന്മാരായ ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റ് ഫലസ്തീനികളോട് കാണിക്കുന്ന വിവേചനം വിവാദമാകുന്നു. ഫലസ്തീനിലെ അനധികൃത ഇസ്‌റാഈല്‍ കുടിയേറ്റ പ്രദേശത്ത് താമസിക്കുന്ന ഇസ്‌റാഈലികള്‍ക്ക് സൗജന്യ ഡെലിവറിയും ഫലസ്തീനികളോട് പണം ഈടാക്കിയുമാണ് ഇസ്‌റാഈല്‍ ഇരട്ടത്താപ്പ് നടത്തുന്നത്. വെള്ളിയാഴ്ചയാണ് യു എസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന്മാരായ ആമസോണ്‍ ഫലസ്തീനില്‍ കഴിയുന്ന ഇസ്‌റാഈലികള്‍ക്ക് ഡെലിവറി സൗജ്യമാക്കിയത്. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അഡ്രസില്‍ മാതൃരാജ്യം ഇസ്‌റാഈല്‍ എന്നി രേഖപ്പെടുത്തുന്നവര്‍ക്കാണ് സൗജന്യ സേവനം. അല്ലാത്തവരില്‍ നിന്ന് 24 ഡോളര്‍ വരെ ഈടാക്കും. കഴിഞ്ഞ നവംബര്‍ മുതല്‍ ആമസോണ്‍ ഇസ്‌റാഈലിലേക്ക് സൗജന്യമായാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത്. പിന്നീട് അത് അധിനിവേശ ഫലസ്തീനിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായാണ് ഇസ്‌റാഈല്‍ കുടിയേറ്റം കണക്കാക്കുന്നത്. ആമസോണിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണുയരുന്നത്.