ഇസ്വ്‌ലാഹിന്റെ അക്ഷര പ്രകാശം – ഡോ. കെ ടി അന്‍വര്‍ സാദത്ത് (ജന.സെക്രട്ടറി, കടങ കേരള)
ഇസ്‌ലാഹിന്റെ അക്ഷര പ്രകാശമാണ് ശബാബ്. താളുകളില്‍ മഷി പുരണ്ട കാലം തൊട്ടുതന്നെ ഇസ്‌ലാമിക കാലിക വായനയ്ക്ക് വഴിയൊരുക്കികൊണ്ടിരിക്കുകയാണത്. പതിറ്റാണ്ടുകള്‍ നീണ്ട അതികഠിന പ്രയത്‌നങ്ങളുടെ സാക്ഷാത്കാരങ്ങളുമായി ‘യൗവന യുക്ത’മായി ശബാബ് ഇന്നും പരിഷ്‌കരണ വീഥിയിലുണ്ട്. നാം ഇപ്പോഴുള്ളത് ശബാബിന്റെ പ്രചാരണ മാസത്തിലാണ്. അക്ഷര പൂജകരാകാതെ നിലപാടുകളെ ഊട്ടിയുറപ്പിച്ച് ആദര്‍ശത്തിന് കരുത്തു പകരാന്‍ ഓരോ ആഴ്ചയിലെയും ശബാബിനെ പ്രതീക്ഷിക്കുന്ന പതിനായിരങ്ങള്‍ കേരളക്കരയിലുണ്ട്.
അതുകൂടാതെ ശബാബ് വായനയുടെ പുതുരസമാസ്വദിക്കാന്‍ കാത്തിരിക്കുന്ന വലിയൊരു വിഭാഗവും ഇവിടെയുണ്ട്. വായനക്കാരുടെ വരി പുതുക്കാനും പുതുവായനക്കാരെ വരിചേര്‍ക്കാനും അവരിലേക്കിറങ്ങി ചെല്ലേണ്ടുന്ന സമയമാണിത്. പ്രചാരണ മാസത്തില്‍ ഗൗരവകരമായ വായനയെ ആഗ്രഹിക്കുന്ന മുഴുവന്‍ മലയാളികളെയും സമീപിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
1975 മുതല്‍ ശബാബ് പരിചയപ്പെടുത്തിയ ആശയതലംകൊണ്ടു രൂപപ്പെട്ട ഒരു വായനാ സംസ്‌കാരം നമ്മുടെ മുന്നിലുണ്ട്. സാമൂഹിക സഹവര്‍ത്തിത്തത്തിലൂടെ ഇഴചേര്‍ന്ന മത സാമുദായിക സംഘങ്ങളെ ചിട്ടപ്പെടുത്താന്‍ ആ വായനാ സംസ്‌കാരം പിന്നിട്ട കാലങ്ങളില്‍ വഹിച്ച പങ്ക് സ്മരണീയമാണ്. വിശ്വാസ വിമലീകരണത്തിനും അന്ധവിശ്വാസ, അനാചാര വിപാടനത്തിനുമായി ‘ഇസ്‌ലാഹിന്റെ ജിഹ്വ’ പടനയിച്ചത് ചരിത്രമാണ്. അതി ആത്മീയതയെയും തീവ്രവാദ നിലപാടുകളെയും മതത്തിന്റെ സൗന്ദര്യമായ മിതത്വത്തിലേക്ക് വഴി നടത്താന്‍ വെളിച്ചം പകര്‍ന്നതും ‘പ്രസ്ഥാനത്തിന്റെ മുഖപത്ര’ത്തില്‍ അച്ചടിച്ചുവന്ന അക്ഷരങ്ങളിലൂടെയാണ്.
ഇന്ന് ഫാസിസത്തിന്റെ ആസുരത സ്ഥലകാല ബോധങ്ങള്‍ക്കുമേല്‍ അതിന്റെ സകല ഉടയാടകളും അഴിച്ചിട്ട് നഗ്ന നൃത്തമാടുമ്പോള്‍ നിലനില്‍പ്പിനായി പോരാടുന്നവരുടെ ശബ്ദമാകാന്‍ ഈ വേറിട്ട ‘വായനാ സംസ്‌കാരം’ കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചു പറയട്ടെ. എതിര്‍സ്വരങ്ങളെ അപസ്വരങ്ങളാക്കി കുഴിച്ചുമൂടാനോ ദഹിപ്പിക്കാനോ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ നല്ല കേള്‍വിയുള്ള കര്‍ണ്ണപുടങ്ങളാകുകയെന്നതാണ് ജീവനുള്ള യുവജന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ശബാബിന് ജീവന്‍ പ്രദാനം ചെയ്യുന്ന ഐ .എസ്എം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
പൂര്‍വ്വ സൂരികള്‍ ഇസ്‌ലാഹിനും സാമൂഹിക മാറ്റങ്ങള്‍ക്കും വേണ്ടി സ്വസമ്പത്തും ആയുസ്സും കൊണ്ട് അടരാടിയത് ഈ ‘ശബ്ദം’ നിലനില്‍ക്കാന്‍ വേണ്ടിയായിരുന്നു. ഒരായുസ്സിന്റെ ഭൂരിഭാഗം തുടിപ്പും ഈ ‘പടധ്വനി’യുടെ മിടിപ്പ് നിലച്ചുപോകാതിരിക്കാനായി ത്യാഗം ചെയ്ത അനേകം പണ്ഡിതന്‍മാരും നേതാക്കളുമുണ്ട്. ‘പരിഷ്‌കരണ ജ്വാല’യായി ഈ ‘അക്ഷര പ്രകാശം’ അണയാതെ നിലകൊള്ള ണമെന്ന അവരുടെയൊക്കെ ഉല്‍ക്കടമായ അഭിലാഷമാണ് ഇന്നും ഇതിന്റെ ഊര്‍ജം.
കാലാന്തരങ്ങളിലൂടെ നമ്മിലേക്ക് കൈമാറി വന്ന ഈ ‘ജ്വാല’യെ ‘അഗ്നി സ്ഫുലിംഗ’ങ്ങളായി രൂപാന്തരപ്പെടുത്താനാകണം. ജീവന്‍ കൊടുത്തും ഇതിനെ ആളിക്കത്തിക്കേണ്ടത് ഓരോ ഐ എസ് എം പ്രവര്‍ത്തകരുടെയും പ്രവര്‍ത്തന ലക്ഷ്യമാണ്.
ശാസ്ത്ര സാങ്കേതിക തികവിന്റെ നിറവില്‍ ജീവിക്കുന്ന യുവതയുടെ പ്രതീകമായ ശബാബും കാലോചിത മാറ്റങ്ങളോടെ ഇ-പതിപ്പ് രംഗത്തിറങ്ങുന്നത് ഈ പ്രചാരണ മാസത്തിലെ പ്രത്യേകതയാണ്. വിദേശത്തെ വായനക്കാര്‍ക്ക് സമയബന്ധിതമായി ശബാബ് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഇസ്‌ലാഹീ സെന്ററുകളിലെ പ്രവര്‍ത്തകര്‍ ആവേശപൂര്‍വം ഇതേറ്റെടുത്തത് സന്തോഷകരമാണ്. ജീവസുറ്റ ഈ യുവജന പ്രസ്ഥാനത്തിന്റെ ധൈഷണിക പോരാട്ടത്തില്‍ സ്ഥായിയായ ഒലികള്‍ തീര്‍ക്കുന്ന ശബാബിനെ നിങ്ങള്‍ നെഞ്ചേറ്റണമെന്ന് സ്വദേശത്തും വിദേശത്തുമുള്ള മുഴുവന്‍ പ്രവര്‍ത്തകരോടും ആവശ്യപ്പെടട്ടെ. പ്രചാരണ മാസത്തെ കര്‍മധന്യമാക്കുക. വസന്തം വിരിയിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.