23 Thursday
October 2025
2025 October 23
1447 Joumada I 1

ഇസ്രായേല്‍ നടപടി ദ്വിരാഷ്ട്ര പരിഹാരത്തിന് തടസ്സം; വിമര്‍ശനവുമായി യുഎന്‍ മേധാവി


അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ പിന്തുടരുന്ന നയം ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈയിടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗുട്ടെറസ് ഇസ്രായേല്‍ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നിരന്തരമായി വെസ്റ്റ്ബാങ്കിന്റെ ഘടനയില്‍ മാറ്റം വരുത്തുകയാണ് ഇസ്രായേലെന്നും ഗുട്ടെറസ് കുറ്റപ്പെടുത്തി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് ഗുട്ടെറസിന്റെ പ്രസ്താവന പുറത്തുവന്നത്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റം ഇസ്രായേല്‍ വലിയ രീതിയില്‍ വര്‍ധിപ്പിക്കുകയാണ്. പ്രധാനപ്പെട്ട മേഖലകളില്‍ ഭൂമി ഏറ്റെടുത്തുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഇത് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് എതിരാകുമെന്ന ആശങ്കയാണ് ഗുട്ടെറസ് പ്രകടിപ്പിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റിക്കെതിരെ ശിക്ഷാര്‍ഹമായ നടപടികളാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ അഞ്ച് ഇസ്രായേലി ഔട്ട്‌പോസ്റ്റുകള്‍ നിയമപരമാക്കിയത് ഇതിന്റെ ഭാഗമാണ്. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തണം. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണം. മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. നേരത്തേ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രദേശത്തെ ഇസ്രായേലി കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗസ്സയില്‍ ഒക്ടോബറില്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ് ഫലസ്തീനികള്‍ക്കെതിരെ വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചത്.

Back to Top