9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഇലക്‌ട്രോണിക് സിഗരറ്റ് കൗമാരത്തെ പിടികൂടാന്‍ പുതിയ വില്ലന്‍ – മുഹമ്മദ് ഹാദി

കേരളത്തില്‍ കൗമാരക്കാര്‍ അതിവേഗം വിവിധ തരം ലഹരികളുടെ അടിമകളായി കൊണ്ടിരിക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ കാലം മുതല്‍ക്ക് തന്നെ മദ്യവും മയക്കുമരുന്നുകളും കുട്ടികള്‍ രുചിച്ച് തുടങ്ങുന്നുണ്ട്. പുകവലിയും കുട്ടികളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. നവസാങ്കേതിക വിദ്യകള്‍ ഇത്തരം ദുഷ്പ്രവണതകള്‍ക്ക് ആക്കം പകരുകയാണ്. പുകവലിയുടെ ഏറ്റവും പുതിയ രൂപമായ ഇലക്‌ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) ഇപ്പോള്‍ വലിയ പ്രചാരം നേടി വരികയാണ്. സംസ്ഥാനത്ത് ഇ-സിഗരറ്റ് നിരോധിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവ വിദ്യാര്‍ഥികളുടെ കൈയിലെത്തുന്നത്. അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നതാണ് ഇ-സിഗരറ്റുകളെന്ന് അമേരിക്കയിലും ജപ്പാനിലും നടന്ന ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നേരത്തെ യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇ-സിഗരറ്റിന്റെ ഉപയോഗം വ്യാപകമായ പശ്ചാത്തലത്തില്‍ ഉത്പാദനം, വില്‍പ്പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ച് 2016-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്താണ് ഇലക്‌ട്രോണിക്സിഗരറ്റ്?
വേപ് പെന്‍സ്, ഇഹുക്കാസ്, ഹുക്കാ പെന്‍സ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇ-സിഗരറ്റിനുള്ളത്. പേനകളുടെയും യു എസ് ബി സ്റ്റിക്കുകളുടെയുമൊക്കെ മാതൃകയില്‍ നിരവധി ബ്രാന്‍ഡുകളിലുള്ള ഇ-സിഗരറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. 18 വയസിനു മുകളില്‍ എന്നു പ്രായം രേഖപ്പെടുത്തി ആര്‍ക്കും ഇത്തരം സൈറ്റുകളില്‍നിന്ന് ഓര്‍ഡര്‍ ചെയ്യാം. ആയിരം രൂപയോളമാണ് വില. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണമാണ് ഇ-സിഗരറ്റ്. നിക്കോട്ടിനും ആരോഗ്യത്തിനു ഹാനികരമായ കൃത്രിമ രുചിക്കൂട്ടുകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ നിക്കോട്ടിനും മറ്റു രാസവസ്തുക്കളും ചൂടായി ഉണ്ടാകുന്ന പുക ഉള്ളിലേക്കു വലിക്കുന്നു.
അമിതമായ സിഗരറ്റ് ഉപയോഗത്തില്‍നിന്ന് ആളുകളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട ഉപകരണമാണ് ഇ-സിഗരറ്റ്. സാധാരണ സിഗരറ്റിനെ അപേക്ഷിച്ചു വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഇതില്‍ നിക്കോട്ടിന്‍ ഉണ്ടാവുന്നത്. പക്ഷേ, കുട്ടികളില്‍ ഇ-സിഗരറ്റ് ഉപയോഗം, സാധാരണ സിഗരറ്റടക്കം പുകയില ഉത്പന്നങ്ങളുടെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിലേക്കെത്തിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാനും ഇ-സിഗരറ്റ് ഉപയോഗിച്ചു വരുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇ-സിഗരറ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
ദൂഷ്യങ്ങള്‍
ക്യാന്‍സറിനു കാരണമാകുന്ന ബെന്‍സീന്‍ എന്ന ഘടകം ഇ-സിഗരറ്റിലടങ്ങിയിട്ടുണ്ട്. മണത്തിനും രുചിക്കുമായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ശ്വാസകോശത്തിനു ഹാനികരമാണ്. ഉപയോഗിക്കുമ്പോള്‍ പൊട്ടിത്തെറിച്ചാല്‍ പൊള്ളലേല്‍ക്കാനും കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
കുട്ടികളുടെ തലച്ചോറിനെ ബാധിക്കും
ഇ-സിഗററ്റിന്റെ അപകടവശങ്ങളെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ക്കു സാധാരണ സിഗരറ്റിനോട് ആകര്‍ഷണം തോന്നാം. ഇ-സിഗരറ്റിലുള്ള നിക്കോട്ടിന്‍ കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പുക ഉള്ളിലേക്കു വലിക്കുന്നത് ആസ്തമയിലേക്കും വിട്ടുമാറാത്ത ചുമയിലേക്കും നയിക്കാം. ഇ-സിഗരറ്റില്‍ നിന്നു പുറത്തുവരുന്ന രാസവസ്തുക്കള്‍ ഒരാളുടെ ഡി എന്‍ ടി ഘടകങ്ങളില്‍ കേടുവരുത്തും. ഇതു ക്യാന്‍സറായി പരിണമിക്കാനും സാധ്യതയുണ്ട്. ഇ-സിഗരറ്റിന്റെ കടന്നു കയറ്റത്തെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണങ്ങള്‍ ആവശ്യമുണ്ട്.
Back to Top