22 Sunday
December 2024
2024 December 22
1446 Joumada II 20

ഇറാന്‍ റെവലൂഷനറി ഗാര്‍ഡിനെ ഭീകരപ്പട്ടികയില്‍ പെടുത്താന്‍ യു എസ്

ഉപരോധങ്ങളില്‍ പെട്ടുഴലുന്ന ഇറാനെ ഞെരുക്കാന്‍ കൂടുതല്‍ നടപടികളുമായി യു എസ്. ഇറാനിലെ സൈനിക വിഭാഗമായ റെവലൂഷനറി ഗാര്‍ഡിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു എസ് ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ യു എസ് ഭീകരവാദികളായി മുദ്രകുത്താന്‍ നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉത്തരവിറക്കിയേക്കും.  തങ്ങള്‍ക്ക് പഥ്യമല്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് യു.എസ് സൈന്യത്തിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെയും ഗൂഢപദ്ധതിയെന്നും വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ പെന്റഗണും വൈറ്റ്ഹൗസും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും വിസമ്മതിച്ചു.
യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് പുതിയ തീരുമാനത്തിന് പിന്നില്‍. ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം. കരാറില്‍നിന്ന് പിന്മാറിയതിനു പിന്നാലെ റെവലൂഷനറി ഗാര്‍ഡുമായി ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് നിരവധി സ്ഥാപനങ്ങളെയും ആളുകളെയും യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.  1979ലാണ് ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ്‌സ് കോര്‍പിന്റെ രൂപവത്കരണം.
Back to Top