ഇറാന്‍ ഇറാഖ്; പുതിയ ബന്ധങ്ങള്‍
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ ഇത്രമാത്രം കലുഷിതമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഒരു ഘടകം ഇറാന്‍ ഇറാഖ് യുദ്ധവും അവര്‍ തമ്മിലുള്ള വൈരവുമായിരുന്നു. ശിയാ സുന്നി ദ്വയത്തെ വംശീയ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുംവിധം രണോത്സുകമാക്കി നിര്‍ത്തുന്നതില്‍ ഈ രാജ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സദ്ദാം അനന്തര ഇറാഖ്, സുന്നീ ശിയാ സംഘര്‍ഷങ്ങളും ആഭ്യന്തര കലഹങ്ങളും കൊണ്ട് ശിഥിലീകരിക്കപ്പെടുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തിരുന്നു. പലവട്ടം ഇറാഖില്‍ ഭരണമാറ്റങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഈയടുത്ത് നടന്ന ഇറാഖ് പൊതു തെരഞ്ഞെടുപ്പില്‍ ശി യാപക്ഷം നയിക്കുന്ന രാഷ്ട്രീയ സഖ്യത്തിന് മേല്‍ക്കൈ ലഭിക്കുകയും അധികാരത്തില്‍ വരികയും ചെയ്തു. ഇറാഖിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബര്‍ഹാം സാ ലിഹ് ഇറാനില്‍ എത്തിയതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ സന്ദര്‍ശിക്കുന്നതിനാണ് സാലിഹ് ഇറാനിലെത്തിയത്. ഇറാനും നിലവിലെ ഇറാഖ് ഭരണകൂടവും തമ്മില്‍ അടുക്കുന്നത് മേഖലയിലെ ശിയാ സ്വാധീനത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് സുന്നീ പക്ഷത്തുള്ളവര്‍ ഭയക്കുന്നത്. എന്നാല്‍ തീവ്രവാദികള്‍ക്കും ഭീകരവാദത്തിനുമെതിരിലുള്ള പോരാട്ടത്തില്‍ ഇറാന്റെ പിന്തുണ തേടലും ഇറാഖിന്റെ സമഗ്ര വികസനവുമാണ് സലാഹിന്റെ സന്ദര്‍ശനത്തിന് പിന്നിലുള്ളതെന്നും മറ്റ് അഭ്യൂഹങ്ങള്‍ വേണ്ടെന്നുമാണ് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാനും ഇറാഖും തമ്മില്‍ അടുക്കുന്നതും സൗഹ്യദത്തിലാകുന്നതും മേഖലക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നാന് അവരുടെ അവകാശവാദം.