12 Monday
January 2026
2026 January 12
1447 Rajab 23

ഇറാന്റെ വെള്ളപ്പൊക്കസഹായം അമേരിക്ക തടയുമെന്ന്

അതിശക്തമായ പേമാരിയും വെള്ളപ്പൊക്കവും മൂലം വന്‍ നാശനഷ്ടങ്ങള്‍ രാജ്യത്തുണ്ടായ വാര്‍ത്തകളാണ് കഴിഞ്ഞയാഴ്ചയില്‍ ഇറാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറാന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലാണ് പേമാരി വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരിക്കുന്നത്. പ്രളയത്തിന്റെ കെടുതിയില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍ കഴിയുകയാണെന്നാണ് വാര്‍ത്തകള്‍. പ്രളയ വാര്‍ത്തകള്‍ പുറത്ത് വന്നയുടന്‍ തന്നെ വിവിധ ലോക രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇറാനെ സഹായിക്കാനും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഉപരോധത്തിന്റെ കാരണം പറഞ്ഞ് അമേരിക്കന്‍ ഭരണകൂടം അത്തരം സഹായങ്ങളെ മുഴുവന്‍ മുടക്കിയിരിക്കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാനിലെ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തങ്ങള്‍ക്ക് ഒരു രൂപ പോലും ഇങ്ങനെ കിട്ടിയില്ലെന്നും നിലവില്‍ ഇത്ര വലിയ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാന്‍ മറ്റ് വരുമാന സ്രോതസുകളൊന്നുമില്ലെന്നും റെഡ്ക്രസന്റ് കുറ്റപ്പെടുത്തി. ഒരു ദുരന്ത മുഖത്ത് പോലും പക പോക്കാന്‍ തുനിയുന്ന അമേരിക്കന്‍ നിലപാടിനെതിരില്‍ പല ഭാഗത്ത് നിന്നും വിമര്‍ശങ്ങളുയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രങ്ങളും സംഘടനകളും ദുരന്തമുണ്ടായ ഉടന്‍ തന്നെ ഇറാനിലേക്ക് പണം അയക്കാന്‍  തയാറായിരുന്നതായും എന്നാല്‍ നിലവില്‍ ഇറാനിലേക്ക് പണമയക്കാന്‍ സംവിധാനങ്ങളില്ലാത്തത് കൊണ്ട് അത് നടക്കാതിരിക്കുകയാണെന്നും റെഡ് ക്രസന്റ് ആരോപിച്ചു. ഒരു ജനത ഒരു ദുരിതത്തെ അഭിമുഖീകരിക്കുമ്പോള്‍  പ്രതികാരം ചെയ്യുന്നത് ഒരു പരിഷ്‌ക്യത സമൂഹത്തിന് അപമാനമാണെന്നും സഹായം നല്‍കാന്‍ തയാറാകുന്നവര്‍ക്ക് അത് ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്നും അതിന് തടയിടാന്‍ ശ്രമിക്കരുതെന്നും അമേരിക്കയോട് ആവശ്യമുയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
Back to Top