22 Sunday
December 2024
2024 December 22
1446 Joumada II 20

ഇറാനെതിരെ ഇല്ലെന്ന് യൂറോപ്യന്‍ യൂനിയന്‍

ഇറാനെതിരേ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഉപജാപങ്ങളാണ് കഴിഞ്ഞ കുറേക്കാലമായുള്ള അന്തര്‍ദേശീയ വാര്‍ത്തകളിലെ പ്രധാനപ്പെട്ട വിവരങ്ങളിലൊന്ന്. തങ്ങളുടെ ഇംഗിതത്തിനൊത്ത് നില്‍ക്കാത്ത ഇറാനെ ആഭ്യന്തരമായും രാഷ്ട്രീയമായും ശിഥിലമാക്കാനുള്ള പല പദ്ധതികളും അമേരിക്ക ആസൂത്രണം ചെയ്യുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സമ്മര്‍ദ്ദപ്പെടുത്തി കൂടെ നിര്‍ത്താനുള്ള പരമ്പരാഗത തന്ത്രങ്ങളാണ് ഇക്കുറിയും അമേരിക്ക പയറ്റുന്നത്. അടുത്ത മാസം പോളണ്ടില്‍ വെച്ച് നടക്കാനിരിക്കുന്ന പശ്ചിമേഷ്യന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇറാനെതിരായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അമേരിക്ക ചരടുവലികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി മറ്റ് പാശ്ചാത്യ രാജ്യങ്ങളെക്കൊണ്ട് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു നീക്കവും അമേരിക്ക ആരംഭിച്ചിരുന്നു. എന്നാല്‍ ആ നീക്കത്തിനെതിരേ മുഖം തിരിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പ്രത്യക്ഷമായിത്തന്നെ തങ്ങളുടെ വിയോജിപ്പ് അമേരിക്കയെ അറിയിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. യു.എസിന്റെ നേതൃത്വത്തിലുള്ള ഇറാന്‍ വിരുദ്ധ ചേരിയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വിട്ടു നിന്നേക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഫെബ്രുവരി 13,14 തിയതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ യഥാര്‍ഥ അജണ്ട എന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ആദ്യമായി അതില്‍ വ്യക്തത വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചിട്ടുണ്ട്. ഇറാനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞു. പരിപാടിയുടെ ലക്ഷ്യങ്ങളോ അജണ്ടകളോ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വക്താവ് ഫെഡറിക മൊഗരിണി പ്രസ്താവിച്ചു.
Back to Top