ഇറാനുനേരെ യു എസ് സൈബര്‍ ആക്രണം
ഇറാന്റെ റോക്കറ്റ്, മിസൈല്‍ ലോഞ്ചറുകള്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിനു നേരെ യു എസ് സൈന്യത്തിന്റെ സൈബര്‍ ആക്രമണം. യു.എസ് മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളുമാണ് സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതെസമയം, ഡ്രോണ്‍ കഴിഞ്ഞ മേയിലും വ്യോമപരിധി ലംഘിച്ചതായി ഇറാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡ്രോണ്‍ വെടിവെച്ചിട്ടതിന്റെ പ്രതികാരമായി ഇറാനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ യു എസ് സൈബര്‍ കമാന്‍ഡിന് ട്രംപ് ഉത്തരവ് നല്‍കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ അത്യാധുനിക മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇറാന്‍ റെവലൂഷനറി ഗാര്‍ഡിനെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കുന്നത് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ്.. മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കില്‍ ആക്രമണം നടന്നാല്‍ നിമിഷനേരത്തിനുള്ളില്‍ ആയുധങ്ങള്‍ തൊടുക്കാന്‍ സാധിക്കില്ല. ഇറാന്റെ അത്യാധുനിക മിസൈലുകള്‍ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. മുമ്പും ഇറാനെതിരെ യു.എസ് സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
അതിനിടെ, യു എസിന്റെ മുന്‍കരുതല്‍ ദൗര്‍ബല്യമായി ഇറാന്‍ തെറ്റിദ്ധരിക്കരുതെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ മുന്നറിയിപ്പു നല്‍കി. പശ്ചിമേഷ്യന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇറാന് ആരും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍യു.എസ് സംഘര്‍ഷം പരിഹരിക്കാന്‍ ബ്രിട്ടീഷ് മന്ത്രി ആന്‍ഡ്ര്യൂ മുറിസന്‍ ഇറാനിലെത്തിയിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കമാല്‍ കര്‍സായിയുമായി അദ്ദേഹം ചര്‍ച്ച നടത്തി