24 Friday
January 2025
2025 January 24
1446 Rajab 24

ഇരുപത്തിയെട്ട് കുന്ന് കയറി പുഴ കടന്ന്  – ഷെരീഫ് സാഗര്‍

.നോവല്‍ അവസാനിക്കുന്നു
കഥ ഇതുവരെ
കൊല്ലിക്കാവിലെ അറയും നിരയുമുള്ള തറവാടാണ് ഓപ്പച്ചിറ. ഹംസ ഹാജിയും നബീസുമ്മയും മക്കളായ സുബൈറും ജാഫറും ആബിദയും സഫിയയുമാണ് തറവാട്ടിലെ അംഗങ്ങള്‍. സ്വത്ത് വീതംവെപ്പില്‍ തെറ്റിപ്പിരിഞ്ഞ അനുജന്‍ അബ്ദുല്‍ഖാദറും കുടുംബവുമായി ഹംസ ഹാജി പിണക്കത്തിലാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും മകള്‍ സഫിയക്ക് ആലോചനകള്‍ വരാതിരുന്നതിനാല്‍ ശൈഖ് പരീത് തങ്ങള്‍ എന്ന സിദ്ധനെ വിളിച്ചുവരുത്തി ഹംസ ഹാജി പ്രശ്‌നം നോക്കി. കുടുംബത്തിലുള്ള ആരോ മാരണം ചെയ്തതാണെന്ന് തങ്ങള്‍ പറഞ്ഞതു കേട്ട് അനുജന്‍ അബ്ദുല്‍ഖാദറും കുടുംബവുമാണ് അതെന്ന് ഓപ്പച്ചിറയിലുള്ളവര്‍ ഉറപ്പിച്ചു.
പരീത് തങ്ങളുടെ വാക്ക് യാഥാര്‍ഥ്യമായി. പറഞ്ഞതിന്റെ പത്താംനാള്‍ സഫിയയെ വിവാഹം ആലോചിച്ച് സൈഫുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‍ വന്നു. അതിനിടെ ആബിദയുടെ ഭര്‍ത്താവ് അസ്‌ക്കറിനെ കാണാതായി. സഫിയയും കുനിങ്ങോട് ചിലമ്പുപാടത്തെ സൈഫുദ്ദീനും തമ്മിലുള്ള വിവാഹം ആര്‍ഭാടത്തോടെ നടന്നു. സൈഫുദ്ദീന്‍ എന്തിനും പരീത് തങ്ങളെ ആശ്രയിക്കുന്ന ആളാണെന്ന് സഫിയ അറിഞ്ഞു. പരീത് തങ്ങള്‍ പറഞ്ഞിട്ടാണ് സഫിയയെ വിവാഹം ചെയ്തതെന്ന കാര്യവും സൈഫുദ്ദീന്‍ വെളിപ്പെടുത്തി. അയല്‍പക്കത്തെ അദ്ധ്യാപിക റഹ്മത്ത് സഫിയയെ ഏറെ സ്വാധീനിച്ചു. കൊല്ലിക്കാവിലെ പ്രളയം കാരണം ഓപ്പച്ചിറയിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ക്യാമ്പിലെ കൂട്ടുജീവിതം സഫിയയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ക്യാമ്പ് ജീവിതത്തിനിടെ അനുജന്‍ അബ്ദുല്‍ഖാദറുമായുള്ള പിണക്കത്തിലെ തെറ്റിദ്ധാരണകള്‍ ഓരോന്നായി ഇല്ലാതായി. ആബിദയുടെ കാണാതായ ഭര്‍ത്താവ് തിരിച്ചെത്തി. സഫിയ തനിക്ക് പഠിത്തം തുടരണമെന്ന് ബന്ധുക്കളെ അറിയിച്ചു. സഫിയയെയും കൂട്ടി സൈഫുദ്ദീന്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയി. പഠനം തുടരാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സൈഫുദ്ദീന്‍ കൊടൈക്കനാലിലേക്ക് പരീത് തങ്ങളെ വിളിച്ചുവരുത്തി മന്ത്രവാദ ചികിത്സക്ക് ഒരുങ്ങി. അവിടെനിന്ന് രക്ഷപ്പെട്ട സഫിയ സ്‌കൂള്‍ ട്രിപ്പിനു വന്ന ഒരു ടീമിനൊപ്പം കൂടി. ഓപ്പച്ചിറയിലേക്ക് മടങ്ങിയെത്തിയ അവള്‍ സൈഫുദ്ദീനെ പിരിയുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു.
(തുടര്‍ന്ന് വായിക്കുക)
ശൈഖിന്റെ കുന്നില്‍നിന്ന് കുറുക്കന്മാര്‍ ഓരിയിട്ടുകൊണ്ടിരുന്നു. രാത്രിയുടെ കരിമ്പടം വകഞ്ഞ് ഒരു പൊലീസ് ജീപ്പ് കുന്ന് കയറുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അങ്ങാടിയിലെ ആളുകളും ജീപ്പിനൊപ്പം കുന്ന് കയറാന്‍ തുടങ്ങി.
”കുന്നില്‍ എത്തുന്നതിന് മുമ്പ് ടയറ് പഞ്ചറാകും.” ജീപ്പിനു പിന്നാലെ ഓടുന്ന ഒരാള്‍ പറഞ്ഞു.
നേരത്തെ അങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ തങ്ങളെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് ജീപ്പ് പഞ്ചറായി. അത് തങ്ങളുപ്പാന്റെ ഖുദ്‌റത്ത് കൊണ്ടാണെന്ന് എല്ലാവരും പറഞ്ഞുണ്ടാക്കി. കുന്നിലേക്ക് കയറുമ്പോള്‍ മണ്ണില്‍നിന്ന് എറിച്ചു നില്‍ക്കുന്ന കല്ലുകളാണ് അന്ന് പൊലീസ് ജീപ്പിന്റെ കാറ്റഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ശൈഖിന്റെ കുന്നിലേക്കുള്ള വഴി ടാറിട്ട് വൃത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു തട്ടും തടവുമില്ലാതെ ജീപ്പ് കുന്നിന്‍ മുകളിലെത്തി.
ഒരു യുവതിയാണ് തങ്ങളെ കുടുക്കിയത്. ദീര്‍ഘകാലമായി അയാളുടെ കത്രികപ്പൂട്ടില്‍ വീണു പോയ പെണ്ണായിരുന്നു അത്. അവളുടെ അറുപത് പവന്റെ പണ്ടമാണ് പരീത് കൈക്കലാക്കിയത്. കൂടാതെ മാനഭംഗപ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന പീഡനം സഹിക്കാതായപ്പോഴാണ് അവള്‍ പൊലീസിനെ സമീപിച്ചത്.
എല്ലാ തെളിവുകളും ശേഖരിച്ച ശേഷം പൊലീസ് അറസ്റ്റിലേക്ക് നീങ്ങി. കൈകളില്‍ വിലങ്ങിട്ട് പരീത് തങ്ങളെ പൊലീസ് ജീപ്പിലേക്ക് കയറ്റിയപ്പോഴേക്കും കുന്ന് നിറയെ ആളുകൂടി. തങ്ങളുടെ അനുയായികളില്‍ പലരും ബഹളം വെക്കാന്‍ തുടങ്ങി. പൊലീസ് അവരെ വിരട്ടിയോടിച്ചു. തലയിലെ തട്ടം കൊണ്ട് മുഖം മറച്ച് തങ്ങള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ ജീപ്പിലേക്ക് കയറി പതുങ്ങിയിരുന്നു.
ശൈഖിന്റെ കുന്നില്‍ രാജാവിനെപ്പോലെ വാണ പരീത് തങ്ങളെ അന്തിക്കന്തി പൊലീസ് കൊണ്ടുപോയി. അനുയായികള്‍ ചിലര്‍ അതുകണ്ട് കരഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പരീതിനെ കൊണ്ടുപോകുന്ന വീഡിയോ പരന്നു. അതുവരെ അയാളുടെ മഹത്വം പറഞ്ഞവരൊക്കെ ആക്ഷേപിക്കാന്‍ തുടങ്ങി. അങ്ങാടിയിലും അടുക്കളയിലും അതായി ചര്‍ച്ച.
റഹ്്മത്തിന്റെ ഫോണ്‍ വെച്ച ഉടനെ സഫിയ വീട്ടിലുള്ളവരോട് വിവരം പറഞ്ഞു.
”തീര്‍ന്നല്ലോ. ഇനിയിപ്പൊ ആ പ്രശ്‌നം പറഞ്ഞ് ആരും ബേജാറാവണ്ട.” ഹംസ ഹാജി പറഞ്ഞു.
”എന്തൊക്കെയായിരുന്നു! കക്കൂസില്‍ പോകാന്‍ പോലും അയാളുടെ അനുവാദം ചോദിച്ചിരുന്ന ആളുകളാ…” സുബൈറിന്റെ പ്രതികരണം അങ്ങനെയായിരുന്നു.
എന്തോ ഭാരം ഒഴിഞ്ഞ ആശ്വാസത്തില്‍ അബ്ദുല്‍ഖാദര്‍ എല്ലാവരെയും നോക്കി. പരീത് കാരണം കുടുംബത്തില്‍നിന്ന് അബ്ദുല്‍ഖാദര്‍ കേട്ട ആക്ഷേപത്തിന് കണക്കുണ്ടായിരുന്നില്ല. പരീതിന്റെ വാക്കു കേട്ട് മാരണപ്പേടിയുടെ ചെളിക്കുണ്ടിലേക്ക് വീണുപോയ ഹംസ ഹാജി പ്രതിയാക്കിയത് അനുജനെയായിരുന്നു.
സഫിയ ഓര്‍ക്കുകയായിരുന്നു. മഴത്തണുപ്പുള്ള ആ രാത്രിയില്‍ ഓപ്പച്ചിറയിലേക്ക് ഇറങ്ങി വന്ന ആ മനുഷ്യനെ എത്ര ആദരവോടെയാണ് തറവാട്ടിലുള്ളവര്‍ സ്വീകരിച്ചത്! പരീത് തങ്ങളെ ശൈഖിന്റെ കുന്നില് പോയാലേ കാണാന്‍ പറ്റുമായിരുന്നുള്ളൂ. ആരുടെയും വീട്ടിലേക്ക് കയറിച്ചെല്ലാത്ത അയാള്‍ ഓപ്പച്ചിറയിലേക്ക് വന്നിരിക്കുകയാണ്. കൊല്ലിക്കാവിലെ ആര്‍ക്കും കിട്ടാത്ത ഭാഗ്യമെന്നാണ് അന്ന് ഉപ്പ പറഞ്ഞത്. എന്നാല്‍, അയാളുടെ മുട്ടറുക്കല്‍ കാരണം എത്രയെത്ര മുട്ടുകളാണ് തറവാടിനുണ്ടായത്!
ആ അധ്യായം അവസാനിച്ചിരിക്കുന്നു. ഏതൊരു ഞെരുക്കത്തിനു ശേഷവും ഒരു എളുപ്പത്തെ കാണിച്ചുതരുന്നവനാണ് പടച്ചവന്‍. ആ എളുപ്പത്തിലേക്ക് ഇനിയെങ്കിലും ജീവിതം വഴിമാറിയെങ്കിലെന്ന് സഫിയ മോഹിച്ചു. ഈ വലിയ കുരുക്കില്‍നിന്ന് ഇപ്പോഴെങ്കിലും മോചനം തന്ന റബ്ബിനെ അവള്‍ സ്തുതിച്ചു. ഇത്രയും കാലം പറ്റിക്കപ്പെട്ടതിന്റെ നിരാശയും വേദനയും ഹംസ ഹാജിയുടെ മുഖത്തുനിന്ന് അവള്‍ വായിച്ചെടുത്തു.
”എന്നാലും എന്തൊരു മനുഷ്യനായിരുന്നു! പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലാകും. അത്രതന്നെ.” നബീസുമ്മ മൂക്കത്ത് വിരല്‍വെച്ചു.
ഒന്നാമത്തെ പ്രശ്‌നം മാത്രമാണ് പരിഹരിക്കപ്പെട്ടത്. ഇനിയാണ് വലിയൊരു പ്രശ്‌നം കിടക്കുന്നത്. അത് സഫിയയുടെ ജീവിത പ്രശ്‌നമാണ്. ആ പ്രശ്‌നങ്ങളുടെ പ്രധാന കാരണക്കാരന്‍ ഇപ്പോള്‍ ചിത്രത്തില്‍നിന്ന് മാഞ്ഞു പോയിരിക്കുന്നു. ഇനിയൊരു തീരുമാനമെടുത്തേ പറ്റൂ. എല്ലാവരും കൂടി സഫിയയുടെ മുഖത്തേക്കു തന്നെ നോക്കി.
”ഞാനൊന്നും പറയുന്നില്ല. അയാളുടെ കൂടെ ഇനി ജീവിക്കാനാകുമെന്ന് തോന്നുന്നില്ല.” സഫിയ നേരത്തെ പറഞ്ഞതു തന്നെ ആവര്‍ത്തിച്ചു.
”ഇപ്പോള്‍ ഇങ്ങനെയൊക്കെ തോന്നും. ഓനിപ്പൊ കാര്യമൊക്കെ തിരിഞ്ഞിട്ടുണ്ടാകും. ഓന്‍ വന്ന് കെഞ്ചുകയാണെങ്കി ആലോചിക്കാം.” ഹംസ ഹാജിയുടെ അഭിപ്രായം അതായിരുന്നു.
ചര്‍ച്ച നടക്കുന്നതിനിടെ ആബിദ ഫോണുമായി വന്നു. പരീത് തങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് ഫോണിലുണ്ടായിരുന്നത്. എല്ലാവരും വട്ടംകൂടി അത് കണ്ടു.
”ഇതൊന്ന് അന്റെ കെട്ട്യോന് അയച്ചുകൊടുക്ക്. അയാളുടെ വാക്കും കേട്ട് ഓന്‍ തിന്ന പുളിങ്കുരുവിന് വല്ല കണക്കുമുണ്ടോ!” സുബൈര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
സൈഫുദ്ദീന്റെ ദേഹത്ത് ജിന്നു കയറിയിട്ടുണ്ടെന്നു പറഞ്ഞാണ് പരീത് തങ്ങള്‍ അന്ന് പുളിങ്കുരു തീറ്റിച്ചത്. സ്വന്തം വീടിന്റെ ആധാരം വരെ അയാള്‍ക്കു തീറു കൊടുത്തവനാണ് സൈഫുദ്ദീന്‍. അത്രയേറെ വിശ്വാസമായിരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും മറ്റൊരു ആശ്രയവും അവനുണ്ടായിരുന്നില്ല. അയാളോടുള്ള അടിമത്തം ഒരു മനോരോഗം പോലെയാണ് സൈഫുദ്ദീനെ പിടികൂടിയിരുന്നത്. ഇനിയെങ്കിലും അതില്‍നിന്നൊരു മാറ്റമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പക്ഷേ, സഫിയക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇതിലും വലിയ തിരിച്ചടികളുണ്ടായിട്ടും അയാളോട് സൈഫുദ്ദീന് ഒരു ഇഷ്ടക്കുറവും ഉണ്ടായിട്ടില്ല. തങ്ങള് സമ്മതിക്കുകയാണെങ്കില്‍ അയാളുടെ പരികര്‍മിയായി പോലും പോകാന്‍ സന്നദ്ധനായിരുന്നു. തങ്ങള്‍ എന്തു ചെയ്താലും അതിനു പിന്നില്‍ എന്തോ രഹസ്യമുണ്ടെന്നാണ് സൈഫുദ്ദീന്‍ പറയുക. പറമ്പിന്റെ ആധാരം കൊണ്ടുപോയപ്പോഴും അതാണ് പറഞ്ഞത്. എല്ലാം ശരിയാവുകയും സൈഫുദ്ദീനെ തിരിച്ചുകിട്ടുകയും ചെയ്തു എന്നു തോന്നിയ നിമിഷത്തിലാണ് സകല സ്വപ്‌നങ്ങളും അട്ടിമറിച്ച് പരീത് തങ്ങള്‍ കൊടൈക്കനാലിന്റെ തണുപ്പിലേക്ക് വണ്ടി കയറിവന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ അയാളെ കണ്ടിരുന്നില്ല. കൊല്ലിക്കാവ് ഒന്നാകെ പ്രളയത്തില്‍ മുങ്ങുകയും എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയും ചെയ്ത കാലത്ത് തങ്ങളെക്കുറിച്ച് കേട്ടിരുന്നതേയില്ല. ദുരിതകാലത്ത് ഒന്നും ഊറ്റാനില്ല എന്ന് അറിയാവുന്നതുകൊണ്ട് അകന്നു നിന്നതാണ്. അതു കഴിഞ്ഞപ്പോള്‍ വീണ്ടും പൊന്തിവന്നു. മനുഷ്യന്റെ വിശ്വാസത്തിന്റെയും നിസ്സഹായതയുടെയും ദൗര്‍ബല്യങ്ങളില്‍ പിടിച്ചാണ് ഇങ്ങനെയുള്ള ആളുകള്‍ ഇത്തിള്‍ക്കണ്ണി പോലെ പിടിച്ചുപറ്റുന്നത്. പറ്റിച്ചേര്‍ന്നു നിന്നത് ഇത്തിള്‍ക്കണ്ണിയായിരുന്നു എന്നറിയുമ്പോഴേക്കും ജീവിതത്തിന്റെ ചില്ലകള്‍ ഉണങ്ങിയിട്ടുണ്ടാകും.
”ഇനി എന്തായാലും തീരുമാനിക്കേണ്ടത് നീയാണ്.” സുബൈര്‍ പറഞ്ഞു.
ഹംസ ഹാജിയുടെ ഫോണിലേക്ക് അബൂദാബിയില്‍നിന്ന് ജാഫര്‍ വിളിച്ചു. കുറെ നേരം ഉപ്പയോട് സംസാരിച്ച ശേഷം അവന്‍ സഫിയയെ അന്വേഷിച്ചു. ഹംസ ഹാജി ഫോണ്‍ സഫിയക്കു നേരെ നീട്ടി.
”ഓനിപ്പൊ കാര്യം പിടികിട്ടിയിട്ടുണ്ടാകും. ഇനി അലമ്പുണ്ടാക്കില്ലെന്ന് ഉറപ്പാണെങ്കില്‍ നീ കുനിങ്ങോട്ടേക്ക് തന്നെ പൊയ്‌ക്കോ.” ജാഫര്‍ പറഞ്ഞു.
ഫോണ്‍ വെച്ചപ്പോള്‍ സഫിയക്ക് ഒരു കാര്യം ബോധ്യമായി. എല്ലാവരും തന്നെ വീണ്ടും തിരിച്ചയക്കാനാണ് ഗൂഢാലോചന നടത്തുന്നത്. ”നിങ്ങള്‍ക്കൊക്കെ ഞാനിത്ര വലിയ ബാധ്യതയാണോ?” അവളുടെ ശബ്ദം ഇടറി.
”അതുകൊണ്ടല്ല മോളേ. ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ വലിയ പാടാണ്. പക്ഷേ, തല്ലിപ്പൊളിച്ചിടാന്‍ എളുപ്പമാണ്. ഇന്നു തോന്നുന്നതാകില്ല നാളെ തോന്നുക. മോള് നന്നായി ആലോചിച്ച ശേഷം തീരുമാനിച്ചാല്‍ മതി.” അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
”ഇനി എന്താലോചിക്കാനാണ് എളാപ്പാ. സഹിക്കാവുന്നതിന്റെ പരമാവധി ഞാന്‍ സഹിച്ചു. ആരെന്തു പറഞ്ഞാലും ഇനി എനിക്ക് വയ്യ.” ചിലമ്പുപാടത്തേക്ക് തിരിച്ചുപോകുന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത ആഘാതത്തിലായിരുന്നു സഫിയ. അവള്‍ക്കു മാത്രം മനസ്സിലാകുന്ന വേദനയാണത്. വിശ്വസിച്ച ഭര്‍ത്താവ് തന്നെ വെറും ഉപകരണമാക്കിയതിന്റെ വേദന. അത് ഈ ജന്മത്തില്‍ മനസ്സില്‍നിന്ന് പോകുമെന്നു തോന്നുന്നില്ല.
പരീത് തങ്ങളെ പൊലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അവള്‍ സൈഫുദ്ദീന് അയച്ചുകൊടുക്കണമെന്നു വിചാരിച്ചതാണ്. എന്നാല്‍ അതിനു മുമ്പെ അവളുടെ ഫോണിലേക്ക് സൈഫുദ്ദീന്‍ തന്നെ ആ വീഡിയോ അയച്ചു. ഒരുപാട് മെസ്സേജുകള്‍ക്ക് സഫിയ ഒരു മറുപടിയും കൊടുത്തിരുന്നില്ല. വീഡിയോക്ക് താഴെ സൈഫുദ്ദീന്റെ വോയ്‌സ് മെസ്സേജ്. പ്രതീക്ഷയോടെ അവള്‍ ആ വോയ്‌സ് തുറന്നു.
”ഇത് ആരോ തങ്ങളെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കേസാണ്. ഞാനിത് വിശ്വസിച്ചിട്ടില്ല.”- സൈഫുദ്ദീന്‍ പറഞ്ഞു.
അതു കേട്ട ഉടനെ എല്ലാവരും മുഖത്തോടു മുഖം നോക്കി.
”ഇപ്പൊ എങ്ങനെയുണ്ട്? ഇക്കാനെ അയാള് പൂട്ടിയത് കുറച്ച് ബലമുള്ള കമ്പി കൊണ്ടാ. അത് വേഗം പൊട്ടുമെന്നു തോന്നുന്നില്ല. വേണെങ്കി ജാമ്യം നില്‍ക്കാന്‍ വരെ മൂപ്പര് പോകും.” സഫിയ പറഞ്ഞു.
‘ഇനി നേരം വെളുത്തിട്ട് തീരുമാനിക്കാ’മെന്നു പറഞ്ഞ് എല്ലാവരും പിരിഞ്ഞു.
പിറ്റേന്ന് അതിരാവിലെ പടവിറങ്ങി ഓപ്പച്ചിറയിലേക്ക് ചിലര്‍ വന്നു.
സൈഫുദ്ദീന്റെ ഉപ്പയും ഉമ്മയും. അവരുടെ കൂടെ റഹ്്മത്തും ഉണ്ടായിരുന്നു. റഹ്്മത്ത് ആദ്യമായാണ് ഓപ്പച്ചിറയിലേക്ക് വരുന്നത്.
”ഇവള്‍ക്ക് സ്‌കൂളീ പോണം. അതാ ഇത്ര നേരത്തെ വന്നത്.” സൈഫുദ്ദീന്റെ ഉപ്പ ജമാല്‍ പറഞ്ഞു.
”ഓനെന്ത്യേ? ഓനോടാണ് കുറച്ച് വര്‍ത്താനം പറയാനുള്ളത്.” ഹംസ ഹാജി മുഖത്തെ നീരസം മാറ്റാതെ പറഞ്ഞു.
”വിവരങ്ങളൊക്കെ ഞങ്ങളറിഞ്ഞു. ആ പഹയന്‍ ഇപ്പൊ ലോക്കപ്പിലാണ്. അടുത്തെങ്ങും പുറത്തുവരുമെന്നു തോന്നുന്നില്ല. ഞങ്ങടെ പറമ്പ് പോയത് മിച്ചം. എന്നിട്ടും ന്റെ കുട്ടീടെ അസുഖം മാറിയിട്ടില്ല. തത്ക്കാലം നിങ്ങളൊന്ന് ക്ഷമിക്കണം. പയ്യെപ്പയ്യെ ഓനെപ്പറഞ്ഞ് മനസ്സിലാക്കാം.” ജമാല്‍ പറഞ്ഞു.
റഹ്്മത്തിന്റെ കൈയില്‍ ഒരു കവറുണ്ടായിരുന്നു. ”ഇത് നിനക്ക് കോളേജില്‍ ചേരാന്‍ ഇന്റര്‍വ്യൂവിനുള്ള കത്താണ്. നാളെത്തന്നെ പോയി ചേരണം. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കം.” അവള്‍ പറഞ്ഞു.
”എല്ലാം ഒന്നു കലങ്ങിത്തെളിയുന്നതു വരെ സഫിയ ഇവിടെനിന്ന് കോളജില്‍ പോകട്ടെ. കുറെ ദിവസം ഒറ്റക്കാവുമ്പൊ ഓന്റെ മനസ്സു മാറുംന്നാ ഞങ്ങള് കരുതണേ.” സൈഫുദ്ദീന്റെ ഉമ്മ പറഞ്ഞു.
ചായയും നാസ്തയും കഴിച്ച് അവര്‍ പിരിഞ്ഞപ്പോള്‍ എല്ലാവരും സഫിയയുടെ മുഖത്തേക്കു നോക്കി.
‘ന്നാപ്പിന്നെ അങ്ങനെയാവട്ടെ’ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് അവള്‍ മുകളിലേക്ക് കയറിപ്പോയി. കട്ടിക്കണ്ണടയും വെട്ടിച്ചെറുതാക്കിയ താടിയുമായി വീണ്ടും സൈഫുദ്ദീന്‍ വരുന്നത് കിനാവു കണ്ട് അവള്‍ കുറെ നേരം അറയിലിരുന്നു.
.
കൊല്ലിക്കാവില്‍നിന്നാണ് സഫിയ കോളജിലേക്കുള്ള ബസ്സ് കയറിയത്. കൂടെ ഹംസ ഹാജിയും സുഹറയുമുണ്ടായിരുന്നു. ബസ്സിലിരിക്കുമ്പോള്‍ കഴിഞ്ഞുപോയ ഓരോ നിമിഷവും ഒരു ചലച്ചിത്രത്തിലെന്ന പോലെ അവളുടെ മനസ്സിലൂടെ കടന്നുപോയി.
”നിനക്കിന്ന് ചന്തം കൂടിയിട്ടുണ്ട്. കണ്ണെഴുതിയിട്ടുണ്ടല്ലേ?” സുഹ്‌റ ചോദിച്ചു.
”ഉം…” നിലാവു പോലെ ചിരിച്ച് സഫിയ മൂളി.
ശൈഖിന്റെ കുന്നിന്‍ ചെരിവിലൂടെയാണ് ബസ്സ് പോകുന്നത്. മരുഭൂമിയിലെ മണ്‍കൂന പോലെ വെയിലേറ്റും വരണ്ടും നില്‍ക്കുന്ന കുന്നിലേക്ക് നോക്കി സഫിയ മന്ദഹസിച്ചു. വളവു തിരിഞ്ഞ് ബസ്സ് പാലത്തിനു മുകളിലെത്തി. തെളിഞ്ഞൊഴുകുന്ന പുഴയിലേക്ക് നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. പുതിയ കാഴ്ചകളിലേക്ക് ബസ്സ് പാഞ്ഞുകൊണ്ടിരുന്നു.  .
(അവസാനിച്ചു)
ഷെരീഫ് സാഗര്‍
മാധ്യമ പ്രവര്‍ത്തകന്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് വാഴമ്പുറം സ്വദേശി. മണ്ണാര്‍ക്കാട് എം.ഇ.എസ്, പാലക്കാട് വിക്ടോറിയ, ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ പഠനം. രാജലക്ഷ്മി സ്മാരക ചെറുകഥാ അവാര്‍ഡ്, അങ്കണം കഥാ അവാര്‍ഡ്, വി സി അബൂബക്കര്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ്, ഉബൈദ് ചങ്ങലീരി സ്മാരക പ്രതിഭ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട്, മലപ്പുറം, ഖത്തര്‍, റിയാദ്, ജിദ്ദ എഡിഷനുകളില്‍ സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ കോഴിക്കോട് തത്സമയം പ്രദോഷ ദിനപത്രത്തില്‍ ചീഫ് സബ് എഡിറ്റര്‍. ചോര പറ്റിയ ചിറക് – നോവല്‍ (2010), മണല്‍ച്ചൊരുക്ക് – പ്രവാസ കഥകള്‍ (2015), ഐ.എസ്: രക്തദാഹികളുടെ മതം -പഠനം (2017), ഫൂക്ക -നോവല്‍ (2017) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ‘സാഗര്‍ ടോക്സ്’ എന്ന യൂട്യൂബ് ചാനലിലും ആനുകാലികങ്ങളിലും സജീവം. പിതാവ് പരേതനായ ഉണ്ണീന്‍ കുട്ടി. മാതാവ് ആമിന. ഭാര്യ ഷംന. മകള്‍ ഫാത്തിമ ഷന്‍സ.
Back to Top