ഇരുട്ടിനോട് പൊരുതുന്നവര്‍ – ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
ഉത്തര്‍പ്രദേശിലെ വരാണസിയില്‍ 1008 മതസംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 25 മുതല്‍ 27 വരെ ധര്‍മ്മ സംസാദ് എന്ന പേരില്‍ പ്രതിഷേധം നടന്നത് നരേന്ദ്രമോദിയുടെ നടപടികള്‍ക്കെതിരെയായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പുരാതന അമ്പലങ്ങള്‍ പൊളിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്വാമി അവിമുക്‌തേഷ് സരസ്വതിയായിരുന്നു. അമ്പലങ്ങള്‍ പൊളിക്കുന്നതിലൂടെ സമീപത്തുള്ള ജ്ഞാന്‍വ്യാപിയെന്ന പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അതിപുരാതന പള്ളി പൊളിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. ഹിന്ദുത്വത്തിനും ഹിന്ദു ധര്‍മത്തിനുമെതിരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്വാമിജിയുടെ മൂന്നു ദിവസം നീണ്ടുനിന്ന പ്രതിഷേധം. മോദി ഗവണ്‍മെന്റ് ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയുമാണെന്ന് കുറ്റപ്പെടുത്തുന്നതോടൊപ്പം ഹിന്ദുധര്‍മം മുറുകെ പിടിക്കാത്തവര്‍ എങ്ങനെ ഹിന്ദുവാകുമെന്നും സ്വാമി ചോദിച്ചു.
ഇതര സംസ്‌ക്കാരങ്ങളെയും മത ദര്‍ശനങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പാരമ്പര്യവും പൈതൃകവുമാണ് ഹിന്ദുമതത്തിനുള്ളത്. നിര്‍ഭാഗ്യവശാല്‍ ഹിന്ദുമത ദര്‍ശനങ്ങളെയും അതിന്റെ വിശാലതയേയും തകര്‍ക്കുകയും സങ്കുചിതമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഫാസിസ്റ്റ് ഹിന്ദുത്വവാദികള്‍. ഇന്ത്യയിലേക്ക് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തിയവരാണ് ഇവിടുത്തെ ഹിന്ദു- മുസ്‌ലിം സമരപോരാളികള്‍. പതിനാറാം നൂറ്റാണ്ടിലെ പറങ്കികളുടെ പടക്കോപ്പുകള്‍ക്കു മുമ്പില്‍ സാമൂതിരിയുടെ കൂടെ നെഞ്ചുവിരിച്ചു ജീവന്‍ നല്‍കിയവരായിരുന്നു ഇവിടുത്തെ ബഹുഭൂരിപക്ഷ ന്യൂനപക്ഷങ്ങള്‍. തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ആദ്യ കേരള ചരിത്ര ഗ്രന്ഥത്തിലും ഫത്ഹുല്‍ മുബീന്‍ എന്ന യുദ്ധ കാവ്യങ്ങളിലുമെല്ലാം ദേശീയബോധത്തിലൂന്നിയ ഒരുമയെയും ഐക്യത്തെയുമാണ് പ്രതിപാദിക്കുന്നത്. ഈ മാനവിക നന്മയെ തകര്‍ക്കുന്ന കിരാതനടപടികള്‍ക്കെതിരെയാണ് ഇന്ത്യന്‍ ജനത ശബ്ദിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ സനാതന മൂല്യങ്ങളെ മുറുകെ പിടിക്കുകയും ജനാധിപത്യ വിശ്വാസങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന്റെ പേരില്‍ കര്‍സേവകരുടെ തോക്കിനാല്‍ ജീവന്‍ ബലിയര്‍പ്പിച്ച ഗുരുവര്യനാണ് അയോധ്യയില്‍ നിന്നുള്ള സ്വാമി ലാല്‍ ദാസ്. ബാബരി മസ്ജിദ് പൊളിക്കാന്‍ വന്ന കര്‍സേവകരോട് നിങ്ങള്‍ രാമനെ സ്‌നേഹിക്കുന്നവരും രാജ്യത്തോട് കൂറുപുലര്‍ത്തുന്നവരുമാണെങ്കില്‍ നിങ്ങള്‍ പള്ളി പൊളിക്കരുതെന്ന് കേണപേക്ഷിച്ച സ്വാമിജിയുടെ നെഞ്ചകം തകര്‍ത്തുകൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആ ധീര ദേശ മതസ്‌നേഹിയോട് പകരം വീട്ടിയത്.
സംഘപരിവാര്‍ ശക്തികള്‍ ഹിന്ദു മതത്തെയും അതിന്റെ മൂല്യങ്ങളെയും തകര്‍ക്കുകയാണന്ന് മനസ്സിലാക്കി പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനിന്ന ആചാര്യനാണ് ബാബരി മസ്ജിദിന് തൊട്ടുപിറകിലുള്ള സരയൂകുഞ്ച് ക്ഷേത്രത്തിലെ മഹന്ത് ആചാര്യ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി. രാമക്ഷേത്ര പ്രസ്ഥാനത്തിന് സംഘപരിവാര്‍ തുടക്കമിടുമ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ അയോധ്യ ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ രാമക്ഷേത്ര പ്രസ്ഥാനം ബാബരി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിയാനുള്ള കര്‍മ്മപരിപാടിയിലേക്ക് നീങ്ങിയപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും കര്‍സേവകരോട് അരുതെന്നു പറയാന്‍ തയ്യാറാവുകയും ചെയ്ത ആചാര്യനാണ് യുഗല്‍ കിഷോര്‍. രാജ്യത്ത് അരക്ഷിതാവസ്ഥയും അസമാധാനവും സൃഷ്ടിക്കാന്‍ കാരണമാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും തുടര്‍ന്ന് സദ്ഭാവനാ പ്രസ്ഥാനവുമായി സഞ്ചരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് യുഗല്‍ കിഷോര്‍.
മതത്തിന്റെ പേരില്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തുണ്ടം തുണ്ടമാക്കുന്നതിനിടയിലും ഇരുപതിലധികം പേര്‍ പൊലീസ് നരനായാട്ടില്‍ മരണത്തിന് കീഴടങ്ങിയപ്പോഴും സ്‌നേഹത്തിന്റെ കുളിര്‍മ നല്‍കുന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹാജി ഖാദറില്‍ നിന്നുണ്ടായിട്ടുള്ളത്. ഫിറോസാബാദില്‍ നടന്ന പൗരത്വ പ്രതിഷേധത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം അജയകുമാര്‍ എന്ന പോലീസുകാരനെ വളഞ്ഞിട്ട് തല്ലുമ്പോഴായിരുന്നു നമസ്‌കാരത്തിലായിരുന്നു ഹാജി ഖാദര്‍ ഈ വിവരമറിയുന്നത്, ഉടനെ തന്നെ അജയനെ നെഞ്ചോട് ചേര്‍ത്ത് വീട്ടില്‍ കൊണ്ടുപോയി വെള്ളവും വസ്ത്രവും നല്‍കുകയും സുരക്ഷിതനാണെന്ന് സമാധാനിപ്പിക്കുകയും ചെയ്തതിന് ശേഷം സ്‌റ്റേഷനില്‍ കൊണ്ടുവിടുകയും ചെയ്തു.
മാലാഖയെപ്പോലെ വന്ന് എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ മരണത്തിനു കീഴടങ്ങുമായിരുന്നുവെന്നാണ് അജയകുമാര്‍ പറഞ്ഞത്. അക്രമിക്കപ്പെട്ടിട്ടും അരികിലേക്ക് ചേര്‍ത്തുപിടിച്ച ഹാജി ഖാദറും ആചാര്യ യുഗല്‍ കിഷോറും നല്‍കുന്ന മാനവിക സ്‌നേഹവും മതേതര ബോധവും ഇന്ത്യാ മഹാരാജ്യത്തു നിന്ന് അന്യവല്‍കരിക്കപ്പെടാതിരിക്കാനാണ് ഒരു ജനത മുഴുവന്‍ ശബ്ദിക്കുന്നതും ഇരുട്ടിനെതിരെ പോരാടുന്നതും.