18 Thursday
April 2024
2024 April 18
1445 Chawwâl 9

ഇമാം ഗസ്സാലി ആദര്‍ശവും ദര്‍ശനങ്ങളും – പി കെ മൊയ്തീന്‍ സുല്ലമി

കേരളത്തിലെ സമസ്തക്കാരും സംസ്ഥാനക്കാരും മറ്റു യാഥാസ്ഥിതികരും ഇമാം ഗസ്സാലി(റ) തങ്ങളുടെ പാരമ്പര്യ വാദങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന പണ്ഡിതനാണെന്ന് അവകാശവാദം ഉന്നയിക്കാറുണ്ട്. ഇവരുടെ വാദമനുസരിച്ച് സ്ത്രീകള്‍ അന്യപുരുഷന്മാര്‍ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളില്‍ പങ്കെടുക്കല്‍ ഹറാമാണ്. ഇമാം ഗസ്സാലി പ്രസ്തുത വിഷയത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ”നമസ്‌കാരം കഴിഞ്ഞ ശേഷം ഇമാം (അല്‍പസമയം) അവിടെ ഇരിക്കണം. അപ്രകാരമാണ് അബൂബക്കര്‍, ഉമര്‍(റ) എന്നിവര്‍ ചെയ്തിരുന്നത്. പിന്നീട് മറ്റൊരു സ്ഥലത്തുപോയി സുന്നത്തു നമസ്‌കരിക്കും. പിന്നില്‍ ജമാഅത്തിന് സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞുപോകുന്നതു വരെ ഇമാം അവിടെ ഇരിക്കേണ്ടതാണ്. അല്ലാഹുമ്മ അന്‍തസ്സലാം… വല്‍ഇക്‌റാം എന്ന പ്രാര്‍ഥന ചൊല്ലുന്ന സമയം മാത്രമല്ലാതെ ഇമാം അവിടെ ഇരിക്കാറുണ്ടായിരുന്നില്ല എന്ന് പ്രസിദ്ധമായ ഹദീസില്‍ വന്നിട്ടുണ്ട്” (മുസ്‌ലിം, ഇഹ്‌യാ ഉലുമിദ്ദീന്‍ 1:184)
മേല്‍ പ്രസ്താവനയിലൂടെ രണ്ടു കാര്യങ്ങളാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഒന്ന്: നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞ ഉടനെ ‘അല്ലാഹുമ്മ അന്‍തസ്സലാം’ എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുന്ന സമയമല്ലാതെ ഇമാം മിഹ്‌റാബിന്‍ ഇരിക്കരുത്. അപ്പോള്‍ നിര്‍ബന്ധ നമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന എന്ന അനാചാരത്തെ അദ്ദേഹം എതിര്‍ക്കുകയാണ്. രണ്ട്: സ്ത്രീകള്‍ക്ക് ജമാഅത്തില്‍ പങ്കെടുക്കാമെന്നും ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ അവര്‍ പുരുഷന്മാരുമായി കൂടിക്കലരാന്‍ പാടില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ജുമുഅക്കു പോകാനുദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് കുളി പ്രബലമായ സുന്നത്താണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്: ”നബി(സ) പറയുന്നു: ജുമുഅയില്‍ പങ്കെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും കുളി നിര്‍വ്വഹിച്ചുകൊള്ളട്ടെ” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:187). ജുമുഅയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ളുഹ്‌റു നമസ്‌കരിക്കേണ്ടതില്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ”സ്ത്രീകളോ അടിമകളോ യാത്രക്കാരോ രോഗികളോ ജുമുഅകളില്‍ പങ്കെടുക്കുന്നപക്ഷം അവരുടെ ജുമുഅ സാധുവായിത്തീരുന്നതാണ്. ളുഹ്‌റിനു പകരം അത് മതിയാകുന്നതുമാണ് (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:186).
പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കണം എന്ന വിധം നബി(സ) കല്പിച്ചതായി അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി: ”നബി(സ) പ്രായപൂര്‍ത്തി എത്തിയ ബാലികമാരെയും കന്യകകളെയും പെരുന്നാള്‍ നമസ്‌കാരത്തിന് കൊണ്ടുപോകാന്‍ കല്പിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം, ഇഹ്‌യാ 1:207). ജുമുഅ ഖുത്ബയെ സംബന്ധിച്ച് അദ്ദേഹം പറയുന്നു: ”ഖത്വീബ് ഖുത്വുബയില്‍ അവ്യക്തമായ ഭാഷ ഉപയോഗിക്കരുത്. ഖുത്വുബ സാരസമ്പൂര്‍ണവും സദസ്സിന് യോജിക്കുന്നതുമായിരിക്കണം”(ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:186). ചെറിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്‍ആന്‍ ഓതല്‍ ഹറാമാണ് എന്ന യാഥാസ്ഥിതിക വാദത്തെ അദ്ദേഹം ഖണ്ഡിക്കുന്നു: ”നമസ്‌കാരത്തിലല്ലാതെ വല്ലവനും വുദ്വൂ എടുക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നപക്ഷം അവന് പത്ത് പ്രതിഫലമുണ്ട്. നമസ്‌കാരത്തിലല്ലാതെ വുദ്വൂവോടു കൂടി ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പക്ഷം അയാള്‍ക്ക് ഇരുപത്തിയഞ്ച് പ്രതിഫലമുണ്ട് (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:282)
ഞങ്ങള്‍ കിതാബോതി പഠിപ്പിച്ചവരാണ് എന്ന അവകാശവാദം ഉന്നയിക്കുകയും ദീനിന്റെ കല്പനകളെ മാനിക്കാതെ ശിര്‍ക്കും ബിദ്അത്തും അതില്‍ കടത്തിക്കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ച് ഇബ്‌നുമാജ(റ) ജുന്‍ദുബില്‍(റ) നിന്നു ഉദ്ധരിച്ച ഹദീസ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: ”സ്വഹാബികളായ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മുഴുവന്‍ ഇറങ്ങുന്നതിന് മുമ്പ് ഈമാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈമാനിന്ന് മുമ്പ് ഖുര്‍ആന്‍ നല്‍കപ്പെടുന്ന ഒരു ജനവിഭാഗം പില്‍ക്കാലത്ത് വരുന്നതാണ്. അവര്‍ ഖുര്‍ആനിലെ ഫര്‍ഹുകള്‍ വശമാക്കുകയും അതിന്റെ വിധിവിലക്കുകള്‍ പാഴാക്കിക്കളയുകയും ചെയ്യും. അവര്‍ പറഞ്ഞുകൊണ്ടിരിക്കും: ഞങ്ങള്‍ എല്ലാം ഓതിപ്പഠിച്ചവരാണ്. ഞങ്ങളെക്കാള്‍ ഓതിപ്പഠിച്ചവര്‍ ആരുണ്ട്? ഞങ്ങള്‍ പണ്ഡിതന്മാരാണ്. ഞങ്ങളെക്കാള്‍ പണ്ഡിതന്മാര്‍ ആരാണുള്ളത്. അവരാണ് ഈ സമുദായത്തിലെ ദുഷ്ടന്മാര്‍.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:82)
തലപ്പാവ് സ്ഥിരമായി ധരിക്കലോ തൊപ്പി ധരിക്കലോ ഒന്നും സുന്നത്തുകളില്‍ പെട്ട കാര്യമല്ലെന്ന് അദ്ദേഹം രേഖപ്പെടുത്തി. ”ചിലപ്പോള്‍ നബി(സ) തലപ്പാവിന് തലയില്‍ ധരിച്ച തൊപ്പി മറയാക്കി തന്റെ മുന്നിലിട്ട് നമസ്‌കരിക്കുമായിരുന്നു” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:375). നബി(സ)ക്ക് വസ്ത്രധാരണത്തില്‍ സ്ഥിരമായ ഒരവസ്ഥ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി സ്വഹാബികള്‍ ഒറ്റപ്പെട്ടോ കൂട്ടായോ വല്ല അഭിപ്രായങ്ങളും പറയുന്ന പക്ഷം അത് ദീനില്‍ പ്രമാണമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ സ്വഹാബത്തിന്റെ ഇജ്മാഇനെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അല്‍മുസ്തസ്വ്ഫാ എന്ന ഗ്രന്ഥത്തിലും അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ”സ്വഹാബികള്‍ (ദീനിന് പറയുന്ന) ദീനില്‍ പ്രമാണമല്ലാത്തതുപോലെ പണ്ഡിതന്മാരും പ്രമാണമല്ല” (1:262).
തഖ്‌ലീദിനെ (അന്ധമായ അനുകരണം) അദ്ദേഹം നിശിതമായി എതിര്‍ക്കുകയും സാധാരണക്കാര്‍ എന്തുചെയ്യണം എന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. ”തഖ്‌ലീദ് എന്നു പറഞ്ഞാല്‍ തെളിവില്ലാതെ മറ്റൊരാളുടെ വാക്കിനെ സ്വീകരിക്കുകയെന്നതാണ്. അത് അടിസ്ഥാനപരമോ ശാഖാപരമോ ആയ കാര്യത്തില്‍ വിജ്ഞാനത്തിന്റെ മാര്‍ഗവുമല്ല” (അല്‍മുസ്തസ്വ്ഫാ 2:387). സാധാരണക്കാര്‍ എന്തു ചെയ്യണം എന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ”സാധാരണക്കാരന്‍ ഫത്‌വ ചോദിക്കുകയും പണ്ഡിതരെ പിന്‍തുടരുകയും ചെയ്യല്‍ ബന്ധമാണ്” (അല്‍മുസ്തസ്വ്ഫ 2:389). ഫത്‌വ ചോദിക്കുക എന്നു വെച്ചാല്‍ അന്ധമായ അനുകരണമല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതനെ പിന്‍തുടരുകയെന്നതാണ്.
സ്വഹാബികളില്‍ നിന്നും തെറ്റുകുറ്റങ്ങള്‍ വരാം. അവര്‍ പാപസുരക്ഷിതരല്ല എന്ന ന്യായം മുന്നില്‍വെച്ചാണ് അവര്‍ പ്രമാണമല്ല എന്ന് അദ്ദേഹം സ്ഥാപിക്കുന്നത്. ”അവര്‍ (സ്വഹാബികള്‍) പാപസുരക്ഷിതരല്ല. തെറ്റുകള്‍ വരികയെന്നത് അവരെ സംബന്ധിച്ചേടത്തോളം അനുവദനീയവുമാണ്” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:116). നബി(സ) കല്യാണാഘോഷങ്ങളിലും പെരുന്നാള്‍ സുദിനങ്ങളിലും വിനോദങ്ങള്‍ അനുവദനീയമാക്കിയിട്ടുണ്ട്. അതിനോട് ഖിയാസ് (തുലനം) ആക്കിക്കൊണ്ട് സംഗീതവും മറ്റു വിനോദങ്ങളും അദ്ദേഹം അനുവദനീയമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ”ഇസ്‌ലാമിന്റെ വ്യക്തമായ തെളിവുകള്‍ സംഗീതം, നൃത്തം, പരിചമുട്ട്, പരിചക്കളി, കുന്തംകളി എന്നിവ പെരുന്നാള്‍ ദിവസത്തോട് തുലനം ചെയ്തുകൊണ്ട് അനുവദനീയമാണെന്ന് തെളിയിക്കുന്നു. കാരണം പെരുന്നാള്‍ എന്നത് സന്തോഷത്തിന്റെ ദിനമാണ്. അതേ ആശയ പ്രകാരം കല്യാണം, മറ്റുള്ള സദ്യകള്‍, അഖീഖത്തു ദിനം, സുന്നത്തു കല്യാണം, യാത്രയില്‍ നിന്നും മടങ്ങിവരുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം സന്തോഷം പ്രകടിപ്പിക്കാന്‍ മേല്‍പറഞ്ഞ വിനോദങ്ങള്‍ ആകാവുന്നതാണ്.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:286) പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന ഏതൊരഭിപ്രായവും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമല്ലെങ്കില്‍ അംഗീകരിക്കാവുന്നതാണ്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x