ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറഞ്ഞ് വരുന്നെന്ന് റിപ്പോര്‍ട്ട്
ലോകരാജ്യങ്ങളിലെ മതസഹിഷ്ണുതയുടെ വിവരങ്ങളുമായി അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയില്‍ പുറത്ത് വിട്ടു. മതസഹിഷ്ണുതയുടെ കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന സമീപനങ്ങളെയും അതിന്റെയടിസ്ഥാനത്തില്‍ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങളെയും പഠന വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറഞ്ഞ് വരികയാണെന്നും മത വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നുമാണ് അന്തരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ മതാത്മക രാഷ്ട്രീയത്തെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍പിരിക്കാനാവാത്ത അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിശ്വാസങ്ങളെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്ന അവസ്ഥകള്‍ ഇന്ത്യയില്‍ കാണാന്‍ കഴിയുന്നെന്നും വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങളെ അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷ ജനതയുടെ സംസ്‌കാരത്തിലേക്ക് ന്യൂനപക്ഷങ്ങളെ നിര്‍ബന്ധമായി കൊണ്ട് പോകുകയാണെന്നും രാജ്യത്തെ ഭൂരിപക്ഷ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകളായ ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ന്യൂനപക്ഷങ്ങളെയും ദളിതരെയും ഒറ്റപ്പെടുത്തുന്ന വിഷയങ്ങളും ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുമൊക്കെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ വിഷയങ്ങളിലൊക്കെ സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനങ്ങളാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.