7 Saturday
March 2026
2026 March 7
1447 Ramadân 18

ഇന്ത്യന്‍ മുസ്‌ലിംകള്‍ ലോക മുസ്‌ലിംകള്‍ക്ക് മാതൃക: ഡോ. ഹസന്‍ അല്‍ബുഖാരി

മസ്ജിദുല്‍ഹറം മുന്‍ ഇമാം ശൈഖ് ഡോ. ഹസന്‍ അല്‍ബുഖാരിയുമായി കെ എന്‍ എം നേതാക്കളായ സി പി ഉമര്‍ സുല്ലമി, ഡോ. ഐ പി അബ്ദുസ്സലാം എന്നിവര്‍ കൂടിക്കാഴ്ച നടത്തുന്നു.

മക്ക: മസ്ജിദുല്‍ ഹറം മുന്‍ ഇമാമും ഉമ്മുല്‍ഖുറാ അറബിക്ക് ഭാഷാവിഭാഗം മേധാവിയുമായ ശൈഖ് ഡോ. ഹസ്സന്‍ അല്‍ ബുഖാരിയുമായി കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) നേതാക്കളായ സി പി ഉമര്‍ സുല്ലമി, ഡോ.ഐ പി അബ്ദുസ്സലാം എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യന്‍ മുസ്‌ലിംകള്‍ ലോക മുസ്‌ലിംകള്‍ക്ക് മാതൃകയാണെന്നും വിശിഷ്യ ഇതര മതസ്ഥരുമായി സ്‌നേഹബന്ധം നിലനില്‍ക്കുമ്പോള്‍ മാത്രമേ ബഹുമത സമൂഹത്തില്‍ ഇസ്‌ലാമിക പ്രബോധനം സാധ്യമാകൂവെന്നും ശൈഖ് അഭിപ്രായപ്പെട്ടു. അറബ് ലോകത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് മലയാളികള്‍ ഏറെ അര്‍പ്പണ ബോധമുള്ളവരും കൃത്യനിഷ്ഠത പാലിക്കുന്നവരുമാണെന്നും ഇത് അറബ് പൊതു സമൂഹത്തില്‍ ഏറെ മതിപ്പുളവാക്കി കൊണ്ടിരിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ നന്നായി സഹകരിക്കുന്ന സമൂഹമായാണ് കേരളീയരെ കണ്ടിട്ടുള്ളത്. അതില്‍ വലിയൊരു പങ്ക് കേരളത്തിലെ മുസ്‌ലിം സമൂഹം നിര്‍വ്വഹിക്കുന്നു എന്നറിയുന്നതിലുള്ള ആഹ്ലാദവും അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് കേരളത്തില്‍ മര്‍കസുദ്ദഅ്‌വയുടെ വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം നല്‍കി. സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കാസിം മദനി പുളിക്കല്‍ കൂടിക്കാഴ്ച്ചയില്‍ സന്നിഹിതനായിരുന്നു.

Back to Top