22 Sunday
December 2024
2024 December 22
1446 Joumada II 20

ഇനി കോളെജുകള്‍ക്കെതിരെ സമരം ചെയ്യാം – ജൗഹര്‍ കെ അരൂര്‍

സാക്ഷര കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ശബരിമലയോ നവോത്ഥാനമോ ഒന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല, അത് തൊഴിലില്ലായ്മയാണ്. പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാത്തവരായി കേരളത്തിലുണ്ട്. വിദ്യാസാമ്പന്നരായ യുവാക്കള്‍ തൊഴില്‍രഹിതരായി അലഞ്ഞു നടക്കുന്നു എന്നത് സാംസ്‌കാരി കമായും സാമ്പത്തികമായും സാമൂഹികമായും കേരളസമൂഹത്തിന് ദോഷം മാത്രമേ വരുത്തുകയുള്ളൂ.
ഏകദേശം നാല്‍പത്തിനായിരത്തിനു മുകളില്‍ എഞ്ചിനിയറിങ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ തൊഴില്‍ രഹിതരാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എഞ്ചിനിയറിംഗ് മേഖലയിലെ തൊഴിലില്ലായ്മക്ക് പൂര്‍ണമായും ഉത്തരവാദികള്‍ മാറിമാറി വരുന്ന ഭര ണകൂടങ്ങള്‍ തന്നെയാണ്. അവനവന്റെ മഹിമ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വിളമ്പാ ന്‍ വേണ്ടി പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ക്രമാതീ തമായി വര്‍ധിപ്പിക്കുകയും ചെയ്തു കൊണ്ട് ഓരോ വീട്ടിലും ഓരോ എഞ്ചിനീയര്‍ എന്ന കണക്കിന് എന്‍ജിനീയര്‍മാരെ സൃഷ്ടിച്ചതിന്റെ പരിണിത ഫലമാണ് ഈ രൂക്ഷമായ തൊഴിലില്ലായ്മ.
കോഴ്‌സ് കഴിഞ്ഞു പുറത്തു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മാന്യമായ ശമ്പളമുള്ള ജോലി ഒരുക്കിവെച്ചിട്ടാണ് നി ങ്ങള്‍ പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്കുന്നതെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെയായിരുന്നു, പക്ഷെ അങ്ങനെ ഒരു അവസ്ഥ ഇന്ന് നിലവില്‍ ഇല്ലല്ലോ. അന്യ സംസ്ഥാനങ്ങളില്‍ പഠിച്ചുവരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ കൂടെ ഈ കണക്കുകളിലേക്ക് ചേരുമ്പോള്‍ സംഗതി ബഹുകേമം. ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാല്‍ അത് വീഴുന്നത് ഒരു എന്‍ജിനീയറുടെ തലയിലായിരിക്കും എന്ന് തമാശക്കുവേണ്ടി ആരോ പറഞ്ഞത് സത്യമായി ഭവിച്ചിരിക്കുന്നു എന്നാണു കണക്കുകള്‍ പറയാതെ പറയുന്നത്.
തൊഴിലില്ലായ്മ മാത്രമല്ല, ഉള്ള തൊഴിലിന് മാന്യമായ വേതനം ലഭിക്കാതെ പോകുന്നു എന്നതും ഈ അശാസ്ത്രീയ വിദ്യാഭ്യാസ രീതിയുടെ പരിണിത ഫലം തന്നെയാണ്. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പഠിക്കാന്‍ സൗകര്യം വേണ്ടേ എന്ന മറു ചോദ്യത്തിന് കേരളത്തില്‍ ഇന്ന് പ്രസക്തിയില്ല, കാരണം അത്രമേല്‍ കോളേജുകള്‍ സീറ്റ് ഫില്ലാവാതെ കിടക്കുന്നു എന്നതാണ് വസ്തുത.
എന്‍ജിനിയറിംഗ് മേഖലക്ക് സംഭവിച്ചതെന്തോ അതെ അവസ്ഥ തന്നെ മെഡിക്കല്‍ മേഖലയെയും ബാധിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. തൊഴില്‍ രഹിതരായ ഡോക്ടര്‍മാരുടെ എണ്ണവും പതിനായിരത്തോടടുത്തിരിക്കുന്നു എന്നതാണു കണക്കുകള്‍. ജില്ലാ ആശുപത്രികളുടെ പേര് മാറ്റി മെഡിക്കല്‍കോളേജുകളാക്കാനും മെഡിക്കല്‍ സീറ്റുകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കാനും കാണിക്കുന്ന ഈ ആവേശം ആ മേഖലയ്ക്ക് ദോഷമായെ ഭവിക്കുകയുള്ളൂ.
പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും  വേണ്ടി ആവശ്യമുന്നയിക്കുന്ന ജനപ്രതിനിധികളും അത് അംഗീകരിച്ചു നല്കുന്ന സര്‍ക്കാരുകളും ഇനിയും കേരളത്തില്‍ എത്തിയിട്ടില്ലാത്ത നൂതന വിദ്യാഭ്യാസ രീതികളും കാലം ആവശ്യപ്പെടുന്ന തരം ക്വാളിറ്റിയുള്ള വിദ്യാഭ്യാസവും കൊണ്ടുവരാന്‍ ഈ ഉത്സാഹത്തോടെ ശ്രമിച്ചിരുന്നുവെങ്കില്‍ ഈ തൊഴിലില്ലായ്മയെ ഒരു പരിധിവരെ തടയാന്‍ നമുക്ക് സാധിക്കുമായിരുന്നു.
വിദ്യാഭ്യാസം കച്ചവടവത്കരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഒട്ടുമിക്ക തട്ടുകട കോളേജുകള്‍ക്കുമുള്ളത് എന്ന തിരിച്ചറിവിന്റെ കുറവൊന്നും സര്‍ക്കാരിനോ പൊതു പ്രവര്‍ത്തകാര്‍ക്കോ ഇല്ലാത്തതു കൊണ്ടല്ല എന്ന് പൊതുജനത്തിനറിയാം എങ്കിലും വിദ്യാഭ്യാസ സ്ഥാപനമല്ലേ എന്ന ചിന്തയാണ് അവരെ മൗനം ഭുജിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രകൃതി മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സമരങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു വരുന്നത് പോലെ ഇനി ഇത്തരം വിദ്യാഭ്യാസ മാളുകള്‍ക്കെതിരെയും  സമരം   ചെയ്യേണ്ട  ഒരവസ്ഥ ഇന്നുണ്ടോ  എന്ന് നാം ഒരാവര്‍ത്തി ഇരുത്തി ചിന്തിക്കേണ്ടതുണ്ട്.
Back to Top