ഇത്ര അപക്വമോ ഇന്ത്യന്‍ നീതി ന്യായം? സലാം കരുവമ്പൊയില്‍
ഇന്ത്യ എങ്ങോട്ട് എന്ന് ഇനി ആരും ചോദിക്കുകയില്ല. ദിശ മാറിയാണ് നാട് സഞ്ചരിക്കുന്നതെന്ന് ഇപ്പോള്‍ ഏതാണ്ട് ബോധ്യപ്പെട്ടുവരികയാണ്. രാമന്റെ പേരില്‍ രാജ്യത്ത് പെരുകി വരുന്ന കൂട്ടക്കുരുതിക്ക് വിരാമം വരുത്തണമെന്നും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തണമെന്നും താഴ്മയോടെ അധികൃതരോട് അപേക്ഷിച്ചതിനായിരുന്നല്ലോ ഇന്ത്യയിലെ 49 തലമൂത്ത ധിഷണകള്‍ രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ടത്! ശ്യാം ബെനഗല്‍, ബിനായക് സെന്‍, അപര്‍ണ സെന്‍, രാമചന്ദ്ര ഗുഹ, മണി രത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി സാമൂഹിക സംസകാരിക ചലച്ചിത്ര മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് നാട്ടില്‍ വിഭാഗീയതയും സമാധാന ഭംഗവും സൃഷ്ടിക്കുന്നുവെന്ന ആരോപണത്തില്‍ ക്രൂശിക്കപ്പെട്ടത്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറഞ്ഞുകളഞ്ഞു ഇവരെന്നര്‍ഥം.
കഴിഞ്ഞ ആഗസ്റ്റ് 20നാണ് സുധീര്‍ ഓജ എന്ന അഭിഭാഷകന്റെ പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തല്‍, സമൂഹത്തില്‍ വിഭാഗീയത പടര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി ഗുരുതരമായ ചാര്‍ജ് ഷീറ്റ് ഇവ്വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടു. രണ്ട് മൂന്ന് ആഴ്ച പിന്നിട്ടു ഇപ്പോഴിതാ കുറ്റ പത്രം കുറ്റമറ്റതായിരുന്നില്ല എന്ന കണ്ടെത്തലില്‍ ബീഹാര്‍ പോലീസ് കേസ് തള്ളിയിരിക്കുന്നു! കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുക എന്ന പഴഞ്ചൊല്ലില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ ഇതിന്റെ അര്‍ഥ തലങ്ങള്‍?
പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഒന്ന്, ഇന്ത്യന്‍ നീതി ന്യായം ഇത്രയും അബദ്ധജഡിലമായ തീര്‍പ്പുകളില്‍ എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്? അന്വേഷണ ഏജന്‍സികളും പൊലീസ് ഉദ്യോഗസ്ഥരും ഇത്രയും അനവധാനതയോടെയും അപക്വവുമായാണോ ഇതുപോലെ ഗൗരവപ്പെട്ട വിഷയങ്ങള്‍ കയ്യാളുന്നത്?
രണ്ട്, വെറുമൊരു കൈയബദ്ധമല്ല ഇവിടെ സംഭവിച്ചതെന്ന് ന്യായമായും നാം ചിന്തിച്ചുപോകുന്നു. ഫാഷിസത്തിന്റെ സാമ്പ്രദായിക നാള്‍ വഴി തന്നെയാണിത്. ലക്ഷ്യത്തിലേക്കുള്ള സഞ്ചാര വഴിയില്‍ നരാധമങ്ങള്‍ ഫാഷിസ്റ്റ് ഭരണ ക്രമത്തിന്റെ വാര്‍പ്പു മാതൃക തന്നെയാണന്നും അതിനെതിരെ ഒച്ചവെയ്ക്കുന്നത് അസഹിഷ്ണുതയാണെന്നുമുള്ള ശക്തമായ താക്കീത് തന്നെയായിരുന്നു ഈ പരിണാമത്തിന്റെ പിന്നില്‍. ഫാസിസത്തിന്റെ മുഖം മിനുക്കുക എന്ന താല്‍പര്യവും ഇപ്പോഴത്തെ കേസ് പിന്‍വലിച്ചതില്‍ ഉണ്ടാവാം.
കര്‍ണാടകയിലെ കുടകിലൊരു ഇഞ്ചിക്കാട്ടില്‍ ഒരു താടി വെച്ച വികലാംഗനെ കണ്ടുവെന്ന് ഊരും പേരുമില്ലാത്ത ഒരു മൊഴി മതിയായിരുന്നു ഭരണകൂടത്തിന് അബ്ദുന്നാസിര്‍ മഅദനിയെ പച്ചയോടെ കൊത്തിക്കൊണ്ടുപോയി ആജീവനാന്തം തടങ്കല്‍ പാളയത്തിലെ ഇരുട്ടറയിലടക്കാന്‍ എന്നത് ഇവിടെ ചേര്‍ത്ത് വായിക്കണം. കേരളത്തില്‍ കനത്ത പോലിസ് സുരക്ഷയില്‍ പാര്‍പ്പിക്കപ്പട്ട ഒരു മനുഷ്യന്‍ എങ്ങിനെ അവിടെയെത്തി എന്ന ‘രാജ്യദ്രോഹ’ സംശയത്തിനൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ല എന്നത് വേറെ കാര്യം.
രാഷ്ട്രപിതാവിന്റെ രൂപമുണ്ടാക്കി അതിലേയ്ക്ക് ബുള്ളറ്റ് പായിച്ച് പ്രതീകാത്മകമായി അദ്ദേഹത്തെ ‘ചോരയില്‍ ചാലിച്ച്’ കൊന്നവര്‍ക്കും ഗോഡ്‌സെ ദൈവമാണെന്ന് ഉദ്‌ഘോഷിച്ചവര്‍ക്കുമെതിരെ എന്തുകൊണ്ടാണ് ഒരു പെറ്റി കേസ് പോലുമെടുക്കാത്തത്? ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയുടെ പുറത്ത് ‘രാജ്യദ്രോഹി’യെന്ന് എഴുതിവെച്ചവനെ അന്വേഷിച്ച് ഒരു പോലിസും കോടതിയും എന്തുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ടില്ല? എന്നല്ല, മഹാത്മാവിനെ ഇനിയും കൊന്നുകൊണ്ടേയിരിക്കുമെന്ന് ഉന്മാദപ്പെട്ടവര്‍ ഭരണത്തിന്റെ സിരാ കേന്ദ്രങ്ങളില്‍ കൊട്ടും കുരവയുമിട്ട് വാഴിക്കപ്പെടുന്നു!
ചോദ്യങ്ങള്‍ ചോദിക്കാനുള്ളതല്ല വിഴുങ്ങിക്കളയാനുള്ളതാണെന്ന് പ്രജകള്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിരല്‍ തലപ്പുകള്‍ വായുവില്‍ മുഷ്ടി ചുരുട്ടാനുള്ളതല്ല മേലാളന്മാരുടെ മുമ്പില്‍ തൊഴുതു നില്‍ക്കാനുള്ളതാണെന്ന് അവര്‍ ഓര്‍മിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വരികളും വരകളും വരിയുടച്ചുകളയുക എന്നത് ഫാഷിസത്തിന്റെ ഒരു രീതി ശാസ്ത്രമാണ്. പ്രതിഷേധകരെയും വിസമ്മതരെയും പ്രതിയോഗികളാക്കുകയും പിന്നെ അവരുടെ ചൂണ്ടുവിരല്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കപ്പടുന്ന പരീക്ഷണമാണ്. ഭയപ്പെടുത്തിയിട്ടും പ്രലോഭിപ്പിച്ചിട്ടും മയപ്പെടുന്നില്ലെങ്കില്‍ പിന്നെ അത്തരം ശബ്ദങ്ങളെ ആമൂലാഗ്രം അറുത്തെറിയുകയെന്നതാണ് അടുത്ത പടി.
കല്‍ബുര്‍ഗിയും ധഭോല്‍ക്കറും പന്‍സാരെയും ഗൗരി ലങ്കേഷും ഈ വര്‍ത്തമാനകാല വിധി വിപര്യയത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍. നീതിക്കും ന്യായത്തിനും മുറവിളി കൂട്ടുന്നവര്‍ ശത്രുപാളയത്തില്‍ അവരോധിക്കപ്പെടുകയും അവരെ തുടച്ചു മാറ്റാനുള്ള ആസൂത്രിത അജണ്ടകള്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഭീഷണമാം വിധം വര്‍ധിച്ചുവരുന്നു. ഹേമന്ത് കര്‍ക്കരെയും ജസ്റ്റിസ് ലോയയും സുബോധ് കുമാറും അനീതിക്കു മുമ്പില്‍ അടിയറവു പറയാത്തതിന്റെ പേരില്‍ സംഘ് പരിവാര്‍ ശക്തികള്‍ കൊലക്കത്തിക്കിരയാക്കിയവരാണ്.
സഞ്ജീവ് ഭട്ട് എന്ന പോലീസ് ഓഫീസര്‍ ജീവപര്യന്തം വേട്ടയാടാന്‍ വിധിക്കപ്പെട്ടതും സംഘ് ഫാഷിസ്റ്റു അച്ചുതണ്ടിനെ അലോസരപ്പെടുത്തുന്ന അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തിയതിനാണ്. ഇതിനെല്ലാറ്റിനും പുറമെ ഇന്ത്യയിലെ ഒരു പ്രത്യേക സമുദായത്തെ നിഷ്പ്രഭമാക്കാനുള്ള അജണ്ട അപഹാസ്യമാം വിധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദേശീയ പൗരത്വ പട്ടിക (NRC) എന്ന ഓമനപ്പേരില്‍ ചുട്ടെടുത്ത ഈ ചൂണ്ട നേരത്തെ തയാറാക്കിയ തിരക്കഥയുടെ തുടര്‍ച്ച മാത്രം. ദേശക്കൂറില്ലാത്തവരും ഭാരതീയതയോട് ഇഴചേര്‍ന്നു നില്‍ക്കാത്തവരുമെന്ന് മുദ്ര ചാര്‍ത്തി അപ നിര്‍മിതി നടത്തുന്നതും ഭരണഘടനാനുസൃതമായി പരിരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഒരു ജന പദത്തിന്റെ സ്വത്വ ബോധത്തെ തമസ്‌ക്കരിക്കുന്നതും അവയോടുള്ള അന്ധവും ഭ്രാന്തവുമായ ശത്രുത ഒന്നുകൊണ്ട് മാത്രമാണെന്ന് ഇദംപര്യന്തമുള്ള അനുഭവങ്ങള്‍ അടിവരയിടുന്നു. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിലൂടെ ഒരു ദേശത്തെ മാത്രമല്ല ഫാസിസ്റ്റു ഭരണകൂടം എരിതീയിലേക്ക് എറിഞ്ഞത്; ഒരു ജനതയെക്കൂടിയാണ്. സംവല്‍സരങ്ങളിലൂടെ പാകമായ ഒരു സംസ്‌കൃതിയെയാണ് ഷണ്ഡീകരിക്കുന്നത്.
പൗരത്വത്തിന്റെ പേരില്‍ ഇപ്പോഴത്തെ കാടിളക്കത്തിന്റെ പിന്നിലുമുണ്ട് കാപാലിക തന്ത്രങ്ങള്‍. കാലാന്തരങ്ങളിലൂടെ ഈ നാടിന്റെ സംസ്‌കാരത്തിന്റെ ഊടും പാവുമായി മാറിയവര്‍, ഇവിടത്തെ വായുവും വെള്ളവും അനുഭവിച്ച് ഇവിടെ ഇഴുകിച്ചേര്‍ന്നവര്‍ ഒരു സുപ്രഭാതത്തില്‍ പരദേശികളാവുന്ന ഉള്ളം പൊള്ളും മറിമായം! പൗരത്വ കാര്‍ഡില്‍ ഉള്‍പ്പെടാത്തതിന് ഒരു ഹിന്ദുവിനും പുറത്ത് പോകേണ്ടിവരില്ലെന്ന് ‘അഭിജ്ഞ വൃത്ത’ ങ്ങളില്‍ നിന്ന് അറിയിപ്പു വഴിക്കു വന്നതോടെ ചിത്രം സുതരാം സുവ്യക്തമായി. താടിയും തലപ്പാവും വെച്ചവന്‍, പശു മാംസം ഭുജിക്കുന്നവന്‍, ജയ് ശ്രീ രാം വിളിക്കാത്തവന്‍ ഇവിടെ നിന്ന് പടിയിറങ്ങേണ്ടവനാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ഇക്കഴിഞ്ഞ വിജയദശമി ചടങ്ങില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഊന്നിപ്പറഞ്ഞത് കൂട്ടി വായിച്ചാല്‍ ചിത്രം പൂര്‍ത്തിയായി. ആടിനെ കൊന്നു തിന്നാന്‍ ഒരുങ്ങിപ്പുറപ്പെട്ട പുലിയുടെ മുമ്പില്‍ ആടിന്റെ വേദാന്തങ്ങള്‍ക്ക് എന്ത് പ്രസക്തി! കാഴ്ചപ്പാടുകള്‍ക്കിടയില്‍ മതില്‍ക്കെട്ട് പണിയുന്നവര്‍ക്ക് ചോരയുടെ നിറം പച്ചപ്പും മഞ്ഞപ്പുമാകുക വളരെയെളുപ്പം.
ഒരു സമുദായത്തെ വേരോടെ പിഴുതെറിയാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. അധികാരികളുടെ മൂക്കിനു താഴെ കൊഴുത്തു വരുന്നു സംഘികളുടെ ഹുങ്കാര ശബ്ദം. ആസുരമാം വിധം സംഘശക്തികള്‍ ഭാരതത്തിന്റെ അഖണ്ഡതയെയും ഏകീ ഭാവത്തെയും കൈയേറ്റം ചെയ്തുകൊണ്ടിരിക്കുന്നു. അരക്ഷിരാവസ്ഥയും അരാജകത്വവും അരങ്ങു വാഴുന്നു. നിഘണ്ഡുവില്‍ ഏറ്റവും കൂടുതല്‍ പരിശോധിക്കപ്പെട്ട പദം ഒരു വേള LYNCHING (ആള്‍ക്കൂട്ട കൊല) ആയിരിക്കും. ഉപയോഗിച്ച് തേഞ്ഞു പോകാന്‍ മാത്രം ഈ പദത്തെ ഹിന്ദുത്വ ശക്തികള്‍ ആഘോഷിച്ചു കഴിഞ്ഞു!
സ്‌തോഭജനകമായ എപ്പിസോഡുകള്‍ ആടി തകര്‍ക്കുക തന്നെയാണ്! പുതിയ ചരിത്ര നിര്‍മിതി ആധുനിക ഭാരതത്തിന്റെ അനുപേക്ഷ്യതയാണെന്ന് അമിത് ഷാ പറഞ്ഞു കഴിഞ്ഞു. നിര്‍മിത അവബോധത്തിന്റെയും ആണത്തമില്ലാത്ത ഒത്തുതീര്‍പ്പിന്റെയും പുതിയ വാര്‍പ്പു മാതൃകയിലേയ്ക്ക് ഇന്ത്യന്‍ ധൈഷണിക ഭൂമിക നടന്നടുക്കും. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്ത് ദേശീയ ബോധത്തെ ഹൈജാക്ക് ചെയ്ത വി ഡി സവര്‍ക്കര്‍ എന്ന ഹിന്ദുത്വ ശക്തിയുടെ പ്രണേതാവിന് ഭാരതത്തിന്റെ അത്യുന്നത പദവി നല്‍കാനുള്ള തത്രപ്പാട് ചേര്‍ത്തുവായിച്ചാല്‍ അറിയാം ചരിത്രത്തിന്റെ പുനര്‍ നിര്‍മിതിക്ക് സമാരംഭം കുറിക്കപ്പെട്ടുവെന്ന്.
മഹാത്മാഗാന്ധി, നാഥുറാം ഗോദ്‌സെയെന്ന മത വെറിയനുതിര്‍ത്ത ബുള്ളറ്റിനു മുമ്പില്‍ പിടഞ്ഞു വീണപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഇങ്ങിനെ വായിക്കാം ‘The light has gone out of our lives and everywhere it is dark” (നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം പൊലിഞ്ഞു പോയിരിക്കുന്നു. സര്‍വ്വത്ര അന്ധകാരമയമായിത്തുടങ്ങി).
1969 ല്‍ ഗുജറാത്തില്‍ ഒരു ഗാന്ധി ജന്മ ദിനാഘോഷ മധ്യേ അതിര്‍ത്തി ഗാന്ധി ഗഫാര്‍ ഖാന്‍ ചോദിച്ചു: ‘നിങ്ങള്‍ ആഘോഷിക്കുന്ന ജന്മ ശതാബ്ദി ഗാന്ധിജിയുടെയോ അതോ ഗോദ്‌സെയുടെയോ?’
വര്‍ഗീയ ലഹള ആളിപ്പടരുകയായിരുന്നു ഗുജറാത്തില്‍ അപ്പോള്‍. ഏതാനും നാള്‍ മുമ്പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ ‘ഹൗഡി മോഡി’ പ്രോഗ്രാമില്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോഡിയെ രാഷ്ട്ര പിതാവായി അവതരിപ്പിച്ചപ്പോള്‍ മോഡി കോള്‍മയിര്‍കൊണ്ടു നിന്നത് വെറും പരിഹാസ്യതയോ കുറ്റകരമായ മൗനമോ മാത്രമല്ല. മറിച്ച്, തിടം വെച്ചു കൊണ്ടിരിക്കുന്ന തമസ്സിന്റെ ആര്‍ഭാടപൂര്‍ണമായ അടയാളപ്പെടുത്തല്‍ കൂടിയാണ്. അമിത് ഷായുടെ ഒറ്റ ഇന്ത്യ, ഒറ്റ തെരഞ്ഞെടുപ്പ് , ഒരു ഭാഷ എന്ന മുദ്രാവാക്യം മോഹന്‍ ഭാഗവതിന്റെ സ്വഭാഷ, സ്വഭൂഷ, സ്വസംസ്‌കൃതി എന്ന സിദ്ധാന്തത്തിന്റെ മറുപുറം തന്നെയാണ് എന്ന് ചേരും പടി ചേര്‍ത്ത് വായിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു. ഒരു ഏകശിലാ മൂശയില്‍ ഭാരതത്തെ ഘനാന്ധകാരത്തിലേയ്ക്ക് തെളിച്ചുകൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് പരിവാരങ്ങളെന്ന് ചുരുക്കം.