9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഇടതുപക്ഷവും നിലപാടുകളും – പി പി അബ്ദുരഹിമാന്‍ പെരിങ്ങാടി

ഇന്ത്യയില്‍ ഏതെങ്കിലും രീതിയില്‍ അധികാരം കൈയാളാന്‍ ഇടയുള്ള പാര്‍ട്ടികളിലേക്കും സംഘടനകളിലേക്കും ആര്‍ എസ് എസ് ഏജന്റുമാര്‍ (ചാരന്മാര്‍) നുഴഞ്ഞുകയറാറുണ്ട്. അല്ലെങ്കില്‍ ചിലരെ അതിലേക്ക് കടത്തിവിടാറുണ്ട്. പാര്‍ട്ടികളും നയപരിപാടികളും ആവുംവിധം സ്വാധീനിക്കുക/അട്ടിമറിക്കുക എന്നതാണ് ഈ നുഴഞ്ഞുകയറ്റത്തിന്റെ ബഹുമുഖലക്ഷ്യങ്ങളിലൊന്ന്. പിന്നെ പ്രസ്തുത പാര്‍ട്ടിയെ ശിഥിലമാക്കുക, തുരങ്കം വെക്കുക എന്നതും ലക്ഷ്യമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ആര്‍ എസ് എസ് നടത്തിയ നുഴഞ്ഞുകയറ്റത്തിന്റേയും കുത്തിത്തിരിപ്പിന്റെയും പലവിധ വിനകള്‍ ഇന്ന് ആ പാര്‍ട്ടി ധാരാളമായി അനുഭവിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ ആര്‍ എസ് എസ് നടത്തിയ കുതന്ത്രങ്ങള്‍ വഴി ആ പാര്‍ട്ടി പലപ്പോഴായി ശൈഥില്യം അനുഭവിച്ചിട്ടുണ്ട്, അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി മുസ്‌ലിംലീഗിനെതിരെയോ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ ധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോഴും സംഗതി തദ്‌വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരെയോ അല്ലെങ്കില്‍ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമര്‍ശനങ്ങള്‍ താഴേത്തട്ടില്‍ മുസ്‌ലിം വിരോധമായിട്ടാണ് എത്തുന്നതെന്ന് അല്ലെങ്കില്‍ അതില്‍നിന്ന് ആര്‍.എസ്.എസ്സ്. നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് സഖാക്കള്‍ തിരിച്ചറിയാതെ പോകുന്നു.
മൂലകാരണത്തെയും തല്‍ഫലമായുള്ള പ്രതികരണത്തെയും ഒരുപോലെ കാണുന്നതില്‍ അനീതിയും അസന്തുലിതത്വവുമുണ്ട്. ഇങ്ങിനെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ചിന്തിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കാനിടയുള്ള ഫാസിസ്റ്റ് (ആര്‍.എസ്.എസ്സ്) ലോബിയുടെ ദുസ്വാധീനങ്ങളുണ്ടോ എന്ന് അവര്‍ പരിശോധിക്കേണ്ടതുണ്ട്.പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും മാര്‍ക്‌സിസ്റ്റ് നേതൃത്വം ഇനിയും സിദ്ധാന്തവാശിയില്‍തന്നെ തുടര്‍ന്നാല്‍ അത് ഫാസിസ്റ്റ് ദുഃശ്ശക്തികള്‍ക്ക് പരോക്ഷമായി രംഗം പാകപ്പെടുത്തിക്കാടുക്കലായിരിക്കും. ബംഗാളിലെ ദുര്‍ഗതിയില്‍നിന്ന് പാഠം പഠിക്കേണ്ടതുണ്ട്.

Back to Top