ആ ലക്ഷ്യത്തിനു നമ്മള്‍ വഴങ്ങിക്കൂടാ പ്രമോദ് പുഴങ്കര
പണ്ഡിറ്റ് കെ പി കറുപ്പനെ 1912-ല്‍ കൊച്ചിയിലെ പെണ്‍ പള്ളിക്കൂടത്തില്‍ അധ്യാപകനായി നിയമിച്ചു. ഇതറിഞ്ഞ നായന്മാര്‍ അക്കാലത്ത് ലഭ്യമായത്ര ക്ഷോഭം ചാലിച്ച് കൊച്ചി രാജാവിന് പ്രതിഷേധ അപേക്ഷ നല്‍കി. കറുപ്പന്‍ അധ്യാപകനായാല്‍ തങ്ങളുടെ പെണ്‍മക്കള്‍ അവിടെയിനി പഠിക്കില്ല, ടി സി വാങ്ങി പോകുമെന്നായിരുന്നു സംഭവത്തിന്റെ ഉള്ളടക്കം. എന്നാല്‍ അങ്ങനെയാകട്ടെ, അവര്‍ക്ക് ടി സി കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യൂ എന്ന് രാജാവ് ആ അപേക്ഷയുടെ അടിയില്‍ കുറിപ്പെഴുതിയതോടെ നായര്‍ ക്ഷോഭം അവസാനിച്ചു. നായര്‍ കന്യകമാരാരും ടി സി വാങ്ങി പോയി വിപ്ലവം ഉണ്ടാക്കിയില്ല. ശൃംഗാരശ്ലോകങ്ങളുടെ വൃത്തഭംഗികള്‍ ലഘു ഗുരുക്കളില്‍ നീണ്ടും നിവര്‍ന്നും അളക്കാന്‍ പാകത്തില്‍ അവര്‍ അവിടെയൊക്കെത്തന്നെ പഠിച്ചു, പതിവുപോലെ വലുതാവുകയും ചെയ്തു. അത്തരം ഉണ്ടിരിക്കുന്ന നായര്‍ ക്ഷോഭമായി ഇപ്പോഴുള്ള സംഘപരിവാര്‍ കലാപത്തെ കാണണ്ട. ഇപ്പോഴുള്ള കലാപം ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയുടേതാണ്. അതിന്റെ രീതികള്‍ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയാണ്. അതുകൊണ്ട് അതിനുള്ള വടി വേറെ വെട്ടിവെക്കണം നമ്മള്‍. ആ രാഷ്ട്രീയ ജാഗ്രത ജനങ്ങളുടെ പ്രതിരോധമാണ്. അതിന്റെ അവകാശത്തര്‍ക്കങ്ങളെ അര്‍ഹിക്കുന്ന സൗമന്യസത്തോടെ വിട്ടുകളയാം ഇപ്പോള്‍.