ആരെയും നിരാശരാക്കരുത് – സക്കീന സലാം കൂറ്റനാട്
മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്ന ഭരണഘടനയാണ് ഭാരതത്തിന്റെ അനേക സവിശേഷതകളിലൊന്ന്. മുഴുവന്‍ മനുഷ്യരെയും തുല്യരായും സഹോദരങ്ങളായും കണക്കാക്കുക എന്ന ശക്തമായ മാനവികസന്ദേശത്തിന്റെ പച്ചയായ ജീവിതമാണ് എന്റെ ചെറുപ്പത്തിലേ ഞാന്‍ അനുഭവിച്ചിട്ടുള്ളത്. ജാതിയും മതവും നോക്കാതെ മനുഷ്യരെ സ്‌നേഹിക്കുന്ന, അവര്‍ക്ക് അന്നം നല്‍കുന്ന രീതിയാണ് ചെറുപ്പം മുതലേ കണ്ടുവളര്‍ന്നത്.
അടുത്ത കാലത്തായി സമൂഹത്തില്‍ ശൈഥില്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വര്‍ഗീയമായ കാഴ്ചപ്പാടുകളെ കുറിച്ചും അവയോട് ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്ന സമീപനത്തെകുറിച്ചുമുള്ള പ്രാഥമികമായ ഒരു ആലോചനയാണ് എപ്പോഴും ഞങ്ങള്‍ സ്ത്രീകളെ പിന്തുടരുന്നത്. മതേതര കാഴ്ചപ്പാടുകള്‍, അവയുടെ ജീവിതപശ്ചാത്തലം, പ്രശ്‌നങ്ങള്‍, എപ്പോഴും പ്രതീക്ഷിക്കാവുന്ന സംഘട്ടന വാര്‍ത്തകള്‍ എന്നിവയാണ് ഇന്ന് ഓരോ നിമിഷത്തെയും സങ്കീര്‍ണമാക്കുന്നത്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ സത്യത്തെ കുറിച്ച അവകാശവാദത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ മുസ്‌ലിംള്‍ക്ക് സ്വീകരിക്കാനാവുന്ന സമീപനത്തെകുറിച്ചും സാമൂഹ്യ ഇടപെടലിന്റെ സാധ്യതകളെ കുറിച്ചുമുള്ള ആലോചനകളാണ് മത സംഘടനകള്‍ ഏറ്റെടുക്കേണ്ടത്. ഒരാള്‍ വിശ്വാസിയാകുന്നതും അവിശ്വാസിയാകുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്. മതസമൂഹങ്ങള്‍ അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചല്ലേ നാളിതുവരെ ഈ രാജ്യം മുന്നോട്ടുപോയത്. വൈവിധ്യത്തിലൂടെ തന്നെ മതസമൂഹങ്ങളുമായി സഹവര്‍ത്തിത്വം സാധ്യമാണെന്നതാണ് ഈ രാജ്യം ഇക്കാലമത്രെയും തെളിയിച്ചതും. ആചാരബന്ധിതവും അനുഷ്ഠാന പരവുമായ മതങ്ങള്‍ മതകീയ വ്യക്തിത്വം കാണിച്ചു കൊണ്ടു തന്നെ രാജ്യത്തിന് കരുത്ത് പകര്‍ന്നിരുന്നുവല്ലോ.
ബഹുമത സമൂഹത്തിലെ സാമൂഹ്യ സമീപനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ ഓരോ ഭാരതീയനും കഴിയണം. മതേതരത്വത്തിന്റെ പര്യായമായി, ബഹുസ്വരതയുടെ അഭിമാനമായി ലോക രാഷ്ട്രങ്ങള്‍ നമ്മെ കണ്ടതാണ്. വര്‍ഗീയ, വംശീയ ചേരിതിരിവില്‍ നാം ഇന്ത്യക്കാര്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അപമാനിതരാകരുത്. ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ രാജ്യത്ത് സമാധാനവും ഐക്യവും മൈത്രിയും പുനഃസ്ഥാപിക്കാന്‍ രാഷ്ട്ര നേതാക്കളും ജുഡീഷ്യറിയും വേഗത്തിലും സമര്‍ഥമായും ഇടപെടേണ്ടിയിരിക്കുന്നു.