ആരുടെ കയ്യിലാണ്നമ്മുടെ മക്കള്‍ – അബ്ദുസ്സലാം
കണ്ണൂര്‍പ്രവാചകനെ മാതൃകയാക്കാന്‍ വെമ്പല്‍ കൂട്ടുന്ന സമൂഹം എന്ന നിലയില്‍ വിശ്വാസികള്‍ വീടുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണം. സ്വന്തത്തെ നരകത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട ഖുര്‍ആന്‍ പിന്നെ ആവശ്യപ്പെടുന്നത് കുടുംബത്തെ തീയില്‍ നിന്നും രക്ഷിക്കാനാണ്. കുടുംബത്തിന്റെ ഓരോ ചുവടു വെപ്പിലും ഗൃഹനാഥന്‍ എന്ന നിലയില്‍ പുരുഷന്റെ സാമീപ്യം അനിവാര്യതയായി മാറുന്നു. പ്രവാചക കാലവും നമ്മുടെ കാലവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നമ്മില്‍ പലരുടെയും ജീവിത പ്രശ്‌നമായി പലര്‍ക്കും വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടി വരുന്നു. കുടുമ്പത്തിന്റെ നാഥന്‍ എന്ന സ്ഥാനത്തു നിന്നും കേവലം സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലേക്ക് പലരും താഴ്ന്നു പോകുന്നു. കുട്ടികളുടെയും കുടുംബത്തിന്റെയും ‘തര്‍ ബിയ്യത്തില്‍’ കുടുംബനാഥന് ഒരു സ്ഥാനവും ലഭിക്കാതെ പോകുന്നു. ആധുനിക മാധ്യങ്ങള്‍ ഉപയോഗിച്ച് വീടുമായും കുട്ടികളുമായും എങ്ങിനെ ബന്ധം ശക്തമാക്കാം എന്ന രീതി ആലോചിക്കാം.അതെ സമയം നാട്ടിലുള്ളവര്‍ വീടുകളില്‍ അവരുടെ സാന്നിധ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തണം. എന്ത് കൊണ്ട് പള്ളിയില്‍ വരുന്നില്ല എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം അത്തരം ഒരു സ്വഭാവം കുടുംബനാഥനില്ല എന്നതായിരുന്നു. പലരും നാട്ടില്‍ ‘ റോള്‍ മോഡല്‍’ എന്ന അവസ്ഥയിലേക്ക് വരുമ്പോഴും വീട്ടില്‍ വലിയ ‘വട്ടപ്പൂജ്യം’ എന്ന നിലയിലാവും.കുടുംബവുമായി കൂടിയിരിക്കാന്‍ സമയം കണ്ടെത്തുക എന്നത് ഒരു വിശ്വാസിയുടെ അനിവാര്യതയാണ്. കുടുംബവുമായി ചേര്‍ന്നിരിക്കുമ്പോള്‍ ജീവിതത്തിനു ആസ്വാദ്യത ലഭിക്കുന്നുവെങ്കില്‍ മാത്രമാണ് ജീവിത വിജയം നേടി എന്ന് പറയാന്‍ കഴിയുക.