23 Monday
December 2024
2024 December 23
1446 Joumada II 21

ആരാധ്യനേകന്‍ അനശ്വര ശാന്തി – ഡോ. പി എം മുസ്തഫ കൊച്ചിന്‍

ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് ലോകചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ മൂന്ന് തരക്കാരായിരുന്നു എന്നു കാണാം. അഹങ്കാരത്തിലൂടെ നാസ്തികതയിലെത്തിപ്പെട്ടവരാണ് ഒന്നാം വിഭാഗം. തന്നെക്കാള്‍ വലിയ ഒരു ശക്തിയുണ്ടെന്ന് അംഗീകരിക്കാന്‍ അഹന്ത അനുവദിക്കാത്ത ഭൗതിക വാദികളാണിവര്‍. ഭൗതിക ലോകത്തിനപ്പുറം ഒന്നുമില്ലെന്നും പ്രപഞ്ചം സ്വയംഭൂവാണെന്നും അനാദിയും അനന്തവുമാണെന്ന്ഈ നിര്‍മത വാദികള്‍ പറയുന്നു. ഖുര്‍ആന്‍ ഈ വിഭാഗത്തിന്റെ വാദഗതികള്‍ എടുത്തുദ്ധരിക്കുന്നുണ്ട്. അവര്‍ പറഞ്ഞു: ”ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു.  വാസ്തവത്തില്‍ അവര്‍ക്ക് അതേപ്പറ്റി യാതൊരറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.” (വി.ഖു 45:24)
ലോകത്ത് വളരെ കുറഞ്ഞ ശതമാനം മാത്രമേ ഈ നിരീശ്വരവാദികള്‍ ഉണ്ടായിട്ടുള്ളൂ. യുക്തിവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ അനുമാനങ്ങള്‍ യുക്തിവിരുദ്ധമാണെന്ന് ഈ മേഖലയില്‍ നിഷ്പക്ഷപഠനം നടത്തുന്ന ഏവര്‍ക്കും മനസ്സിലാക്കാനാവും. പരമാണു മുതല്‍ പ്രപഞ്ചം വരെ ഒരു വസ്തുവിനും ശൂന്യതയില്‍ നിന്ന് സ്വയം നിലവില്‍ വരിക സാധ്യമല്ല. ഈ കാര്യം മനുഷ്യബുദ്ധിക്ക് അധികം ആഴത്തിലൊന്നും ചിന്തിക്കാതെ തന്നെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പ്രപഞ്ചം സ്വയംഭൂവാണെന്നും അതെന്നും ഉണ്ടായിരുന്നതാണെന്നും അനാദിയാണെന്നും മറ്റുമുള്ള ഭൗതിക വാദികളുടെ വാദങ്ങള്‍ ഇന്ന് അവരും അംഗീകരിക്കുന്ന ശാസ്ത്രലോകം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. അല്ലാഹു പറയുന്നു: ”ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ‘ഉണ്ടാകൂ’ എന്ന് അതിനോട് അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോഴതാ അതുണ്ടാകുകയായി”(3:47, 40:68)
ഭൂമിയെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പറ്റിയ നിലയില്‍ പാകപ്പെടുത്തിയത്, ബുദ്ധിയില്ലാത്ത പ്രകൃതിയുടെ വികൃതിയല്ല. മറ്റു ഗോളത്തിലൊന്നുമില്ലാത്ത വായു മണ്ഡലവും വെള്ളവും മറ്റു സൗകര്യങ്ങളും ഇവിടെ ആസൂത്രിതമായി ഒരുക്കിത്തന്നത് സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹുവാണ്. അവന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളിലൂടെ അവനെ മനസ്സിലാക്കി അവനോട് നന്ദി കാണിച്ച് അവനെ മാത്രം ആരാധിച്ച്, ആ  വിശ്വാസമനുസരിച്ച് ജീവിതം നയിക്കുന്നതിലൂടെ ശാന്തമായ സാമൂഹികാവസ്ഥ കൈവരിക്കുകയും ചെയ്യുക എന്നതാണ് ശരിയായ യുക്തിവാദം.
നന്ദികേടിലൂടെ ബഹുദൈവ വിശ്വാസത്തിലെത്തിപ്പെട്ടവരാണ് രണ്ടാമത്തെ വിഭാഗം. ലോകത്ത് കഴിഞ്ഞുപോയതും നിലവിലുള്ളതുമായ സമൂഹങ്ങള്‍ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. അവരിലധികപേരും ബഹുദൈവാരാധകരാണ്. ഈ കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് മറ്റുള്ളവരെ അവനോട് പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്.” (12:106)
ജഗന്നിയന്താവായ സാക്ഷാല്‍ ദൈവത്തെ അറിയുകയും അംഗീകരിക്കുകയും അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ തന്നെ ആരാധനയിലും പ്രാര്‍ഥനകളിലും മറ്റു പലരെയും പങ്കുചേര്‍ക്കുന്നു. ഇത് തികഞ്ഞ നന്ദിയില്ലായ്മയും വിവരക്കേടുമാണ്. പ്രപഞ്ചത്തെ സംവിധാനിച്ചതിലോ മനുഷ്യര്‍ക്ക് ജീവിതസൗകര്യം ഏര്‍പ്പെടുത്തിയതിലോ അല്ലാഹുവിന് യാതൊരു പങ്കുകാരുമില്ല എന്ന് അംഗീകരിക്കുന്നവര്‍ അവനോട് പ്രാര്‍ഥിക്കുന്നതോടൊപ്പം മറ്റുള്ളവരോടും പ്രാര്‍ഥിക്കുന്നു. ഒന്നിലെറെ ദൈവങ്ങളെ സ്വീകരിക്കുന്നു.
ഇങ്ങനെ അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നതില്‍ മനുഷ്യരും പ്രവാചകരും മഹാന്മാരും, മൃഗങ്ങളും, പക്ഷികളും, ഇഴജന്തുക്കളും നിര്‍ജീവ വസ്തുക്കളും, പിശാചുക്കളും എല്ലാമുണ്ട്. ഭൗതികമായി ഏറെ വിദ്യാഭ്യാസ യോഗ്യത നേടിയ ആളുകള്‍ പോലും ഈ ബുദ്ധിശൂന്യതയില്‍ വിവരമില്ലാത്തവര്‍ക്ക് തുല്യരായി കാണപ്പെടുന്നു.
പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നായി വിഭജിച്ച് ദൈവത്തിന്റെ ത്രിയേകത്വമെന്ന വൈരുധ്യത്തില്‍ വിശ്വസിക്കുന്നവരും സൃഷ്ടി – സ്ഥിതി – സംഹാരങ്ങള്‍ക്ക് വേറെ വേറെ ദൈവങ്ങളെ സങ്കല്പിച്ച് ത്രിമൂര്‍ത്തികളെ ആരാധിക്കുന്നവരും ബഹുദൈവാരാധകര്‍ തന്നെ. മരിച്ചുപോയ മഹാന്മാരുടെ പേരില്‍ വിഗ്രഹങ്ങള്‍ കൊത്തിയുണ്ടാക്കി അവയ്ക്ക് മുന്നില്‍ ഭജനമിരിക്കുന്നവരും മരിച്ചുപോയവരെ വിളിച്ചുതേടുന്നവരും ബഹുദൈവ വിശ്വാസികള്‍ തന്നെ.
ഏകദൈവ വിശ്വാസം കളങ്കപ്പെട്ടുപോയവര്‍ പലതരക്കാരാണ്.
1. അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കാതെ മനുഷ്യ ഭാവനകള്‍ക്കനുസരിച്ച് ദൈവസങ്കല്പങ്ങള്‍ മെനഞ്ഞ് ചിലര്‍ ദൈവത്തെ മനുഷ്യനോളം താഴ്ത്തുന്നു.
2. മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ ദൈവത്തിലാരോപിച്ച് സ്രഷ്ടാവിന്റെ പ്രസ്തുത പദവിയെ കളങ്കപ്പെടുത്തുന്നു.
3. വേറെ ചിലര്‍ സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ കഴിവുകള്‍ ആരോപിച്ച് അവരെ വിളിച്ചുപ്രാര്‍ഥിക്കാനും ആരാധിക്കാനും ഒരുമ്പെടുന്നതിലൂടെ സൃഷ്ടികളെ ദൈവത്തോളം ഉയര്‍ത്തുന്നു.
സ്രഷ്ടാവിന്റെ നിസ്തുല സത്തയെ എല്ലാ സൃഷ്ടികളിലും ലയിച്ചുകിടക്കുന്ന ഒരു ശക്തിയായി സങ്കല്പിച്ച ‘അദൈ്വതവാദം’ യഥാര്‍ഥ ദൈവത്തെ മനസ്സിലാക്കാത്തതു മൂലം സംഭവിച്ച അബദ്ധമാണ്. യാതൊരു ഗുണവുമില്ലാത്ത ഒരു കേവല ശക്തി എന്നും ‘നിര്‍ഗുണ പരമാത്മാവ്’ എന്നും പറഞ്ഞ് ദൈവത്തെ സങ്കല്പിക്കുന്നവരുണ്ട്. അവര്‍ക്ക് ദൈവത്തെ അനുസരിക്കുകയോ ദൈവത്തെ പേടിക്കുകയോ വേണ്ടതില്ലല്ലോ. ഇതിനൊക്കെ പുറമെയാണ് ദൈവത്തിന്റെ ഗുണങ്ങള്‍ സ്വയം അവകാശപ്പെട്ട് ജനങ്ങളെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങള്‍.
ആരാധ്യനേകന്‍ എന്ന് വിശ്വസിക്കുന്ന ഏകദൈവ വിശ്വാസികളാണ് മൂന്നാമത്തെ വിഭാഗം. ഈ ലോകത്ത് ജനിച്ചുവീണ മനുഷ്യന്‍ തനിക്ക് അപാരമായ അനുഗ്രഹങ്ങള്‍ നല്‍കിയ ഒരു മഹാശക്തിയുടെ അസ്തിത്വം അനുഭവിച്ചറിയുന്നു. മനുഷ്യനെക്കാള്‍ ഉന്നതമായ മറ്റൊരു സൃഷ്ടിയും ഭൂമിയിലില്ലെന്ന് നമുക്കറിയാം. അവനെക്കാള്‍ ഉന്നതനായ ഒരുവന്‍ മാത്രമേയുള്ളൂ. അതാണ് നമ്മുടെ സ്രഷ്ടാവ്. സകല ലോകത്തിന്റെയും സ്രഷ്ടാവും സംരക്ഷകനുമാണ് അവന്‍. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല’ എന്നതാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ. മനുഷ്യാരംഭം മുതല്‍ എല്ലാ പ്രവാചകന്മാരും മനുഷ്യരോട് ഉണര്‍ത്തിയ പ്രധാന കാര്യവും ഇതുതന്നെയായിരുന്നു. ആരാധിക്കപ്പെടുന്നവനാണ് ദൈവം. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്. പ്രാര്‍ഥിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവനായി അല്ലാഹുവല്ലാതെ ആരുമില്ല, ഒന്നുമില്ല.
ആരാണ് അല്ലാഹു?
‘മുസ്‌ലിംകളുടെ കുലദൈവമാണ് അല്ലാഹു’ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ദൃശ്യപ്രപഞ്ചത്തെയും അതിനപ്പുറത്തുള്ളതിനെയുമെല്ലാം ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച്, നിലനില്പ് നല്‍കി, പരിപാലിച്ച് അനുക്രമം വളര്‍ത്തിക്കൊണ്ടുവരുന്ന, സര്‍വജ്ഞനും, സര്‍വ ശക്തനുമായ പ്രപഞ്ചകര്‍ത്താവാണ് അല്ലാഹു. എല്ലാവരുടെയും യഥാര്‍ഥ ദൈവം അവന്‍ മാത്രമാണ്.
ദൈവമേ! ഈശ്വരാ!, ഓ മൈ ഗോഡ്, ഖുദാ എന്നൊക്കെ പറയുമ്പോള്‍ ഏതു വിഭാഗത്തില്‍ പെട്ട മനുഷ്യരും ഉദ്ദേശിക്കുന്നത് പ്രപഞ്ച കര്‍ത്താവായ അല്ലാഹുവിനെയാണ്. എല്ലാ മനുഷ്യമനസ്സുകളില്‍ നിന്നും പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ഥനകള്‍ ഉയരുന്നത് അവങ്കലേക്കാണ്. ആ പ്രാര്‍ഥനയാണ് ആരാധനയുടെ മര്‍മം.
എന്താണ് പ്രാര്‍ഥന?
മനുഷ്യര്‍ക്ക് തങ്ങളുടെ അറിവും കഴിവും ഉപയോഗിച്ച് പരസ്പരം ചെയ്തുകൊടുക്കാന്‍ സാധ്യമല്ലാത്ത കാര്യങ്ങളില്‍ അഭൗതികമായ രീതിയില്‍ സഹായം തേടുകയോ ഉപദ്രവം തടയാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതാണ് പ്രാര്‍ഥന. ‘പ്രാര്‍ഥനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല’ എന്ന ഇസ്‌ലാമിന്റെ ലളിതമായ പ്രതിജ്ഞാവാക്യം മനുഷ്യപ്രകൃതിക്ക് അനുയോജ്യമാണ്. മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ബുദ്ധിക്ക് പൂര്‍ണമായും യോജിക്കുന്നതാണ്. യുക്തിക്കും മുക്തിക്കും പറ്റിയതാണ്. കാലദേശങ്ങള്‍ക്കനുസരിച്ച് മാറുന്ന ഒരാശയമല്ല ഇത്. എന്നാലും ഇത് മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും മനുഷ്യന്‍ വീഴ്ചവരുത്തി. അതുകൊണ്ടാണ് മനുഷ്യാരംഭം മുതല്‍ ഈ കാര്യം ധരിപ്പിക്കാനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടിരുന്നത്.
പരമാണു മുതല്‍ സ്ഥലകാല പ്രപഞ്ചം വരെ സൃഷ്ടിച്ച് പരിപാലിക്കന്നവന് മാത്രമേ ആരാധന സ്വീകരിക്കാന്‍ അര്‍ഹതയുള്ളൂ. സൃഷ്ടികളുടെ ആവശ്യം മനസ്സിലാക്കി അതു നിറവേറ്റിക്കൊടുക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്രത്തിലേക്ക് ആവശ്യം സമര്‍പ്പിക്കുന്നത് ബുദ്ധിശൂന്യമാണ്. ഭൂത-വര്‍ത്തമാന-ഭാവി വ്യത്യാസമില്ലാതെ സൃഷ്ടികളെപ്പറ്റി കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ത്രികാലജ്ഞാനിയായവന്റെ മുന്നില്‍ മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ. അത്തരം കേന്ദ്രം ഒന്നിലേറെ ഉണ്ടാവില്ല.
സൃഷ്ടികള്‍ക്കുള്ള എല്ലാത്തരം ന്യൂനതകളില്‍ നിന്നും മുക്തമായ ഒരുവന്‍ മാത്രമേ ദൈവമാകുകയുള്ളൂ. അതുകൊണ്ടാണ് സ്രഷ്ടാവായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല എന്ന് പറയുന്നത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു പേരില്‍ വിളിച്ചാലും വിളിച്ചവന്റെ മനസ്സറിഞ്ഞ് അതു സ്വീകരിക്കാന്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കുമാവില്ല. ഖുര്‍ആന്‍ ഏകനായ ആരാധ്യനെ പരിചയപ്പെടുത്തുന്നത് നോക്കൂ: ”അല്ലാഹു അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ!” (2:255)
ഈ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്രഷ്ടാവ് ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല.
അനശ്വര ശാന്തി
മരണാനന്തര ജീവിതത്തെക്കുറിച്ച വിശ്വാസം എല്ലാ പുരാതന നാഗരികതകളിലും കാണാന്‍ സാധിക്കും. ഇഹലോകത്ത് നടക്കാതെ പോയ നീതിയുടെ സാക്ഷാത്കാരം പരലോകത്ത് നടക്കുമെന്ന വിശ്വാസത്തിന് മനുഷ്യരോളം പഴക്കമുണ്ടെന്നര്‍ഥം.
മരണാനന്തരം മനുഷ്യാത്മാവ് നശിക്കുന്നില്ലെന്നും അത് പുനര്‍ജനിക്കുമെന്നുമുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ ദൈവികമെന്നവകാശപ്പെടുന്ന മതങ്ങളെല്ലാം ഏകദേശം ഓരോ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഹിന്ദുമതത്തിലെ പുനര്‍ജന്മ സിദ്ധാന്തം മാത്രമാണ് ഈ വിഷയവുമായി അല്പം വ്യത്യാസം പുലര്‍ത്തുന്നത്. മനുഷ്യന് ഭൂമിയില്‍ തന്നെ വ്യത്യസ്ത ജന്മങ്ങളുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ഓരോ ജന്മത്തിലെയും പുണ്യപാപങ്ങള്‍ക്കനുസരിച്ചാണ് അടുത്ത ജന്മമുണ്ടാകുന്നതത്രെ.
മരണാനന്തര ജീവിതത്തെക്കുറിച്ച് സെമിറ്റിക് മതങ്ങള്‍ക്കെല്ലാം ഏകദേശം സമാനമായ വീക്ഷണമാണുള്ളത്. മരണത്തിനുശേഷം മനുഷ്യരെല്ലാം സ്രഷ്ടാവിന്റെ സന്നിധിയില്‍ പുനര്‍ജനിച്ച് ഒരുമിച്ചു കൂട്ടപ്പെടുകയും അവിടെ വെച്ച് സ്രഷ്ടാവ് ന്യായവിധി നടപ്പാക്കുകയും നന്മ ചെയ്തവരെ സ്വര്‍ഗത്തിലേക്കും തിന്മ ചെയ്തവരെ നരകത്തിലേക്കും പറഞ്ഞയക്കുമെന്നുമാണ് യഹൂദ- ക്രൈസ്തവ- ഇസ്‌ലാം മതങ്ങളുടെ പൊതുവായ വിശ്വാസം. പക്ഷെ, ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ഒന്നും തന്നെ പരലോക ജീവിതത്തെക്കുറിച്ച് വ്യക്തവും വിശദവുമായ പരമാര്‍ശങ്ങളില്ല.
ഖുര്‍ആനിന്റെ സ്ഥിതി ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഏകദൈവ വിശ്വാസം കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയിട്ടുള്ളത് പരലോക വിശ്വാസത്തിലാണ്. മരണശേഷം ദൈവസന്നിധിയില്‍ ഒരുമിച്ച് കൂട്ടപ്പെടുന്ന മനുഷ്യരുടെ വിചാരണ നടക്കും. രഹസ്യങ്ങളും പരസ്യങ്ങളും ഒരേ പോലെ അറിയുന്ന പടച്ച തമ്പുരാനാണ് പ്രസ്തുത വിചാരണയുടെ മേലധികാരിയെന്നതിനാല്‍ അവനു മുമ്പില്‍ ഒന്നും തന്നെ മറച്ചുവെക്കപ്പെടുകയില്ല.
നന്മ തിന്മകളെക്കുറിച്ച വിചാരണയ്ക്കു ശേഷം തിന്മകൊണ്ട് സ്വജീവിതം ദുഷിച്ചവരെ നരകത്തിലേക്കും സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ആത്മാവിനെ പ്രശോഭിതമാക്കിയവരെ സ്വര്‍ഗത്തിലേക്കും അയക്കുന്നു. നന്മകള്‍ കൊണ്ട് ജീവിതം ധന്യമാക്കിയവരുടെ ചെറിയ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും. ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിക്കാത്തവരുടെ സല്‍ക്കര്‍മങ്ങളെല്ലാം വൃഥാവിലാകുന്നു. അല്ലാഹുവല്ലാത്തവരെ ആരാധിക്കുക വഴി ദൈവത്തില്‍ പങ്കുചേര്‍ക്കുന്നവരുടെ പാപങ്ങള്‍ ഒരിക്കലും തന്നെ പൊറുത്തു കൊടുക്കപ്പെടുകയില്ല. (4:48)
ഇഹലോകത്തുവെച്ച് ത്യാഗങ്ങള്‍ സഹിച്ചു പ്രയാസങ്ങളോട് പടവെട്ടിയും സത്യവിശ്വാസികളായി ജീവിച്ചവര്‍ക്ക് നല്‍കപ്പെടാനിരിക്കുന്ന സ്വര്‍ഗത്തിലെ സുഖസൗകര്യങ്ങള്‍ വിവരിക്കുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ശരീരത്തിനും, ആത്മാവിനും, സംതൃപ്തിയും സന്തോഷവും സമാധാനവും നല്‍കാനുതകുന്ന സംവിധാനങ്ങളാണ് സ്വര്‍ഗത്തിലുള്ളത്. ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഭൂമിയിലെ നൈമിഷിക സുഖങ്ങളില്‍ നിന്ന് അകന്നു നിന്നവര്‍ക്ക് പരലോകത്തുവെച്ച് ലഭിക്കാനിരിക്കുന്നത് ശാശ്വതമായ സുഖസൗകര്യങ്ങളാണ്. ഭൂമിയില്‍ വിലക്കു വാങ്ങുന്ന സുഖങ്ങള്‍ ശാരീരിക സംതൃപ്തി ഒരളവു വരെ മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂ. പരലോകത്തിലെ ശാശ്വത സുഖമാകട്ടെ, ശാരീരികവും മാനസികവും ആത്മീയവുമായ ആനന്ദങ്ങള്‍ നല്‍കുന്നവയാണ്.
സ്വര്‍ഗത്തെ ശാന്തിയുടെ ഭവനമെന്നാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അവിടെയുള്ള മാലാഖമാരുടെ ആശംസ മാത്രം മതി സത്യവിശ്വാസികളുടെ മനസ്സിനെ കുളിരണിയിക്കാന്‍. അല്ലാഹുവിന്റെ കാരുണ്യത്തിന് കീഴില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവിടെ സമ്പൂര്‍ണ സമാധാനമായിരിക്കും. ഖുര്‍ആന്‍ പറയുന്നു: ”അവര്‍ക്ക് അവരുടെ രക്ഷിതാവിന്റെയടുക്കല്‍ ശാന്തിയുടെ ഭവനമുണ്ട്. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമത്രെ അത്.”(6:127)
മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ”സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും, സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്.” (13:23-24)
Back to Top