21 Saturday
December 2024
2024 December 21
1446 Joumada II 19

ആരാധനാ സ്വാതന്ത്ര്യവും ആരാധനാ സമത്വവും ഇസ്‌ലാമില്‍ – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

2018 സപ്തംബര്‍ 28-ന് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമെന്യേ അനുമതി നല്‍കിക്കൊണ്ട് രാജ്യത്തെ പരമോന്നത നീതിപീഠം ചരിത്രപ്രധാനമായ വിധി പ്രസ്താവിക്കുകയുണ്ടായി. ശബരിമലയില്‍ നിന്നും സ്ത്രീകളെ വിലക്കുന്നത് അവര്‍ക്ക് അയ്യപ്പനോട് ഭക്തി പ്രകടിപ്പിക്കാനുള്ള ആരാധനാ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കോടതിക്കകത്ത് മാസങ്ങളോളം നീണ്ടുനിന്ന വാഗ്വാദത്തിനിടയില്‍ കോടതി നിരീക്ഷിക്കുകയുണ്ടായി. അതോടൊപ്പം എന്തുകൊണ്ടാണ് മതത്തിലെ ആരാധനാ കാര്യങ്ങളില്‍ സ്ത്രീക്കും പുരുഷനും സമത്വം നിഷേധിക്കപ്പെടുന്നത് എന്ന ചോദ്യം പൊതു സമൂഹത്തോടായി കോടതി ഉന്നയിക്കുകയും ചെയ്തു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ കേരള സര്‍ക്കാറിനോട് സുപ്രീംകോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറും ഇതേ വാദമാണുന്നയിച്ചത്. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അതുകൊണ്ട് ശബരിമല സ്ത്രീ പ്രവേശത്തിന് അനുകൂലമാണ് സര്‍ക്കാര്‍ എന്നുമായിരുന്നു സത്യവാങ് മൂലത്തിന്റെ ഉള്ളടക്കം.
മനുഷ്യനിര്‍മിതമായ മതങ്ങളും ദൈവികമതവും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ വ്യത്യസ്ത സമീപനങ്ങളാണ് പുലര്‍ത്തുന്നത്. ദൈവിക മതമായ ഇസ്‌ലാമില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യരെ പരമാവധി അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത്. ദൈവത്തെ ആരാധിക്കാനുള്ള അഭിവാഞ്ഛയോടു കൂടിയാണ് മനുഷ്യ പ്രകൃതം അല്ലാഹു സംവിധാനിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. ”എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല”(51:56). മനുഷ്യന്‍ എന്ന അര്‍ഥ കല്പനയില്‍ സ്ത്രീ-പുരുഷ വിവേചനം കൂടാതെയുള്ള ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമായിട്ടാണ് മതം കാണുന്നതെന്ന് ഈ വചനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. എന്നു മാത്രമല്ല, ദേവാലയങ്ങള്‍ അടച്ചുപൂട്ടിയും വിശ്വാസികളെ അടിച്ചൊതുക്കിയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്ന ക്രൂരതയെ ദൈവത്തോടുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്.
ദൈവം അനുവദിച്ചിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ അത് ഹനിക്കുന്നവര്‍ക്കെതിരില്‍ പോരാടുവാനും ദേശത്യാഗം നടത്തുവാനും ജീവന്മരണ ഏറ്റുമുട്ടലിന് തയ്യാറാവാനും ഖുര്‍ആന്‍ ആവശ്യപ്പെടുകയോ അനുവാദം നല്‍കുകയോ ചെയ്യുന്നുണ്ട്. ”മതത്തിന്റെ കാര്യത്തില്‍ നിങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ നിങ്ങള്‍ക്കെതിരില്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്നവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്നതിനെയാകുന്നു നിങ്ങള്‍ക്കല്ലാഹു വിലക്കിയിരിക്കുന്നത്.” (60:9)
മതത്തെയും മതാചാരങ്ങളെയും പിന്തിരിപ്പന്‍ എന്നു മുദ്രകുത്തുന്നവര്‍ പോലും ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വൈരുധ്യാത്മക കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നിത്യ ജീവിതത്തില്‍ മതം പൂത്തുലയണമെന്ന ആഗ്രഹത്തെക്കാള്‍ ലോകത്ത് രൂപപ്പെട്ടുവരുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ നവരൂപം പുല്‍കാനുള്ള വെമ്പലാണ് ഇതിനു പിന്നിലെ പ്രേരകം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം എന്ന വാക്കിനുമൊരു സ്വാതന്ത്ര്യമുണ്ട്. അതിന് അതിരുകളും പരിധികളുമുണ്ട് എന്നതാണ് വസ്തുത. ഒരാള്‍ക്ക് കൈവീശാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതിന്റെ പേരില്‍ അപരന്റെ മൂക്കിന്‍ തുമ്പിലൂടെ കൈവീശാന്‍ പറ്റില്ലല്ലോ? തോന്നിയതുപോലെ രമിക്കുവാനുള്ള അവസരത്തിനാണ് സ്വാതന്ത്ര്യമെന്ന് പറയുന്നതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിന്റെ ഫലമായുള്ള കോലാഹലങ്ങളാണ് ശബരിമല സ്ത്രീ പ്രവേശമായും സ്വവര്‍ഗരതിയായും പുകഞ്ഞുകൊണ്ടിരിക്കുന്നത്. അടിമത്വത്തിന്റെ വിപരീതാര്‍ഥമാകുന്നു ഇസ്‌ലാമിക പ്രയോഗങ്ങളിലെ സ്വാതന്ത്ര്യം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. അടിമത്തത്തിലരങ്ങേറുന്നത് പീഡനമാവുന്നു. പീഡനത്തിന്റെ അതിരുകളില്ലാത്ത ലോകത്തു നിന്നും അതിരുകളും പരിധികളുമുള്ള ലോകത്തേക്ക് നയിക്കുന്നതിനെയാണ് ഇസ്‌ലാം സ്വാതന്ത്ര്യമായി ഗണിക്കുന്നത്.
ആണിനും പെണ്ണിനും ആരാധനാ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ഇസ്‌ലാം ഇരുവര്‍ക്കും വിധികളും വിലക്കുകളും നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. ആണിന് വിലക്കുകളൊന്നുമില്ലാതെ തോന്നിയതുപോലെ മതകാര്യങ്ങളിലിടപെടാനും പെണ്ണിന് ചങ്ങലക്കെട്ടുകള്‍ക്കകത്ത് നിന്ന് മാത്രമേ മതത്തെ സമീപിക്കാന്‍ പാടുള്ളൂവെന്ന മനുഷ്യനിര്‍മിത മതസങ്കല്പമല്ല ഇസ്‌ലാമിനുള്ളത്. മദ്യപാനം, വ്യഭിചാരം, മയക്കുമരുന്നുപയോഗം തുടങ്ങിയവ ഇരുവര്‍ക്കും ബാധകമായ വിലക്കുകളാണെങ്കില്‍ സ്വര്‍ണാഭരണമണിയല്‍, പട്ടുവസ്ത്രം ധരിക്കല്‍ എന്നിവ ആണുങ്ങള്‍ക്ക് മതം വിലക്കുകയും സ്ത്രീകള്‍ക്ക് അനുവദിക്കുകയും ചെയ്തിരിക്കുന്നു.
ആരാധനാ സമത്വം
ദൈവത്തോടുള്ള ഭക്തി പ്രകടനത്തിന് ആണിനും പെണ്ണിനും അവസരങ്ങള്‍ നല്‍കിക്കൊണ്ട് ഇസ്‌ലാം ആരാധനാ സമത്വം ഉറപ്പു വരുത്തുന്നുണ്ട് (16:97). അതിനു വേണ്ടി ആരാധനാലയങ്ങള്‍ ഇരുവര്‍ക്കു മുമ്പിലും മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഇസ്‌ലാമിലെ മൂന്ന് തീര്‍ഥാടക കേന്ദ്രങ്ങളായ മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ് എന്നീ പള്ളികളില്‍ പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും യഥേഷ്ടം പ്രവേശിക്കുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യാം. ലോകത്തെ ഏതൊരു പള്ളിയിലും അഞ്ചു നേരത്തെ നമസ്‌കാരത്തിന് പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും പങ്കെടുക്കാം. പ്രഭാതോദയത്തിനു മുമ്പുള്ള സുബ്ഹ് നമസ്‌കാരത്തിനു പോലും പ്രവാചകന്റെയും അനുയായികളുടെയും കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പങ്കെടുത്തിരുന്നു. ”ദൈവദാസികളെ പള്ളിയില്‍ നിന്നും തടയരുത്” എന്ന് പ്രവാചകന്‍ ആണുങ്ങളെ പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.
വേതന സമത്വം
പ്രകൃതിപരമായ കാരണങ്ങളാല്‍ ഇളവുകളും ആനുകൂല്യങ്ങളും വളരെയധികം ആവശ്യമുള്ളവളാണ് സ്ത്രീ. പുരുഷന്‍ നിര്‍വഹിക്കുന്ന കര്‍മങ്ങളെല്ലാം അവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുകയില്ല എന്നത് സ്വാഭാവികമാകുന്നു. എന്നാല്‍ അവര്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ക്കും പുരുഷന് നിര്‍വഹിക്കുന്ന ആരാധനകള്‍ക്കും തുല്യ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ഇസ്‌ലാം ‘വേതന സമത്വ’വും ഉറപ്പുവരുത്തിയിട്ടുണ്ട്. പുരുഷന്‍ അഞ്ചുനേരം നമസ്‌കരിച്ചാല്‍ എന്തു പ്രതിഫലമാണോ ലഭിക്കുക അതേ പ്രതിഫലം തന്നെ സ്ത്രീക്കും മതം ഉറപ്പു വരുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ”ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ആരെങ്കിലും സത്യവിശ്വാസിയായിരിക്കെ സല്‍കര്‍മം അനുഷ്ഠിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ അവരോട് അണുവളവോളം അനീതി കാണിക്കുകയില്ല.” (4:124)
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാം ഒരു വ്യക്തിയോട് മതമാചരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ യുക്തി പ്രസക്തമാവുന്നുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ മരണാനന്തര ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും നേരിട്ടു പ്രതിഫലം കൈപ്പറ്റുന്നതിനുവേണ്ടിയാണ് മതം ആചരിക്കുന്നത്. അവിടുത്തെ പ്രതിഫലം ആഗ്രഹിക്കുന്നവര്‍ മാത്രമേ മതമാചരിച്ചിട്ട് കാര്യമുള്ളൂവെന്ന് പ്രവാചകന്‍ നിരന്തരം ഉണര്‍ത്താറുമുണ്ട്. മുതലാളി നിര്‍ദേശിക്കുന്ന ജോലി നിര്‍വഹിച്ചാല്‍ മാത്രമേ തൊഴിലാളിക്ക് കൂലി ലഭിക്കുകയുള്ളൂ എന്നത് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണല്ലോ. അല്ലാഹു നിര്‍ദേശിച്ച ആരാധനകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ പരലോകത്തുനിന്നും നേട്ടമുണ്ടാക്കാനും കഴിയുകയുള്ളൂ.
സമത്വത്തിന്റെ മറവില്‍ തങ്ങള്‍ക്ക് തോന്നിയതെല്ലാം മതമായി ആചരിച്ചിട്ട് ദൈവത്തോട് പ്രതിഫലം ആവശ്യപ്പെട്ടാല്‍ ലഭിക്കുകയില്ല എന്നാണ് ഇസ്‌ലാമിന്റെ സമീപനം. സ്ത്രീകള്‍ സ്വര്‍ണവും പട്ടും ധരിക്കുന്നതുപോലെ ഞങ്ങള്‍ക്കും ധരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമിക കേന്ദ്രങ്ങളിലേക്ക് ആണുങ്ങള്‍ മാര്‍ച്ച് നടത്തേണ്ടതില്ല. ഇഷ്ടമുള്ളവര്‍ക്ക് അണിയാനും വെടിയാനും മതം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. വെടിഞ്ഞവര്‍ക്ക് മാത്രമേ മരണാനന്തരം ലാഭമുണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്നു മാത്രം. പള്ളികളില്‍ ബാങ്ക് വിളിക്കാനും ഇമാമത്ത് നിര്‍വഹിക്കാനും ഖുതുബ നിര്‍വഹിക്കാനും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ കോടതി കയറിയതുകൊണ്ട് കാര്യമില്ല. കഷ്ടപ്പാട് സഹിച്ച് അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഇതെല്ലാം അനുഷ്ഠിച്ചാല്‍ മരണ ശേഷം അല്ലാഹുവില്‍ നിന്നും തനിക്ക് ലഭിക്കുന്ന ശിക്ഷയില്‍ കോടതി ഇടപെടുമോ എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.
ആര്‍ത്തവം അയിത്തമല്ല
പല മതങ്ങളും ആര്‍ത്തവ കാലം അസ്പൃശ്യതയുടെ കാലമായിട്ടാണ് കാണുന്നത്. ആര്‍ത്തവ കാലത്ത് സ്ത്രീയെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുക, പ്രത്യേക വസ്ത്രം ഉടുപ്പിക്കുക, ഇരുട്ടു മുറിയില്‍ താമസിപ്പിക്കുക തുടങ്ങിയ കാടനാചാരങ്ങള്‍ പല ഗോത്രവിഭാഗങ്ങളിലും കാണാന്‍ കഴിയും. എന്നാല്‍ ഇസ്‌ലാം ആര്‍ത്തവ കാലത്തെ അയിത്ത കാലമായി കാണുന്നില്ല. ആര്‍ത്തവ കാലം സ്ത്രീകള്‍ക്ക് പ്രയാസങ്ങളുള്ള ലൈംഗിക സമ്പര്‍ക്കം വിലക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവരുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിനോ അവരുമായി സഹവസിക്കുന്നതിനോ ഒരു വിലക്കുമില്ല: ”ആര്‍ത്തവ കാലത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ (ലൈംഗിക ബന്ധം പുലര്‍ത്താതെ) സ്ത്രീകളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാന്‍ പാടില്ല.”(2:222)
എന്നാല്‍ ആര്‍ത്തവ കാലത്ത് നമസ്‌കാരം, നോമ്പ് പോലുള്ള ആരാധനകള്‍ അനുഷ്ഠിക്കേണ്ടതില്ലെന്ന് ഇസ്‌ലാം അവളോട് നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീയുടെ ജൈവികമായ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ട് അവള്‍ക്ക് നല്‍കുന്ന ആനുകൂല്യം മാത്രമാണത്. പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വ്രതാനുഷ്ഠാനം അവളുടെ ആരോഗ്യത്തിന് ഹാനികരമായിത്തീരുക തന്നെ ചെയ്യും. ഈ കാലയളവില്‍ നമസ്‌കാരം വിലക്കിയതും അതവര്‍ക്ക് പ്രയാസകരമായതുകൊണ്ട് മാത്രമാണ്. കാരണം നമസ്‌കരിക്കണമെങ്കില്‍ വുദ്വൂ നിര്‍ബന്ധമാകുന്നു. ആണിനായാലും പെണ്ണിനായാലും വുദ്വൂ ശരിയാകണമെങ്കില്‍ ശരീരത്തില്‍ അഴുക്കുകള്‍ ഉണ്ടാവാന്‍ പാടില്ല. മലം, മൂത്രം, രക്തം എന്നിവ മലിന വസ്തുക്കളായിട്ടാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇവ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ വുദ്വൂ ചെയ്യാന്‍ കഴിയുകയുള്ളൂ. ആര്‍ത്തവ രക്തം സ്ത്രീക്ക് നിയന്ത്രണ വിധേയമല്ലല്ലോ. അതുകൊണ്ടാണ് ഈ കാലയളവില്‍ നമസ്‌കാരത്തിന് അവര്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.”(2:286)
Back to Top