ആദരവും ആരാധനയും
പി കെ മൊയ്തീന്‍ സുല്ലമി
ചില വ്യക്തികള്‍ക്കും മാസങ്ങള്‍ക്കും പകലുകള്‍ക്കും രാവുകള്‍ക്കും സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും അല്ലാഹു പ്രത്യേകതയും ശ്രേഷ്ഠതയും നല്‍കിയിട്ടുണ്ട്. പ്രവാചകന്മാര്‍, റമദാന്‍ മാസം, വെള്ളിയാഴ്ച പകല്‍ സമയം, ലൈലത്തുല്‍ ഖദ്ര്‍, സഫ, മര്‍വ, അറഫ, സംസം വെള്ളം, ഹജറുല്‍ അസ്‌വദ്, കഅ്ബാലയം എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇവയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് തഖ്‌വയില്‍ പെട്ടതുമാണ്.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്” (മാഇദ 2). ”വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത് മനസ്സുകളുടെ സൂക്ഷ്മതയില്‍ പെട്ടതാകുന്നു” (ഹജ്ജ് 32).
എന്നാല്‍ ആദരവും ആരാധനയും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആദരവ് എന്നത് ഒരു വ്യക്തിയുടെയോ മാസങ്ങളുടെയോ പകലിന്റെയോ രാവിന്റെയോ സ്ഥലങ്ങളുടെയോ വസ്തുക്കളുടെയോ പവിത്രത വകവെച്ചുകൊടുക്കലാണ്. ആരാധനയെന്നത് ചില വസ്തുക്കള്‍ക്ക് ദിവ്യത്വം നല്‍കി അതിനെ ആദരിക്കുകയെന്നതാണ്. ‘അല്ലാഹു ഒഴികെ ആരാധനയ്ക്ക് അര്‍ഹനായി യാതൊരു ശക്തിയുമില്ല’ എന്ന നിലയില്‍ ഒരാള്‍ മനസ്സില്‍ ഉറപ്പിച്ച് നാക്കു കൊണ്ട് ഉരുവിടുന്നതിലൂടെ ഒരാള്‍ മുസ്‌ലിമും മുഅ്മിനുമായിത്തീരുന്നു. ഒരു യഥാര്‍ഥ മുസ്‌ലിം ദിവ്യത്വം നല്‍കുന്നത് (ദൈവമായി കരുതുന്നത്) അല്ലാഹുവിനു മാത്രമാണ്. എന്നാല്‍ ഇതിനു വിപരീതമായി ചിലര്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും വിമര്‍ശിക്കാറുള്ളത്, മുസ്‌ലിംകള്‍ കഅ്ബാലയത്തെയും ഹജറുല്‍ അസ്‌വദിനെയും സംസം വെള്ളത്തെയും പൂജിക്കുന്നവരും ആരാധിക്കുന്നവരുമാണ് എന്ന നിലയിലാണ്. ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍ വിഗ്രഹാരാധനക്ക് തുല്യമാണ് എന്നാണ് അവരുടെ ഭാഷ്യം.
എന്നാല്‍ മുസ്‌ലിംകള്‍ കഅ്ബാലയത്തിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്നത് കഅ്ബാലയത്തെ ഒരു ആരാധ്യവസ്തുവാക്കിക്കൊണ്ടല്ല, മറിച്ച്, ദൈവത്തെ ആരാധിക്കാന്‍ ഒരു കേന്ദ്രബിന്ദു എന്ന നിലയില്‍ മാത്രമാണ്. അതിലൂടെ ഉദ്ദേശിക്കുന്നത് മുസ്‌ലിംകളുടെ ആരാധനയിലുള്ള ഐക്യമാണ്. ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ കല്‍പിച്ചതും കല്ലിനെ ആരാധിക്കുന്നതിന്റെ ഭാഗമായല്ല. മറിച്ച്, ദൈവത്തെ അനുസരിക്കുന്നതിന്റെയും ആരാധിക്കുന്നതിന്റെയും ഭാഗമായാണ്. അത് ഹജ്ജ്, ഉംറ കര്‍മങ്ങളില്‍ പെട്ടതുമാണ്.
സംസം വെള്ളം ഒരു മഹാദ്ഭുതവും അല്ലാഹുവിന്റെ ബര്‍കത്തുമാണ്. അത് കുടിക്കുന്നതും അതിനു ദിവ്യത്വം കല്‍പിച്ചുകൊണ്ടല്ല. ഹാജറ(റ)യുടെ പ്രാര്‍ഥനക്ക് പ്രത്യുത്തരമായും അല്ലാഹു ലോകത്തിനു നല്‍കിയ ഒരനുഗ്രഹം എന്ന നിലയിലുമാണ്. അങ്ങനെത്തന്നെയാണ് മുജാഹിദുകള്‍ എക്കാലവും വിശ്വസിച്ചുപോരുന്നത്. അതിനു വിപരീതമായി പ്രചാരവേല നടത്തുന്നവര്‍ ചില ദുര്‍ബല റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നവരാണ്. ഇവരുടെ വാദപ്രകാരം അത്തരം റിപ്പോര്‍ട്ടുകളെ ആരെങ്കിലും വിമര്‍ശിക്കുന്നപക്ഷം അവരൊക്കെ ഹദീസ് നിഷേധികളും അഖ്‌ലാനികളുമാണ്.
ഇമാം ശാഫിഈ, നവവി, ഇബ്‌നു ഹജറില്‍ അസ്ഖലാനി, ഇമാം സഖാവി, ഇബ്‌നുല്‍ ജൗസി, ജലാലുദ്ദീന്‍ സുയൂത്വി തുടങ്ങി നിരവധി പണ്ഡിതന്മാരും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരും ഇവരുടെ ഭാഷയില്‍ ഹദീസ് നിഷേധികളും അഖ്‌ലാനികളുമാണ്. കാരണം ഇവരൊക്കെ ദുര്‍ബലവും നിര്‍മിതവുമായ ഹദീസുകള്‍ തള്ളിക്കളയുകയോ മാറ്റിവെക്കണമെന്ന് കല്‍പിക്കുകയോ ചെയ്തവരാണ്.
സംസം വെള്ളത്തിന്റെയും ഹജറുല്‍ അസ്വദിന്റെയും കാര്യത്തില്‍ ദുര്‍ബലമായ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഹദീസ് നിദാനശാസ്ത്രം അനുസരിച്ച് അവയ്ക്ക് ചില ന്യൂനതകള്‍ ഇമാം ബുഖാരിയുടെ പ്രസ്താവനയും ഇബ്‌നു ഹജറിന്റെ വിശദീകരണവും ശ്രദ്ധിക്കുക: ‘സംസമിന്റെ വിഷയത്തില്‍ വന്ന അധ്യായം: ബുഖാരി’, ‘സംസമിന്റെ വിഷയത്തില്‍ സ്ഥിരപ്പെട്ടതും നിബന്ധനയൊത്തതുമായ ഒരു ഹദീസും വന്നിട്ടില്ല’ (ഫത്ഹുല്‍ബാരി 5:189). അവയില്‍ സഹീഹായി വന്നിട്ടുള്ളത് താഴെ വരുന്ന ഹദീസാണ്: ‘തീര്‍ച്ചയായും അത് ഭക്ഷണത്തിന് ഉത്തമമാണ്’ (മുസ്‌ലിം). ഇബ്‌നു ഹജര്‍ പ്രസ്താവിച്ചു: മേല്‍പറഞ്ഞ ഹദീസിനോടൊപ്പം (അബൂദാവൂദ്) ത്വയാലസി ഇപ്രകാരം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്: ‘അത് രോഗത്തിന് ശിഫയുമാണ്’ (ഫത്ഹുല്‍ബാരി 5:189).
സംസമിനെപ്പറ്റി വന്ന മറ്റൊരു ദുര്‍ബലമായ ഹദീസ് ഇപ്രകാരമാണ്: ”സംസം വെള്ളം എന്തിനു വേണ്ടി കുടിക്കുന്നുവോ (ഉദ്ദേശ്യം) അത് നിറവേറുന്നതാണ്.” ഈ ഹദീസിനെ സംബന്ധിച്ച് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തി: ”ഏറ്റവും സ്വീകാരയോഗ്യമായ അഭിപ്രായപ്രകാരം ഈ ഹദീസ് മുര്‍സല്‍ (പരമ്പരയില്‍ നിന്ന് സഹാബി വിട്ടുപോയത്) ആണ്. അതിനു സാക്ഷിയായി വന്ന ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്‌നു മുഅ്മല്‍ എന്ന (വിശ്വസ്തനല്ലാത്ത) വ്യക്തിയുണ്ട്. അദ്ദേഹം അപ്രകാരം ഒറ്റപ്പെട്ട റിപ്പോര്‍ട്ടു ചെയ്തതാണെന്നാണ് ഇമാം ഉവൈലിയുടെ പ്രസ്താവന” (ഫത്ഹുല്‍ബാരി 1:189).
ഈ ഹദീസിനെക്കുറിച്ച് ഇമാം നവവി പറയുന്നു: ”ഇബ്‌നുമാജ, അഹ്‌മദ്, ബൈഹഖി, ഉഖൈലി എന്നിവര്‍ ഈ ഹദീസ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത് ‘ഏറ്റവും വലിയ ദുര്‍ബലമായ ഹദീസുകള്‍’ എന്ന ഗ്രന്ഥത്തിലാണ്. ഞാന്‍ (നവവി) പറയുന്നു: ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്‌നു മുഅ്മല്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തില്‍ ദുര്‍ബലനാണ്. ഇമാം ബൈഹഖി പ്രസ്താവിച്ചു: ഈ ഹദീസിന്റെ വിഷയത്തില്‍ അബ്ദുല്ലാഹിബ്‌നു മുഅ്മല്‍ എന്ന വ്യക്തി ഒറ്റപ്പെട്ടിരിക്കുന്നു” (നൈലുല്‍ ഔത്വാര്‍ 1:459).
ഹജറുല്‍ അസ്‌വദിന് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉമര്‍(റ) അതിനെ ചുംബിച്ച സംഭവമുണ്ട്. ഒരു കല്ലിന് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കല്‍ വിഗ്രഹാരാധനയ്ക്ക് തുല്യമാണല്ലോ. അതുകൊണ്ടായിരിക്കണം ഉമര്‍(റ) അപ്രകാരം പ്രസ്താവിച്ചത്. ഒരു കല്ല് ഉപകാരം ചെയ്യുമെന്നോ ഉപദ്രവം ചെയ്യുമെന്നോ വിശ്വസിക്കല്‍ കല്ലിന് ദിവ്യത്വം നല്‍കുന്നതിനു തുല്യമാണ്. അതുപോലെ തന്നെ നബി(സ)യുടെ മുടി, നഖം, വസ്ത്രം തുടങ്ങിയവ ഉപകാരം ചെയ്യുമെന്ന് വിശ്വസിക്കലും തൗഹീദിന് വിരുദ്ധമാണ്.
ഉമര്‍(റ) ഹജറുല്‍ അസ്‌വദിനെ ചുംബിച്ചുകൊണ്ട് പ്രസ്താവിച്ചത് ശ്രദ്ധിക്കുക: ”അദ്ദേഹം ഹജറുല്‍ അസ്‌വദിന്റെ അടുക്കല്‍ ചെല്ലുകയും അതിനെ ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധ്യമല്ല. നിന്നെ നബി(സ) ചുംബിച്ചത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല” (ബുഖാരി 1597, മുസ്‌ലിം 1270). ഈ ഹദീസിനെ ഇബ്‌നു ഹജര്‍ വിശദീകരികരിക്കുന്നു: ”നബി(സ) നിന്നെ ചുംബിച്ചത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല. അനന്തരം അദ്ദേഹം പറഞ്ഞു: അപ്രകാരം നബി(സ) പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി.”
ഇമാം ഇബ്‌നു ജരീറുത്ത്വബ്‌രി പറയുന്നു: ”ഉമര്‍(റ) ഇപ്രകാരം മാത്രമാണ് പറഞ്ഞത്: അക്കാലത്തെ ജനങ്ങള്‍ വിഗ്രഹാരാധനയുടെ കാലഘട്ടത്തിലായിരുന്നു. കല്ലിനെ തൊട്ടുതടവുക മൂലം ചില കല്ലുകളെ ബഹുമാനിക്കേണ്ടതുണ്ടെന്ന് അറിവില്ലാത്ത ജനങ്ങള്‍ ധരിക്കുമെന്ന് ഉമര്‍(റ) ഭയപ്പെടുകയുണ്ടായി. ജാഹിലിയ്യാ കാലഘട്ടത്തില്‍ ചില കല്ലുകള്‍ക്ക് മഹത്വം (ദിവ്യത്വം) കല്‍പിച്ചുകൊണ്ട് അതിനെ തൊട്ടുതടവിയിരുന്നതുപോലെ” (ഫത്ഹുല്‍ബാരി 5:140).
പ്രസ്തുത ഹദീസിനെ ഇമാം നവവി വ്യാഖ്യാനിക്കുന്നു: ”അതുകൊണ്ട് നീ ഒരു കാലത്തും ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല’ എന്ന പ്രസ്താവന കൊണ്ട് ഉമര്‍(റ) ഉദ്ദേശിച്ചത് ചുംബിക്കുന്ന കാര്യത്തില്‍ നബി(സ)യെ പിന്തുടരുകയെന്നതാണ്. നിശ്ചയമായും നീ ഉപദ്രവമോ ഉപകാരമോ ചെയ്യില്ല എന്നു പറയാനുള്ള കാരണം അവര്‍ മുമ്പ് കല്ലിനെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും അതിന്റെ ഉപകാരം പ്രതീക്ഷിക്കുന്നവരുമായിരുന്നു എന്നതുകൊണ്ടുമാണ്” (ശറഹു മുസ്‌ലിം 5:22). ഇമാം നവവിയുടെ മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ”അത് മറ്റുള്ള സൃഷ്ടികളെപ്പോലെ ഒരു കല്ല് മാത്രമാണ്. അതിന് ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ സാധ്യമല്ല” (ശറഹു മുസ്‌ലിം 5:22).
”അത് സ്വര്‍ഗത്തിലെ മാണിക്യമാകുന്നു.” ഇതിനെക്കുറിച്ച് ഇബ്‌നു ഹജര്‍ പറയുന്നു: ”പ്രസ്തുത ഹദീസിന്റെ പരമ്പരയില്‍ (വിശ്വാസയോഗ്യനല്ലാത്ത) റജാഉ അബൂയഹ്‌യ എന്നൊരു വ്യക്തിയുണ്ട്. ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം ദുര്‍ബലനാണ്” (ഫത്ഹുല്‍ബാരി 5:139).
”ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ കല്ലാണ്. അത് പാലിനെക്കാള്‍ വെളുപ്പുള്ളതാണ്. അതിനെ കറുപ്പിച്ചത് മനുഷ്യരുടെ പാപങ്ങളാണ്” (തിര്‍മിദി). ഈ ഹദീസ് നാലു വിധത്തില്‍ തെറ്റാണ്. ഒന്ന്: അത് ‘ശാദ്ദ്’ ആണ്. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്തതിനു വിരുദ്ധമാണ്. അതില്‍ പറഞ്ഞത് അത് ഉപദ്രവമോ ഉപകാരമോ യാതൊരു വിധത്തിലും ഏറ്റെടുക്കുകയില്ല എന്നാണ്. രണ്ട്: ബുദ്ധിയുള്ള മനുഷ്യര്‍ക്കു പോലും മറ്റൊരാളുടെ പാപം ഏറ്റെടുക്കാന്‍ സാധ്യമല്ല. ”പാപഭാരം ചുമക്കുന്ന ഒരാളും തന്നെ മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല” (ഇസ്‌റാഅ് 15). പിന്നെ ജീവനില്ലാത്ത കല്ല് എങ്ങനെയാണ് മറ്റുള്ളവരുടെ പാപഭാരം ഏറ്റെടുക്കുക?
മൂന്ന്: ഇത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. യേശുക്രിസ്തു മനുഷ്യരുടെ പാപം ഏറ്റെടുത്തുകൊണ്ട് കുരിശില്‍ കയറി എന്ന് വിശ്വസിക്കുന്നത് അവരാണ്. നബി(സ) പറഞ്ഞു: ”വല്ലവനും വിശ്വാസ-കര്‍മങ്ങളില്‍ മറ്റൊരു സമൂഹത്തോട് സാദൃശ്യപ്പെടുന്നപക്ഷം (അനുകരിക്കുന്നതായാല്‍) അത്തരക്കാര്‍ അവരില്‍ പെട്ടവരാണ്” (അബൂദാവൂദ്). നാല്: ഇബ്‌നു ഹജര്‍ പ്രസ്താവിച്ചു: ”ഈ ഹദീസിന്റെ പരമ്പരയില്‍ അത്വാഉബ്‌നു സാഇബ് എന്നൊരു വ്യക്തിയുണ്ട്” (ഫത്ഹുല്‍ബാരി 5:139).
”തൗഹീദുമായി ഹജറുല്‍ അസ്‌വദിനെ തൊട്ടുവണങ്ങിയവന്് സാക്ഷിയായിക്കൊണ്ട് ഹജറുല്‍ അസ്‌വദിനെ അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും” (ഹാകിം). ഈ ഹദീസിനെ ഇബ്‌നു ഹജര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഇതിന്റെ പരമ്പരയില്‍ അബൂഹാറൂനില്‍ അബ്ദി എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തില്‍ അങ്ങേയറ്റം ദുര്‍ബലനാണ്” (ഫത്ഹുല്‍ബാരി 5:140).
മുപ്പതിലധികം തവണ വിശുദ്ധ ഖുര്‍ആന്‍ മഴവെള്ളത്തെ പരാമര്‍ശിക്കുന്നുണ്ട്. ഒരു ഉദാഹരണം: ”ആകാശത്തു നിന്നു നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും ചെയ്തു” (ഖാഫ് 9). എന്നാല്‍ സംസം വെള്ളത്തിന്റെ പ്രത്യേകത സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
അപ്പോള്‍ സംസമും മഴവെള്ളവും അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. സംസം ജലത്തിന്റെ ഉദ്ഭവം അദ്ഭുതം നിറഞ്ഞതാണ്. പക്ഷേ, സംസമിനും ഹജറുല്‍ അസ്‌വദിനും ദിവ്യത്വം നല്‍കല്‍ ശിര്‍ക്കും ബിദ്അത്തുമാണ്.