22 Sunday
December 2024
2024 December 22
1446 Joumada II 20

ആത്മീയത അര്‍ഥവും പൊരുളും – ഡോ. ജാബിര്‍ അമാനി

ഇംഗ്ലീഷ് സാഹിത്യകാരനായ ഹെര്‍ഡറുടെ ആഫ്രിക്കന്‍ ന്യായവിധിയെന്ന ആഖ്യാനം ശ്രദ്ധേയമായ ഒരു പാഠം നല്‍കുന്നുണ്ട്. അതിസാധാരണക്കാരായ രണ്ട് അയല്‍വാസികള്‍ ഒരു കപ്പ് ഉമി കച്ചവടം ചെയ്തു. വസ്തു വാങ്ങിയ വ്യക്തി ഉമി ഉപയോഗിച്ചുകൊണ്ടിരിക്കെ ഒരു ദിവസം പാത്രത്തില്‍ ഒരു സ്വര്‍ണക്കട്ടി ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തിനെ വല്ലാത്ത അസ്വസ്ഥത പിടികൂടി. കാരണം, ഞാന്‍ പണം കൊടുത്തത് ഉമിക്ക് മാത്രമാണ്. എന്നിരിക്കെ ഉമിപാത്രത്തില്‍ കണ്ട സ്വര്‍ണക്കട്ടി ഒരിക്കലും എനിക്ക് അവകാശപ്പെട്ടതല്ല. അതിനാല്‍ ഇത് വിറ്റ വ്യക്തിക്ക് തിരിച്ചേല്‍പിക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹം ഉമി നല്‍കിയ വ്യക്തിയെ സമീപിക്കുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉമി വാങ്ങിയ വ്യക്തിയേക്കാള്‍ അസ്വസ്ഥതയോടെയും വൈകാരികവുമായിട്ടാണ് വിറ്റ വ്യക്തി പ്രതികരിച്ചത്. അദ്ദേഹം പറഞ്ഞു: ”ഞാന്‍ താങ്കള്‍ക്ക് ഉമിയും പാത്രവും സംതൃപ്തിയോടെയാണ് വില്പന നടത്തിയത്. ഉമി പാത്രത്തില്‍ കനകമാണോ കല്‍ക്കരിയാണോ എന്നതല്ല പ്രശ്‌നം. അത് എന്ത് തന്നെയായാലും ഒരിക്കല്‍ വിറ്റ സാധനം തിരിച്ചെടുക്കുന്നത് അന്യായമാണ്. അതിനാല്‍ ആ സ്വര്‍ണക്കട്ടി താങ്കള്‍ക്കവകാശപ്പെട്ടതാണ്. അത് താങ്കള്‍ സ്വീകരിക്കുന്നതാണ് നീതി.”
അവര്‍ ഇരുവരും ദീര്‍ഘനേരം തര്‍ക്കത്തില്‍ തന്നെ തുടര്‍ന്നു. രണ്ടുപേരും പരസ്പരം ‘അനീതി’യുടെ ദുരന്തങ്ങളും അര്‍ഹതയില്ലാത്തത് ഉപയോഗിക്കുന്നതിന്റെ ശിക്ഷയും ഗൗരവവുമാണ് പങ്കുവെച്ചത്.
ശാഠ്യം അര്‍ഹമല്ലാത്തത്, അനുഭവിക്കാതിരിക്കാനുള്ള നീതിബോധത്തിന്റെ തനത് മാതൃകയാണ്. ഇരുവരും അതാണ് കാണിക്കുന്നതും പ്രകടിപ്പിക്കുന്നതും. വിറ്റ വ്യക്തി സ്വര്‍ണക്കട്ടി തിരിച്ചെടുക്കാനും വാങ്ങിയ വ്യക്തി അനര്‍ഹമായത് സ്വീകരിക്കാനും തയ്യാറാവാത്തതിനാല്‍ പ്രശ്‌നത്തില്‍ തീര്‍പ്പ് കല്പിക്കാന്‍ വേണ്ടി ആഫ്രിക്ക, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിമാരിലേക്ക് കാര്യങ്ങള്‍ കൈമാറുകയാണ് ചെയ്തത് എന്നാണ് സംഭവത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. നീതിബോധത്തിന്റെ കൃത്യതയും കണിശതയും വിവരിക്കുകയാണ് പ്രസ്തുത ആഖ്യാനം.
ഒരു വ്യക്തിയില്‍ രൂഢമൂലമാവുന്ന കണിശമായ നീതിബോധത്തെയാണ് ആത്മീയത എന്ന് വിളിക്കേണ്ടത്. മനുഷ്യ ജീവിതത്തില്‍ മതം ഇടപെടുന്ന സര്‍വതോന്മുഖമായ മേഖലകളില്‍ മത വിശ്വാസി നീതിയോടെ വര്‍ത്തിക്കുമ്പോള്‍ അവന്‍ മതത്തിന്റെ ആത്മീയതയെ ആണ് പ്രയോഗവല്‍ക്കരിക്കുന്നത്. സമത്വ സങ്കല്പങ്ങളിലും കുറ്റാന്വേഷണങ്ങളിലും ശിക്ഷാവിധികളിലും മാത്രം പരിമിതപ്പെടേണ്ടതല്ല നീതിയുടെ അര്‍ഥവും താല്‍പര്യവും.
സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധമാണ് ആത്മീയതയുടെ പൊരുള്‍. അത് കേവലം അനുഷ്ഠാന നിഷ്ഠകളിലും പ്രാര്‍ഥനകളിലും മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല. ഭക്തിനിര്‍ഭരമായ അനുഷ്ഠാന കണിശത മതത്തിന്റെ താല്‍പര്യമാണെന്നത് ശരിയാണ്. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് പ്രസ്തുത ഭക്തിയുടെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ സാധ്യമല്ലെങ്കില്‍ ആത്മീയതയുടെ ശൂന്യതയാണത്.  കേവലം അനുഷ്ഠാനങ്ങളുടെ ബാഹ്യരൂപങ്ങളിലും ആചാര മികവുകളിലും മാത്രമല്ല, ആത്മീയതയുടെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കേണ്ടത്. മറിച്ച് വ്യക്തി, കുടുംബം, സമൂഹം, ഇതര ജീവജാലങ്ങള്‍, പ്രകൃതി പ്രതിഭാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങി മതം പഠിപ്പിക്കുന്ന ജീവിതത്തിന്റെ ബഹുവര്‍ണ മേഖലകളിലേക്ക് കൂടി പടരേണ്ടതാണ് ആത്മീയത. അവ നമസ്‌കാര പായയിലും ആത്മസംസ്‌കരണ സദസ്സുകളിലും മാത്രം പരിമിതപ്പെടുത്തിക്കൂടാ എന്നര്‍ഥം. ഒരു കാര്യത്തിന് നിശ്ചയിച്ച ക്രമവും സ്വഭാവവും തെറ്റുന്നതാണ് അനീതി. എല്ലാവര്‍ക്കും തുല്യമായി വീതം വെക്കുമ്പോള്‍ മാത്രമല്ല, നീതിയുള്ള സമീപനമാവുക. അത്തരം സന്ദര്‍ഭങ്ങളും ഉണ്ടാവാം. ളുല്‍മ്, ഉലുവ്വ്, ഫസാദ് എന്നീ പദങ്ങളുടെ മതതാല്‍പര്യം വിശകലനം ചെയ്താല്‍ അക്കാര്യം ബോധ്യമാവും (4:171, 5:77, 28:83).
ഒന്നിന് നിശ്ചയിച്ച അളവ് കുറയുന്നതും കൂടുന്നതും ഉലുവ്വും (അതിര് കവിയല്‍) ഫസാദും (കുഴപ്പമുണ്ടാക്കല്‍), ളുല്‍മും (അതിക്രമം) ആണ് (ഖുര്‍തുബി 6:21). അര്‍ഹിക്കുന്നതിലേറെ പ്രധാന്യം നല്‍കുക വഴിയും അസന്തുലിതത്വം ഉണ്ടാവും. അത് ഒരിക്കലും ആത്മീയതയാവില്ല. ശരീരം, ദാമ്പത്യം തുടങ്ങിയ രംഗങ്ങളിലെ ബാധ്യതകളില്‍ നിന്നകന്ന് രാത്രി നമസ്‌കാരത്തില്‍ മുഴുകിയ അബുദര്‍ദ്ദാഇനെ(റ), സ്വഹാബിവര്യനായ സല്‍മാനുല്‍ ഫാരിസി(റ) തിരുത്തിയത്. ‘അസന്തുലിതത്വം’ ഉള്ളതുകൊണ്ടാണ്. (ബുഖാരി, കിതാബുല്‍ അദബ്)
പുണ്യത്തിന്റെയും ഭക്തിയുടെയും ഏറ്റക്കുറച്ചിലുകള്‍ കാണിച്ച് സാമൂഹിക ബന്ധങ്ങളില്‍ നിന്നകന്ന് ജീവിക്കുന്ന ശൈലി ഒരു വിശ്വാസിക്ക് ഭൂഷണമല്ലെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. പ്രബോധിത സമൂഹം പ്രവാചകന്‍മാരെക്കുറിച്ച് ഉന്നയിച്ച ഒരു  പരാതി ‘അവര്‍ അങ്ങാടികളിലൂടെ നടക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതം നയിക്കുന്നു, ഭക്ഷണം കഴിക്കുന്നു’ (23:33, 25:7) എന്നാണ്. എന്നാല്‍ പ്രവാചകര്‍ മുഴുവന്‍ ദൈവീക ബോധനം ലഭിക്കുന്ന പച്ചയായ മനുഷ്യരായി ജീവിക്കുകയാണ് ചെയ്യുന്നത് എന്ന് അംഗീകരിക്കുകയാണ് ഖുര്‍ആന്‍. (14:11, 18:110, 41:6)
ഓരോ നിര്‍വഹണങ്ങള്‍ക്കും ബാധ്യത വിനിയോഗങ്ങള്‍ക്കും നിശ്ചയിച്ച ക്രമവും രീതിയും പിന്തുടരലാണ് നീതി. അതാണ് ആത്മീയതയുടെ ആത്മാവ്. ഈ നീതിപൂര്‍വകമായ ജീവിതക്രമം തെറ്റിച്ചവരാണ് പൂര്‍വ സമൂഹത്തില്‍ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ (4:171). അവരുടെ മാര്‍ഗം പിന്തുടരരുതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. കാരണം ആ മാര്‍ഗം നീതിപൂര്‍വകമല്ല.
ഇഹ്ദിന സ്വിറാത്തല്‍ മുസ്തഖീം (അല്‍ഫാത്വിഹ) ‘നീ ഞങ്ങളെ ഋജുവായ (നേരായ) പാതയില്‍ നയിക്കേണമേ’ എന്ന് പൊതുവായി അര്‍ഥം പറുന്ന സൂക്തം ഇവിടെ മുസ്തഖീം (നേരായ പാത) എന്ന പദത്തിന് അല്‍മുഅ്തദില്‍ (നീതിപൂര്‍വകമായത്) അല്‍ മുതവസ്വിത്ത് (മധ്യമമായത്) എന്നീ അര്‍ഥങ്ങളും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉപയോഗിച്ചിട്ടുണ്ട്.
മതത്തിന്റെ സമഗ്ര സ്വഭാവത്തെ ഏറ്റക്കുറച്ചിലുകളില്ലാതെ നീതിപൂര്‍വം ഒരാള്‍ സ്വീകരിക്കുമ്പോഴാണ് അയാള്‍ നേരായ പാതയിലാവുന്നത്. ഒരു ബിന്ദുവില്‍ നിന്ന് എല്ലാ അഗ്രങ്ങൡലേക്കും തുല്യ അകലം വരുമ്പോഴാണ് ആ ബിന്ദു കേന്ദ്രസ്ഥാനത്താവുന്നത്. ഏറ്റക്കുറച്ചിലില്ലാതെ നീതിപൂര്‍വകമാവുന്നത്. കഅ്ബാലയം ഭൂമിയുടെ മധ്യത്തിലാണ്. തത്ഫലമായി ഭൂമിയില്‍ എവിടെനിന്നും തുല്യ അകലം പാലിക്കാനാവുന്നു. (ഖുര്‍തുബിയുടെ വ്യാഖ്യാനം)
മതത്തിന്റെ സവിശേഷത അതിന്റെ മധ്യമ സ്വഭാവമാണ് (അല്‍വസ്്ത്വിയ്യ) (2:143). ക്രൈസ്തവ, ജൂത സമൂഹം ഈ ‘മധ്യമ’ നിലപാട് തെറ്റിച്ചു. വസ്ത്വ് എന്ന പദത്തിന്റെ വിവക്ഷ അദ്വ്‌ല് (നീതി) എന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. അമിതത്വവും ജീര്‍ണതയും ഇല്ലാത്ത മാര്‍ഗമാണ് ഇസ്‌ലാം (സ്വിറാത്വല്‍ മുസ്ത്ഖീം).
ഈ മധ്യമ മാര്‍ഗം സ്വീകരിക്കുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. ആത്മീയതയുള്ള വിശ്വാസി. സന്യാസമാര്‍ഗം ഇസ്‌ലാം വിരോധിച്ചു. ഭക്തി നിറഞ്ഞ് തുളുമ്പി ഭൗതിക വിരക്തനാവുന്നതിലല്ല, സാമൂഹിക ബന്ധങ്ങളിലൂടെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് അവധാനത പാലിച്ച് ജീവിക്കുമ്പോഴാണ് ഒരാള്‍ ശരിയായ വിശ്വാസിയാവുന്നത്. അല്ലാഹുവിന് ഇഷ്ടമുള്ള അടിമയാവുന്നത് (ഹദീസ്).
ഇഅ്തികാഫ് (പള്ളിയില്‍ ഭജനമിരിക്കല്‍) നിര്‍വഹിക്കുന്ന ഒരു വിശ്വാസി, ആത്മ സംസ്‌കരണത്തിന്റെ നിറസാന്നിധ്യമായിരിക്കും. സ്രഷ്ടാവുമായുള്ള ഗാഢമായ ബന്ധവും അനുഷ്ഠാന കാര്യങ്ങളിലെ ശക്തമായ ഈമാനികോല്‍കൃഷ്ടതയും ലഭ്യമായിത്തീരുന്നു. പ്രസ്തുത വ്യക്തിയാണ് തൊട്ടുടനെ ഈദ് ആഘോഷിക്കുന്നത.് സന്തോഷവും ആഹ്ലാദവും അനുവദനീയമായ വിനോദങ്ങളും ആരാധനകളും ചേര്‍ന്നതാണല്ലോ ഇസ്‌ലാമിലെ ആഘോഷങ്ങള്‍. ഈദിന്റെ ആത്മീയ തലവും ഇഅ്തികാഫിന്റെ ആത്മീയ തലവും വൈവിധ്യമുള്ളതാണ്. ഈ രണ്ടു വഴികളും കൃത്യവും നീതിപൂര്‍വകവും ഏറ്റക്കുറച്ചിലുകളില്ലാതെയും ഉള്‍ക്കൊള്ളുമ്പോള്‍ മതത്തിന്റെ ആത്മീയഭാവം ഒരാളില്‍ പ്രതിഫലിക്കുന്നു.
മതവിശ്വാസിയുടെ ഇഹപര വിജയത്തിന്റെ മുന്നുപാധികളിലൊന്നാണ് ഭക്തി (തഖ്‌വ). ഏകശിലാ ബന്ധിതമല്ല ഇസ്‌ലാമിലെ ഭക്തി മാര്‍ഗങ്ങള്‍. ധ്യാനകേന്ദ്രങ്ങളിലെ ഏകാന്തവാസവും ആരാധനാലയങ്ങളില്‍ ചടഞ്ഞിരിക്കലും മന്ത്രോച്ചാരണങ്ങളും മനുഷ്യരുമായി ബന്ധം വിച്ഛേദിച്ചുള്ള ഭൗതിക പരിത്യാഗങ്ങളിലും ആഹ്ലാദങ്ങളില്‍ നിന്നകന്നും സന്തോഷങ്ങള്‍ വെടിഞ്ഞുമുള്ള ജീവിതവും ചേര്‍ന്നാല്‍ മാത്രമേ ഭക്തി നേടാനാവൂവെന്ന ത്വരീഖത്തീ നിര്‍മിത വാദങ്ങളെ ഇസ്‌ലാം ഖണ്ഡിക്കുന്നുണ്ട്. ബിര്‍റ്, തഖ്‌വ എന്നീ പദങ്ങള്‍ പോലും ബഹുമുഖ ലക്ഷ്യങ്ങളോടെ തന്നെ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്.
സാമൂഹിക ബന്ധങ്ങളും ബാധ്യതകളും നിര്‍വഹിക്കലും ബിര്‍റ് (നന്മ) തന്നെയാണ് എന്ന് പഠിപ്പിക്കുന്നു. ഖുര്‍ആന്‍ (2:177) ഈ വചനത്തില്‍ സാമൂഹ്യ സേവനങ്ങള്‍ക്കു ശേഷമാണ് നമസ്‌കാരവും സകാത്തും പരാമര്‍ശിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമായ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്.
ധനം ചെലവഴിക്കല്‍, സഹനമവലംബിക്കല്‍ (2:177), നീതി നിര്‍വഹണം (5:8), കരാര്‍ പാലനം (3:76), പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍ (51:19), വിട്ട് വീഴ്ച നല്‍കല്‍ (2:237),  പെരുമാറ്റ മര്യാദകള്‍ (49:3), വിവാഹമോചിതയുടെ സംരക്ഷണം (65:4) തുടങ്ങിയ ധാരാളം രംഗങ്ങളെ തഖ്‌വയുടെ നിദര്‍ശനങ്ങളായി ഖുര്‍ആന്‍ വിലയിരുത്തുന്നു.
ആത്മീയതയെ ഏതെങ്കിലുമൊരു ചതുരക്കളത്തിനുള്ളില്‍ മാത്രം നിക്ഷേപിക്കുന്നതിനോട് ഇസ്‌ലാം വിയോജിക്കുന്നു. വിശിഷ്യാ മതത്തിന്റെ സാമൂഹിക ദര്‍ശനത്തെ നിസ്സാരമാക്കുന്ന സമീപനം തീര്‍ത്തും അപലപനീയമാണ്. മതത്തെ ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം പരിമിതപ്പെടുത്തി അവതരിപ്പിക്കുവാനാണ് വിമര്‍ശകന്‍മാര്‍ ശ്രമിക്കുക. കാരണം  ദൈവീക മതത്തിന്റെ സര്‍വ സ്വീകാര്യത അവര്‍ക്ക് പ്രതിസന്ധികളുണ്ടാക്കുന്നു.
ഇസ്‌ലാമിനെ സൂഫി മാര്‍ഗമാക്കി അവതരിപ്പിക്കുവാനുള്ള കഠിന ശ്രമങ്ങള്‍ പാശ്ചാത്യ ലോകത്ത് നടക്കുന്നുണ്ട്. ജര്‍മനി ഇസ്‌റാഈല്‍ ബര്‍ഗേറിയ, ഡന്‍മാര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അക്കാദമിക നിലവാരത്തിലുള്ള സൂഫി സമ്മേളനങ്ങള്‍, ഇസ്‌ലാമിന്റെ പേരിലാണ് സംഘടിപ്പിക്കപ്പെട്ടത്, ഹല്ലാജ്, ഇബ്‌നുല്‍ അറബി, ഇബ്‌നു ഫാളില്‍ തുടങ്ങിയ സൂഫിനേതാക്കളെ കുറിച്ച ഗവേഷണ ചര്‍ച്ചകളാണ് മിക്കയിടത്തും പ്രധാന ചര്‍ച്ചകള്‍. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലും ഈ ചിന്താധാരയുടെ ശക്തമായ വേരോട്ടമുണ്ടെന്ന് മാത്രമല്ല, ഇന്ത്യയിലേക്കുള്ള ആശയ ഇറക്കുമതിയും സജീവമാണ്. ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനങ്ങളിലും ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതും ഈ ‘ആത്മീയത’ തന്നെയാണ്.
ആത്മീയതയുടെ പര്യായങ്ങളായി സൂഫി ത്വരീഖത്ത് ദര്‍ശനങ്ങള്‍ അവതരിപ്പിക്കുക വഴി, മതവും മതവിശ്വാസവും, ഒരു വ്യക്തിയുടെ കേവലം ചില അനുഷ്ഠാനങ്ങളില്‍ ചുരുങ്ങിപ്പോവും. മതത്തിന്റെ മാനവിക, സാമൂഹിക മുഖവും ഉദാത്തമായ സമഗ്ര സ്വഭാവവും ഇല്ലാതെയാകും. വരണ്ട അനുഷ്ഠാനപരത മാത്രമായി ചുരുങ്ങും. തദ്ഫലമായി ഇസ്‌ലാം വ്യാപനം കുറയുകയും ചെയ്യും. ഈ ചിന്തയുടെ സൃഷ്ടിയാണ് ആത്മീയതയുടെ സൂഫി പ്രവണതകള്‍.
മതത്തിലെ ‘അയുക്തികതകള്‍ (?)’ ചൂണ്ടിക്കാണിച്ച് ‘യുക്തിവാദ’ (?) ചിന്താ പ്രസ്ഥാനങ്ങളും ഇസ്‌ലാമിനെ ആരാധനലായങ്ങളിലേക്ക് ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നു. മതാശയങ്ങളില്‍ പണ്ഡിതര്‍ക്കുണ്ടാവുന്ന വീക്ഷണ വൈവിധ്യങ്ങളെ പൊലിപ്പിച്ച്, വ്യക്തികളെ മതപ്രബോധനങ്ങളില്‍ നിന്നും സംഘടിതസല്‍കര്‍മങ്ങളില്‍ നിന്നും അകറ്റുന്ന പ്രവണതകളും ഉണ്ട്. ആത്മീയതയുടെ ശരിയായ അര്‍ഥവും താല്‍പര്യം ഗ്രഹിക്കുകയും വിശുദ്ധരും വിശ്വസ്തരുമായി ജീവിതം നയിക്കുകയുമാണ് കാലം തേടുന്നത്.
Back to Top