ആകാശയാത്ര ആരംഭിക്കുന്നു
എന്‍ജി. പി മമ്മദ് കോയ
പുലര്‍ച്ചെ മൂന്നര മണിയായപ്പോഴേക്കും ഹാജിമാര്‍ കുളിച്ചൊരുങ്ങാന്‍ തുടങ്ങി. കുളിമുറികളുടെ കവാടത്തില്‍ ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്ന വളണ്ടിയര്‍മാര്‍ ഹാജിമാര്‍ക്ക് എണ്ണയും സോപ്പും തോര്‍ത്ത് മുണ്ടുമെല്ലാം നല്കുന്നു. കുളികഴിഞ്ഞു വരുന്ന ഹാജിമാരുടെ മുടി ചീകി കൊടുക്കുന്നു, സുഗന്ധം പൂശിക്കൊടുക്കുന്നു, മസ്സാജ് ചെയ്തു കൊടുക്കുന്നു! ഓരോ ഹാജിയെയും തൃപ്തരാക്കാനും ആവശ്യമായ സഹായം ചെയ്യാനും അതുവഴി പുണ്യം കരസ്ഥമാക്കാനും ആത്മാര്‍ഥമായ പരിശ്രമമാണ്. ഏതാണ്ട് പൂര്‍ണമായി കഷണ്ടിയുള്ള എന്റെയടുത്തു പോലും ഒരു വളണ്ടിയര്‍ ചീര്‍പ്പുമായി വന്നു. ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചപ്പോള്‍ ഉളള മുടി ചീകാമെന്ന് പറഞ്ഞു പാര്‍ശ്വഭാഗങ്ങളിലുളള മുടി ചീകുകയും സുഗന്ധം പുരട്ടിത്തരികയും ചെയ്തു!
തഹജ്ജുദ്, വിത്‌റ് എന്നിവ നമസ്‌കരിച്ച് പ്രഭാത നമസ്‌കാരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഹാജിമാര്‍. പ്രാര്‍ഥനാ ഹാള്‍ ഹാജിമാരാല്‍ നിറഞ്ഞു. എല്ലാവരും സാധാരണ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ആദ്യം മദീനയിലേക്ക് പോകുന്നത് കൊണ്ട് ഇഹ്‌റാം വസ്ത്രം ധരിക്കേണ്ടതില്ല.
പ്രഭാത നമസ്‌കാരവും പ്രാതലും കഴിഞ്ഞു 9 മണിയായപ്പോഴേക്കും ഹജ്ജ് ഹൗസിന്റെ താഴത്തെ ഹാളിലേക്ക് ഹാജിമാര്‍ ആനയിക്കപ്പെട്ടു. ഹാളില്‍ കസേരകള്‍ സജ്ജീകരിച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഒരു കവറിലുള്ള ഹാജിമാര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള സജ്ജീകരണമാണ് ചെയ്തിരിക്കുന്നത്. ഒരു കവറില്‍ രണ്ടു പേരാണെങ്കില്‍ രണ്ടു കസേര അടുപ്പിച്ചിട്ടിരിക്കുന്ന സെക്ഷനില്‍ പോയിരിക്കണം. മൂന്നു പേരാണെങ്കില്‍ മൂന്നു കസേരകള്‍ അടുപ്പിച്ചിട്ടിരിക്കുന്നിടത്ത്!
ആദ്യമായി വിമാനയാത്ര ചെയ്യുന്ന ഹാജിമാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്കുന്നു. കാബിന്‍ ലഗേജില്‍ അനുവദിക്കാത്ത കത്രിക, ബ്ലേഡ് പോലുള്ള സാധനങ്ങള്‍ ബാഗിലുണ്ടെങ്കില്‍ ഒഴിവാക്കാനും മറ്റും അഭ്യര്‍ഥിക്കുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാനടക്കം പ്രമുഖര്‍ ഓരോ ഗ്രൂപ്പ് ഹാജിമാരെയും യാത്രയാക്കുമ്പോള്‍ സന്നിഹിതരാകുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. അതിന് ശേഷമാണ് എയര്‍പോര്‍ട്ടിലേക്കുള്ള ബസ് യാത്ര.
ഹജ്ജ് ഹൗസിന്റെ മുന്നില്‍ ഇരുവശത്തും നിരനിരയായി നിന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നും പ്രാര്‍ഥന കൊണ്ട് വസ്വിയ്യത്ത് ചെയ്തും ഹാജിമാരെ യാത്രയയക്കുന്ന വളണ്ടിയര്‍മാര്‍! ഓരോ ഹാജിമാരുടെയും അടുത്ത ബന്ധുക്കള്‍! ബസ്‌യാത്ര തുടരുമ്പോഴും വീണ്ടും പ്രാര്‍ഥനകള്‍ തന്നെ!
എയര്‍പോര്‍ട്ടില്‍ ഹാജിമാരെത്തുന്നതിന് മുമ്പ് തന്നെ അവരുടെ ലഗേജുകള്‍ വളണ്ടിയര്‍മാര്‍ എത്തിച്ചിരിക്കും. കേബിന്‍ ബഗേജ് മാത്രമാണ് ഹാജിമാരുടെ കയ്യിലുള്ളത്. കാബിന്‍ ബഗേജ് പരിശോധന, സെക്യൂരിറ്റി ചെക്കപ്പ് എന്നിവ നടക്കുന്ന സ്ഥലം കോണ്‍ഫിഡന്‍ഷ്യല്‍ ഏരിയ ആണ്. അവിടേക്ക് യാത്രക്കാരല്ലാത്തവര്‍ക്ക് സാധാരണ നിലയ്ക്ക് പ്രവേശനമില്ല. എന്നാല്‍ ഹജ്ജ് ടെര്‍മിനലില്‍ പ്രത്യേകം അംഗീകാരമുള്ള വളണ്ടിയര്‍മാരെ പരിമിതമായ തോതില്‍ അനുവദിക്കാറുണ്ട്. ആദ്യമായി വിമാന യാത്ര നടത്തുന്ന വൃദ്ധരും നിരക്ഷരരുമായ അനേകം ഹാജിമാര്‍ക്ക് വലിയ ആശ്വാസമാണ് ഇവരുടെ സാന്നിധ്യവും സഹായവും!
ഈ സന്നദ്ധ സേവകരുടെ പോലും ക്ഷമ പരീക്ഷിക്കുന്ന തരത്തിലാണ് പല ഹാജിമാരും തങ്ങളുടെ കേബിന്‍ ബഗ്ഗേജ് ഒരുക്കി കൊണ്ടുവന്നിരിക്കുന്നത്. കത്രികയും നെയില്‍ കട്ടറും തുടങ്ങി ബ്ലേഡും കത്തിയും ഉദ്യോഗസ്ഥന്‍ എടുത്ത് പുറത്തിടുന്നത് കാണാം! ഈ ഹാജിമാരൊക്കെ നിരവധി ക്ലാസുകളും ബോധവത്കരണവും പരിശീലനങ്ങളും കഴിഞ്ഞാണ് വരുന്നത്, എന്നിട്ടും.
ഉച്ചതിരിഞ്ഞ് 2.05 നാണ് വിമാനം പുറപ്പെടുന്നത്. 12 മണിയായപ്പോള്‍ തന്നെ എല്ലാ ഹാജിമാരും റിപ്പോര്‍ട്ടു ചെയ്തു. ഹജ്ജ് കമ്മിറ്റിയുടെയും വളണ്ടിയര്‍മാരുടെയും കണിശമായ നിര്‍ദ്ദേശവും ശ്രമവുമാണ് ഇതിന് പിന്നില്‍! ദുഹര്‍ നമസ്‌കാരത്തിനുള്ള സമയമായപ്പോള്‍ ദുഹര്‍, അസര്‍ (മധ്യാഹ്ന, സായാഹ്ന പ്രാര്‍ഥനകള്‍) നമസ്‌കരങ്ങള്‍ ഒന്നിച്ചു ചുരുക്കി നമസ്‌കരിച്ചു.
യാത്ര ചെയ്യുമ്പോഴും ശത്രു ഭയമുള്ളപ്പോഴും യുദ്ധമുഖത്തുള്ളവര്‍ക്കും ചില നിബന്ധനകള്‍ക്ക് വിധേയമായി നമസ്‌കാരങ്ങള്‍ ഒന്നിച്ചും ചുരുക്കിയും നിര്‍വഹിക്കാവുന്നതാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ കാത്തിരിപ്പുഹാളില്‍ ഒരു ഭാഗത്താണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഹാജിമാരെ പ്രവേശിപ്പിച്ചു തുടങ്ങി. വളണ്ടിയര്‍മാര്‍ ഹാജിമാരെ ശരിയായി ക്യൂ നിര്‍ത്താനും അവശരായ ഹാജിമാരുടെ കാബിന്‍ ബഗേജ് ഫ്‌ളൈറ്റിലേക്കെത്തിക്കാനും സഹായിക്കുന്നുണ്ട്. ഹജ്ജ് ക്ലാസില്‍ നിന്ന് തന്ന ബോര്‍ഡിങ് പാസ്സിലുളള സീറ്റു നമ്പര്‍ പ്രകാരമല്ല വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നതും സീറ്റുകള്‍ നല്കുന്നതും. മുന്നോട്ട് പോകാന്‍ തിടുക്കപ്പെട്ട എന്നോട് സ്‌നേഹിതന്‍മാരായ വളണ്ടിയര്‍മാര്‍ തിരക്കേണ്ട, ക്യൂവിന്റെ ഏറ്റവും അവസാനം നില്ക്കുന്നതാണ് നല്ലത് എന്ന് നിര്‍ദ്ദേശിച്ചു. വിമാനത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് അവരുടെ നിര്‍ദേശത്തിന്റെ കാര്യം പിടികിട്ടിയത്. വിമാനത്തില്‍ ആദ്യം കയറിയവരെ ഏറ്റവും പിന്നിലുള്ള സീറ്റില്‍ ഇരുത്തി വരികയാണ്. അവസാനം പ്രവേശിച്ച ഞങ്ങള്‍ക്ക് കോക്പിറ്റിന്റെ തൊട്ടുപിന്നിലുള്ള വളരെ സൗകര്യപ്രദമായ സീറ്റാണ് ലഭിച്ചത്! സാധാരണ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സജ്ജീകരിക്കുന്ന ഇടമാണത്.
വാഹനങ്ങളില്‍ കയറി യാത്രയാരംഭിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ഇവിടെയും ഉരുവിടേണ്ടതുണ്ട്. ”ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹ്, ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹ്, സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുക്‌രിമീന്‍ വഇന്നാ ഇലാ റബ്ബിനാ ല മുന്‍കലിബൂന്‍.”
വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്തില്‍ പാലിക്കേണ്ട ശുചിത്വത്തെകുറിച്ച് സര്‍ക്കാര്‍ വളണ്ടിയര്‍മാരുടെ നിര്‍ദ്ദേശം വന്നു. ഹാജിമാരെ സഹായിക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തയക്കുന്ന ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ വളണ്ടിയര്‍മാര്‍. ടോയ്‌ലറ്റില്‍ അനുവര്‍ത്തിക്കേണ്ട ശുചിത്വത്തെക്കുറിച്ചും ടിഷ്യൂ പേപ്പറും മറ്റു വേസ്റ്റുകളും കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ ആവര്‍ത്തിച്ചു പറയാന്‍ ഒരു കാരണവുമുണ്ടായി. ആ സമയത്ത് ഇത് സംബന്ധിച്ച ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. യാത്രക്കാന്‍ വൃത്തിഹീനമായി ഉപയോഗിച്ച ഒരു വിമാനത്തിന്റെ ഉള്‍വശം ഹാജിമാരുടേതെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിമാനത്തിന്റെ പാസ്സേജും ടോയ്‌ലറ്റിന്റെ പ്രവേശന ഭാഗവും ഉള്‍വശവുമൊക്കെ ടിഷ്യൂ പേപ്പറും മലവും മലിന ജലവും കൊണ്ട് വൃത്തികേടാക്കിയ ദൃശ്യങ്ങളായിരുന്നു അതില്‍. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ സബ്‌സിഡിയോടെ സഞ്ചരിക്കുന്ന ഹാജിമാര്‍ എന്നാണ് അതിന് ഏതോ കുബുദ്ധികള്‍ തലക്കെട്ട് നല്‍കിയത്.
എന്നാല്‍ ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സി അതിന്റെ സത്യാവസ്ഥ കണ്ടെത്തി. അവരുടെ അന്വേഷണത്തില്‍ അത് ഹജ്ജ് വിമാനമോ എയര്‍ ഇന്ത്യ വിമാനമോ യാത്രക്കാര്‍ ഹാജിമാരോ അല്ല! സഊദി അറേബ്യയില്‍ ആവശ്യമായ രേഖകളില്ലാതെ പിടികൂടിയ എത്യോപ്യക്കാരെ നാടുകടത്തുന്ന സഊദി എയര്‍ലൈന്‍സിന്റെ വിമാനമായിരുന്നു അത്. ആ വാര്‍ത്താ ഏജന്‍സി ദൃശ്യങ്ങള്‍ സഹിതം ഇത് സംപ്രേഷണം ചെയ്തു. ഇന്ത്യയിലെ ചില സൈബര്‍ ക്രിമിനലുകള്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ നടത്തുന്ന സ്ഥിരം വേലത്തരങ്ങളില്‍ ഒന്ന്.
സാത്വികരായ ഞങ്ങളുടെ സഹയാത്രികര്‍ വളരെ ശുചിത്വത്തോടെയും സൂക്ഷ്മതയോടും കൂടിയായിരുന്നു യാത്രയിലുടനീളം ടോയ്‌ലറ്റും മറ്റും ഉപയോഗിച്ചത്.