ആഇശ(റ): നബിചര്യ പ്രസരിപ്പിക്കുന്നതിലെ ജൈവിക കേന്ദ്രം
സയ്യിദ് സുല്ലമി
വിജ്ഞാനത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അന്വേഷിക്കുകയും ഇഷ്ടമുള്ള മേഖലകളില്‍ സഞ്ചാരം നടത്തുകയും ചെയ്തുകൊണ്ട് ജ്ഞാന സമ്പാദന രംഗത്ത് വിപ്ലവങ്ങള്‍ തീര്‍ത്ത വനിതാ രത്നങ്ങള്‍ ലോക സമൂഹത്തിന് അനല്പമായ പ്രചോദനമാണ്. ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍ക്ക് പുറമെ ഹദീസ്, കവിത, അനന്തരാവകാശം, അറേബ്യന്‍ ചരിത്രം, ചികിത്സാ ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന അറിവിന്റെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി വനിതാ രത്നങ്ങള്‍ ഇസ്ലാമിക ചരിത്രത്തിലുണ്ട്. അതില്‍ പ്രധാനിയാണ് പ്രവാചക പത്നി ഉമ്മു അബ്ദില്ല ആഇശ(റ).
അവരുടെ അറിവിന്റെ മികവ്, ബുദ്ധിപരമായ പ്രതികരണങ്ങള്‍, മതവിധികള്‍, അധ്യാപനങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ വിജ്ഞാനമെന്ന മഹാ സാഗരത്തില്‍ ഏറെ ആഴിയില്‍ സഞ്ചരിച്ച് പ്രാഗത്ഭ്യം തെളിയിച്ച മഹതിയാണെന്ന് മനസ്സിലാക്കാം. അനസ്(റ) പറയുന്നു: നബി(സ) പറഞ്ഞു: ഇതര സ്ത്രീകളെക്കാള്‍ ആഇശ(റ)ക്ക് ഉള്ള ശ്രേഷ്ഠത മറ്റുള്ള ഭക്ഷണങ്ങളെക്കാള്‍ സരീദിനുള്ള ശ്രേഷ്ഠത പോലെയാണ്. (ബുഖാരി 5428). അക്കാലത്ത് അറബികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന കറിയില്‍ കുതിര്‍ത്ത മേന്മയുള്ള ഒരു തരം റൊട്ടിയാണ് സരീദ്. ഒരു ഉപമയിലൂടെ അവരുടെ മഹത്വം പ്രവാചകന് വ്യക്തമാക്കുകയാണ് ഈ മൊഴിയിലൂടെ.
അബൂമൂസല്‍ അശ്അരി(റ) പറയുന്നു: ഞങ്ങള്‍ പ്രവാചക ശിഷ്യന്മാര്ക്ക് വല്ല ഹദീസിനെ കുറിച്ചും സംശയം ഉണ്ടായാല്‍ ആഇശ(റ)യോട് ചോദിക്കും. അവരുടെ അടുക്കല്‍ അതിനെ കുറിച്ച് അറിവ് ഉണ്ടാവാതിരിക്കുകയില്ല. (തിര്‍മിദി 3883) മസ്റൂഖ് ബിന്‍ അജ്ദഹ്(റ) പറയുന്നു: തന്റെ ആത്മാവ് ഏതൊരുവന്റെ കയ്യിലാണോ അവന് തന്നെയാണ് സത്യം, ആഇശ(റ)യോട് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച് നബി(സ)യുടെ സഹാബത്ത് ചോദിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. (ഇബ്നു ഹജറുല്‍ അസ്ഖലാനി, അല്‍ ഇസ്വാബ). ശഅബി പറയുന്നു: മസ്റൂഖ്(റ) ആഇശ(റ)യില്‍ നിന്ന് നബിവചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു: സിദ്ദീഖിന്റെ പുത്രി സിദ്ദീഖത്ത്, ഉന്നതനായ അല്ലാഹുവിന്റെ ഹബീബിന്റെ ഹബീബത്ത്, ഏഴാനാകാശത്തിന്റെയും അപ്പുറത്ത് നിന്ന് നിരപരാധിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടവര് എന്നോട് പറഞ്ഞു. (ഇബ്നു സഅദ്, ത്വബഖാത്ത്)
ഹദീസ് രംഗത്തെ
സേവനം
ആഇശ(റ) വിജ്ഞാനം ആര്‍ജിക്കുന്നതില്‍ ഏറെ മിടുക്ക് കാണിക്കുകയും ബുദ്ധിവൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ പരിശ്രമങ്ങളില്‍ പെട്ടതാണ് ദീന് സംരക്ഷണം, പ്രവാചകചര്യക്ക് സേവനം അനുഷ്ഠിക്കുക എന്നിവ. സ്വഹാബികള്‍ക്കിടയില്‍ ഹദീസ് വിജ്ഞാനീയത്തില്‍ അവര്‍ മുന്‍പന്തിയിലായിരുന്നു. നബി(സ)യില്‍ നിന്ന് അനേകം ഹദീസുകള്‍ അവര്‍ സ്വായത്തമാക്കി.
വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയുമാണ് അവര്‍ ഓരോ ഹദീസുകളും നിവേദനം ചെയ്തിരുന്നത്. നബിചര്യ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും അവരുടെ പങ്ക് വിളിച്ചോതുന്ന ഒരു ഗ്രന്ഥമാണ് ഇമാം ബദറുദ്ദീന്‍ സര്‍ക്കശി(റ)യുടെ ‘അല്‍ഇജാബ’. ഈ ഗ്രന്ഥം ഇസ്ലാമിക വിധി വിലക്കുകള്‍ പരിശോധിക്കുന്നതിനുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി വിജ്ഞാന കുതുകികള്‍ക്കിടയില്‍ സ്വീകാര്യത നേടി.
നബിയുടെ വസതിയില്‍ നിന്ന് കേട്ടതും കണ്ടതും അനുഭവിച്ചതുമായ വിജ്ഞാനങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കാന്‍, അവ ഒട്ടും മറച്ചു വെക്കാതെ അവര്‍ അതീവ താത്പര്യം പ്രകടിപ്പിച്ചു. അവയില്‍ രണ്ടായിരത്തിലധികം നബിവചനങ്ങള്‍ വിവിധ നബിചര്യാ ഗ്രന്ഥങ്ങളില്‍ കാണാം. ഇമാം ദഹബി(റ) പറയുന്നു: ആഇശ(റ)യുടെ നിവേദനങ്ങളായി 2210 ഹദീസുകളുണ്ട്, അവയില്‍ മുത്തഫഖുന്‍ അലൈഹി ആയ 174 വചനങ്ങളും സ്വഹീഹുല്‍ ബുഖാരിയില്‍ മാത്രമായി 54 എണ്ണവും സ്വഹീഹ് മുസ്ലിമില് മാത്രമായി 69 എണ്ണവുമുണ്ട്. (സിയറു അഅലാമി ന്നുബലാ)
സ്വഹാബത്തിലെ പണ്ഡിതന്മാര് പോലും സംശയനിവാരണത്തിനായി അവരെയാണ് സമീപിച്ചിരുന്നത്. അപ്പോള്‍ അവരുടെ അടുക്കല്‍ വ്യക്തമായ ഉത്തരങ്ങളുണ്ടാവും. നിരവധി സഹാബികളും താബിഈങ്ങളും അവരില്‍ നിന്ന് ദീനീ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. അവരില്‍ നിന്ന് അവര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഇശ(റ) പ്രവാചകനോട് (സ) ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥങ്ങളും ആശയങ്ങളും ധാരാളമായി ചോദിച്ച് പഠിച്ചിരുന്നു. അതു മുഖേന അവര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ യഥാര്‍ഥ വ്യാഖ്യാനം പറയാന്‍ സാധിച്ചു. രണ്ടാം ഖലീഫ ഉമര്‍(റ) സ്ത്രീകളുമായി ബന്ധപ്പെട്ട മതവിധികളും നബി തിരുമേനിയുടെ വീട്ടിലെ രീതികളും അറിയാന്‍ ആഇശ(റ)യെയാണ് അവലംബിച്ചത്.
ഉര്‍വ്വയുടെ പുത്രന് ഹിശാം പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: ഇസ്ലാമിക കര്‍മ ശാസ്ത്രവും വൈദ്യവും കവിതയും ആഇശ(റ)യെക്കാള്‍ കൂടുതല്‍ അറിവുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ഇമാം യൂസഫ് ബിന്‍ അബ്ദുറഹ്മാന്, തഹ്ദീബുല്‍ കമാല്‍)
ജമാലുദ്ദീന്‍ അബുല്‍ ഫറജ് ഇബ്നുല്‍ ജൗസി(റ) എഴുതുന്നു: വിശുദ്ധ ഖുര്‍ആനിലും ഇസ്ലാമിക പിന്തുടര്ച്ചാവകാശ നിയമത്തിലും ഹലാലിനെ കുറിച്ചും ഹറാമിനെ കുറിച്ചും കവിതയെകുറിച്ചും അറേബ്യന്‍ വൃത്താന്തങ്ങളെ കുറിച്ചും വംശ പരമ്പരയെ കുറിച്ചും ജനങ്ങളുടെ കൂട്ടത്തില്‍ ആഇശ(റ)യെക്കാള്‍ പാണ്ഡിത്യമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. (അല്‍ മുന്തദം ഫീ താരീഖില്‍ ഉമം)
ഇമാം സര്‍ക്കശി(റ) പറയുന്നു: നിശ്ചയം ഉമറിബ്നു ഖത്താബും(റ) അലിയ്യിബ്നു അബീത്വാലിബും(റ) ആഇശ(റ) യോട് എണ്ണമറ്റ കര്‍മ ശാസ്ത്ര പ്രശ്നങ്ങളില്‍ വിധി ചോദിക്കുമായിരുന്നു. (അഅലാമുന്നിസ). ഇമാം ഇബ്നു സഅദിന്റെ ത്വബക്കാത്തുല്‍ കുബ്റയില്‍ ഇപ്രകാരം കാണാം: സഹാബത്തില് ഉന്നതരായ ഉസ്മാനും(റ) നബിചര്യകളെ കുറിച്ച് ആരായാന്‍ ആഇശ(റ)യുടെ അടുക്കലേക്ക് ആളെ നിയോഗിക്കുമായിരുന്നു.
ഇമാം ഇബ്നുകസീര്‍(റ) പറയുന്നു: ചില വിഷയങ്ങളില്‍ സ്വഹാബത്തില്‍ നിന്ന് വ്യത്യസ്തമായി ഉമ്മുല്‍ മുഅമിനീന്‍ ആഇശ(റ)ക്ക് വീക്ഷണമുണ്ടായിരുന്നു. അവരുടെ ചില അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും വേറിട്ടു നിലകൊണ്ടു.’ (അല്‍ ബിദായ വന്നിഹായ)
ഇമാം സുഹ്രി(റ) പറയുന്നു: ആഇശ(റ)യുടെ അറിവും പ്രവാചകന്റെ(സ) ഇതര ഭാര്യമാരുടെ അറിവുകളും ഒരുമിച്ചുകൂട്ടി തുലനം ചെയ്താല്‍ ആഇശ(റ)യുടെ അറിവ് ഏറ്റവും മികവാര്ന്നതായിട്ട് കാണാം.(ഇബ്നു കസീര്‍, അല്‍ ബിദായ വന്നിഹായ)
പ്രഗത്ഭരായ നിരവധി സഹാബികള്‍ ആഇശ(റ)യില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഉമറിബ്നില്‍ ഖത്താബ്, അംറിബ്നുല്‍ ആസ്, അബൂമൂസല്‍ അശ്അരി, അബൂഹുറയ്റ, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്, അബ്ദുല്ലാഹിബ്നു സുബൈര്‍, സാഇബിബ്നു യസീദ്, സൈദിബ്നു ഖാലിദ് അല്‍ ജുഹനി തുടങ്ങി അനേകം സ്വഹാബികള്‍ അവരില്‍ ഉള്‍പ്പെടുന്നു.
പ്രഗത്ഭരായ നിരവധി താബിഉകളും ആഇശ(റ)യില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മസ്റൂഖിബ്നു അജ്ദഹ്, അല്ഖമതിബ്നു ഖൈസ്, അസ്വദിബ്നു യസീദ്, സഈദിബ്നുല്‍ മുസയ്യിബ്, അബ്ദുല്ലാഹിബ്നു സുബൈര്‍, ഉര്വ്വതിബ്നു സുബൈര്‍, ഖാസിം ബിന്‍ മുഹമ്മദ്, മുത്വറിഫിബ്നു അബ്ദില്ല, അംറിബ്നു മൈമൂന്‍, അബൂ സലമ ബിന്‍ അബ്ദിറഹിമാന്, വിസ്റിബ്നു ഹുബൈശ്, അബൂബര്‍ദ ബിനു അബൂമൂസല്‍ അശ്അരി, അത്വഇബിനു യസാര്‍, ഇബ്നു അബീ മുലയ്ക, ത്വാഊസ്, മുജാഹിദ്, ഇക്രിമ, നാഫിഹ്, അല്‍ഖമ ബിന്‍ വഖാസ്, അലിയ്യിബ്നു ഹുസൈന്, ശഅബി(റ) തുടങ്ങിയ പുരുഷന്മാരും അംറ ബിന്ത് അബ്ദുറഹിമാന്, മആദ അല്‍ അദവിയ്യ, ഖീറ ഉമ്മുല്‍ ഹസന്, സ്വഫിയ്യ ബിന്ത് അബീ ഉബൈദ്(റ) തുടങ്ങി നിരവധി വനിതകളും ഉള്‍പ്പെടുന്ന ധാരാളം സ്വഹാബത്തിന്റെ ശിഷ്യന്മാര് അവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആഇശ(റ) മിക്കപ്പോഴും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു പ്രമാണങ്ങളുടെ അകമ്പടിയോടെ കാര്യങ്ങള്‍ സ്പഷ്ടമായി വിവരിച്ചു കൊടുക്കുമായിരുന്നു. മസ്റൂഖില്‍ നിന്ന് നിവേദനം: ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: പ്രിയ മാതാവേ, മുഹമ്മദ് നബി(സ) തന്റെ നാഥനെ കണ്ടിട്ടുണ്ടോ? അവര്‍ പറഞ്ഞു: നീ പറഞ്ഞ വാക്കുകള്‍ കാരണം അല്ലാഹുവിനെ ഭയന്ന് എന്റെ രോമങ്ങള്‍ വിറച്ചുപോയി. മൂന്ന് കാര്യങ്ങള്‍ ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന് കളവ് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി(സ) തന്റെ നാഥനെ കണ്ടുവെന്ന് നിന്നോട് പറഞ്ഞവന് കളവാണ് പറഞ്ഞത്. പിന്നീട് അവര്‍ ഖുര്‍ആന്‍ സൂക്തം ഓതി: ‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും എത്ര ചെറുതും ഏറ്റവും നന്നായി അറിയുന്നവനുമാകുന്നു.’ (വി.ഖു 6:103)
‘നേരിട്ടുള്ള ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന് ഉദ്ദേശിക്കുന്നത് അദ്ദേഹം ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല.’ (വി.ഖു 42: 51)
ആരെങ്കിലും നിന്നോട് നബി(സ) ഭാവി കാര്യം അറിയുമെന്ന് പറഞ്ഞാല്‍ അവന് തീര്‍ച്ചയായും കളവ് പറഞ്ഞിരിക്കുന്നു. പിന്നീട് അവര്‍ പാരായണം ചെയ്തു: ‘നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല.’ (വി.ഖു 31:34)
ആരെങ്കിലും നിന്നോട് നബി(സ) ദിവ്യബോധനത്തില്‍ നിന്ന് വല്ലതും മറച്ചുവെച്ചു എന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും അത് കളവാണ്. പിന്നീട് അവര്‍ പാരായണം ചെയ്തു: ‘ഹേ; റസൂലേ, നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക.’ (വി.ഖു 5:67) പക്ഷെ ജിബ്രീലിനെ(അ) അദ്ദേഹത്തിന്റെ രൂപത്തില്‍ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. (സ്വഹീഹുല്‍ ബുഖാരി 4885)
മയ്യിത്തിന്റെ വീട്ടുകാര്‍ കരയുന്നത് കാരണം ഖബ്റില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് നബി(സ)യുടെ പേരില്‍ പ്രചരിക്കുന്നത് ആഇശ(റ) ഉദാഹരണം വെച്ച് കൊണ്ട് തിരുത്തി. പ്രസ്തുത സംഭവം ഇങ്ങനെ കാണാം: നബി(സ) പറഞ്ഞുവെന്ന നിലയില്‍ ഇബ്നു ഉമര്‍(റ) പ്രസ്താവിച്ചു: ‘നിശ്ചയം മയ്യിത്ത് സ്വന്തം വീട്ടുകാരുടെ കരച്ചില് നിമിത്തം ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടും’.
ഇക്കാര്യം ആഇശ(റ)യോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘ഇബ്നുഉമര്‍ (റ) മറന്നതായിരിക്കാം. ഖബറില്‍ കിടക്കുന്നവന് അയാളുടെ പാപവും കുറ്റവും കാരണം ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ പേരില്‍ വീട്ടുകാര്‍ ഇപ്പോള്‍ കരയുകയും ചെയ്യും എന്ന് മാത്രമാണ് റസൂല്‍(സ) പറഞ്ഞത്.’ അവര്‍ തുടര്‍ന്നു: ‘അത് നബിയുടെ വാക്ക് പോലെയാണ്, നിശ്ചയം റസൂല്‍(സ) ബഹുദൈവവിശ്വാസികളില്‍ നിന്ന് കൊല്ലപ്പെട്ടവരെ അടക്കം ചെയ്ത ബദ്റിലെ ഖലീബ് എന്ന കിണറിന്റെ അരികില്‍ നിന്ന് ചിലത് പറഞ്ഞു. അതിനെ പറ്റി ജനങ്ങളോട് അവര്‍ പറഞ്ഞത് ‘തീര്‍ച്ചയായും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും’ എന്നതാണ്.
എന്നാല്‍ വാസ്തവം ‘നിശ്ചയമായും ഇപ്പോള്‍ ഞാന്‍ അവരോട് പ്രബോധനം ചെയ്തു കൊണ്ടിരുന്നത് സത്യമാണെന്ന് അവര്‍ അറിയുക തന്നെ ചെയ്യും എന്നായിരുന്നു’. പിന്നീട് അവര്‍ വിശുദ്ധ ഖുര്‍ആന്‍ ആയത്ത് പാരായണം ചെയ്തു: തീര്‍ച്ചയായും നീ മരണം സംഭവിച്ചവരെ കേള്‍പ്പിക്കുകയില്ല’ (വി.ഖു 27:80). ‘നീ ഖബറുകളില്‍ ഉള്ളവരെ കേള്പ്പിക്കുന്നവനല്ല’. (വി.ഖു 35:22) (സ്വഹീഹുല്‍ ബുഖാരി 3978)
പ്രമാണങ്ങളില്‍ ഒന്നാമത് നില്ക്കുന്ന ഖുര്‍ആന്‍ കൊണ്ട് ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ അകറ്റുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി, ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.