ആംനസ്റ്റി ഇന്ത്യയില്‍ മുസ്‌ലിം പ്രാതിനിധ്യം ശുഷ്‌കമെന്ന്
ആംനസ്റ്റി ഇന്ത്യയുടെ ഉന്നത ഉദ്യോഗങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം പൂജ്യമാണെന്നും മുസ്‌ലിംകള്‍ തഴയപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നുമുള്ള ആരോപണവുമായി മുന്‍ ആംനസ്റ്റി ഉദ്യോഗസ്ഥ മറിയം സാലിം രംഗത്ത് വന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത. മനുഷ്യാവകാശ സംരക്ഷണത്തിനായി നിലനില്‍ക്കുന്ന ആംനസ്റ്റിയെക്കുറിച്ചുള്ള ഈ ആരോപണം കൗതുകകരം കൂടിയായിരുന്നു. ദി വയര്‍ മാഗസിനുമായി നടത്തിയ അഭിമുഖത്തിനിടെയാണ് മറിയം സാലിം ഗുരുതരമായ ആരോപണങ്ങള്‍ ആംനസ്റ്റി ഇന്ത്യക്ക് എതിരേ ഉന്നയിച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ സാക്ഷിയായ അനേകം വിവേചനങ്ങള്‍ തനിക്ക് ഓര്‍ത്ത് പറയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരക്കൊല്ലമായി ദലിത്, മുസ്‌ലിം സമൂഹങ്ങളില്‍ നിന്നുള്ള ആംനസ്റ്റി ജീവനക്കാര്‍ അവിടെ നിന്നും നേരിടുന്നത് ഭീകരമായ വിവേചനങ്ങളാണെന്നും ഇവരില്‍പ്പെട്ട സ്ത്രീകളോട് ഉന്നത ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നത് കടുത്ത വിവേചനമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ബോര്‍ഡ് അംഗങ്ങളിലും, സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങളിലും, പ്രോഗ്രാം മാനേജ്‌മെന്റ് അംഗങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം പൂജ്യമാണ്. സീനിയര്‍ കാമ്പയിനര്‍മാരില്‍ കാശ്മീരില്‍ നിന്നുള്ള ഒരാളല്ലാതെ മറ്റു മുസ്‌ലിംകളാരും നിലവിലില്ല. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയും കുറ്റകരമായ വംശീയത നിലനില്‍ക്കുന്നുണ്ട്. അവര്‍ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഒരു ദലിത് ആക്ടിവിസ്റ്റിനും ആംനസ്റ്റിയില്‍ നിന്ന് വിവേചനമുണ്ടായതായി മറിയം വെളിപ്പെടുത്തുന്നുണ്ട്. ആദിവാസി വിഷയങ്ങളിലുള്ള അന്വേഷണങ്ങള്‍ക്ക് ആദിവാസികളുമായി അഭിമുഖം നടത്താന്‍ മാനേജ്‌മെന്റ് തയാറായില്ലെന്നും മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരുമായി നാം ചര്‍ച്ച നടത്താറില്ലല്ലോ എന്ന ഒരു പരാമര്‍ശം നടത്താന്‍ മാത്രം മനുഷ്യാവകാശ, നീതി ബോധങ്ങള്‍ ഇല്ലാത്ത സീനിയര്‍മാര്‍ തനിക്കുണ്ടായിരുന്നതായും അവര്‍ ആക്ഷേപിച്ചു.