8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അവന്റെ ലോകം ടി വിയും മൊബൈല്‍ ഫോണും – ശറഫുദ്ദീന്‍ മലപ്പുറം (കൗണ്‍സലര്‍, ട്രെയിനര്‍)

അധ്യാപക ദമ്പതികളുടെ ഒന്നാമത്തെ മകനായ മുഹമ്മദ് റാഫിയാണ് മുന്നിലിരിക്കുന്നത്. പറ്റെ വെട്ടിച്ചെറുതാക്കിയ മുടി. ഒട്ടും പരിഷ്‌ക്കാരം ഇല്ല. അലസമായ വസ്ത്രധാരണം, നിസ്സംഗഭാവം. എന്തിനേറെ പറയുന്നു, ഈ ലോകത്തു നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല, അതിലൊന്നും തനിക്കൊരു റോളുമില്ലെന്ന മനോഭാവത്തോടെയാണ് കക്ഷിയുടെ ഇരിപ്പ്.
മാതാപിതാക്കള്‍ അവനെക്കുറിച്ച് സംസാരം തുടങ്ങി.
‘ടി വിയോട് വല്ലാത്ത അഡിക് ഷനാണ്. ടി വി കാണലാണ് അവന്റെ ജീവിതലക്ഷ്യം എന്നുവരെ തോന്നിപ്പോകും. എന്നാല്‍ ഒരു വാര്‍ത്തയും കേള്‍ക്കില്ല. പത്രം തൊട്ടുനോക്കുക പോലും ചെയ്യില്ല!”
റാഫി ആളൊരു നെറ്റിസണാണ് (കൂടുതലും ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്നവന്‍). വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെല്ലാം വളരെ സജീവമാണ്. അതാണവന്റെ ലോകം എന്നുതന്നെ പറയാം.
‘എന്തുതന്നെ വന്നാലും കളവ് പറയുകയില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ പൈസ മോഷ്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് ഒരു ജിബി ഒരു ദിവസത്തിന് തികയില്ല. അപ്പോളവന്‍ മോഷ്ടിക്കും. അത് അടുത്ത് തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോള്‍ ഞങ്ങളൊക്കെ കുടുങ്ങി. എത്രയോ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എത്രയോ കുട്ടികള്‍ക്ക് കൈത്താങ്ങായി, എന്നിട്ടും ഞങ്ങളുടെ ആദ്യകുട്ടി ഇങ്ങനെയായല്ലോ…’ റാഫിയുടെ ഉമ്മയാണിത്രയും പറഞ്ഞത്.
‘പഠനത്തില്‍ മുന്നിലായിരുന്നു. ഏഴാം ക്ലാസ് മദ്റസയില്‍ ഒന്നാം റാങ്കുകാരനായിരുന്നു. ഇപ്പോള്‍ മദ്റസയില്‍ പോകുന്നില്ല. സ്‌കൂളിസ്‌കൂളിലെയും മിക്ക വിഷയങ്ങളിലും നല്ല ഗ്രേഡാണ്. വീട്ടില്‍ നിന്ന് പഠിക്കാറില്ല. അധ്യാപകര്‍ക്കും ഇവനെക്കുറിച്ച് നല്ല അഭിപ്രായമില്ല. ക്ലാസില്‍ ശല്യക്കാരനല്ല. പക്ഷേ, ആരോടും ഒരു അറ്റാച്ച്മെന്റും തീരെയില്ല. അതിനു പരിഹാരമായി അവനെ എസ് പി സിയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിച്ചു. പക്ഷേ…’
അവര്‍ വാക്കുകള്‍ മുഴുമിക്കാനായി കഷ്ടപ്പെട്ടു. ബാക്കി പൂരിപ്പിച്ചത് പിതാവായിരുന്നു. ‘എഴുത്തുപരീക്ഷയിലെ റിസല്‍ട്ട് അധ്യാപകരെയും ഞങ്ങളെയും ഞെട്ടിച്ചുകളഞ്ഞു. ഒന്നാം റാങ്ക് കിട്ടി. അവനെ എസ് പി സിയില്‍ ചേര്‍ക്കുകയും ചെയ്തു. മുടി വെട്ടാന്‍ പറഞ്ഞത് അവനെ തീരെ ഇഷ്ടപ്പെട്ടില്ല. അതില്‍ പ്രതിഷേധിച്ചാ മുടി കുറ്റിമുടിയാക്കിയത്.’
മാതാപിതാക്കളോടോ സഹോദരങ്ങളോടോ സമൂഹത്തോടെ ഒരു കടപ്പാടുമില്ലാത്ത ഒരു കുട്ടി. അവനെ നേര്‍വഴിയിലാക്കാന്‍ മാതാപിതാക്കള്‍ ചര്‍ച്ച നടത്തി കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്റ്റുഡന്റ്സ് പോലീസ് കേഡറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. പക്ഷേ, മറ്റുള്ളവരുണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കുകയെന്നത് അവന് ഓര്‍ക്കാനാവില്ല. യൂനിഫോറം ധരിക്കാന്‍ അവന്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. സ്‌കൂളിലേക്ക് എസ് പി സി യൂനിഫോം ബാഗിലിട്ട് കൊണ്ടുപോകും. രക്ഷിതാക്കളുടെ അഭിപ്രായത്തില്‍ റാഫി കോംപ്ലക്സുകളുടെ ഒരു മരമാണ്. പണത്തിന്റെ മൂല്യം ഒട്ടും അറിയില്ല. അവനാവശ്യമുള്ളത് അവന്‍ എടുത്തുപയോഗിക്കും.
കൗണ്‍സിലിംഗിന് വരുമ്പോള്‍ വ്യക്തമായ മൂന്ന് ലക്ഷ്യങ്ങളുമായാണ് അവരെത്തിയത്. ഒന്ന്, അവനൊരു മാതൃകാ വിദ്യാര്‍ഥിയായി മാറുക. രണ്ട് അവനവന്റെ കാലിബര്‍ ഉപയോഗിക്കാന്‍ കഴിവുള്ളവനാക്കുക. മൂന്ന്, യഥാര്‍ഥ ജീവിതവും മായക്കാഴ്ചകളും തിരിച്ചറിയാനുള്ള പ്രാപ്തിയുണ്ടാകുക എന്നിവയാണവ.
മാതാപിതാക്കള്‍ പുറത്തിറങ്ങിയപ്പോള്‍ റാഫി കടന്നുവന്നു. ആരെയും കൂസാത്ത ഭാവത്തോടെ.
‘ഞാന്‍ പത്രം വായിച്ചാലും ഇല്ലെങ്കിലും വാര്‍ത്ത കണ്ടാലും ഇല്ലെങ്കിലും ലോകം മാറുകയില്ലല്ലോ? അല്ലെങ്കില്‍ ഈ നാട്ടില്‍ നടക്കുന്നതൊക്കെ അറിഞ്ഞിട്ടെന്താ കാര്യം?!’ അവന് അവന്റെ നയത്തില്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു
‘പുസ്തകം വായിക്കുന്നത് ഈ കാലഘട്ടത്തില്‍ പ്രായോഗികമാണോ? എന്നെപ്പോലുള്ള ന്യൂജെന്‍ പിള്ളേരൊന്നും അത്രക്ക് പഴഞ്ചനാവില്ല. പിന്നെ ഡാഡിയും മമ്മിയും ഈ കാലഘട്ടത്തിന് യോജിച്ചവരല്ല. അവരുടെയൊക്കെ സംസ്‌കാരം നൂറ്റാണ്ടുകള്‍ പിന്നിലാണ്. വെറും പഴഞ്ചന്‍സ്…. പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍….’
‘പത്താം ക്ലാസ് നല്ല രീതിയില്‍ പാസാവില്ലേ?’
‘അതിലൊന്നും അത്ര കാര്യമൊന്നുമില്ല. എങ്കിലും ഫുള്‍ എ പ്ലസ് എനിക്ക് കിട്ടും. പുസ്തകം തീരെ വായിക്കാറില്ല എന്നത് നൂറ് ശതമാനവും ശരിയാണ്. പുസ്തകങ്ങള്‍ കാണുന്നതേ എനിക്ക് വെറുപ്പാണ്. പിന്നെ ഫോണ്‍, ടാബ്, ലാപ്ടോപ്പ് എന്നിവ നോക്കി പഠിക്കാമല്ലോ? അത്യാവശ്യം ടി വി കാണും, ഗെയിം കളിക്കും. കൂടെ പഠിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഡാഡിക്കും മമ്മിക്കും അത് ഇതുവരെ ബോധ്യമായിട്ടില്ല. അല്ലെങ്കിലും അവരെയൊന്നും ബോധ്യപ്പെടുത്തേണ്ട ഒരാവശ്യവും എനിക്കില്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലല്ലോ ഞാന്‍ ജീവിക്കേണ്ടത്, എനിക്ക് വേണ്ടിയല്ലേ?!’
‘അതേ… നാം നമുക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്. പക്ഷേ, മാതാപിതാക്കളുടെ ഭാഗം തന്നെയല്ലേ നാം. അവരോടൊന്നും നമുക്കൊരു കടപ്പാടുമില്ലേ? അവര്‍ നമ്മുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ലേ?’
ദീര്‍ഘമായ മൗനമായിരുന്നു ഉത്തരം. ഈ ചോദ്യത്തിനു മാത്രമായിരുന്നു അവന് മറുപടി ഇല്ലാത്തത്. അവന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
‘സ്‌കൂളിലേക്ക് എത്ര ദൂരമുണ്ട്? എങ്ങനെയാണ് പോകുന്നത്?’
‘രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നാണ് പോകുന്നത്. സൈക്കിളില്‍ പോകാനാ ഡാഡി പറയുന്നത്. ഇത്ര വലിപ്പമായിട്ടും സൈക്കിളില്‍ പോകുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ കുറച്ചിലല്ലേ?’
മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല നാം ജീവിക്കേണ്ടത് എന്ന് പറയുന്ന റാഫിതന്നെയാണ് മറ്റുള്ളവര്‍ കാണുന്നത് പേടിച്ച് സൈക്കിള്‍ യാത്ര ചെയ്യാത്തത്!
സിനിമ കണ്ട് കണ്ട് അവന്‍ യഥാര്‍ഥ ലോകത്തുനിന്ന് വിട്ടിരിക്കുന്നു. അവന്റെ അഭിപ്രായത്തില്‍ മാതാപിതാക്കള്‍ കര്‍ശനക്കാരാണ്. പഠിച്ച് ഒരു ജോലിയിലെത്തുകയെന്നത് അവന്‍ ആലോചിച്ചിട്ടുപോലുമില്ല. മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന്റെ ദൂഷ്യങ്ങള്‍ അവന് ബോധ്യമായിത്തുടങ്ങി. മാതാപിതാക്കളുടെ ഉപദേശവും ദേഷ്യവും കുറച്ചാല്‍ തന്നെ ഞാന്‍ നേരെയാകുമെന്ന് റാഫി പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x