അല്‍പജ്ഞാനികളായ മുഫ്തികള്‍ അന്ധത ബാധിച്ച അനുയായികള്‍ – പി കെ മൊയ്തീന്‍ സുല്ലമി
അന്ധമായ അനുകരണത്തിന് അറബി ഭാഷയില്‍ സാങ്കേതികമായി പറയുന്നത് തഖ്‌ലീദ് എന്നാണ്. ഈ പദത്തിന് ഇമാം ഗസ്സാലി നല്‍കിയ അര്‍ഥം ഇപ്രകാരമാണ്: ”തെളിവില്ലാതെ ഒരു വ്യക്തിയുടെ വാക്ക് അംഗീകരിക്കല്‍” (അല്‍മുസ്തസ്വ്ഫ 2:387). യഥാര്‍ഥ മുസ്‌ലിംകളല്ലാത്ത എല്ലാ ജനവിഭാഗങ്ങളിലും അന്ധമായ അനുകരണങ്ങള്‍ കണ്ടെത്താനാവും. മതപണ്ഡിതന്മാര്‍, ഫുട്ബാള്‍, ക്രിക്കറ്റ് കളിക്കാര്‍, സിനിമാ നടന്മാര്‍ തുടങ്ങിയവരെ അന്ധമായി അനുകരിക്കുന്നവരുണ്ട്. ഈ അനുകരണം പ്രസംഗശൈലി, വസ്ത്രധാരണം, മുടിവെട്ട്, സംസാരം എന്നിവകളിലെല്ലാം പ്രകടമാണ്.
എന്നാല്‍ ഇസ്‌ലാം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസികള്‍ പാലിക്കേണ്ടവ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. മറ്റുള്ള പ്രമാണങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിലകൊള്ളുന്നവയുമാണ്. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കാതിരിക്കല്‍ കുഫ്‌റാണ് (സത്യനിഷേധം). അല്ലാഹു പറയുന്നു: ”നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല.” (ആലുഇംറാന്‍ 32). ഒരു മുസ്‌ലിമിന് അല്ലാഹുവെയും റസൂലിനെയും മാത്രമേ അന്ധമായി അനുകരിക്കാന്‍ പാടുള്ളൂ അല്ലാഹു പറയുന്നു: ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും തന്റെ റസൂലിനെയും ധിക്കരിക്കുന്ന പക്ഷം വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.” (അഹ്്‌സാബ് 36)
മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഇന്ന് അന്ധമായി അനുകരിച്ചു പോരുന്നത് മതപണ്ഡിതന്മാര്‍, സംഘടനകള്‍, മദ്്ഹബുകള്‍, പൂര്‍വികര്‍, ത്വരീഖത്തുകള്‍ തുടങ്ങിയവരെയാണ്. ആരെയും അന്ധമായി അനുകരിക്കരുത് എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. അല്ലാഹു പറയുന്നു: ”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, മനസ്സ് എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്” (ഇസ്‌റാഅ് 36).
ഒരു കാര്യം ഖണ്ഡിതമായ അറിവ് ലഭിച്ചതിന് ശേഷം മാത്രമേ ചെയ്യാവൂ എന്നാണ് മേല്‍ വചനം പഠിപ്പിക്കുന്നത്. പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അന്ധമായി അനുകരിക്കുക വഴി ചിലപ്പോള്‍ അയാള്‍ എത്തിപ്പെടുന്നത് ശിര്‍ക്കിലായിരിക്കും. അല്ലാഹു പറയുന്നു: അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു” (തൗബ 31).
ഈ വചനം അതരിപ്പിച്ചപ്പോള്‍ ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്കു വന്ന അദിയ്യുബ്‌നുഹാതിം(റ) നബി(സ) യോട് പറഞ്ഞു: ”നബിയേ, ക്രിസ്ത്യാനികള്‍ അവരെ റബ്ബുകളാക്കി ആരാധനകള്‍ ചെയ്യാറില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: പക്ഷെ, അവര്‍ അല്ലാഹു ഹലാലാക്കിയ കാര്യങ്ങള്‍ ഹറാമാക്കുകയും ഹറാമാക്കിയ കാര്യങ്ങള്‍ ഹലാലാക്കുകയും ചെയ്യാറില്ലേ? അത് തന്നെയാണ് അവര്‍ അവര്‍ക്കു ചെയ്യുന്ന ആരാധന” (തിര്‍മിദി, അഹ്മദ്).
യഹൂദികളും ക്രിസ്ത്യാനികളും അന്ധമായി അനുകരിച്ചു പോരുന്നതും വഴിപിഴയ്ക്കുന്നതും അവരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അന്ധമായി അനുകരിച്ചതുകൊണ്ടാണെങ്കിലും അവരുടെ പണ്ഡിതന്മാരും പുരോഹിതന്മാരും നല്ലവണ്ണം പഠിച്ചവരാണ്. എ ന്നാല്‍ മുസ്‌ലിംസമുദായത്തില്‍ ചിലര്‍ ചിലരെ അനുകരിക്കുന്നത് അവരുടെ ബാഹ്യപ്രകടനങ്ങളിലാണ്. ഈ അനുകരണത്തിന്റെ അന്ത്യം ജീവിതപരാജയമായിരിക്കും. നബി(സ) പറയുന്നു: ”അവസാന കാലത്ത് വിജ്ഞാനം കുറയും പ്രസംഗകര്‍ വര്‍ധിച്ചുകൊണ്ടിരിക്കും. അറിവില്ലാതെ അവര്‍ മതവിധികള്‍ പ്രസ്താവിക്കും. അതുകൊണ്ട് അവരും വഴിപിഴക്കും. മറ്റുള്ളവരെ അവര്‍ വഴിപിഴപ്പിക്കുകയും ചെയ്യും”(ബുഖാരി)
പണ്ഡിതന്മാരെയും പുരോഹിതന്മാരെയും വീണ്ടു വിചാരമില്ലാതെ അന്ധമായി അനുകരിച്ച് വഴിപിഴച്ചു പോയവരുടെ രോദനം വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം കാണാം. അല്ലാഹു പറയുന്നു: ”പിന്‍തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്‍തുടര്‍ന്നവരെ (അനുയായികളെ) വീട്ട് ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്. പിന്‍തുടര്‍ന്നവര്‍ (അനുയായികള്‍) അന്ന് പറയും: തങ്ങള്‍ക്ക് (ദുനിയാവിലേക്ക്) ഒരു മടക്കത്തിനവസരം ലഭിച്ചിരുന്നെങ്കില്‍ ഇവര്‍ (നേതാക്കള്‍) ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുകയായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവരുടെ ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവുകയുമില്ല”(അല്‍ബഖറ 166:167).
തങ്ങളെ വഴിപിഴച്ച നേതാക്കളോട് ശിക്ഷയില്‍ ഇളവുകള്‍ ചെയ്തുതരാന്‍ പറ്റുമോ? എന്ന് അന്ധമായി അനുകരിച്ച അനുയായി യാചിച്ചു അപേക്ഷിക്കുന്നതായും വിശുദ്ധ ഖുര്‍ആനില്‍ കാണാം. അത് ശ്രദ്ധിക്കുക. അല്ലാഹു അരുളി: ”അവരെല്ലാവരും അവങ്കലേക്ക് പുറപ്പെട്ടു വന്നിരിക്കയാണ്. അപ്പോഴതാ ദുര്‍ബലര്‍ (അനുയായികള്‍) അഹങ്കരിച്ചിരുന്നവരോട് (നേതാക്കളോട്) പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (നേതാക്കള്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേടു കാണിച്ചാലും ക്ഷമിച്ചാലും ഒരുപോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല”(ഇബ്‌റാഹീം 21).
വിശുദ്ധ ഖുര്‍ആന്‍ വലിച്ചെറിഞ്ഞ് ചില വ്യക്തികളെ അന്ധമായി അനുകരിച്ച് വഴിപിഴച്ചവരുടെ വിലാപം അല്ലാഹു വിശദീകരിച്ചു തരുന്നത് ശ്രദ്ധിക്കുക: ”അക്രമി തന്റെ കൈകള്‍ കടിക്കുന്ന ദിവസം റസൂലിനോടൊപ്പമുള്ള മാര്‍ഗം ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്റെ കഷ്ടമേ, ഇന്നവനെ നാം സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിനു ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞുവല്ലോ എന്നിങ്ങനെ അവന്‍ പറയും. അന്ന് റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു’ (ഫുര്‍ഖാന്‍ 2730)
അന്ധമായ അനുകരണം മനുഷ്യനെ കുഫ്‌റില്‍ വരെ എത്തിക്കും. ഇബ്‌നു മസ്ഊദ്(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”ദീനീകാര്യത്തില്‍ ഒരാളും മറ്റൊരാളെ അന്ധമായി അനുകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അനുകരിക്കപ്പെടുന്നവന്‍ വിശ്വാസിയാണെങ്കില്‍ അനുകരിക്കുന്നവനും വിശ്വാസിയായിത്തീരും. മറിച്ച്, അനുകരിക്കപ്പെടുന്നവന്‍ കാഫിറാണെങ്കില്‍ അനുകരിക്കുന്നവനും കാഫിറായിത്തീരും” (ത്വബ്‌റാനി: സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ് 326). അന്ധമായ അനുകരണം ഇന്ന് വിജ്ഞാനത്തിന്റെ മാര്‍ഗമായി അംഗീകരിക്കുന്നില്ല. ഇമാം ഗസ്സാലിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”അടിസ്ഥാനപരമായ വിഷയങ്ങളിലാകട്ടെ ശാഖാപരമായ കാര്യങ്ങളിലാകട്ടെ അന്ധമായ അനുകരണം വിജ്ഞാനത്തിന്റെ മാര്‍ഗമേ അല്ല’ (അല്‍മുസ്തസ്വ്ഫ 2:387).
സാധാരണക്കാരായ ആളുകള്‍ പണ്ഡിതന്മാരോട് കാര്യങ്ങള്‍ ചോദിക്കുകയും അവര്‍ പറയുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ പിന്തുടരാവുന്നതുമാണ്. അത് അന്ധമായ അനുകരണമല്ല. അല്ലാഹു അരുളി: ”നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഉല്‍ബോധനം ലഭിച്ചവരോട് ചോദിക്കുക” (നഹ്ല്‍ 43). ഇമാം ഗസ്സാലി പ്രസ്താവിച്ചത് സാധാരണക്കാരന്‍ ഫത്‌വ ചോദിച്ചു പഠിക്കണം എന്നാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനാണ് ഫത്‌വ ചോദിക്കുകയെന്നു പറയുന്നത്. ഗസ്സാലിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ”സാധാരണക്കാരന്‍ ഫത്‌വയുടെ അടിസ്ഥാനത്തില്‍ മുഫ്തിയെ (ഫത്‌വ കൊടുക്കുന്ന പണ്ഡിതനെ) പിന്‍പറ്റല്‍ അവന്ന് നിര്‍ബന്ധമാണ്” (അല്‍ മുസ്തസ്വ്ഫാ 2:389).
അശ്ശൈഖ് അബ്ദുറഹ്മാനുബ്‌നുല്‍ ഹമ്പലി(റ) അന്ധമായ അനുകരണത്തെ സംബന്ധിച്ച് ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായം രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”യാതൊരു രേഖയുമില്ലാതെ വിജ്ഞാനം തേടുന്നവന്‍ പാമ്പുള്ള വിറകുകെട്ട് രാത്രിയില്‍ ചുമന്നു നടക്കുന്നവനെപ്പോലെയാണ്. അവന്‍ അറിയാത്ത നിലയില്‍ അത് അവനെ കടിക്കുന്നതാണ്” (അദ്ദുററുസ്സുന്നിയ്യ 4160). അന്ധമായി അനുകരിക്കരുത് എന്ന് പറഞ്ഞതിന്റെ താല്‍പര്യം ഏതു പണ്ഡിതനും തെറ്റുകള്‍ വരാം എന്നതുകൊണ്ടാണ്. ഇബ്‌നുല്‍ ഖയ്യീം(റ) വിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഏതൊരു പണ്ഡിതനും തെറ്റുകള്‍ വരികയെന്നത് സംഭവ്യമാണ്. എന്തുകൊണ്ടെന്നാല്‍ ഒരു പണ്ഡിതനും പാപസുരക്ഷിതനല്ല. അതിനാല്‍ അയാള്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും അംഗീകരിക്കുകയെന്നത് അനുവദനീയവുമല്ല” (ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍ 2:192)