അല്‍ജീരിയ വാര്‍ത്തയിലിടം നേടുമ്പോള്‍ – പി കെ സഹീര്‍
2010-ല്‍ തുനീഷ്യയില്‍ നിന്ന് പ്രയാണമാരംഭിച്ച് ഈജിപ്ത് വരെയെത്തിയ അറബ് വസന്തത്തിന്റ ഓര്‍മകളുണര്‍ത്തുന്ന പ്രക്ഷോഭ സമരങ്ങളായിരുന്നു കഴിഞ്ഞ ഒന്നര മാസത്തോളമായി ലോകം അല്‍ജീരിയയില്‍ നിന്നും കണ്ടുകൊണ്ടിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായ ഏകാധിപത്യ ഭരണം കാഴ്ചവെച്ച പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂട്ടോഫ്‌ളിക്കയെ താഴെയിറക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം.
82 വയസ്സുള്ള ബൂട്ടോഫ്‌ളിക്ക കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് രാജ്യത്തെ ഭരണം കൈയാളിയിരുന്നത്. 2013 മുതല്‍ സ്‌ട്രോക് പിടിപെട്ട് ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. 2019-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നതിനായി അഞ്ചാം തവണയും ഒരുങ്ങുന്നതായി ഫെബ്രുവരി 16-ന് പ്രഖ്യാപനം വന്ന ശേഷമാണ് അല്‍ജീരിയയിലും ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സ്‌മൈല്‍ റെവലൂഷന്‍ (പുഞ്ചിരി വിപ്ലവം) എന്ന പേരിലാണ് അല്‍ജീരിയന്‍ പ്രക്ഷോഭം അറിയപ്പെട്ടിരുന്നത്. തീര്‍ത്തും സമാധാനപരമായ രീതിയിലായിരുന്നു റാലികള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ വേണ്ടി പതിവു പോലെ ഭരണകൂടം സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ചു.
ആഴ്ചകള്‍ പിന്നിട്ടപ്പോഴും പ്രക്ഷോഭത്തിന്റെ തീവ്രത കൂടി വരികയാണ് ചെയ്തത്. നാള്‍ക്കുനാള്‍ ജനങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചുകൊണ്ടിരുന്നു. അല്‍ജീരിയയുടെ പ്രധാന തെരുവുകളിലെല്ലാം യുവാക്കളും സ്ത്രീകളും യുവതികളും മുദ്രാവാക്യങ്ങളുമായി ഒരുമിച്ചു കൂടി. എല്ലാവര്‍ക്കും ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകാധിപതിയായ പ്രസിഡന്റ് ബൂട്ടോഫ്‌ളിക്കയെ താഴെയിറക്കുക. ആഴ്ചകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ രണ്ടിന് ആ പോരാട്ടത്തില്‍ അവര്‍ വിജയം കണ്ടു. ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഒടുവില്‍ ബൂട്ടോഫ്‌ളിക്ക രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ”അല്‍ജീരിയയെ ശാന്തമാക്കാനും ഇവിടുത്തെ പൗരന്മാരുടെ മനസ്സമാധാനത്തിനും അതിന്റെ കൂടെ അല്‍ജീരിയയുടെ മെച്ചപ്പെട്ട ഭാവിയും ഉദ്ദേശിച്ചാണ് ഞാന്‍ രാജിവെക്കുന്നത്” എന്നാണ് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞത്.
1999 മുതല്‍ പീപിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അല്‍ജീരിയയുടെ പ്രസിഡന്റ് സ്ഥാനത്തുണ്ട് ബൂട്ടോഫ്‌ളിക്ക. 1991-നും 2002-നും ഇടക്ക് രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അല്‍ജീരിയ അശാന്തമായി. ഇതില്‍ 1999-ലും 2005-ലും യുദ്ധം നടന്നത് ബൂട്ടോഫ്‌ളിക്കയുടെ ഭരണകാലത്തായിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അന്ന് മുതല്‍ തന്നെ പ്രസിഡന്റിനെതിരെ ജനവികാരമുയര്‍ന്നിരുന്നു. 2010 -12 കാലയളവില്‍ അറബ് ലോകത്ത് നടന്ന അറബ് വസന്തത്തിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ഭരണാധികാരിയായ ബൂട്ടോഫ് ളിക്ക സമാനമായ പ്രക്ഷോഭത്തിലൂടെ പടിയിറങ്ങേണ്ടി വന്നതും ചരിത്രത്തില്‍ കാവ്യനീതിയായി രേഖപ്പെടുത്തും. വിഷയം ചര്‍ച്ചക്കെടുത്ത കഴിഞ്ഞലക്കത്തിലെ ലേഖനം വിജ്ഞാനപ്രദമായിരുന്നു.