30 Saturday
November 2024
2024 November 30
1446 Joumada I 28

അല്‍മാഇദ 35ാം വചനവും തവസ്സുല്‍ ഇസ്തിഗാസയും

പി കെ മൊയ്തീന്‍ സുല്ലമി


തവസ്സുലിനെ പരാമര്‍ശിച്ച് അല്‍മാഇദ 35-ാം വചനം ഇങ്ങനെയാണ്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും ചെയ്യുക.” ഈ വചനത്തിന് സമസ്തക്കാര്‍ നല്‍കുന്ന വ്യാഖ്യാനം നോക്കുക: ‘രൂപം തിരിഞ്ഞുകാണുന്ന ദവാത്തുകളാകുന്ന തടികള്‍ കൊണ്ട് അവനിലേക്ക് അടുക്കുക.’ ഇതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ അന്‍ബിയാ-ഔലിയാക്കളെയാണ്. രൂപം തിരിഞ്ഞുകാണുന്ന ദവാത്തുകളാകുന്ന തടികളില്‍ പെട്ടവയാണല്ലോ വിഗ്രഹങ്ങളും; അവര്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടല്ലോ.
അഹ്‌ലുസ്സുന്നയുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ഇത്തരമൊരു വ്യാഖ്യാനം നല്‍കുന്നില്ല. ഇബ്‌നു ജരീറുത്ത്വബ്‌രി പറയുന്നു: ”അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം തേടിക്കൊണ്ട് അവനിലേക്ക് അടുക്കുക” (ജാമിഉല്‍ ബയാന്‍, അല്‍മാഇദ 35). ജലാലൈനി പറയുന്നു: ”അല്ലാഹുവിങ്കലേക്ക് നിങ്ങളെ അടുപ്പിക്കുന്ന അനുസരണ പ്രവര്‍ത്തനങ്ങളുമായി നിങ്ങള്‍ അവനിലേക്ക് മാര്‍ഗം സ്വീകരിക്കുക” (ജലാലൈനി, അല്‍മാഇദ 35). ഇബ്‌നുകസീര്‍ ഇക്കാര്യം സംശയത്തിന്നിടവരാത്ത വിധം രേഖപ്പെടുത്തിയിട്ടുണ്ട്: ”അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും അവന്‍ തൃപ്തിപ്പെടുന്ന കര്‍മങ്ങള്‍ കൊണ്ടും നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് അടുക്കുക. ഇതാണ് (സകല) ഇമാമുമാരും പറഞ്ഞ വ്യാഖ്യാനം. മുഫസ്സിറുകള്‍ക്കിടയില്‍ അക്കാര്യത്തില്‍ തര്‍ക്കമേ ഇല്ല” (ഇബ്‌നു കസീര്‍, അല്‍മാഇദ 35).
മാഇദയിലെ 35ാം വചനം കൊണ്ട് അല്ലാഹു ഉദ്ദേശിച്ചത് സല്‍കര്‍മ നിരതരായിക്കൊണ്ട് അല്ലാഹുവിങ്കലേക്ക് അടുത്ത് അവന്റെ പ്രീതിയും അടുപ്പവും കരസ്ഥമാക്കാനാണ്. അല്ലാതെ ആപത്ഘട്ടങ്ങളിലും മറ്റും അവന്റെ അന്‍ബിയാക്കളെയും ഔലിയാക്കളെയും വിളിച്ചു തേടാനല്ല. അത് അല്ലാഹു ശിര്‍ക്കും ഹറാമുമാക്കിയ കാര്യമാണ്. മനുഷ്യര്‍ക്ക് അല്ലാഹു മുന്‍കൂട്ടി ചില കഴിവുകള്‍ കൊടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അദ്ദേഹം (മൂസാ) പറഞ്ഞു (ഫിര്‍ഔനിനോട്): ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രേ ഞങ്ങളുടെ രക്ഷിതാവ്” (ത്വാഹാ 50). അഥവാ തെങ്ങിനെ തേങ്ങ കായ്ക്കുന്ന പ്രകൃതിയിലും കവുങ്ങിനെ അടക്ക കായ്ക്കുന്ന പ്രകൃതിയിലും മനുഷ്യനെ ചലിക്കുന്ന, സംസാരിക്കുന്ന, ഇരിക്കുന്ന, നടക്കുന്ന പ്രകൃതിയിലുമാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് മേല്‍ വചനത്തിന്റെ താല്‍പര്യം. ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ. ആരാധനയുടെ കാതലായ വശം പ്രാര്‍ഥനയാണല്ലോ. മനുഷ്യ കഴിവില്‍ പെടാത്ത കാര്യമാണ് നാം സാധാരണയായി അല്ലാഹുവിനോട് ചോദിക്കാറുള്ളത്.
ഹോട്ടലില്‍ കയറി നാം പറയും: എനിക്ക് ഒരു ചായ തരണം. ചായ ലഭിക്കാന്‍ ആരും അല്ലാഹുവിനെ വിളിക്കാറില്ല. കാരണം അത് മനുഷ്യ കഴിവില്‍പ്പെട്ട കാര്യമാണ്. ഇത് പറയുമ്പോള്‍ ചില പുതുയാഥാസ്ഥിതികര്‍ ഇപ്രകാരം പറഞ്ഞേക്കാം: മനുഷ്യനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആനയെക്കൊണ്ട് ചെയ്യിക്കാറുണ്ട്. പൊലീസ് നായ കൊലക്കേസ് പ്രതിയെ പിടിക്കാറുണ്ട്. മനുഷ്യ കഴിവില്‍പ്പെടാത്ത കാര്യങ്ങള്‍ ആനയെക്കൊണ്ടും നായയെക്കൊണ്ടും ചെയ്യിപ്പിക്കലും ശിര്‍ക്കാകുന്നതല്ലേ?
എന്നാല്‍ അത്തരം കഴിവുകള്‍ അവയ്ക്ക് ലഭിച്ചത് മനുഷ്യന്‍ പഠിപ്പിച്ചതുകൊണ്ടാണ്. ആന തടി പിടിക്കുന്നതും പൊലീസ് നായ കേസ് തെളിയിക്കുന്നതും മനുഷ്യരുടെ കഴിവുകളില്‍പെട്ട കാര്യം തന്നെയാണ്. ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ഫാതിഹ 5). ഇവിടെ ‘ഞങ്ങള്‍’ എന്നത് തവസ്സുലാണ് എന്നാണ് സമസ്തക്കാരുടെ മറ്റൊരു വാദം. അതിന് ഇമാം റാസിയുടെ മറുപടി ശ്രദ്ധിക്കുക: ”ഞങ്ങള്‍ ആരാധിക്കുന്നു, ഞങ്ങള്‍ സഹായം തേടുന്നു എന്ന നിലയില്‍ ‘നൂനു’ കൊണ്ടുള്ള ലക്ഷ്യം അത് ബഹുവചനത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാകുന്നു. അത് ജമാഅത്തായി ഞങ്ങള്‍ നമസ്‌കരിക്കുന്നു എന്ന് ഉണര്‍ത്തുക മാത്രമാണ് ചെയ്യുന്നത്” (തഫ്‌സീറുല്‍ കബീര്‍ 1:248). മനുഷ്യന്റെ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ. അക്കാര്യം ഒരു ദിവസം 17 പ്രാവശ്യം നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ നാം അല്ലാഹുവിനോട് കരാര്‍ ചെയ്യാറുണ്ട്: ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു” (ഫാതിഹ 5).
ഇത് മനുഷ്യരിലൂടെ നടക്കുന്ന കാര്യങ്ങളും സ്രഷ്ടാവായ അല്ലാഹുവിലൂടെ മാത്രം നടക്കുന്ന കാര്യങ്ങളും വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടികള്‍ മുഖേന നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സ്രഷ്ടാവായ അല്ലാഹുവിലൂടെ മാത്രം നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ”ഹിദായത്തിനെ (നേര്‍മാര്‍ഗം) തേടുക. ദുന്‍യാവിലെ പരീക്ഷണത്തില്‍ നിന്നും പരലോകത്തിലെ ശിക്ഷയില്‍ നിന്നും ശമനം തേടുക തുടങ്ങിയ (മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍) അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ” (ശറഹുല്‍ അര്‍ബഈന, പേജ് 74).
പ്രവാചകന്മാരുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഒരു പ്രവാചകനും കഴിഞ്ഞുപോയ പ്രവാചകന്മാരോടോ മലക്കുകളോടോ ജിന്നുകളോടോ തേടിയിരുന്നതായി യാതൊരു രേഖയുമില്ല. അവകളോടൊക്കെ തേടല്‍ ശിര്‍ക്കായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു അരുളി: ”മലക്കുകളെയും പ്രവാചകന്മാരെയും രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം (പ്രവാചകന്‍) നിങ്ങളോട് കല്‍പിക്കാവുന്നതുമല്ല” (ആലുഇംറാന്‍ 80).
മലക്കുകള്‍ക്ക് നമ്മെ സഹായിക്കണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേക അനുമതി വേണം. ”മനുഷ്യന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ട്” (റഅ്ദ് 11). ജിന്നുകളെ ആരാധിക്കുന്നവരും വിളിച്ചുതേടുന്നവരുമായ മനുഷ്യരെക്കുറിച്ച് അല്ലാഹു അരുളി: ”അവര്‍ ജിന്നുകളെ അല്ലാഹുവോട് പങ്കുചേര്‍ത്തിരിക്കുന്നു” (അല്‍അന്‍ആം 100). ജിന്നുകളോട് തേടുന്നതിനെ അപലപിക്കുന്ന വേറെയും വചനങ്ങളുണ്ട്.
ഒരു പ്രവാചകനും അല്ലാഹുവല്ലാത്തവരോട് തേടിയിട്ടില്ല. തേടാന്‍ കല്‍പിച്ചിട്ടുമില്ല. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ (ശിക്ഷയെ) പേടിച്ചുകൊണ്ടും (നന്മയെ) ആഗ്രഹിച്ചുകൊണ്ടും അവര്‍ (പ്രവാചകന്മാരെല്ലാം) നമ്മോട് പ്രാര്‍ഥിക്കുന്നവരായിരുന്നു” (അന്‍ബിയാഅ് 90).
തവസ്സുല്‍ നാലു വിധമുണ്ട്. ഒന്ന്: സത്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്. ഖുദ്‌സിയായ ഹദീസിലൂടെ നബി(സ) പറയുന്നു: ”എന്റെ അടിമ ഞാന്‍ അവനെ ഇഷ്ടപ്പെടുന്നതുവരെ സുന്നത്തുകളുമായി എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും” (ബുഖാരി). രണ്ട്: നാം ഓരോരുത്തരും മുമ്പ് ചെയ്തുവെച്ച സത്കര്‍മങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് തവസ്സുല്‍ ചെയ്യാം. ”മൂന്നാളുകള്‍ ഒരു ഗുഹയില്‍ അകപ്പെടുകയും ഗുഹാമുഖം ഒരു പാറക്കല്ല് വന്ന് അടയുകയും ചെയ്തപ്പോള്‍ ഓരോ വ്യക്തികളും ചെയ്ത പുണ്യകര്‍മങ്ങള്‍ എടുത്തുപറഞ്ഞ് തവസ്സുല്‍ ചെയ്യുകയും പാറക്കല്ല് സ്വയം ഗുഹാമുഖത്തു നിന്ന് നീങ്ങുകയും അവര്‍ രക്ഷപ്പെടുകയും ചെയ്തു” (ബുഖാരി).
മൂന്ന്: നമ്മേക്കാള്‍ പ്രായവും തഖ്‌വയുമുള്ളവരെക്കൊണ്ട് പ്രാര്‍ഥിപ്പിക്കാം. ”ഉമറിന്റെ(റ) ഭരണകാലത്ത് മഴയില്ലാതെ വിഷമിച്ചപ്പോള്‍ നബി(സ)യുടെ പിതൃവ്യനായിരുന്ന അബ്ബാസി(റ)നെ കൊണ്ട് ഉമര്‍(റ) പ്രാര്‍ഥിപ്പിച്ചു” (ബുഖാരി).
നാല്: അല്ലാഹുവിന്റെ നാമം ഉപയോഗിച്ച് അഥവാ റഹ്‌മാന്‍, റഹീം പോലുള്ളവ കൊണ്ട്. അല്ലാഹു അരുളി: ”നബിയേ പറയുക, നിങ്ങള്‍ അല്ലാഹു എന്നു വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ റഹ്‌മാന്‍ എന്നു വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവനുള്ളതാണ് ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍” (ഇസ്‌റാഅ് 110).
മഹത്തുക്കളുടെ ഹഖ് (അവകാശം), ജാഹ് (മഹത്വം), ബര്‍കത്ത് (പുണ്യം) എന്നിവ കൊണ്ട് തവസ്സുല്‍ ചെയ്യുന്ന സമ്പ്രദായം അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. കാരണം ഒരാള്‍ക്കും തന്നെ അത്തരം ഒരവകാശം അല്ലാഹു നല്‍കിയിട്ടില്ല. കാരണം അല്ലാഹു റഹ്‌മാനാണ്, വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും നന്മ ചെയ്യുന്നവനാണ്. പ്രസ്തുത ഹഖ്, ജാഹ്, ബര്‍കത്തുകള്‍ കൊണ്ടുള്ള പ്രാര്‍ഥന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ എതിര്‍ത്തിട്ടുണ്ട്.
ഇമാം അബൂഹനീഫ പറയുന്നു: ”റസൂലുമാരുടെ ഹഖ് കൊണ്ട് അന്‍ബിയാക്കന്മാരുടെ അല്ലെങ്കില്‍ ഔലിയാക്കളുടെ ഹഖ് കൊണ്ട് അതുപോലെ മസ്ജിദുല്‍ ഹറാമിന്റെ ഹഖ് കൊണ്ട് എന്നിങ്ങനെ പ്രാര്‍ഥിക്കല്‍ അദ്ദേഹം വെറുത്തിരുന്നു. കാരണം സൃഷ്ടികള്‍ക്ക് സ്രഷ്ടാവിനു മേല്‍ യാതൊരുവിധ ഹഖും (അവകാശവും) ഇല്ല തന്നെ” (അദ്ദുററുല്‍ മുഖ്താര്‍ 2:430).
ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തിന്റെ ശറഹില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ കൂട്ടുകാരും ഇന്ന വ്യക്തിയുടെ ഹഖ് കൊണ്ട് അല്ലെങ്കില്‍ അന്‍ബിയാക്കളുടെയോ മുര്‍സലീങ്ങളുടെയോ ബൈത്തുല്‍ ഹറാമിന്റെയോ മശ്അറുല്‍ ഹറാമിന്റെയോ ഹഖ് കൊണ്ട് എന്നിങ്ങനെയോ അതുപോലെയോ പറയല്‍ വെറുത്തിരുന്നു. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെയടുക്കല്‍ ഒരാള്‍ക്കും അവകാശമില്ല” (ഇഹ്താഫ് 2:285).
ഇമാം അഹ്‌മദ് സാവി പറയുന്നു: ”അല്ലാഹുവിന്റെ മേല്‍ യാതൊരാള്‍ക്കും ഒരവകാശവുമില്ല. പക്ഷേ അവന്‍ യഥാര്‍ഥ ഔദാര്യവാനാണ്. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്കും ധിക്കരിക്കുന്നവര്‍ക്കും അവന്റെ ഔദാര്യം വ്യാപകമാണ്” (സാവി 1:293).
ഇമാം ഇബ്‌നു കസീര്‍ സൂറതു അന്‍ബിയാഇലെ 98ാം വചനത്തെ വിശദീകരിച്ചത് ഇപ്രകാരമാണ്: ”അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും ഇടയില്‍ മധ്യവര്‍ത്തിയായി ഒരു ആരാധ്യനെയും നിര്‍ത്തേണ്ട ആവശ്യം നിങ്ങള്‍ക്കില്ല. തീര്‍ച്ചയായും (ഒരു ഇടയാളനെ നിര്‍ത്തല്‍) അല്ലാഹു ഇഷ്ടപ്പെടുകയോ തൃപ്തിപ്പെടുത്തുകയോ ചെയ്യുന്നില്ല. അപ്രകാരം ഇടയാളന്മാരെ നിര്‍ത്തല്‍ തീര്‍ച്ചയായും അവന്‍ സകല മുര്‍സലുകളുടെയും അമ്പിയാക്കളുടെയും നാക്കിലൂടെ നിരോധിച്ചിട്ടുമുണ്ട്” (ഇബ്‌നു കസീര്‍ 3:41).
അല്‍മാഇദ 35ാം വചനത്തെ ഹനഫീ മദ്ഹബുകാരനായ ആലു വിശദീകരിക്കുന്നു: ”ആയതിന്റെ ലക്ഷ്യം അല്ലാഹുവിനെ അനുസരിക്കലും ധിക്കരിക്കല്‍ ഒഴിവാക്കലുമാണ്. ചില ആളുകള്‍ ഈ വചനത്തെ അല്ലാഹുവിന്റെയും അവന്റെ അടിമകളുടെയും ഇടയില്‍ മധ്യവര്‍ത്തികളെ നിര്‍ത്താം എന്നതിന് തെളിവാക്കാറുണ്ട്. സാലിഹായ ആളുകളെ കൊണ്ട് അല്ലാഹുവോട് സഹായം തേടാം എന്നും പറയാറുണ്ട്. എന്നാല്‍ സഹായം തേടപ്പെടുന്നത് മരണപ്പെട്ടുപോയവരാണെങ്കില്‍ തീര്‍ച്ചയായും അത് ഒരിക്കലും അനുവദനീയമല്ല. തീര്‍ച്ചയായും അത് അനാചാര(ശിര്‍ക്ക്)ത്തില്‍ പെടുന്നതാണ്. സലഫുകളില്‍ ആരും തന്നെ അപ്രകാരം ചെയ്തിട്ടില്ല. ഒരു സഹാബിയില്‍ നിന്നും (മരിച്ചവരോട് തേടിയതായി) അപ്രകാരം ഒരു റിപ്പോര്‍ട്ടും വന്നിട്ടുമില്ല” (റൂഹുല്‍മആനി 2:358).

Back to Top