അറിഞ്ഞു പെരുമാറാം, സോഷ്യല്‍ മീഡിയയില്‍ – ജൗഹര്‍ കെ അരൂര്‍
സോഷ്യല്‍ മീഡിയ എന്നത് സമൂഹത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും ഒരു ഭാഗമായി മാറിയിരിക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. ബുദ്ധിയുറക്കാത്ത കുട്ടികള്‍ മുതല്‍ തല നരച്ച വൃദ്ധന്മാര്‍ വരെ സോഷ്യല്‍ മീഡിയയുടെ ഉപഭോക്താക്കളായ ഒരു കാലഘട്ടം. പുരോഗതിയോര്‍ത്ത് അഭിമാനം കൊള്ളാം നമുക്ക്. പക്ഷേ ആ പുരോഗതി ഒരു തരത്തിലും അധോഗതിയാവാതെ നോക്കണം എന്നു മാത്രം. ഉപയോഗിക്കാന്‍ അറിയുക എന്നതാണ് ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും സോഷ്യല്‍ മീഡിയയും തമ്മിലുള്ള ഏക ബന്ധം. എന്താണ് സോഷ്യല്‍ മീഡിയ എന്നോ, എന്തിനാണ് സോഷ്യല്‍ മീഡിയ എന്നോ, ഇത് എങ്ങനെ സമൂഹത്തിന് ഉപകാരപ്പെടും എന്നോ, ഇതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്ത് എന്നോ ഒന്നും ഉപഭോക്താക്കളായ നമ്മില്‍ പലര്‍ക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ് സത്യം. ഈ അറിവില്ലായ്മ വലിയ അപകടങ്ങളാണ് സമൂഹത്തില്‍ വരുത്തി വെക്കുന്നത് എന്ന വസ്തുത നാം തിരിച്ചറിയണം. ഇത്തരം അറിവില്ലായ്മയുടെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും നിത്യേനെയെന്നോണം നടക്കുന്നുണ്ട്. ഫേസ്ബുക്കും വാട്‌സപ്പും ഒക്കെ കഴിഞ്ഞ് ടിക് ടോക്കില്‍ എത്തി നില്ക്കുന്ന നമ്മുടെ സമൂഹത്തിന് ഇതിന്റെ യഥാര്‍ഥ ഉപയോഗവും ഇതിലൂടെ കടന്നു വന്നേക്കാവുന്ന പ്രത്യാഘാതങ്ങളുമൊക്കെ കൃത്യമായി ബോധ്യപ്പെടുത്താതെ പോയാല്‍ ‘കിളിനക്കോടു’കള്‍ ഇനിയും അവര്‍ത്തിച്ചേക്കുമെന്നതില്‍ തര്‍ക്കം വേണ്ട. സമൂഹത്തെ മൊത്തത്തില്‍ മാത്രമല്ല ഓരോരുത്തരുടെ വ്യക്തി ജീവിതത്തെയും ഇത് സാരമായി ബാധിക്കും എന്ന് പല ഉദാഹരണങ്ങളിലൂടെയും നാം മനസിലാക്കിയതാണ്. ടിക്‌ടോക്കുകളിലൂടെ എന്തും ചെയ്യാം എന്തും പറയാം എന്ന ധാരണ നമ്മുടെ ആളുകള്‍ക്കിടയില്‍ പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വളര്‍ന്നു വരുന്നുണ്ട്.
‘ടിക്‌ടോക്കി’ലൂടെ കേട്ടാലറയ്ക്കുന്ന തെറിവിളികള്‍ നടത്തുന്നത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് എന്നതും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഞാനീ പറയുന്നത് ലോകം കാണുന്നുണ്ട്, അതില്‍ എന്റെ മാതാപിതാക്കളും കുടുംബക്കാരും നാട്ടുകാരുമെല്ലാം ഉള്‍പെടും എന്ന തിരിച്ചറിവ് പോലും ഇത്തരം വീഡിയോകള്‍ ചെയ്യുന്നവര്‍ക്കില്ലാതെ പോകുന്നു എന്നത് നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നല്ല. സോഷ്യല്‍ മീഡിയയില്‍ ഒരു തവണ പോസ്റ്റ് ചെയ്തത് എത്ര തവണ നാം ഡിലീറ്റ് ചെയ്താലും അവ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയില്ല എന്ന തിരിച്ചറിവ് നാം നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്കണം. ഏതെങ്കിലും ഒരാവേശത്തില്‍ പോസ്റ്റ് ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ തന്റെ ജീവിതം തന്നെ തകര്‍ത്ത് കളഞ്ഞേക്കാം എന്ന ചിന്ത അവരില്‍ വളര്‍ത്തിയെടുക്കണം. പതിനെട്ടു വയസെങ്കിലും തികയാതെ മക്കള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നല്‍കാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം.
ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ബോധവല്കരണം സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്തണം.. അല്ലാത്ത പക്ഷം സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ പോലും കഴിയാത്ത വിധം നമ്മുടെ മക്കളും സഹോദരി സഹോദരന്മാരും മാറിപ്പോകും എന്ന വസ്തുത നാം തിരിച്ചറിയുകയും വേണം. ഒട്ടനവധി ഉപകാരങ്ങള്‍ ഇത്തരം മീഡിയ വഴി നടത്താന്‍ സാധിക്കും എന്ന് വിസ്മരിച്ചുകൊണ്ടാണ് ഇത് പറയുന്നത് എന്ന് തെറ്റി ധരിക്കരുത്. ഫിറോസ് കുന്നംപറമ്പിനെപ്പോലെ ഒട്ടനവധിയാളുകള്‍ ഇതിനെ ജന നന്മക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട് . ആ ഒരു തരത്തിലേക്ക് നമ്മുടെ മക്കളെയും കൗമാരക്കാരെയും ഉയര്‍ത്തിക്കൊണ്ട് വരാനും നാം ശ്രദ്ധപുലര്‍ത്തണം. അത് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാകും തീര്‍ച്ച.